മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ഡോ. ഹര്‍ഷ് വര്‍ധന്‍, ഡോ. മഹേഷ് ശര്‍മ, ശ്രീ. മനോജ് സിന്‍ഹ, ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സെക്രട്ടറി, ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള മറ്റു വിശിഷ്ട വ്യക്തികളേ, സഹോദരീ സഹോദരന്‍മാരേ,
130 കോടി ഇന്ത്യക്കാരുടെ പേരില്‍ നിങ്ങളെ ന്യൂഡെല്‍ഹിയിലേക്കു സ്വാഗതം ചെയ്യാന്‍ എനിക്കേറെ സന്തോഷമുണ്ട്. ഇവിടെ എത്തിച്ചേര്‍ന്ന വിദേശ പ്രതിനിധികള്‍ ഡെല്‍ഹിയുടെ ചരിത്രവും പ്രതാപവും കാണാന്‍ സമയം കണ്ടെത്തുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
2018ലെ ലോക പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥ്യമേകാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.
ഏറ്റവും പ്രാധാന്യമേറിയ ആഘോഷം നടക്കുന്ന ഈ ദിവസം വിശ്വസാഹോദര്യമെന്ന ഞങ്ങളുടെ ധര്‍മചിന്ത അനുസ്മരിക്കട്ടെ.
ലോകം ഒറ്റക്കുടുംബമാണെന്നു സംസ്‌കൃതത്തില്‍ വസുധൈവ കുടുംബകം എന്ന നിര്‍വചനത്താല്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
ഇതേ ആശയമാണ് എല്ലാവര്‍ക്കും ആവശ്യമായതു ഭൂമി ലഭ്യമാക്കുന്നുണ്ട്, എന്നാല്‍ എല്ലാവരുടെയും അത്യാഗ്രഹത്തിന് ആവശ്യമായത് ഇല്ലതാനും എന്ന വിശദീകരണത്തിലൂടെ മഹാത്മാ ഗാന്ധി പരിചയപ്പെടുത്തിയത്.
പ്രകൃതിയുമായി ഇണങ്ങിക്കഴിയുക എന്നതു ദീര്‍ഘകാലമായി നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായി തുടരുന്നു.
പ്രകൃതിയുടെ ഘടകങ്ങളോട് നാം ആദരവു പുലര്‍ത്തുന്നതു പ്രസ്തുത പാരമ്പര്യത്തിന്റെ ഭാഗമാണ്. ഇതു നമ്മുടെ ഉല്‍സവങ്ങളിലും പ്രാചീനകാല ഗ്രന്ഥങ്ങളിലും പ്രതിഫലിച്ചുകാണാം.
സഹോദരീസഹോദരന്‍മാരേ,
ലോകത്തില്‍ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണ്. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനു നാം പ്രതിജ്ഞാബദ്ധരാണ്.
സുസ്ഥിരവും ഹരിതപൂര്‍ണവുമായ പാതയിലൂടെ അതു സാധ്യമാകുന്നു എന്ന് ഉറപ്പുവരുത്താനും നാം പ്രതിജ്ഞാബദ്ധരാണ്.
ഈ ഉദ്ദേശ്യത്തോടെയാണു കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നാം പുതിയ നാലു കോടി പാചകവാതക കണക്ഷനുകള്‍ നല്‍കിയത്. ഇതു ഗ്രാമീണരായ സ്ത്രീകളെ വിഷാംശമുള്ള പുകയില്‍നിന്നു രക്ഷിച്ചു.
അവര്‍ പാചകത്തിനായി വിറകു തേടിനരടക്കേണ്ടിവരുന്ന ദുരിതത്തിന് അറുതിവരുത്തുകയും ചെയ്തു.
ഇതേ പ്രതിബദ്ധതയുടെ ഭാഗമായാണ് രാജ്യത്ത് 30 കോടി എല്‍.ഇ.ഡി. ബള്‍ബൂകള്‍ ലഭ്യമാക്കപ്പെട്ടത്. ഇതു വൈദ്യുതി ലാഭിക്കുന്നതിനൊപ്പം അന്തരീക്ഷത്തിലേക്കു തള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവു ഗണ്യമായി കുറയുന്ന അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.
പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതിനുള്ള സജീവമായ ശ്രമത്തിലാണു നാം. 2022 ആകുമ്പോഴേക്കും 175 ജിഗാ വാട്ട് സൗരോര്‍ജവും കാറ്റില്‍നിന്നുള്ള ഊര്‍ജവും ഉല്‍പാദിപ്പിക്കാനാണു ലക്ഷ്യമിടുന്നത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൗരോര്‍ജം ഉല്‍പാദിപ്പിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമാണ് ഇന്ത്യ. പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാവട്ടെ, ഇന്ത്യയുടെ സ്ഥാനം ആറാമതാണ്.
എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കാനാണു നാം ഉദ്ദേശിക്കുന്നത്. ഇതോടെ പരിസ്ഥിതിക്കു ദോഷം വരുത്തുന്ന ഇന്ധനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം തീരെ ഇല്ലാതാകും.
ജൈവ ഇന്ധനങ്ങളെ ആശ്രയിക്കുന്നതു കുറച്ചുകൊണ്ടുവരാന്‍ നാം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് ഊര്‍ജങ്ങളിലേക്കു മാറുക വഴി നഗരങ്ങളെയും പൊതുഗതാഗത സംവിധാനത്തെയും നാം പരിഷ്‌കരിക്കുകയാണ്.
യുവജനത നിറഞ്ഞ രാജ്യമാണ് ഇന്ത്യ. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഇവിടം ആഗോള ഉല്‍പാദന കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഈ രാജ്യം.
നാം മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാംപെയ്‌നു തുടക്കമിട്ടിട്ടുണ്ട്. ന്യൂനതകള്‍ ഇല്ലാത്ത ഉല്‍പന്നങ്ങള്‍ പുറത്തിറക്കാനും പരിസ്ഥിതിക്കു കോട്ടം തട്ടാത്തവിധം ഉല്‍പാദനം നടത്താനുമാണു ശ്രമം.
നാഷണലി ഡിറ്റര്‍മിന്‍ഡ് കോണ്‍ട്രിബ്യൂഷന്‍സിന്റെ ഭാഗമായി 2005 മുതല്‍ 2030 വരെയുള്ള കാലത്ത് ഹരിതഗൃഹ വാതകം പുറംതള്ളുന്നതു മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 33 മുതല്‍ 35 വരെ ശതമാനം കുറച്ചുകൊണ്ടുവരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള വഴിയിലാണു നാം.
യു.എന്‍.ഇ.പി. ഗ്യാപ് റിപ്പോര്‍ട്ട് പ്രകാരമാവട്ടെ, കോപ്പന്‍ഹേഗന്‍ പ്രതിജ്ഞ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതിനും ഇന്ത്യ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. 2020 ആകുമ്പോഴേക്കും ഇന്ത്യ ഹരിതഗൃഹ വാതകം പുറംതള്ളുന്നതു 2005ലെ അളവിനെ അനുസരിച്ച് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 33 മുതല്‍ 35 വരെ ശതമാനം കുറച്ചുകൊണ്ടുവരും.
ശക്തമായ ദേശീയ ജൈവവൈവിധ്യ നയമാണ് ഇന്ത്യക്ക് ഉള്ളത്. ലോകത്തിലെ ആകെ ഭൂപ്രദേശത്തിന്റെ 2.4 ശതമാനം മാത്രം സ്വന്തമായുള്ള ഈ രാജ്യം ആകെ സസ്യജാതികളില്‍ ഏഴു മുതല്‍ ഏട്ടു വരെ ശതമാനത്തെ ഉള്‍ക്കൊള്ളുന്നു.
അതേസമയം, ഭൂമുഖത്താകെയുള്ള മനുഷ്യരില്‍ 18 ശതമാനം പേര്‍ നിവസിക്കുന്നതും ഇവിടെത്തന്നെ. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നമ്മുടെ വൃക്ഷ, വനം മേഖലയില്‍ ഒരു ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.
വന്യമൃഗ സംരക്ഷണത്തില്‍ നമ്മുടേതു നല്ല പ്രകടനമാണ്. കടുവ, ആന, സിഹം, റിനോ തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
രാജ്യത്തെ വലിയ വെല്ലുവിളികളില്‍ ഒന്നായ ജലദൗര്‍ലഭ്യത പരിഹരിക്കേണ്ടതിന്റെ ആവശ്യകത നാം തിരിച്ചറിയുന്നു. ബൃഹത്തായ നമാമി ഗംഗേ പദ്ധതിക്കു നാം തുടക്കമിട്ടിട്ടുണ്ട്. ഗുണകരമായിത്തുടങ്ങിയ ഈ പദ്ധതി നമ്മുടെ ഏറ്റവും വിലപ്പെട്ട നദിയായ ഗംഗയെ വൈകാതെ പുനരുജ്ജീവിപ്പിക്കും.
അടിസ്ഥാനപരമായി ഇന്ത്യ ഒരു കാര്‍ഷികരാഷ്ട്രമാണ്. കൃഷിക്കു തടസ്സമില്ലാതെ ജലം ലഭിക്കുക എന്നതു പ്രധാനമാണ്. ഒരു പാടത്തില്‍പ്പോലും വെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണു പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയ്ക്കു തുടക്കമിട്ടത്. ഓരോ തുള്ളി ജലത്തില്‍നിന്നും കൂടുതല്‍ വിളവ് എന്നതാണു നമ്മുടെ മുദ്രാവാക്യം.
കൃഷിയുടെ അവശിഷ്ടങ്ങള്‍ കത്തിച്ചുകളയുന്നതിനു പകരം അവയില്‍നിന്നു പോഷകഗുണമുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്നതിനായി വലിയ തോതിലുള്ള പ്രചരണം നടത്തിവരികയാണ്.
സഹോദരീസഹോദരന്‍മാരേ,
ലോകത്തിലെ വലിയ ഭാഗം ‘ഇന്‍കണ്‍വീനിയന്റ് ട്രൂത്തി’നു പ്രാധാന്യം കല്‍പിച്ചപ്പോള്‍ നാം ‘കണ്‍വീനിയന്റ് ആക്ഷനി’ലേക്കു മാറി.
ഈ പ്രേരണയാണ് രാജ്യാന്തര സൗരോര്‍ജ സഖ്യത്തിനു രൂപം നല്‍കാന്‍ ഇന്ത്യക്കും ഫ്രാന്‍സിനും പ്രേരണയായത്. പാരീസ് ഉച്ചകോടിക്കുശേഷം നടന്ന പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഏറ്റവും വലിയ ആഗോള സംഭവവികാസമായിരിക്കാം ഒരുപക്ഷേ, ഇത്.
മൂന്നു മാസം മുമ്പ് രാജ്യാന്തര സൗരോര്‍ജ സഖ്യത്തിന്റെ പ്രഥമ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി 45 രാഷ്ട്രങ്ങളുടെ നേതാക്കളും രാജ്യാന്തര സംഘടനകളുടെ തലവന്‍മാരും ന്യൂഡെല്‍ഹിയില്‍ എത്തിയിരുന്നു.
നമ്മുടെ അനുഭവം തെളിയിക്കുന്നതു വികസനം പരിസ്ഥിതിസൗഹൃദപരമാക്കാന്‍ സാധിക്കുമെന്നാണ്. വികസനത്തിനായി നമ്മുടെ ഹരിതാഭ നശിപ്പിക്കേണ്ടതില്ല.
സുഹൃത്തുക്കളേ,
ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം ഒരു വലിയ വെല്ലുവിളി മുന്നോട്ടുവെക്കുന്നുണ്ട്.
പ്ലാസ്റ്റിക് മാനവികതയ്ക്കു ശാപമായിത്തീരുകയാണ്. അതില്‍ വലിയ ഭാഗം പുനരുപയോഗിക്കപ്പെടുന്നില്ല. അതിലേറെയും ജൈവസംസ്‌കരണം നടക്കാത്ത പ്ലാസ്റ്റിക് ആണ് എന്നതാണു ദുഃഖകരമായ വസ്തുത.
പ്ലാസ്റ്റിക് മാലിന്യം നമ്മുടെ ജലാശയങ്ങളില്‍ മാരകമായ ദൂഷ്യഫലം സൃഷ്ടിക്കുന്നു. ശാസ്ത്രജ്ഞരും മീന്‍പിടിത്തക്കാരും ഒരുപോലെ അപകടസൂചന തരുന്നുണ്ട്. മല്‍സ്യലഭ്യത കുറയുകയും സമുദ്രതാപനില ഉയരുകയും ജലജീവികള്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നതുപോലുള്ള മാറ്റങ്ങള്‍ പ്രകടമാവുകയും ചെയ്യുന്നു.
സമുദ്രങ്ങളില്‍ അടിയുന്ന ചവര്‍, പ്രത്യേകിച്ച് പ്ലാസ്റ്റിക്, അതിര്‍ത്തികള്‍ കടന്നുള്ള ഒരു വലിയ പ്രശ്‌നമായിക്കഴിഞ്ഞു. കടലുകള്‍ മാലിന്യമുക്തമാക്കാനുള്ള പദ്ധതിയില്‍ ചേരാനും പദ്ധതി വിജയിപ്പിക്കുന്നതിനായി സാധ്യമായ സഹായങ്ങള്‍ ചെയ്യാനും ഇന്ത്യ സജ്ജമായിക്കൊണ്ടിരിക്കുകയാണ്.
പ്ലാസ്റ്റിക് മാലിന്യം ഇപ്പോള്‍ നമ്മുടെ ഭക്ഷ്യശൃംഖലയിലും കടന്നിരിക്കുന്നു. അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ ഉപ്പ്, കുപ്പിവെള്ളം, ടാപ്പ് വെള്ളം എന്നിവയിലൊക്കെ പ്ലാസ്റ്റിക് കടന്നുകഴിഞ്ഞു.
സുഹൃത്തുക്കളേ,
വികസിത ലോകത്തെ അപേക്ഷിച്ച് ഇന്ത്യയിലെ പ്രതിശീര്‍ഷ പ്ലാസ്റ്റിക് ഉപയോഗം വളരെ കുറവാണ്.
ശുചിത്വത്തിനായുള്ള ദേശീയ ദൗത്യമായ സ്വച്ഛ് ഭാരത് അഭിയാനില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനു പ്രത്യേക ഊന്നല്‍ നല്‍കിവരുന്നു.
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഒരുക്കിയ പ്രദര്‍ശനം അല്‍പം മുമ്പ് ഞാന്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ നമ്മുടെ ചില വിജയഗാഥകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍, വ്യവസായ മേഖല, ഗവണ്‍മെന്റിതര സംഘടനകള്‍ എന്നിവയ്ക്ക് അതില്‍ പങ്കാളിത്തമുണ്ട്. പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുന്നതിനായുള്ള മാതൃകാപരമായ പ്രവര്‍ത്തനം അവരൊക്കെ തുടരുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
സഹോദരീ സഹോദരന്‍മാരേ,
പരിസ്ഥിതിനാശം ഏറ്റവും കൂടുതല്‍ ബാധിക്കുക ദരിദ്രരെയും ദുര്‍ബലരെയുമാണ്. ഭൗതികനേട്ടം ഉണ്ടാക്കാനുള്ള ശ്രമം പരിസ്ഥിതിസംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടാകരുതെന്ന് ഉറപ്പാക്കേണ്ടത് നാം ഓരോരുത്തരുടെയും ചുമതലയാണ്. ആരെയും പിന്‍തള്ളരുതെന്ന പ്രമേയം സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ടയുടെ പ്രമേയമാക്കുന്നതിന് എല്ലാവരും പിന്‍തുണ അറിയിച്ചിട്ടുണ്ട്. പ്രകൃതിമാതാവിനെ സംരക്ഷിക്കാന്‍ നാമെല്ലാം ഒരുമിക്കാതെ ഇതു സാധ്യമല്ല.
സുഹൃത്തുക്കളേ,
ഇത് ഇന്ത്യയുടെ പാതയാണ്. ലോക പരിസ്ഥിതി ദിനത്തിലെ ഈ മംഗളകരമായ മുഹൂര്‍ത്തത്തില്‍ ഈ പാത രാജ്യാന്തര സമൂഹവുമായി സന്തോഷപൂര്‍വം പങ്കുവെക്കുകയാണ്.
അവസാനമായി, 2018ലെ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ആതിഥേയരെന്ന നിലയില്‍ സുസ്ഥിര വികസനത്തിനായുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഞാന്‍ ആവര്‍ത്തിക്കട്ടെ.
പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാനും ഭൂമി ജീവിക്കാവുന്ന മെച്ചപ്പെട്ട ഇടമാക്കി മാറ്റാനുമായി നമുക്കു സഹകരിക്കാം.
നാം ഇന്നു നടത്തുന്ന തെരഞ്ഞെടുക്കല്‍ നമ്മുടെയെല്ലാം ഭാവിയെ നിര്‍ണയിക്കും. തെരഞ്ഞെടുക്കല്‍ എളുപ്പമാവില്ല. പക്ഷേ, ബോധവല്‍ക്കരണത്തിലൂടെയും സാങ്കേതികവിദ്യയിലൂടെയും ആത്മാര്‍ഥമായ ആഗോള പങ്കാളിത്തത്തിലൂടെയും ശരിയായ തെരഞ്ഞെടുക്കല്‍ സാധ്യമാകുമെന്ന് എനിക്ക് ഉറപ്പാണ്.
നന്ദി.