രാജ്യത്തിനു വേണ്ടി തന്റെ ജീവന്‍ ത്യജിച്ച ഇന്ത്യയുടെ മഹാനായ പുത്രനെ നാം അനുസ്മരിക്കുന്ന ഏറ്റവും നല്ല അവസരമാണ് ഇന്ന്. രാജ്യത്തിനു വേണ്ടി സ്വയം ബലിയര്‍പ്പിക്കാനും വിശ്രമമന്യേ അധ്വാനിക്കാനുമുള്ള ഈ അഭിനിവേശമാണ് ദിവസമോ കാലമോ സമയമോ പരിഗണിക്കാതെ നമ്മെ ഒരുമിച്ചു ചേര്‍ക്കുന്നത്.
ആചാര്യ സത്യേന്ദ്ര നാഥ് ബോസിന്റെ ഈ 125-ാമത് ജന്മവാര്‍ഷിക വേളയില്‍ നിങ്ങള്‍ എല്ലാവര്‍ക്കും, പ്രത്യേകിച്ച് ശാസ്ത്ര സമൂഹത്തിന് എന്റെ ആശംസകള്‍ അര്‍പ്പിക്കുന്നു.
സുഹൃത്തുക്കളേ, എല്ലാ വര്‍ഷത്തിന്റെയും തുടക്കത്തില്‍ രാജ്യത്തെ പ്രശസ്ത ശാസ്ത്രജ്ഞരുമായി സംവദിക്കാന്‍ സാധിക്കുന്നത് എനിക്ക് വലിയ സന്തോഷമാണ്. ഇന്ന് നിങ്ങളുമായി കുറച്ചു ചിന്തകള്‍ പങ്കുവയ്ക്കാന്‍ വിശിഷ്ടമായ അവസരം ലഭിച്ചതില്‍ എനിക്ക് ആഹ്ലാദമുണ്ട്.
ആചാര്യ സത്യേന്ദ്ര നാഥ് ബോസിന്റെ ഒരു വര്‍ഷം നീളുന്ന 125-ാമത് ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് നാം തുടക്കം കുറിക്കുകയാണ്. അദ്ദേഹം ജനിച്ചത് 1894 ലാണ്. ജീവിച്ചിരുന്ന കാലത്തിനും സമൂഹത്തിനും ഏറെ മുന്നിലായിരുന്ന നേട്ടങ്ങള്‍ കൈവരിച്ച അദ്ദേഹത്തെ കുറിച്ച് ഞാന്‍ വളരെയധികം മനസ്സിലാക്കിയിട്ടുണ്ട്.
സുഹൃത്തുക്കളേ, ദേശബന്ധു ചിത്തരഞ്ജന്‍ ദാസ് അദ്ദേഹത്തിന്റെ ഒരു കവിതയില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
ബംഗാളിന്റെ മണ്ണിലും ജലത്തിലും നിത്യമായ ഒരു സത്യമുണ്ട്. ഈ സത്യമാണ് മറ്റാളുകള്‍ക്ക് അപ്രാപ്യമായ ചിന്തകളുടെയും ആലോചനകളുടെയും തലത്തിലേയ്ക്ക് ബംഗാളിലെ ജനങ്ങളെ നയിക്കുന്നത്. ബംഗാളിനെ നൂറ്റാണ്ടുകളോളം രാജ്യത്തിന്റെ കേന്ദ്രബിന്ദുവാക്കി നിലനിര്‍ത്തിയതും ഈ സത്യം തന്നെ.
അത് സ്വാതന്ത്ര്യ സമരമാകട്ടെ, സാഹിത്യമാകട്ടെ, ശാസ്ത്രമാകട്ടെ, കായികരംഗമാകട്ടെ, എല്ലാ മേഖലകളിലും ബംഗാളിലെ മണ്ണിന്റെയും വെള്ളത്തിന്റെയും സ്വാധീനം വളരെ വ്യക്തമായി പ്രതിഫലിച്ചിട്ടുണ്ട്. സ്വാമി രാമകൃഷ്ണ പരമഹംസന്‍, സ്വാമി വിവേകാനന്ദന്‍, രവീന്ദ്രനാഥ ടാഗോര്‍, സുഭാഷ് ചന്ദ്രബോസ്, ശ്യമപ്രസാദ് മുഖര്‍ജി, ബംങ്കിം ചന്ദ്ര, ശരദ് ചന്ദ്ര, സത്യജിത് റേ, നിങ്ങള്‍ ഏതു മേഖല വേണമെങ്കിലും എടുത്തുകൊള്ളു, അവിടെയെല്ലാം ഒരു ബംഗാളി താരമെങ്കിലും തിളങ്ങുന്നതു കാണാം.
ലോകത്തിന് നിരവധി ഉന്നതരായ ശാസ്ത്രജ്ഞരെ സംഭാവന ചെയ്ത രാജ്യമാണ് ഇന്ത്യ എന്നത് നമുക്ക് അഭിമാനിക്കാനുള്ള വസ്തുതയാണ്. ആചാര്യ എസ്.എന്‍ ബോസിനെക്കൂടാതെ ജെ.സി ബോസ്, മേഘ്‌നാഥ് സാഹ തുടങ്ങി നമ്മുടെ രാജ്യത്തിന് ശക്തമായ ആധുനിക ശാസ്ത്ര അടിത്തറ പാകിയ നാമധേയങ്ങള്‍ എണ്ണമറ്റതാണ്.
കടുത്ത ബുദ്ധിമുട്ടുകള്‍ക്കു മധ്യേ പരിമിതമായ വിഭവങ്ങള്‍ മാത്രം ഉപയോഗിച്ചാണ് പുതിയ ആശയങ്ങളും കണ്ടുപിടുത്തങ്ങളും വഴി അവര്‍ ഈ രാജ്യത്തെ ജനങ്ങളെ സേവിച്ചത്. ഇന്നും നാം അവരുടെ സര്‍ഗ്ഗവൈഭവത്തില്‍നിന്നും അര്‍പ്പണ മനോഭാവത്തില്‍നിന്നും പഠിക്കുന്നു.
സുഹൃത്തുക്കളേ, ആചാര്യ എസ്.എന്‍ ബോസിന്റെ ജീവിതത്തിലും പ്രവര്‍ത്തനത്തിലും നിന്ന് നമുക്ക് അനേകം കാര്യങ്ങള്‍ പഠിക്കാനുണ്ട്. അറിവ് സ്വയം ആര്‍ജ്ജിച്ച പണ്ഡിതനാണ് അദ്ദേഹം. നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് അദ്ദേഹം വിജയം നേടിയത്. അദ്ദേഹത്തിന് ഔപചാരികമായ ഗവേഷണ വിദ്യാഭ്യാസം ഇല്ലായിരുന്നു. ആഗോള ശാസ്ത്ര സമൂഹവുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങള്‍ ഇല്ലായിരുന്നു. ആരും കൈവയ്ക്കാത്ത ശാസ്ത്രമേഖലയോടുള്ള ഏകാഗ്രമായ സമര്‍പ്പണം കൊണ്ടു മാത്രമാണ് അദ്ദേഹം 1924 ലെ വലിയ നേട്ടം കൈവരിച്ചത്.
ഇതാണ് ക്വാണ്ടം സ്റ്റിറ്റിസ്റ്റിക്‌സ്, ആധുനിക ആണവ സിദ്ധാന്തം എന്നിവയ്ക്ക് അടിത്തറ പാകിയത്. പഴയ നാല് ക്വാണ്ടം സിദ്ധാന്തങ്ങളില്‍ ഏറ്റവും വിപ്ലവകരമായ ഒന്നായി അദ്ദേഹത്തിന്റെ ഈ ഗവേഷണത്തെ ഐന്‍സ്റ്റീനിന്റെ ജീവചരിത്രകാരനായ ഏബ്രഹാം പെയ്‌സ് വിശേഷിപ്പിക്കുന്നു. ബോസ് സ്റ്റാറ്റിസ്റ്റിക്‌സ്, ബോസ് ഐന്‍സ്റ്റിന്‍ കണ്ടന്‍സേഷന്‍, ഹിഗ്‌സ് ബോസോണ്‍ തുടങ്ങിയ സങ്കല്‍പങ്ങളും പേരുകളും ശാസ്ത്ര ചരിത്രത്തില്‍ സത്യേന്ദ്ര നാഥ ബോസിന്റെ നാമത്തെ അനശ്വരമാക്കുന്നു.
അദ്ദേഹത്തിന്റെ ആശയങ്ങളെ അധികരിച്ച് നടത്തിയ ഗവേഷണങ്ങള്‍് പിന്നീടു വന്ന അനേകം ശാസ്ത്രജ്ഞര്‍ക്ക് ഭൗതിക ശാത്രത്തില്‍ നോബല്‍ പുരസ്‌കാരം നേടിക്കൊടുത്തു എന്ന വസ്തുത മാത്രം മതി ബോസിന്റെ ഗവേഷണത്തിന്റെ പ്രാധാന്യം അളക്കുവാന്‍.
ശാസ്ത്രം പ്രാദേശിക ഭാഷയില്‍ അഭ്യസിപ്പിക്കുന്നതിനുവേണ്ടി ജെ.സി ബോസ് ധര്‍മ്മയുദ്ധം നടത്തി. ജ്ഞാന്‍ ഒ വിജ്ഞാന്‍ എന്ന ബംഗാളി ശാസ്ത്ര മാസിക തുടങ്ങിയത് അദ്ദേഹമാണ്.
യുവാക്കളില്‍ ശാസ്ത്രാഭിമുഖ്യവും ശാസ്ത്ര സ്‌നേഹവും പ്രോത്സാഹിപ്പിക്കുന്നതിന് വിപുലമായ തരത്തില്‍ ശാസ്ത്ര ആശയവിനിമയം പ്രോത്സാഹിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. ഇതിന് ഭാഷ ഒരിക്കലും പ്രതിബന്ധമാകാന്‍ പാടില്ല.
സുഹൃത്തുക്കളേ, പരമ്പരാഗതമായി തന്നെ ഇന്ത്യയുടെ ശാസ്ത്ര ഗവേഷണ വ്യവസ്ഥ അതിശക്തമാണ്. അതില്‍ വൈദഗ്ധ്യത്തിന്റെയോ കഠിനാധ്വാനത്തിന്റെയോ വസ്തുനിഷ്ഠതയുടെയോ കുറവില്ല.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ശാസ്ത്ര സാങ്കേതിക മേഖലയില്‍ വന്‍ കുതിപ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. വിവര സാങ്കേതിക മേഖലയിലാകട്ടെ, ശൂന്യാകാശ സാങ്കേതിക വിദ്യയിലാകട്ടെ, മിസൈല്‍ സാങ്കേതിക വിദ്യയിലാകട്ടെ, ആഗോളതലത്തില്‍ ഇന്ത്യ അതിന്റെ സ്ഥാനം അടയാളപ്പെടുത്തിക്കഴിഞ്ഞു. നമ്മുടെ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും ഈ വിജയം രാജ്യത്തിനാകമാനം അഭിമാനകരമാണ്.
നമ്മുടെ ഐ.എസ്.ആര്‍.ഒ ഒരൊറ്റ റോക്കറ്റിലൂടെ ശൂന്യാകാശത്തിലേയ്ക്ക് 100 ഉപഗ്രഹങ്ങളെ ഒന്നിച്ച് വിക്ഷേപിച്ച സംഭവം ലോകം വിസ്മയത്തോടെയാണ് വീക്ഷിച്ചത്. ഇന്ത്യന്‍ ജനത നമ്മുടെ ശാസ്ത്രജ്ഞരുടെ സാമര്‍ത്ഥ്യത്തില്‍ ആഹ്ലാദിച്ച, ശിരസ്സുകള്‍ അഭിമാനത്താല്‍ ഉയര്‍ന്ന നിമിഷങ്ങളായിരുന്നു അത്.
സുഹൃത്തുക്കളേ, നിങ്ങള്‍ നടത്തുന്ന കഠിനാധ്വാനം, നിങ്ങള്‍ അനുഷ്ഠിക്കുന്ന ത്യാഗങ്ങള്‍ പരീക്ഷണ ശാലകളില്‍ മാത്രം ഒതുങ്ങിയാല്‍ അത് നിങ്ങളോടും ഈ രാജ്യത്തോടും ചെയ്യുന്ന വലിയ അനീതിയായിരിക്കും.
രാജ്യത്തിന്റെ ശാസ്ത്ര ശേഷി ഉയര്‍ത്താന്‍ നിങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ ആധുനിക കാലത്തെ സാധാരണക്കാരായ ഇന്ത്യന്‍ പൗരന്മാര്‍ക്കു കൂടി പ്രയോജനപ്പെടുന്ന തരത്തിലാക്കിയാല്‍ അത് കൂടുതല്‍ ഫലപ്രദമാകും.
അതുകൊണ്ട് നമ്മുടെ ഗവേഷണങ്ങള്‍ പാവപ്പെട്ടവന്റെ ജീവിതം കൂടുതല്‍ സുഗമമാക്കുന്നതാകട്ടെ. മധ്യവര്‍ഗ്ഗത്തിന്റെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതാകട്ടെ, ഗവേഷണങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും ആത്യന്തിക ഫലങ്ങള്‍ അവശ്യമായും കൃത്യതയോടെ അവതരിപ്പിക്കേണ്ടതാണ്.
നമ്മുടെ ശാസ്ത്രീയ പരീക്ഷണങ്ങളുടെ അടിസ്ഥാനം നമ്മുടെ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണെങ്കില്‍ അതിന്റെ ലക്ഷ്യം സ്വയം തീരുമാനിക്കുക നിങ്ങള്‍ക്ക് കൂടുതല്‍ എളുപ്പമാകും.
രാജ്യത്തെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ എളുപ്പമുള്ളതാക്കുന്നതിന് സര്‍ഗാത്മകമായ സാങ്കേതിക പരിഹാരങ്ങള്‍ കണ്ടെത്തുവാന്‍ അവരുടെ ചിന്തകളിലൂടെ തുടര്‍ന്നും സാധിക്കുന്നവരാണ് നമ്മുടെ ശാസ്ത്രജ്ഞര്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
അനേകം ശാസ്ത്ര സ്ഥാപനങ്ങള്‍ സൗരോര്‍ജ്ജം, വൃത്തിയുള്ള ഊര്‍ജ്ജം, ജലസംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷങ്ങളില്‍ അവരുടെ ഗവേഷണങ്ങളും വികസന പദ്ധതികളും ആരംഭിച്ചു കഴിഞ്ഞു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. അതിനാല്‍ ഇത്തരം ഗവേഷണഫലങ്ങള്‍ പരീക്ഷണശാലകളില്‍ മാത്രമായി ഒതുങ്ങാന്‍ പാടില്ല.
വിശിഷ്ടരായ ശാസ്ത്രജ്ഞരേ, വിദ്യാര്‍ത്ഥികളേ, ക്വാണ്ടം മെക്കാനിക്‌സിനെക്കുറിച്ച് നിങ്ങള്‍ പഠിച്ചിട്ടുണ്ടാവും. മിക്കവരും അതില്‍ വിദഗ്ധരുമായിരിക്കും. ഞാന്‍ പഠിച്ചിട്ടില്ല. പക്ഷെ അനുദിന ജീവിതത്തില്‍ ഭൗതിക ശാസ്ത്രത്തിനു നമ്മെ പഠിപ്പിക്കാന്‍ സാധിക്കുന്ന അനേകം പാഠങ്ങള്‍ ഉണ്ട് എന്നു ഞാന്‍ മനസിലാക്കുന്നു. ഒരു ക്ലാസിക്കല്‍ കണികയ്ക്ക് ആഴമേറിയ കിണറ്റില്‍ നിന്നു രക്ഷപ്പെടാനാവില്ല. എന്നാല്‍ ക്വാണ്ടം കണികയ്ക്ക് സാധിക്കും.
ഓരോരോ കാരണങ്ങളാല്‍ നാം സ്വയം നമ്മിലേയ്ക്ക് ഒറ്റപ്പെടുന്നു. മറ്റു സ്ഥാപനങ്ങളിലെയും ദേശീയ പരീക്ഷണശാലകളിലെയും സഹ ശാസ്ത്രജ്ഞരുമായി പരസ്പരം സഹകരിക്കുന്നില്ല, ഒരുമിച്ചു പ്രവര്‍ത്തിക്കുന്നില്ല, അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നില്ല.
നമ്മുടെ യഥാര്‍ഥ കഴിവുകള്‍ സ്വായത്തമാക്കാന്‍, ഇന്ത്യന്‍ ശാസ്ത്ര ലോകത്തെ ശരിയായ മഹത്വത്തിലേയ്ക്കു നയിക്കാന്‍, നാം ക്വാണ്ടം കണിക പോലെ തടവില്‍ നിന്നു രക്ഷപ്പെടണം. ഇന്ന് ഇതിനു കൂടുതല്‍ പ്രാധാന്യം കൈവന്നിരിക്കുന്നു. കാരണം ശാസ്ത്രം ബഹുശാഖികളായി മാറിയിരിക്കുന്നതിനാല്‍ കേന്ദ്രീകൃത പരിശ്രമം ആവശ്യമാണ്.
ഞാന്‍ പറഞ്ഞു വരുന്നത് കൂടുതല്‍ ഭൗതികമായ അടിസ്ഥാന ശാസ്ത്ര സൗകര്യങ്ങളുടെ പങ്കുവയ്ക്കലിനെകുറിച്ചാണ്. ഇതു വളരെ ചെലവേറിയതും ആയുസ് കുറഞ്ഞതുമാകുന്നു.
ബഹുമുഖമായ സമീപനത്തിലൂടെയാണ് നമ്മുടെ ശാസ്ത്ര വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ശാസ്ത്ര അടിസ്ഥാന സൗകര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനായി ഒരു പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുള്ളതായും അറിയാന്‍ സാധിച്ചു. ഇത് വഴി വിഭവങ്ങളുടെ സുതാര്യവും ഫലപ്രദവുമായ പങ്കുവയ്ക്കല്‍ സാധ്യമാകും.
പഠന – ഗവേഷണ സ്ഥാപനങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണത്തിനുള്ള സംവിധാനവും തയാറായിട്ടുണ്ട്. നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഗവേഷണ കൂട്ടായ്മകള്‍ രൂപീകരിച്ച് എല്ലാ ശാസ്ത്ര സാങ്കേതിക, പഠന സ്ഥാപനങ്ങളെയും വ്യവസായങ്ങളെയും സ്റ്റാര്‍ട്ട് അപ്പുകളെയും ഒന്നിച്ചു ചേര്‍ക്കും. ഈ നയത്തിനു കീഴില്‍ ഇത്തരം സ്ഥാപനങ്ങളെ മുഴുവന്‍ കൊണ്ടുവരുന്നതിനുള്ള നമ്മുടെ കഴിവനുസരിച്ചാവും ഈ ഉദ്യമത്തിന്റെ വിജയം. ഇതിനു നമ്മുടെയെല്ലാം ആത്മര്‍ത്ഥമായ സഹകരണം ഉണ്ടാവണം. രാജ്യത്തിന്റെ അതിവിദൂരമായ അതിര്‍ത്തിയിലുള്ള ശാസ്ത്രജ്ഞനു പോലും ഒരു കുറവുമില്ലാതെ വിഭവങ്ങള്‍- ഉദാഹരണമായി ഡല്‍ഹി ഐഐടി അല്ലെങ്കില്‍ ഡറാഡൂണിലെ സിഎസ്‌ഐആര്‍ ലാബിലേത് ലഭ്യമാകുന്നു എന്ന് ഈ സംവിധാനം ഉറപ്പാക്കുന്നു. എല്ലാ പരിശ്രമങ്ങളുടെയും പ്രവര്‍ത്തനങ്ങളുടയും പൂര്‍ണമായ ഫലം ഉറപ്പാക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം.
വികസനം, വളര്‍ച്ച, മാറ്റം എന്നിവയ്ക്കായുള്ള അസാധാരണ യന്ത്രം പോലെയാവണം ശാസ്ത്ര സാങ്കേതിക മേഖലയുടെ പ്രവര്‍ത്തനം. നമ്മുടെ രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക വെല്ലുവിളികളെ മനസില്‍ വച്ചുകൊണ്ടു കണ്ടുപിടിത്തങ്ങളുടെ ദിശയില്‍ മുന്നേറുന്ന നിങ്ങളെ എല്ലാവരെയും, രാജ്യത്തെ ശാസ്ത്ര സമൂഹത്തെയും ഒരിക്കല്‍ കൂടി ഞാന്‍ അഭിനന്ദിക്കുന്നു.
നിങ്ങള്‍ക്കറിയാം നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിനാളുകള്‍, പ്രത്യേകിച്ച് ആദിവാസി മേഖലകളിലെ ആയിരക്കണക്കിനു കുട്ടികള്‍ അരിവാള്‍ രോഗം രോഗം ബാധിച്ചവരാണ്. ഇതു നിയന്ത്രണ വിധേയമാക്കുന്നതിനുള്ള ഗവേഷണം ആരംഭിച്ചിട്ടു പതിറ്റാണ്ടുകളായി. പക്ഷെ ഈ രോഗം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ലളിതമായ ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ച് ലോകത്തിനു മുമ്പാകെ സമര്‍പ്പിക്കാന്‍ നമുക്ക് ഒരു പ്രതിജ്ഞ എടുത്തുകൂട?െ
എന്തുകൊണ്ടു കൂടുതല്‍ വിളവും മാംസ്യവും തരുന്ന, കൃഷിചെലവു കുറഞ്ഞ, പുതിയ പരിപ്പു വര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ച് നമ്മുടെ കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ശ്രമിച്ചു കൂടാ. നാം കൃഷി ചെയ്യുന്ന ധാന്യങ്ങളുടെയും പച്ചക്കറികളുടെയും നിലവാരം മെച്ചപ്പെടുത്തിക്കൂടാ. നമ്മുടെ നദികള്‍ ശുചീകരിക്കാനുള്ള, മാലിന്യ വിമുക്തമാക്കാനുള്ള യജ്ഞങ്ങള്‍ വേഗത്തിലാക്കിക്കൂടാ?
മലമ്പനി, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് പുതിയ മരുന്നുകളും പുതിയ പ്രതിരോധ കുത്തിയവയ്പ്പുകളും വികസിപ്പിച്ചുകൂടാ. നമ്മുടെ പരമ്പരാഗത വിജ്ഞാനീയവും ആധുനിക ശാസ്ത്രവും തമ്മില്‍ ക്രിയാത്മകമായി ഒന്നിപ്പിക്കാവുന്ന മേഖലകള്‍ എന്തുകൊ്ണ്ടു കണ്ടെത്തി കൂടാ.
സുഹൃത്തുക്കളേ, വിവിധ കാരണങ്ങളാല്‍ നമുക്ക് ആദ്യ വ്യവസായ വിപ്ലവം നഷ്ടപ്പെട്ടു. ഭാവിയില്‍ അത്തരം പിഴവുകള്‍ നമുക്കു സംഭവിച്ചു കൂടാ. കൃത്രിമ ബുദ്ധി, വിവര അപഗ്രഥനം, യാന്ത്രിക പഠനം, സൈബര്‍ സംവിധാനങ്ങള്‍, ജനിതക ശാസ്ത്രം, വൈദ്യുതി വാഹനങ്ങള്‍ തുടങ്ങിയവ നിങ്ങളുടെ ശ്രദ്ധ ആവശ്യപ്പെടുന്ന പുത്തന്‍ വെല്ലുവിളികള്‍ ആണ്. ഉയര്‍ന്നു വരുന്ന ഈ സാങ്കേതിക വിദ്യകളും കണ്ടുപിടുത്തങ്ങളുമായി രാജ്യം എന്ന നിലയില്‍ നമ്മളും ഒപ്പം പോകുന്നു എന്ന് ദയവായി ഉറപ്പാക്കുക.
ഈ വെല്ലുവിളികളെ എപ്രകാരം നമ്മുടെ ശാസ്ത്ര സമൂഹം കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നാം ആരംഭിച്ചിരിക്കുന്ന സ്മാര്‍ട്ട് ഉത്പാദനം, സ്മാര്‍ട്ട് നഗരങ്ങള്‍, വ്യവസായം, ഇന്റര്‍നെറ്റ് തുടങ്ങിയവയുടെ വിജയം. രാജ്യത്തെ സംരംഭകരെയും നവീനാശമുള്ളവരെയും ശാക്തീകരിക്കാനും അവര്‍ക്കു മാര്‍ഗ്ഗ ദര്‍ശനം നല്കാനും നമ്മുടെ ശാസ്ത്ര പരിസ്ഥിതിക്ക് സാധിക്കേണ്ടതുണ്ട്.
സുഹൃത്തുക്കളെ, ലോകം മുഴുവന്‍ അസൂയയോടെ കാണുന്ന ഒരു വന്‍ വിഭവമാണ് നമ്മുടെ ജനസംഖ്യാപരമായ ശേഷി . ഇതു മനസിലാക്കി കൊണ്ടാണ് നമ്മുടെ ഗവണ്‍മെന്റ് സ്റ്റാന്റ് അപ് ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, നൈപുണ്യ വികസന ദൗത്യം, പ്രധാന്‍ മന്ത്രി മുദ്ര പദ്ധതി തുടങ്ങിയ പരിപാടികള്‍ ആരംഭിച്ചിരിക്കുന്നത്. ഈ നിരയില്‍ രാജ്യത്ത് ലോക നിലവാരത്തിലുള്ള ഇത്തരം 20 സ്ഥാപനങ്ങള്‍ വികസിപ്പിക്കാനാണ് നാം പരിശ്രമിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്റ് മിഷന്‍ എന്ന ഈ പദ്ധതിയില്‍ പങ്കാളികളാകാന്‍ സ്വകാര്യ മേഖലയിലും പൊതു മേഖലയിലും പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഗവണ്‍മെന്റ് ക്ഷണിക്കുകയാണ്. നാം ഇതിനായി നിയമങ്ങള്‍ പരിഷ്‌കരിക്കുകയും ഭേദഗതി ചെയ്യുകയും ചെയ്തിട്ടുണ്ട്. പൊതു മേഖലയില്‍ നിന്നു തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിശ്ചിത കാലയളവില്‍ 1000 കോടിയുടെ സാമ്പത്തിക സഹായമാണ് ലഭിക്കുക.
എസ്എന്‍ ബോസ് നാഷണല്‍ സെന്റര്‍ ഫോര്‍ ബേസിക് സയന്‍സിനെയും ഇതുപോലുള്ള മറ്റ് സ്ഥാപനങ്ങളെയും ഈ പരിപാടിയില്‍ പങ്കുചേരാന്‍ ഞാന്‍ ക്ഷണിക്കുകയാണ്. അതിനായി അവര്‍ ഒന്നാം നിര സ്ഥാപനമായി ഉയരാന്‍ പരിശ്രമിക്കണം.
നിങ്ങളുടെ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളേയും ഗവേഷകരെയും ഗവേ,ണത്തിന് പ്രോത്സാഹിപ്പിക്#ുന്ന സാഹചര്യമൊരുക്കാന്‍ ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നു.
സമര്‍ത്ഥരായ ഒരു കുട്ടിയെ വീതം സയന്‍സ് പഠിപ്പിച്ച് ഗവേഷണ മേഖലയിലേയ്ക്കു തിരിച്ചു വിടാന്‍ നമ്മുടെ ഓരോ ശാസ്ത്രജ്ഞരും അവരുടെ കുറച്ചു സമയം ചെലവഴിച്ചാല്‍ രാജ്യത്ത് ഭാവിയില്‍ ലക്ഷക്കണക്കിനു ശാസ്ത്രജ്ഞര്‍ ഉണ്ടാകും. ആചാര്യ എസ് എന്‍ ബോസിന് അദ്ദേഹത്തിന്റെ 125-ാം ജന്മവാര്‍ഷികത്തില്‍ നാം നല്കുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും ഇത്.
സുഹൃത്തുക്കളേ, 2017 ല്‍ നാമെല്ലാവരും 1.25 ശതലക്ഷം ഇന്ത്യക്കാര്‍ ഒരുമിച്ച് ഒരു പ്രതിജ്ഞയെടുക്കുകയുണ്ടായി. ഈ പ്രതിജ്ഞ ഒരു നവ ഇന്ത്യയുടെ നിര്‍മ്മിതിക്കായിട്ടാണ്. രാജ്യത്തെ എല്ലാ ആഭ്യന്തര തിന്മകളെയും 2022 ആകുമ്പോഴേയ്ക്കും ഉന്മൂലനം ചെയ്യാനാണ് ഈ പ്രതിജ്ഞ. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നമായിരുന്ന ഇന്ത്യയെ നിര്‍മ്മിക്കാനാണ് ഈ പ്രതിജ്ഞ.
ഈ പ്രതിജ്ഞയുടെ സാക്ഷാത്ക്കാരത്തിന് ഈ 2018 വളരെ പ്രാധാന്യമുള്ളതാണ്. ഈ പ്രതിജ്ഞ സാക്ഷാത്ക്കരിക്കാന്‍ നാം മുഴുവന്‍ ശക്തിയും കേന്ദ്രീകരിക്കുകയാണ്.
രാജ്യത്തെ ഓരോ വ്യക്തിയും കുടുംബവും സ്ഥാപനവും വകുപ്പും മന്ത്രാലയവും ഇതിനായി സംഭാവന ചെയ്യണം. സ്റ്റേഷന്‍ വിടുന്ന ഒരു ട്രെയിന്‍ അഞ്ചു പത്തു മിനിറ്റിനുള്ളില്‍ മികച്ച വേഗം ആര്‍ജ്ജിക്കുന്ന പോലെ 2018 ല്‍ നാം പരമാവധി വേഗം നേടണം.
രാജ്യത്തെ ശാസ്ത്ര സമൂഹവും ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ഓരോ വ്യക്തിയും അവരുടെ ഗവേഷണത്തില്‍ ഒരു നവ ഇന്ത്യയുടെ സൃഷ്ടിക്കായി ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ കണ്ടുപിടിത്തങ്ങള്‍ രാജ്യത്തെ പാവപ്പെട്ടവരും ഇടത്തരക്കാരുമായ ആളുകളെ ശാക്തീകരിക്കും. അവര്‍ രാജ്യത്തെ ശാക്തീകരിക്കും. അത് ആധാര്‍ ആകട്ടെ, നേരിട്ടുള്ള ആനുകൂല്യ വിതരണമാകട്ടെ, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ആകട്ടെ, ഉപഗ്രഹങ്ങളും ഡ്രോണുകളും വഴിയുള്ള നിരീക്ഷണമാകട്ടെ ഈ സൗകര്യളെല്ലാം നിങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
സമര്‍ത്ഥനായ ഒരു കുട്ടിയെ വീതം സയന്‍സ് പഠിപ്പിച്ച് ഗവേഷണ മേഖലയിലേയ്ക്കു തിരിച്ചു വിടാന്‍ നമ്മുടെ ഓരോ ശാസ്ത്രജ്ഞരും അവരുടെ കുറച്ചു സമയം ചെലവഴിച്ചാല്‍ ഈ രാജ്യത്തെ ലക്ഷക്കണക്കിനു കുട്ടികള്‍ക്കു ഭാവി ഉണ്ടാകും. 125-ാം ജന്മവാര്‍ഷികത്തില്‍ ആചാര്യ എസ് എന്‍ ബോസിന് നാം നല്കുന്ന ഏറ്റവും വലി ആദരം ഇതായിരിക്കും.
സുഹൃത്തുക്കളെ, 2017 ല്‍ നാമെല്ലാവരും 1.25 ശതലക്ഷം ഇന്ത്യക്കാര്‍ ഒരുമിച്ച് ഒരു പ്രതിജ്ഞയെടുക്കുകയുണ്ടായി. ഈ പ്രതിജ്ഞ ഒരു പുതിയ ഇന്ത്യയുടെ നിര്‍മ്മിതിക്കായിട്ടാണ്. രാജ്യത്തെ എല്ലാ ആഭ്യന്തര തിന്മകളെയും 2022 ആകുമ്പോഴേയ്ക്കും ഉന്മൂലനം ചെയ്യാനാണ് ഈ പ്രതിജ്ഞ. നമ്മുടെ സ്വതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നമായിരുന്ന ഇന്ത്യയെ നിര്‍മ്മിക്കാനാണ് ഈ പ്രതിജ്ഞ.
ഈ പ്രതിജ്ഞയുടെ സാക്ഷാത്ക്കാരത്തിന് ഈ 2018 വര്‍ഷം വളരെ പ്രാധാന്യമുള്ളതാണ്. ഈ പ്രതിജ്ഞ സാക്ഷാത്ക്കരിക്കാന്‍ നമുക്ക് മുഴുവന്‍ ശക്തിയും കേന്ദ്രീകരിക്കണം.
തൊഴിലധിഷ്ഠിത സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ശാസ്ത്ര സ്ഥാപനങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്കാന്‍ സാധിക്കും. ആവശ്യാനുസരണം സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കിക്കൊണ്ടു ഗ്രാമങ്ങളുടെ സാങ്കേതിക വികസനത്തില്‍ നിങ്ങളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.
സുഹൃത്തുക്കളെ ഭവന നിര്‍മ്മാണം, കുടിവെള്ളം, ഊര്‍ജ്ജം, റെയില്‍വേ, നദികള്‍, റോഡുകള്‍, വിമാനത്താവളങ്ങള്‍, ജലസേചനം, വാര്‍ത്താവിനിമയം, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ നൂതന കണ്ടുപിടുത്തങ്ങള്‍ക്കായി രാജ്യം നിങ്ങളെ ഉറ്റു നോക്കുന്നു.
ഗവണ്‍മെന്റ് നിങ്ങള്‍ക്കൊപ്പം ഉണ്ട്. വിഭവങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ട്. കഴിവിന്റെ കാര്യത്തിലാണെങ്കില്‍ നിങ്ങള്‍ ആര്‍ക്കും പിന്നിലുമല്ല. അതിനാല്‍ എങ്ങിനെയായാലും വിജയം നിങ്ങള്‍ക്കൊപ്പമാണ്. നിങ്ങള്‍ വിജയിക്കുമ്പോള്‍ വിജയിക്കുന്നത് ഈ രാജ്യമാണ്. നിങ്ങളുടെ പ്രതിജ്ഞ പാലിക്കപ്പെടുമ്പോള്‍ സാക്ഷാത്ക്കരിക്കപ്പെടുന്നത് രാജ്യത്തിന്റെ മഹത്തായ പ്രതിജ്ഞയാണ്.
സുഹൃത്തുക്കളേ, ഉദ്ഘാടനത്തിന്റെ ലക്ഷ്യം പൂര്‍ണമാകണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു തുടര്‍ പദ്ധതി ഉണ്ടായിരിക്കണം. ഈ പരിപാടിക്ക് വളരെ ശ്രദ്ധേയമായ തുടര്‍ നടപടികള്‍ തയാറാക്കിയിട്ടുണ്ട് എന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്.
വിവിധ സ്‌കൂളുകളിലും കോളേജുകളിലുമായി ഏകദേശം 100 പ്രഭാഷണങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നതായി അധികൃതര്‍ എന്നോടു പറഞ്ഞു. നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളും 125 മത്സരങ്ങളും വിഷയത്തില്‍ ഉണ്ട്.
അതിസമര്‍ത്ഥമായ ആശയങ്ങള്‍ കാലത്തിനുമപ്പുറം നിലനില്ക്കും. ഉദാഹരണത്തിന് ഇന്നും ആചാര്യ ബോസിന്റെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് പ്രചോദനം നല്കുന്നു.
നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഞാന്‍ നന്മകള്‍ നേരുന്നു. ഉയര്‍ന്നു വരുന്ന ശാസ്ത്ര ഗവേഷണ മേഖലകളിലെ നിങ്ങളുടെ പരിശ്രമങ്ങളില്‍ വിജയം ആശംസിക്കുന്നു. നിങ്ങളുടെ വിശ്രമരഹിതമായ പരിശ്രമങ്ങളിലൂടെ രാഷ്ട്രത്തിന് ശോഭനവും മികച്ചതുമായ ഒരു ഭാവി ഞാന്‍ ആത്മവിശ്വാസത്തോടെ കാണുന്നു.
നിങ്ങള്‍ക്കെല്ലാവര്‍ക്കും സഫലവും സര്‍ഗ്ഗാത്മകവുമായ പുതുവര്‍ഷം ആശംസിക്കുന്നു.
ജയ്ഹിന്ദ്!