സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശ്രീരാമകൃഷ്ണ മിഷന്‍ കോയമ്പത്തൂരില്‍ സംഘടിപ്പിച്ച പരിപാടികളുടെ സമാപനച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു.
സ്വാമിജിയുടെ പ്രഭാഷണം എത്രത്തോളം പരിവര്‍ത്തനമാണു സൃഷ്ടിച്ചതെന്നും അതിലൂടെ പാശ്ചാത്യലോകം ഇന്ത്യയെ വീക്ഷിച്ചിരുന്ന രീതി തന്നെ മാറിയെന്നും ഭാരതീയ ചിന്തയും തത്വശാസ്ത്രവും ശരിയായ ഇടം കണ്ടെത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വൈദിക തത്വശാസ്ത്രത്തിന്റെ മഹിമ സ്വാമി വിവേകാനന്ദന്‍ ലോകത്തിനുമുന്നില്‍ വെളിപ്പെടുത്തിയെന്നു പ്രധാനമന്ത്രി പറഞ്ഞു. 'ചിക്കാഗോയില്‍ അദ്ദേഹം ലോകത്തെ വേദദര്‍ശനത്തെക്കുറിച്ചു പഠിപ്പിച്ചു. അതോടൊപ്പം രാജ്യത്തിന്റെ സമ്പന്നമായ ഭൂതകാലത്തെക്കുറിച്ചും അനന്തമായ സാധ്യതകളെക്കുറിച്ചും ഓര്‍മിപ്പിക്കുകയും ചെയ്തു. അദ്ദേഹം നമുക്ക് ആത്മാഭിമാനവും അഭിമാനവും നമ്മുടെ വേരുകള്‍ തന്നെയും തിരികെ നല്‍കി', പ്രധാനമന്ത്രി പറഞ്ഞു. 
സ്വാമി വിവേകാനന്ദന്റെ വീക്ഷണവുമായി 'ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണ്' എന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. 
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം:
'സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ സംബന്ധിക്കാന്‍ സാധിച്ചതു ഭാഗ്യമായി കാണുന്നു. യുവജനങ്ങളും മുതിര്‍ന്നവരും ഉള്‍പ്പെടെ നാലായിരത്തോളം സുഹൃത്തുക്കള്‍ ചടങ്ങിനെത്തിയിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. 
സാന്ദര്‍ഭികമായി പറയട്ടെ, 125 വര്‍ഷം മുമ്പ് സ്വാമി വിവേകാനന്ദജി ചിക്കാഗോയില്‍ ലോകമത സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍ കേള്‍ക്കാന്‍ എത്തിയിരുന്നതും നാലായിരത്തോളം പേരാണ്. 
മഹത്തരവും പ്രചോദനമേകുന്നതുമായ മറ്റേതെങ്കിലും പ്രഭാഷണങ്ങളുടെ വാര്‍ഷികം ആഘോഷിക്കുന്നതായി എനിക്കറിവില്ല. 
ചിലപ്പോള്‍ ഇല്ലായിരിക്കാം. 
ഈ ആഘോഷം വെളിപ്പെടുത്തുന്നതു സ്വാമിജിയുടെ പ്രഭാഷണത്തിന്റെ സ്വാധീനമാണ്- എന്തു മാത്രം പരിവര്‍ത്തനം സൃഷ്ടിച്ചുവെന്നതും പാശ്ചാത്യലോകം ഇന്ത്യയെ വീക്ഷിച്ചിരുന്ന രീതി തന്നെ മാറിയെന്നതും ഭാരതീയ ചിന്തയും തത്വശാസ്ത്രവും ശരിയായ ഇടം കണ്ടെത്തിയെന്നതും ആണ്.
നിങ്ങള്‍ ഒരുക്കിയ ആഘോഷം ചിക്കാഗോ പ്രസംഗത്തിന്റെ വാര്‍ഷികം ഒന്നുകൂടി സവിശേഷമാക്കുന്നു. 
രാമകൃഷ്ണ മഠവുമായും മിഷനുമായും ബന്ധപ്പെട്ടവര്‍ക്കും തമിഴ്‌നാട് ഗവണ്‍മെന്റിനും ചരിത്രപരമായ പ്രഭാഷണത്തെ അനുസ്മരിക്കാനുള്ള ചടങ്ങു വീക്ഷിക്കാനെത്തിയ ആയിരക്കണക്കിനു യുവ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍. 
സന്യാസിമാര്‍ക്കു മാത്രമുള്ള സാത്വിക സ്വഭാവത്തിന്റെയും ഇവിടെ സംഗമിച്ച യുവാക്കളുടെ ആവേശത്തിന്റെയും സംഗമം ഇന്ത്യയുടെ യഥാര്‍ഥ കരുത്തിന്റെ പ്രതീകമാണ്. 
നിങ്ങളില്‍നിന്നു വളരെ അകലെയാണെങ്കിലും നിങ്ങളുടെ സവിശേഷമായ ഊര്‍ജം തിരിച്ചറിയാന്‍ എനിക്കു സാധിക്കുന്നുണ്ട്. 
ഇന്നത്തെ ദിവസം പ്രഭാഷണങ്ങള്‍ക്കു മാത്രം വേണ്ടിയല്ല നിങ്ങള്‍ മാറ്റിവെച്ചിരിക്കുന്നത് എന്നു മനസ്സിലാക്കാന്‍ സാധിച്ചു. മഠം മുന്‍കയ്യെടുക്കുന്ന പല പദ്ധതികളും ഉണ്ട്. സ്വാമിജിയുടെ ഓര്‍മ പുതുക്കുന്നതിനായി സ്‌കൂളുകളിലും കോളജുകളിലും മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. നമ്മുടെ യുവാക്കള്‍ കാതലായ വിഷയങ്ങളെ സംബന്ധിച്ചു സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ഇന്ത്യ ഇന്നു നേരിടുന്ന വെല്ലുവിളികള്‍ക്കു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യും. പങ്കാളിത്തത്തിനു ജനങ്ങള്‍ കാട്ടുന്ന ആവേശവും രാജ്യം നേരിടുന്ന വെല്ലുവിളികളെ ചെറുത്തുനില്‍ക്കാന്‍ ജനത നിലനിര്‍ത്തുന്ന നിശ്ചയദാര്‍ഢ്യവും ഒത്തുചേര്‍ന്നു പകരുന്ന ഏക ഭാരതം, ശ്രേഷ്ഠം ഭാരതം എന്ന തത്വശാസ്ത്രമാണു സ്വാമിജിയുടെ സന്ദേശത്തിന്റെ ആകെത്തുക. 
സുഹൃത്തുക്കളേ, സ്വാമി വിവേകാനന്ദന്‍ തന്റെ പ്രസംഗത്തിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തെയും ദര്‍ശനത്തെയും പ്രാചീനകാല കീഴ്‌വഴക്കങ്ങളെയും സംബന്ധിച്ച വെളിച്ചം ലോകത്തിനു പകര്‍ന്നുനല്‍കി. 
ചിക്കാഗോ പ്രസംഗത്തെക്കുറിച്ചു പലരും എഴുതിയിട്ടുണ്ട്. നിങ്ങള്‍ ഇന്നു നടത്തിയ ചര്‍ച്ചകളിലും അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. നാം സ്വാമിജിയുടെ വാക്കുകളിലേക്കു തിരികെ പോയിക്കൊണ്ടിരിക്കുകയും അവയില്‍നിന്നു പുതിയ കാര്യങ്ങള്‍ പഠിക്കുകയും ചെയ്തുകൊണ്ടിരിക്കും. 
അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ അനന്തര ഫലം വ്യക്തമാക്കുന്നതിനായി ഞാന്‍ സ്വാമിജിയുടെ തന്നെ വാക്കുകള്‍ ഉപയോഗിക്കുകയാണ്. ചെന്നൈയില്‍വെച്ച് ഉയര്‍ന്ന ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു: 'ഇന്ത്യക്കും ഇന്ത്യന്‍ ദര്‍ശനത്തിനും ചിക്കാഗോ പാര്‍ലമെന്റ് വന്‍ വിജയമായിരുന്നു. ലോകം നിറയുന്ന വേദാന്തത്തിന്റെ വെള്ളപ്പൊക്കത്തിന് അതു ഗുണകരമായി.'
സുഹൃത്തുക്കളേ, 
അദ്ദേഹം ജീവിച്ചിരുന്ന കാലത്തെക്കുറിച്ച് ഓര്‍ക്കുന്നവര്‍ക്കു മനസ്സിലാകും അദ്ദേഹമുണ്ടാക്കിയ നേട്ടത്തിന്റെ അളവ് എത്രയാണെന്ന്. 
നമ്മുടെ രാജ്യം വിദേശ ഭരണത്തിന്റെ ബന്ധനത്തിലായിരുന്നു. നാം ദരിദ്രരായിരുന്നു എന്നു മാത്രമല്ല, നമ്മുടെ സമൂഹം  പിന്നോക്കമെന്ന നിലയില്‍ ഇകഴ്ത്തപ്പെടുകയും ചെയ്തു. നമ്മുടെ സാമൂഹിക ഘടനയുടെ ഭാഗമായി പല സാമൂഹിക തിന്‍മകളും നിലനിന്നിരുന്നു. 
നമ്മുടെ ആയിരമാണ്ടു വരുന്ന അറിവിനെയും സാംസ്‌കാരിക പാരമ്പര്യത്തെയും താഴ്ത്തിക്കെട്ടാനുള്ള ഒരു അവസരവും വിദേശ ഭരണാധികാരികളോ അവരുടെ ന്യായാധിപന്‍മാരോ അവരുടെ പ്രചാരകരോ നഷ്ടപ്പെടുത്തിയിരുന്നില്ല. 
സ്വന്തം സംസ്‌കാരത്തെ തരംതാണതായി കരുതാന്‍ നമ്മുടെ ജനങ്ങള്‍ തന്നെ പരിശീലിപ്പിക്കപ്പെട്ടു. അവര്‍ സ്വന്തം വേരുകളില്‍നിന്ന് അകറ്റപ്പെട്ടു. ഈ മാനസികാവസ്ഥയെ സ്വാമിജി വെല്ലുവിളിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തിനും തത്വദര്‍ശനത്തിനും മീതെ നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ പൊടിപടലം നീക്കുന്നതിനായുള്ള പ്രയത്‌നം അദ്ദേഹം ഏറ്റെടുത്തു. 
വൈദികദര്‍ശനത്തിന്റെ മഹത്വത്തിലേക്ക് അദ്ദേഹം ലോകത്തെ നയിച്ചു. ചിക്കാഗോയില്‍ അദ്ദേഹം ലോകത്തെ വൈദികതത്വശാസ്ത്രത്തെക്കുറിച്ചു പഠിപ്പിച്ചു. അതോടൊപ്പം രാജ്യത്തിന്റെ സമ്പന്നമായ ഭൂതകാലത്തെക്കുറിച്ചും അനന്തമായ സാധ്യതകളെക്കുറിച്ചും ഓര്‍മിപ്പിക്കുകയും ചെയ്തു. അദ്ദേഹം നമുക്ക് ആത്മാഭിമാനവും അഭിമാനവും നമ്മുടെ വേരുകള്‍ തന്നെയും തിരികെ നല്‍കി.
ഈ ഭൂമിയില്‍നിന്നാണ് തിരമാലകള്‍ പോലെ ആത്മീയതയും തത്വദര്‍ശനവും ആവര്‍ത്തിച്ചു കുതിക്കുകയും ലോകത്തില്‍ നിറയുകയും ചെയ്തതെന്നും ഈ ഭൂമിയില്‍നിന്നാണ് നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മാനവ ഗോത്രങ്ങള്‍ക്കു ജീവനും ഊര്‍ജവും പകരുന്ന കൂടുതല്‍ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കപ്പെട്ടതെന്നും അ്‌ദ്ദേഹം പറഞ്ഞു. 
സ്വാമി വിവേകാന്ദജി ലോകത്തിനു മേല്‍ മുദ്ര ചാര്‍ത്തുക മാത്രമല്ല ചെയ്തത്, രാജ്യത്തെ സ്വാതന്ത്യസമര പ്രസ്ഥാനത്തിന് പുതിയ ഊര്‍ജവും ആത്മവിശ്വാസവും പകരുകയും ചെയ്തു.
നമുക്കു സാധിക്കും, നമുക്കു ശേഷിയുണ്ട് എന്ന ചിന്ത ഉയര്‍ത്തുക വഴി അദ്ദേഹം രാജ്യത്തെ ജനങ്ങളെ ഉണര്‍ത്തി. ആ യുവ സന്യാസിയുടെ ഓരോ തുള്ളി ചോരയിലും ഉണ്ടായിരുന്ന ആത്മവിശ്വാസമാണ് ഇതിനു കാരണം. 'നിങ്ങളെത്തന്നെ വിശ്വസിക്കൂ, രാജ്യത്തെ സ്‌നേഹിക്കൂ' എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. 
സുഹൃത്തുക്കളേ, സ്വാമി വിവേകാനന്ദ ജിയുടെ ദര്‍ശനവുമായി ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ടു കുതിക്കുകയാണ്. നമ്മില്‍ത്തന്നെ വിശ്വാസമില്ലാതിരിക്കുകയും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറല്ലാതെ ഇരിക്കുകയും ചെയ്യുമ്പോള്‍ നമുക്കെന്തു നേടാന്‍ സാധിക്കും?
ആരോഗ്യത്തിനും ക്ഷേമത്തിനുമായി യോഗയും ആയുര്‍വേദവും പോലെയുള്ള പരമ്പരാഗത പാരമ്പര്യം ഇന്ത്യക്ക് ഉണ്ടെന്നു ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, ആധുനിക സാങ്കേതിക വിദ്യയുടെ കരുത്തും രാജ്യം കൊയ്‌തെടുക്കുന്നുണ്ട്. 
ഇപ്പോള്‍ രാജ്യം നൂറ് ഉപഗ്രഹങ്ങള്‍ ഒരുമിച്ചു വിക്ഷേപിക്കുകയും ലോകം മംഗള്‍യാനും ഗഗന്‍യാനും ചര്‍ച്ച ചെയ്യുകയും ഭീം പോലുള്ള നമ്മുടെ ഡിജിറ്റല്‍ ആപ്പുകളുടെ പകര്‍പ്പ് ഉണ്ടാക്കാന്‍ മറ്റു രാജ്യങ്ങള്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ആത്മവിശ്വാസം പിന്നെയും ഉയരുകയാണ്. ദരിദ്രരുടെയും അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെയും ആത്മവിശ്വാസം ഉയര്‍ത്തിയെടുക്കുന്നതിനായി നാം കഠിനമായി യത്‌നിച്ചുവരികയാണ്. ഇതിന്റെ സ്വാധീനം നമ്മുടെ യുവാക്കളുടെയും പെണ്‍മക്കളുടെയും ആത്മവിശ്വാസത്തില്‍ പ്രതിഫലിച്ചു കാണാം.
എത്ര ദാരിദ്ര്യപൂര്‍ണമായ ജീവിതമാണോ, ഏതു കുടുംബസാഹചര്യത്തില്‍നിന്നാണോ വരുന്നത് എന്നതൊന്നും പ്രശ്‌നമല്ലെന്നും ആത്മവിശ്വസവും കഠിനാധ്വാനവും വഴി നിങ്ങളുടെ പേരില്‍ രാഷ്ട്രം അഭിമാനിക്കുന്ന സാഹചര്യം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നും അടുത്തിടെ, ഏഷ്യന്‍ ഗെയിംസില്‍ നമ്മുടെ കായിക താരങ്ങള്‍ തെളിയിച്ചു. 
ഏറ്റവും കൂടുതല്‍ വിളവു ലഭിച്ചതോടെ ഇതേ മനോഭാവം നമ്മുടെ കര്‍ഷകരിലും പ്രകടമാണ്. രാജ്യത്തെ വ്യാപാരികളും തൊഴിലാളികളും വ്യാവസായിക ഉല്‍പാദനത്തിന്റെ വേഗം കൂട്ടുന്നു. നിങ്ങളെപ്പോലെയുള്ള യുവ എന്‍ജിനീയര്‍മാരും സംരംഭകരും ശാസ്ത്രജ്ഞരും സ്റ്റാര്‍ട്ടപ്പുകളുടെ നവ വിപ്ലവത്തിലേക്കു രാജ്യത്തെ നയിക്കുകയാണ്. 
സുഹൃത്തുക്കളേ, 
ഇന്ത്യയുടെ ഭാവി യൂവാക്കളില്‍ നിലകൊള്ളുന്നു എന്നു സ്വാമിജി ഉറച്ചു വിശ്വസിച്ചിരുന്നു. വേദങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'യുവാക്കളും കരുത്തും ആരോഗ്യവും ഉള്ളവരും കൂര്‍മബുദ്ധിയുള്ളവരുമാണ് പരമാത്മാവിങ്കല്‍ എത്തിച്ചേരുക.'
ഒരു ദൗത്യവുമായാണ് ഇന്നത്തെ യുവാക്കള്‍ നീങ്ങുന്നത് എന്നതില്‍ സന്തോഷമുണ്ട്. യുവാക്കളുടെ പ്രതീക്ഷകള്‍ തിരിച്ചറിഞ്ഞ് ഗവണ്‍മെന്റ് പുതിയ തൊഴില്‍സംസ്‌കാരവും സമീപനവും ആവിഷ്‌കരിക്കുകയാണ്. സുഹൃത്തുക്കളേ, സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം പിന്നിടുന്ന വേളയിലും, സാക്ഷരത വര്‍ധിച്ചിട്ടുണ്ടാകാമെങ്കിലും നമ്മുടെ പല യുവാക്കള്‍ക്കും തൊഴില്‍ലഭ്യതയ്ക്ക് അനിവാര്യമായ തൊഴില്‍നൈപുണ്യം ഇല്ല. ദുഃഖകരമായ വസ്തുത നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തൊഴില്‍നൈപുണ്യത്തിന് അര്‍ഹമായ പ്രാധാന്യം കല്‍പിച്ചിട്ടില്ല എന്നതാണ്. 
യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം എത്രത്തോളം അനിവാര്യമാണ് എന്നു തിരിച്ചറിഞ്ഞതിന്റെ ഫലമായി ഗവണ്‍മെന്റ് തൊഴില്‍നൈപുണ്യ വികസനത്തിനായി ഒരു മന്ത്രിസഭ തന്നെ രൂപീകരിച്ചു. 
യുവാക്കള്‍ക്കു സ്വന്തം സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി അവര്‍ക്കു മുന്നില്‍ ബാങ്കുകളുടെ വാതിലുകള്‍ തുറന്നിടുന്നതിനു നമ്മുടെ ഗവണ്‍മെന്റ് തയ്യാറായി. 
മുദ്ര പദ്ധതി പ്രകാരം 13 കോടി വായ്പകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. രാജ്യത്തെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സ്വയംതൊഴില്‍ വര്‍ധിപ്പിക്കുന്നതില്‍ ഈ പദ്ധതിക്കു നിര്‍ണായക സ്ഥാനമുണ്ട്. 
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയിലൂടെ ഗവണ്‍മെന്റ് നവീന ആശയങ്ങള്‍ക്കു പ്രോല്‍സാഹനം നല്‍കിവരികയാണ്. 
ഇതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം 8000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗീകാരം നല്‍കി. 2016ല്‍ കേവലം 800 എണ്ണത്തിന് അംഗീകാരം നല്‍കിയ സ്ഥാനത്താണ് ഇത്. പത്തു മടങ്ങു വര്‍ധനയാണ് ഒറ്റ വര്‍ഷംകൊണ്ട് ഉണ്ടായത്. 
നവീന ആശയങ്ങള്‍ക്ക് സ്‌കൂളുകളില്‍ ഇടം നല്‍കുന്നതിനായി 'അടല്‍ ഇന്നൊവേഷന്‍ മിഷ'ന് തുടക്കമിട്ടു. ഈ പദ്ധതി പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5000 അടല്‍ ടിങ്കറിങ് ലാബുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനമാണു നടത്തിവരുന്നത്. 
നവീന ആശയങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനായി സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍ പോലുള്ള പദ്ധതികളും നടപ്പാക്കിവരുന്നുണ്ട്. 
സുഹൃത്തുക്കളേ, 
സ്വാമി വിവേകാനന്ദന്‍ നമ്മുടെ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിച്ചു. ദരിദ്രരില്‍ ദരിദ്രരെ ഏറ്റവും ഉന്നത നിലയില്‍ കഴിയുന്നവര്‍ക്കു സമാനമായി ഉയര്‍ത്തിക്കൊണ്ടുവരുമ്പോഴാണു സമൂഹത്തില്‍ തുല്യത ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. ഈ ദിശയിലാണു കഴിഞ്ഞ നാലു വര്‍ഷമായി നാം പ്രവര്‍ത്തിച്ചുവരുന്നത്. ജന്‍ ധന്‍ അക്കൗണ്ടുകള്‍ വഴിയും ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് വഴിയും ബാങ്കുകളെ ദരിദ്രരുടെ വീട്ടുപടിക്കലേക്ക് എത്തിക്കുകയാണ്. ദരിദ്രരില്‍ ദരിദ്രരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വീടില്ലാത്തവര്‍ക്കു വീട്, ഗ്യാസ് കണക്ഷന്‍, വൈദ്യുതി കണക്ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ തുടങ്ങിയ പല പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. 
ഈ മാസം 25നു രാജ്യത്താകമാനം ആയുഷ്മാന്‍ ഭാരത് പദ്ധതി ആരംഭിക്കുകയാണ്. ഈ പദ്ധതി പ്രകാരം, ഗുരുതര രോഗങ്ങള്‍ പിടിപെട്ടാല്‍ ചികില്‍സ തേടുന്നതിനു 10 കോടിയിലേറെ ദരിദ്ര കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ ലഭിക്കും. ഈ പദ്ധതിയില്‍ ചേര്‍ന്നതിനു തമിഴ്‌നാട് ഗവണ്‍മെന്റിനെയും അവിടത്തെ ജനതയെയും ഞാന്‍ അഭിനന്ദിക്കുകയാണ്. 
ദാരിദ്ര്യം മാത്രമല്ല, ദാരിദ്ര്യത്തിന്റെ അടിസ്ഥാന കാരണങ്ങളെത്തന്നെ ഇല്ലാതാക്കുക എന്നതാണു നമ്മുടെ സമീപനം. 
ഈ ദിനം തീര്‍ത്തും വ്യത്യസ്തമായ ഒരു സംഭവത്തിന്റെകൂടി വാര്‍ഷികദിനമാണ്- ലോകം മുഴുവന്‍ പ്രതിധ്വനിച്ച 9/11 ഭീകരാക്രമണത്തിന്റെ. രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഈ പ്രശ്‌നത്തിനു പരിഹാരം തേടുകയാണ്. എന്നാല്‍, സത്യത്തില്‍ ഇതിനുള്ള പരിഹാരം കുടികൊള്ളുന്നത് ചിക്കാഗോയില്‍വെച്ച് സ്വാമിജി ലോകത്തിനു വിവരിച്ചുനല്‍കിയ സഹിഷ്ണുതയുടെയും സ്വീകാര്യതയുടെയും പാതയിലാണ്. 
സ്വാമിജി പറഞ്ഞു: 'ലോകത്തെ സഹിഷ്ണുതയും പ്രാപഞ്ചിക സ്വീകാര്യതയും പഠിപ്പിച്ച മതത്തില്‍ പെടുന്ന വ്യക്തിയാണ് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.'
സുഹൃത്തുക്കളേ, 
സ്വതന്ത്ര ആശയങ്ങളുടെ രാഷ്ട്രമാണ് നമ്മുടേത്. നൂറ്റാണ്ടുകളായി വൈവിധ്യമാര്‍ന്ന ആശയങ്ങളുടെയും സംസ്‌കാരങ്ങളുടെയും നാടാണിത്. ചര്‍ച്ച ചെയ്യുകയും തീരുമാനം കൈക്കൊള്ളുകയും ചെയ്യുക എന്ന പാരമ്പര്യം നമുക്കുണ്ട്. ജനാധിപത്യവും സംവാദവും നമ്മുടെ ശാശ്വത മൂല്യങ്ങളാണ്. 
സുഹൃത്തുക്കളേ, പക്ഷേ അതിന്റെ അര്‍ഥം നമ്മുടെ സമൂഹം എല്ലാ തിന്‍മകളിലുംനിന്നു മുക്തമാണ് എന്നല്ല. സവിശേഷമായ നാനാത്വമുള്ള ഇത്ര വലിയ രാഷ്ട്രത്തില്‍ വലിയ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ട്. 
വിവേകാനന്ദന്‍ പറയുമായിരുന്നു 'ഏതാണ്ടെല്ലാ കാലത്തും എല്ലായിടത്തും ദുര്‍ഭൂതങ്ങള്‍ ഉണ്ടായിരുന്നു' എന്ന്. നമ്മുടെ സമൂഹത്തിലുള്ള അത്തരം ദൂര്‍ഭൂതങ്ങളെ നാം കരുതിയിരിക്കണം. അവയെ പരാജയപ്പെടുത്തണം. എല്ലാ വിഭവങ്ങളും ലഭ്യമായിരുന്നെങ്കിലും ഇന്ത്യന്‍ സമൂഹം വിഘടിച്ചുനില്‍ക്കുകയോ ഇവിടെ ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുകയോ ചെയ്ത ഘട്ടങ്ങളിലൊക്കെ പുറത്തുനിന്നുള്ള ശത്രുക്കള്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട് എന്ന വസ്തുത നാം ഓര്‍ക്കണം. 
ഇത്തരം ദുരിതകാലങ്ങളില്‍ നമ്മുടെ സന്യാസിമാരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും ശരിയായ പാത കാണിച്ചുതന്നിട്ടുണ്ട്; നമ്മെ ഒരുമിപ്പിക്കുന്ന പാത കാണിച്ചുതന്നിട്ടുണ്ട്. 
നമുക്കു സ്വാമി വിവേകാനന്ദന്റെ ഉദ്‌ബോധനം ഉള്‍ക്കൊണ്ട് പുതിയ ഇന്ത്യ സൃഷ്ടിക്കണം. 
നിങ്ങള്‍ക്കെല്ലാം എത്രയോ നന്ദി അര്‍പ്പിച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുകയാണ്. ഈ ചരിത്രസംഭവത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ എനിക്ക് അവസരം തന്നു. സ്വാമിജിയുടെ സന്ദേശം വായിച്ചു മനസ്സിലാക്കുകയും മല്‍സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്ത സ്‌കൂളുകളിലെയും കോളജുകളിലെയും ആയിരക്കണക്കിനു സുഹൃത്തുക്കള്‍ക്ക് അഭിനന്ദനങ്ങള്‍. 
എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി. 

 
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi