ന്യൂഡെല്‍ഹിയില്‍ ജെ.പി.മോര്‍ഗന്‍ രാജ്യാന്തര കൗണ്‍സില്‍ അംഗങ്ങളെ പ്രധാനമന്ത്രി കണ്ടു. 2007നുശേഷം ഇതാദ്യമായാണ് രാജ്യാന്തര കൗണ്‍സില്‍ ഇന്ത്യയില്‍ ചേരുന്നത്.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജോണ്‍ ഹൊവാര്‍ഡ്, മുന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിമാരായ ഹെന്റി കിസ്സിഞ്ചര്‍, കോണ്ടലീസ റൈസ്, മുന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് എന്നിവരും ബിസിനസ്, ഫിനാന്‍സ് രംഗത്തെ പ്രമുഖരായ ജാമി ദിമോണ്‍ (ജെ.പി.മോര്‍ഗന്‍ ചെയ്‌സ്), രത്തന്‍ ടാറ്റ (ടാറ്റ ഗ്രൂപ്പ്) എന്നിവരും ആഗോള കമ്പനികളായ നെസ്ലെ, ആലിബാബ, ആല്‍ഫ, ഇബര്‍ദോല, ക്രാഫ്റ്റ് ഹീന്‍സ് തുടങ്ങിയവയുടെ പ്രതിനിധികളും ഉള്‍പ്പെടെ ആഗോളതലത്തിലുള്ള പ്രമുഖര്‍ ഉള്‍പ്പെടുന്നതാണ് രാജ്യാന്തര കൗണ്‍സില്‍.
സംഘത്തെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യവേ, 2024 ആകുമ്പോഴേക്കും ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കി വളര്‍ത്തുകയെന്ന വീക്ഷണത്തെക്കുറിച്ചു പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. ആഗോള നിലവാരമുള്ള ഭൗതിക അടിസ്ഥാന സൗകര്യം വികസിപ്പിക്കുക, താങ്ങാവുന്ന ചെലവിലുള്ള ആരോഗ്യസംരക്ഷണ പദ്ധതി മെച്ചപ്പെടുത്തുക, മേന്മയാര്‍ന്ന വിദ്യാഭ്യാസം ലഭ്യമാക്കുക എന്നീ മേഖലകള്‍ക്കും ഗവണ്‍മെന്റ് നയപരമായ പ്രാധാന്യം കല്‍പിച്ചുവരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.
നയരൂപീകരണത്തില്‍ ഗവണ്‍മെന്റിനെ നയിക്കുന്ന സിദ്ധാന്തം ജനപങ്കാളിത്തമാണ്. വിദേശനയത്തെക്കുറിച്ചു പരാമര്‍ശിക്കവേ, തന്ത്രപ്രധാന പങ്കാളികളോടും അയല്‍രാഷ്ട്രങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിച്ചുകൊണ്ട് നീതിയുക്തവും സമത്വപൂര്‍ണവുമായ ബഹുധ്രുവ ലോകക്രമത്തിനായി ഇന്ത്യ പ്രവര്‍ത്തിച്ചുവരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.