ഐ.എന്‍.എസ്.വി. തരിണിയില്‍ വിജയകരമായി ലോകം ചുറ്റി തിരിച്ചെത്തിയ ഇന്ത്യന്‍ നാവിക സേനയിലെ ആറ് വനിതാ ഓഫീസര്‍മാര്‍ ന്യൂ ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
നാവിക സാഗര്‍ പരിക്രമണ എന്ന പേരിലുള്ള, ലോകം ചുറ്റി തിരിച്ചെത്തിയ ഈ സാഹസിക കടല്‍ യാത്ര നടത്തിയത് വനിതകള്‍ മാത്രമടങ്ങുന്ന ആദ്യ ഇന്ത്യന്‍ സംഘമാണ്.
കൂടിക്കാഴ്ചയില്‍ തങ്ങളുടെ ദൗത്യത്തിന്റെ വിവിധ വശങ്ങളായ മുന്നൊരുക്കങ്ങള്‍, പരിശീലനം, യാത്രാനുഭവങ്ങള്‍ തുടങ്ങിയവയുടെ അവതരണം സംഘാംഗങ്ങള്‍ നടത്തി.
ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിന് സംഘാംഗങ്ങളെ പ്രധാനമന്ത്രി അനുമോദിച്ചു. യാത്രയ്ക്കിടയിലെ തങ്ങളുടെ അനുപമമായ അനുഭവങ്ങള്‍ പങ്കിടാനും, അവ എഴുതാനും പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു. നാവിക സേനാ മേധാവി സുനില്‍ ലാന്‍ബയും തദവസരത്തില്‍ സന്നിഹനായിരുന്നു.
ലെഫ്റ്റ്‌നന്റ് കമാന്റര്‍ വര്‍ത്തികാ ജോഷി നയിച്ച ദൗത്യ സംഘത്തില്‍ ലെഫ്റ്റ്‌നന്റ് കമാന്റര്‍മാരായ പ്രതിഭ ജംവാള്‍, പി. സ്വാതി, ലെഫ്റ്റനന്റ്മാരായ എസ്. വിജയാ ദേവി, ബി. ഐശ്വര്യ, പായല്‍ ഗുപ്ത എന്നിവരും അംഗങ്ങളായിരുന്നു.