ന്യൂഡെല്‍ഹിയിലെ കല്യാണ്‍ മാര്‍ഗില്‍ നടന്ന ചടങ്ങില്‍ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതു സംബന്ധിച്ച ഗ്രാന്റ് ചലഞ്ചിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു.
നിര്‍മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ബിഗ് ഡാറ്റ അനലറ്റിക്‌സ്, ബ്ലോക് ചെയ്ന്‍, മറ്റു നൂതന സാങ്കേതിക വിദ്യകള്‍ എന്നിവ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തെ പരിഷ്‌കരിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നതിനു നൂതന ആശയങ്ങള്‍ ക്ഷണിക്കുക എന്നതാണ് ഈ ചലഞ്ചിന്റെ ലക്ഷ്യം. ഗ്രാന്റ് ചാലഞ്ചിനുള്ള വേദി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടലാണ്.
ചടങ്ങില്‍ പ്രസംഗിക്കവേ, ബിസിനസ് ചെയ്യുന്നതിന്റെ എളുപ്പം സംബന്ധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ നില മെച്ചപ്പെടുത്തുന്നതിനു നല്‍കിയ പിന്‍തുണയ്ക്ക് വ്യവസായ മേഖലയുടെ പ്രതിനിധികളെയും ചടങ്ങിനെത്തിയ മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ബിസിനസ് ചെയ്യുന്നത് എളുപ്പമായ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആദ്യത്തെ 50 സ്ഥാനങ്ങളില്‍ ഇടംപിടിക്കുമെന്ന തന്റെ പ്രസ്താവന സംശയപൂര്‍വമാണു നേരത്തേ സ്വീകരിക്കപ്പെട്ടിരുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍, നാലു വര്‍ഷത്തിനകം ഇക്കാര്യത്തില്‍ ഗണ്യമായ നേട്ടം കൈവരിക്കാന്‍ സാധിച്ചുവെന്നും ഈ കാലയളവിനിടെ സ്ഥാനം 65 റാങ്ക് മുകളിലേക്ക് ഉയര്‍ന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ ഈ പട്ടികയില്‍ ദക്ഷിണേഷ്യയില്‍ ഏറ്റവും മുന്‍പിലാണെന്നും ആദ്യത്തെ 50 രാഷ്ട്രങ്ങളില്‍ ഒന്നായിത്തീരുക എന്ന ലക്ഷ്യത്തിന് അരികില്‍ എത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണാടിസ്ഥാനത്തിലും മത്സരാടിസ്ഥാനത്തിലും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇതിനായി ഒരുമിച്ചു പ്രവര്‍ത്തിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
നയങ്ങളാല്‍ നിയന്ത്രിതമായ ഭരണത്തിനും പ്രവചനപൂര്‍ണമായ സുതാര്യ നയങ്ങള്‍ക്കുമാണു കേന്ദ്ര ഗവണ്‍മെന്റ് പ്രാധാന്യം കല്‍പിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. സാധാരണ മനുഷ്യര്‍ക്ക് അനായാസേന ജീവിക്കാന്‍ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യംകൂടി മുന്‍നിര്‍ത്തിയാണ് കേന്ദ്ര ഗവണ്‍മെന്റ് പരിഷ്‌കാരങ്ങള്‍ നടത്തിവരുന്നതെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ചെറുകിട സംരംഭകര്‍ക്കു തങ്ങളുടെ സംരംഭം മുന്നോട്ടുകൊണ്ടുപോകാന്‍ അനുകൂലമായ സാഹചര്യമുണ്ടെന്നും വൈദ്യുതി ലഭിക്കുക എന്നതൊക്കെ താരതമ്യേന നിസ്സാരമായ കടമ്പകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരാതനമായ 1400 നിയമങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ റദ്ദാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. വാണിജ്യത്തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഇറക്കുമതി ചെയ്യപ്പെട്ട വസ്തുക്കള്‍ നീക്കം ചെയ്യാനുമൊക്കെ ഉണ്ടായിരുന്ന കാലതാമസം എത്രയോ കുറച്ചുകൊണ്ടുവരാന്‍ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ നേട്ടമുണ്ടാക്കിയ മറ്റനേകം മേഖലകള്‍ പ്രധാനമന്ത്രി ശ്രദ്ധയില്‍പ്പെടുത്തി. ഒരു കോടി വരെയുള്ള വായ്പയ്ക്കു കേവലം 59 മിനുട്ടുകള്‍കൊണ്ട് അനുമതി നല്‍കുന്നതു പോലെ ചെറുകിട, ഇടത്തരം സംരംഭകത്വ മേഖലയ്ക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു.
ഐ.എം.എഫ്., മൂഡീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച് ഇപ്പോള്‍ ഉറച്ച വിശ്വാസവും ശുഭപ്രതീക്ഷയും ഉണ്ടായിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. പരമാവധി ചുരുങ്ങിയ സമയത്തിനകം ഇന്ത്യയെ 5 ലക്ഷം കോടി ഡോളര്‍ മൂല്യംവരുന്ന സമ്പദ്‌വ്യവസ്ഥയാക്കി വളര്‍ത്തുകയാണു ലക്ഷ്യമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതു സാധ്യമാകണമെങ്കില്‍ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലയും മെച്ചപ്പെടണമെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. വര്‍ത്തമാന കാല യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും നവ ഇന്ത്യയിലെ സംരംഭകരുടെ നവീനമായ വീക്ഷണത്തോടു യോജിക്കുന്നതുമായ വ്യവസായ നയം രൂപീകരിക്കാനുള്ള ശ്രമത്തിലാണു ഗവണ്‍മെന്റെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ബിസിനസ് ചെയ്യുന്നത് എളുപ്പമായ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യത്തെ 50 രാജ്യങ്ങളില്‍ ഒന്ന് എന്ന പദവി നേടിയെടുക്കാനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
നടപടിക്രമങ്ങളില്‍ മനുഷ്യന്റെ ഇടപെടല്‍ കുറച്ചുകൊണ്ടുവരികയും ആധുനിക, ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ഉപയോഗം വര്‍ധിപ്പിക്കുകയും വേണമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലുള്ള തൊഴില്‍സംസ്‌കാരം നയങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭരണത്തിന് ഊര്‍ജം പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.