2018ലെ ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലോക് കല്യാണ്‍മാര്‍ഗില്‍ ആശയവിനിമയം നടത്തി.
വിശിഷ്ടമായ പ്രവര്‍ത്തനത്തിന് അവാര്‍ഡ് ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഓരോ വിദ്യാര്‍ഥിയുടെയും ജീവിതം പരിവര്‍ത്തനത്തിനു വിധേയമാക്കുന്നതിനായി നടത്തിവരുന്ന കഠിനപ്രയത്‌നം തുടരാന്‍ അദ്ദേഹം അവരോട് ആഹ്വാനം ചെയ്തു
അധ്യാപനത്തില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരോടു പ്രധാനമന്ത്രി വിശദീകരിച്ചു. നിത്യവും ഉണ്ടാകുന്ന വ്യത്യസ്ത പ്രശ്‌നങ്ങള്‍ക്കു സജീവമായ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുന്നതിനു വിദ്യാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കുട്ടികളെ അടിച്ചിരുത്തുകയല്ല, മറിച്ച് അവര്‍ക്ക് അവസരം ലഭ്യമാക്കുകയാണു വേണ്ടതെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
വിദ്യാര്‍ഥികളില്‍ സര്‍ഗശക്തി വളര്‍ത്തേണ്ടതിന്റെ പ്രസക്തിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സര്‍ഗവാസന പ്രോല്‍സാഹിപ്പിക്കപ്പെടുന്നതു വിദ്യാര്‍ഥികള്‍ക്കു പ്രചോദനം പകരുമെന്നും ഇതു മല്‍സരക്ഷമത വര്‍ധിപ്പിക്കുമെന്നും ശ്രീ. മോദി പറഞ്ഞു. വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചു വിദ്യാര്‍ഥികള്‍ക്കുള്ള വീക്ഷണം തിരിച്ചറിയുക പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്കുള്ളിലെ വിദ്യാര്‍ഥിയെ സദാ സജീവമാക്കി നിലനിര്‍ത്തണമെന്നും പഠിച്ചുകൊണ്ടേയിരിക്കണമെന്നും അധ്യാപകരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
തങ്ങളുടെ പ്രവര്‍ത്തനം വിദ്യാലയങ്ങളില്‍ ഗുണകരമായ പരിവര്‍ത്തനം സൃഷ്ടിച്ചതെങ്ങനെയെന്ന് അധ്യാപകര്‍ കൂടിക്കാഴ്ചയ്ക്കിടെ വിശദീകരിച്ചു. നൂതന ആശയങ്ങളിലേക്ക് എത്തിച്ചേരാനും സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനും അടല്‍ ടിങ്കറിങ് ലാബുകള്‍ ഏതുവിധത്തില്‍ പ്രയോജനപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി.
കേന്ദ്ര മനുഷ്യവിഭവ ശേഷി വികസന മന്ത്രി ശ്രീ. രമേഷ് പൊഖ്‌റിയാലും മനുഷ്യവിഭവ ശേഷി സഹ മന്ത്രി ശ്രീ. സഞ്ജയ് ഷാംറാവു ധോത്രെയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.