കോവിഡ് -19 സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മത-സാമൂഹിക സംഘടനകളുടെ പ്രതിനിധികളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവിനിമയം നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചര്‍ച്ച.
രാജ്യത്തിന്റെ നേട്ടത്തിനായി സമൂഹവും ഗവണ്‍മെന്റും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ ഇടപെടല്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് -19 ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഈ സംഘടനകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജാതി-മതചിന്തകള്‍ക്ക് അതീതമായി ജനങ്ങള്‍ക്ക് നല്‍കിയ സഹായം 'ഏക് ഭാരത്-ഏകനിഷ്ഠ ശ്രമങ്ങളുടെ' തിളക്കമാര്‍ന്ന ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികള്‍, ദേവാലയങ്ങള്‍, ഗുരുദ്വാരകള്‍ എന്നിവ ആശുപത്രികളായും ഐസൊലേഷന്‍ കേന്ദ്രങ്ങളായും പ്രവര്‍ത്തിച്ചു. ഒപ്പം ആവശ്യക്കാര്‍ക്ക് ഭക്ഷണവും മരുന്നും ലഭിക്കാനും സഹായിച്ചു.
കൊറോണയ്ക്കെതിരായ പോരാട്ടത്തിലെ കവചം പോലെയാണ് 'ഏവര്‍ക്കും വാക്‌സിന്‍, സൗജന്യ വാക്‌സിന്‍' കാമ്പയിന്‍ എന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്ത് വാക്‌സിനേഷന്‍ പരിപാടി അതിവേഗം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും വ്യക്തമാക്കി. വാക്‌സിനേഷനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വാക്‌സിനുകളെ ക്കുറിച്ചുള്ള അഭ്യൂഹങ്ങളും ആശയക്കുഴപ്പങ്ങളും നേരിടാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റിനൊപ്പം പങ്കുചേരാന്‍ മത-സാമുദായിക നേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രത്യേകിച്ചും വാക്‌സിന്‍ സ്വീകരിക്കാന്‍ മടികാട്ടുന്ന ഇടങ്ങളില്‍. ഇത് ഓരോ പൗരനുമായി ബന്ധപ്പെടാന്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരെ വളരെയധികം സഹായിക്കും.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളില്‍ ഭാഗമാകാന്‍ പ്രധാനമന്ത്രി നേതാക്കളോട് ആവശ്യപ്പെട്ടു. ഏവരും 'സ്വാതന്ത്ര്യാമൃത മഹോത്സവ'ത്തിന്റെ ഭാഗമാകുന്നത് ഉറപ്പാക്കണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ഈ വേളയില്‍, 'ഭാരത് ജോഡോ ആന്ദോളനി'ലൂടെ രാജ്യത്തിന്റെ ഓരോ കോണും ഒന്നിപ്പിക്കുന്നതിന് നാം പ്രവര്‍ത്തിക്കണമെന്നും 'ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ' യഥാര്‍ത്ഥ സത്ത വെളിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ കേന്ദ്രീയ ധാര്‍മ്മിക് ജന്‍ മോര്‍ച്ച കണ്‍വീനറും ജമാ അത്ത് ഇസ്ലാമി ഹിന്ദ് ഉപാധ്യക്ഷനുമായ പ്രൊഫ. സലിം എന്‍ജിനിയര്‍, ഉത്തര്‍പ്രദേശിലെ ഭാരതീയ സര്‍വ് ധരം സന്‍സദ് ദേശീയ കണ്‍വീനര്‍ മഹാ റിഷി പീതധീശ്വര്‍ ഗോസ്വാമി സുശീല്‍ മഹാരാജ്; ന്യൂഡല്‍ഹി ഓംകാര്‍ ധാം പീതധീശ്വര്‍ സ്വാമി ഓംകാരാനന്ദ് സരസ്വതി, ന്യൂഡല്‍ഹി ഗുരുദ്വാര ബംഗ്ലാ സാഹിബ് മുഖ്യ ഗ്രന്ഥി സിംഗ് സാഹിബ് ഗ്യാനി രഞ്ജിത് സിംഗ്, ന്യൂഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാര്‍മണി & പീസ് സ്റ്റഡീസ് സ്ഥാപക ഡയറക്ടര്‍ ഡോ. എം. ഡി. തോമസ്, അഖിലേന്ത്യ രവിദാസ്യ ധരം സംഗതന്‍ അധ്യക്ഷന്‍ സ്വാമി വീര്‍ സിങ് ഹിത്കാരി, ജയ്പുര്‍ ഗല്‍ത്ത പീഠ് സ്വാമി സമ്പത് കുമാര്‍, ന്യൂഡല്‍ഹി അന്താരാഷ്ട്ര മഹാവീര്‍ ജയിന്‍ മിഷന്‍ അധ്യക്ഷന്‍ ആചാര്യ വിവേക് മുനി, ന്യൂഡല്‍ഹി ഇന്ത്യന്‍ ബഹായ് സമൂഹത്തിന്റെയും പത്മക്ഷേത്രത്തിന്റെയും ട്രസ്റ്റിയും സെക്രട്ടറിയുമായ ഡോ. എ. കെ. മെര്‍ച്ചന്റ്, ന്യൂഡല്‍ഹി രാമകൃഷ്ണ മിഷന്‍ അധ്യക്ഷന്‍ സ്വാമി ശാന്താത്മാനന്ദ്, ഹരിയാന ഓം ശാന്തി ധ്യാനകേന്ദ്രത്തിലെ സിസ്റ്റര്‍ ബി കെ ആശ എന്നിവര്‍ പങ്കെടുത്തു.
ആശയവിനിമയത്തിന് വേദി ഒരുക്കിയതിന് നേതാക്കള്‍ പ്രധാനമന്ത്രിയോട് നന്ദി പറയുകയും പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തെ ശ്ലാഘിക്കുകയും ചെയ്തു. കോവിഡ് -19 ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ വിവിധ മത-സാമുദായിക സംഘടനകള്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവര്‍ വ്യക്തമാക്കി. രാജ്യത്തെ വാക്‌സിനേഷന്‍ പരിപാടിയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനു നേതാക്കള്‍ പിന്തുണ അറിയിക്കുകയും മൂന്നാം തരംഗം തടയുന്നതിനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കുകയും ചെയ്തു.