നാരീശക്തി പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു.
‘സേവാ പരമോ ധര്‍മം’ നമ്മുടെ സംസ്‌കാരത്തിന്റെ ഒരു അവിഭാജ്യ ഘടകമാണെന്ന് ആശയവിനിമയം നടത്തവേ പ്രധാനമന്ത്രി പറഞ്ഞു.
പുരസ്‌കാരം നേടിയവര്‍ മറ്റുള്ളവരെ സേവിക്കുക എന്ന ദൗത്യത്തിനായി സ്വജീവിതം ഉഴിഞ്ഞുവച്ചവരാണെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. അവരുടെ സേവനങ്ങള്‍ അവരുടെ പരിശ്രമംകൊണ്ട് എത്ര പേര്‍ക്കു നേട്ടമുണ്ടായി എന്നതിലും പ്രധാനമാണെന്നും അവരുടെ ജീവിതം സമൂഹത്തിനു പ്രചോദനമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിസ്വാര്‍ഥസേവനത്തിന്റെ അവതാരമായിരുന്ന സിസ്റ്റര്‍ നിവേദിതയുടെ 150ാമതു ജന്മവാര്‍ഷികം രാജ്യം ആഘോഷിച്ചുവരികയാണെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
സാമൂഹ്യസേവനമെന്നത് ഇന്ത്യന്‍ ധര്‍മചിന്തയുടെ ഒരു ഭാഗമാണെന്നും രാജ്യത്തുള്ള ധര്‍മശാലകള്‍, ഗോശാലകള്‍, അതുപോലെതന്നെ വിദ്യാഭ്യാസ സംരംഭങ്ങള്‍ തുടങ്ങിയ മുന്നേറ്റങ്ങളില്‍ പ്രകടമാകുന്നത് ഇതു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വനിതാ, ശിശുക്ഷേമ മന്ത്രി ശ്രീമതി മേനക ഗാന്ധിയും ചടങ്ങില്‍ സംബന്ധിച്ചു.