കേരളത്തിലും ലക്ഷദ്വീപിലും തമിഴ്‌നാട്ടിലും ഓഖി ചുഴലിക്കാറ്റ് നാശംവിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ദുരിതബാധിത പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തി. കവരത്തിയിലും കന്യാകുമാരിയിലുംവെച്ചാണു പ്രധാനമന്ത്രി ജനങ്ങളെ കണ്ടത്. ചുഴലിക്കാറ്റു നിമിത്തം നാശനഷ്ടങ്ങളുണ്ടായ കേരളത്തിലെ പൂന്തുറ ഗ്രാമവും അദ്ദേഹം സന്ദര്‍ശിച്ചു. തങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ പ്രധാനമന്ത്രിയോടു വിശദീകരിച്ചു. എല്ലാ സഹായവും ലഭ്യമാക്കുമെന്നും കേന്ദ്ര ഗവണ്‍മെന്റ് ഒപ്പം നില്‍ക്കുമെന്നും അവര്‍ക്കു പ്രധാനമന്ത്രി ഉറപ്പു നല്‍കി.
നിലവിലുള്ള സ്ഥിതിവിശേഷം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കവരത്തിയിലും കന്യാകുമാരിയിലും തിരുവനന്തപുരത്തും യോഗങ്ങള്‍ ചേര്‍ന്നു. ഗവര്‍ണര്‍മാര്‍, കേരളത്തിലെയും തമിഴ്‌നാട്ടിലെയും മുഖ്യമന്ത്രിമാര്‍, തമിഴ്‌നാട് ഉപമുഖ്യമന്ത്രി, ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.
- ആശ്വാസ പദ്ധതികള്‍ ഉള്‍പ്പെട്ട, താഴെ പറയുന്ന ഘടകങ്ങളോടുകൂടിയ സഹായ പാക്കേജ് കേന്ദ്ര ഗവണ്‍മെന്റ് അനുവദിക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു.
കേരളത്തിനും തമിഴ്‌നാടിനും ലക്ഷദ്വീപിനുമായി 325 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കും.
ധനസഹായമായി കഴിഞ്ഞ മാസം കേരളത്തിന് അനുവദിച്ച 76 കോടി രൂപയ്ക്കും തമിഴ്‌നാടിന് അനുവദിച്ച 280 കോടി രൂപയ്ക്കും പുറമെയാണു പ്രധാനമന്ത്രി പുതിയ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കാറ്റില്‍ പൂര്‍ണമായും തകര്‍ന്ന 1400 വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനയില്‍പ്പെടുത്തി, മുന്‍ഗണന നല്‍കിക്കൊണ്ട് നിര്‍മിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് പിന്തുണ നല്‍കും. ഈ പദ്ധതി പ്രകാരം ഓരോ വീടിനും ഒന്നര ലക്ഷം രൂപ വരെ ഗുണഭോക്താവിനു ലഭിക്കും.
ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ക്ലെയിമുകള്‍ വേഗത്തില്‍ വിതരണം ചെയ്യാന്‍ ഇന്‍ഷുറന്‍സ് കമ്പനികളോടു നിര്‍ദേശിച്ചു.
മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് അനുവദിച്ചു.
നേരത്തേ നടന്ന അവലോകന യോഗത്തില്‍ 125 വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ മൂന്നാമത്തെ ചുഴലിക്കാറ്റാണ് ഓഖിയെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തിയിരുന്നു. 2017 നവംബര്‍ 30നാണു ചുഴലിക്കാറ്റു വീശിയടിച്ചത്. അന്നു തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതുവരെ 197 കപ്പല്‍ദിനങ്ങളുടെ തെരച്ചില്‍ നടത്തി. തിരച്ചിലും രക്ഷ്യാപ്രവര്‍ത്തനത്തിനുമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 186 ഫ്‌ളയിങ് അവറുകള്‍ പ്രവര്‍ത്തിച്ചു. ഇതിനു പുറമെ, ഇന്ത്യന്‍ നാവികസേന 156 കപ്പല്‍ ദിനങ്ങളിലും 399 ഫ്‌ളയിങ് അവറുകളിലും തെരച്ചില്‍ നടത്തിയിട്ടുണ്ട്. പത്തു കപ്പലുകളും ഏഴു വിമാനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 183 മത്സ്യബന്ധനത്തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും ബോട്ടുകളില്‍ കൊണ്ടുപോയി. ഇതുവരെയായി 845 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയോ സഹായിക്കുകയോ ചെയ്തു.
തീരത്തുനിന്ന് 700 നോട്ടിക്കല്‍ മൈലിനും അകലെവരെ നിരീക്ഷണം നടത്തിയതായി പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിക്കപ്പെട്ടു.