നീതി ആയോഗും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും ചേര്‍ന്ന് സംഘടിപ്പിച്ച വാര്‍ഷിക പരിപാടിയില്‍ ഇന്ന് പ്രധാനമന്ത്രി പ്രമുഖ എണ്ണ-വാതക കമ്പനി സി.ഇ.ഒമാരുമായി സംവദിച്ചു.
മാനവവികസനത്തിന്റെ കേന്ദ്രമാണ് ഊര്‍ജ്ജമെന്ന് ആശയവിനിമയത്തില്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, അതുകൊണ്ടാണ് ഊര്‍ജ്ജമേഖലയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സുപ്രധാനമാകുന്നതെന്നും പറഞ്ഞു. ശുചിത്വവും താങ്ങാനാകുന്നതും സുസ്ഥിരവുമായ ഊര്‍ജ്ജം എല്ലാ ഇന്ത്യാക്കാര്‍ക്കും തുല്യ അളവില്‍ ലഭ്യമാക്കുകയെന്നതാണ് ഗവണ്‍മെന്റിന്റെ നയത്തിന്റെ മര്‍മ്മമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അതുകൊണ്ടാണ് രാജ്യം സമഗ്രമായ ഒരു സമീപനം സ്വീകരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി.
ഇന്ത്യയെ ആകര്‍ഷകമായ ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനായി ഗവണ്‍മെന്റ് നയപരമായ നടപടികളുടെ ശൃംഖല തന്നെ സ്വീകരിക്കുന്നുണ്ടെന്ന് അടിവരയിട്ട അദ്ദേഹം ഇന്ത്യയില്‍ ഊര്‍ജ്ജമേഖലയില്‍ വമ്പിച്ച അവസരങ്ങളുണ്ടെന്നും അഭിപ്രായപ്പെട്ടു. പര്യവേഷണ ഉല്‍പ്പാദനപദ്ധതികളില്‍ ഇന്ത്യ ഇപ്പോള്‍ 100% നേരിട്ടുള്ള വിദേശനിക്ഷേപവും, പൊതുമേഖല റിഫൈനിംഗില്‍ സ്വാഭാവികരീതിയില്‍ 49% നേരിട്ടുള്ള നിക്ഷേപവും അനുവദിക്കുന്നുണ്ട്. ഇത്തരം പരിഷ്‌ക്കാരങ്ങള്‍ ഈ മേഖലയില്‍ നേരിട്ടുള്ള വിദേശനിപേക്ഷത്തിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം വാതകാധിഷ്ഠിത സമ്പദ്ഘടനയിലേക്ക് മാറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം 'ഒരു രാജ്യം ഒരു വാതക ഗ്രിഡ്' നേടിയെടുക്കുന്നതിനുള്ള ഒരു പൈപ്പ്‌ലൈന്‍ ശൃംഖല വികസിപ്പിക്കുകയാണെന്നും പറഞ്ഞു. ശുചിത്വമുള്ള പാചക ഗതാഗത ഇന്ധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വേണ്ടി സിറ്റി ഗ്യാസ് വിതരണ ശൃംഖലകള്‍ വിപുലമാക്കുന്നതിനുള്ള പരിശ്രമങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കെമിക്കല്‍, പെട്രോ-കെമിക്കല്‍ ഉല്‍പ്പാദനത്തിന്റെയും കയറ്റുമതിയുടെയും ഹബ്ബ് ആകുന്നതിനായി ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതിനെക്കുറിച്ച് അദ്ദേഹം തുടര്‍ന്ന് പ്രമുഖമായി ഉയര്‍ത്തിക്കാട്ടി.
മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും ചുറ്റുപാടുമുള്ള പ്രകൃതിയുമായി സംഘര്‍ഷത്തിലേര്‍പ്പെടാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാനവവികസനത്തിലും പരിസ്ഥിതിയുടെ പരിരക്ഷയിലും ഇന്ത്യ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എത്തനോളിന്റെയും രണ്ടാംതലമുറ എത്തനോളിന്റെയും കംപ്രസ്ഡ് ബയോഗ്യാസിന്റെയും ജൈവഡീസലിന്റെയും ഉപയോഗം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്ധനങ്ങളുടെ ഇറക്കുമതി ആശ്രയത്വം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് രാജ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുസ്ഥിര വികസന തത്വത്തിലധിഷ്ഠിതമായികൊണ്ട്, 'ഒരുലോകം ഒരു സൂര്യന്‍, ഒരു ഗ്രിഡ്' എന്നത് കൂട്ടിച്ചേര്‍ത്തുകൊണ്ട് അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മപോലുള്ള പുതിയ സ്ഥാപനങ്ങളെ പരിപോഷിപ്പിക്കുന്നതിന് ഇന്ത്യ പരിശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, മ്യാന്‍മര്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായി ഊര്‍ജ്ജ ഇടപാടുകള്‍ ഇന്ത്യ ശക്തിപ്പെടുത്തുന്നുണ്ടെന്ന് ഇന്ത്യയുടെ 'അയല്‍ക്കാര്‍ ആദ്യം'നയം ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അതിവേഗം വളരുന്ന ഇന്ത്യയുടെ ഊര്‍ജ്ജമേഖല നിക്ഷേപകര്‍ക്ക് വമ്പിച്ച അവസരങ്ങളാണ് നല്‍കുന്നതെന്ന് അദ്ദേഹം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു. എല്ലാ തരത്തിലുമുള്ള ഊര്‍ജ്ജ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ പുരോഗതിയുടെയും പങ്കാളിത്ത അഭിവൃദ്ധിയുടെയും പങ്കാളികളാകുന്നതിന് അദ്ദേഹം ആഗോള വ്യവസായസമൂഹത്തെ ക്ഷണിച്ചു.
എണ്ണ-വാതകമേഖലയില്‍ നിന്ന് ഏകദേശം 40 സി.ഇ.ഒമാരുടെ പങ്കാളിത്തത്തിന് പരിപാടി സാക്ഷിയാകുകയും ഏകദേശം 28 പ്രമുഖര്‍ തങ്ങളുടെ വീക്ഷണം പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു.