പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുംബൈയില്‍ ഇന്ന് വ്യവസായ പ്രമുഖരുമായി ആശയ വിനിമയം നടത്തി. ഇന്ത്യന്‍ സമ്പദ്ഘടനയുടെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 41 വ്യവസായ പ്രമുഖര്‍ കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.
കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കൈക്കൊണ്ട നയ പരിഷ്‌ക്കാരങ്ങളും നടപടികളും രണ്ട് മണിക്കൂറിലേറെ നീണ്ട വിപുലമായ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും വ്യവസായ മേഖലയുടെ സംഭാവനകളും ചര്‍ച്ചയ്ക്ക് വന്നു.
രാജ്യത്തെ ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെട്ടതില്‍ വ്യവസായ രംഗത്ത് നിന്നുള്ള നിരവധി പ്രതിനിധികള്‍ അഭിനന്ദിച്ചു. ഇന്ത്യയുടെ വളര്‍ച്ച സാധ്യതകളുടെ തിരിച്ചറിവിലേക്ക് ഇത് നയിക്കുമെന്ന് അവര്‍ പറഞ്ഞു. പുതിയ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് അവര്‍ ശരി വച്ചു.
സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുമായി താന്‍ അടുത്തിടെ നടത്തിയ ചര്‍ച്ചകള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. സകാരാത്മകമായ മനോഭാവവും ‘ചെയ്യാന്‍ കഴിയും’ എന്ന വിശ്വാസവും രാജ്യത്ത് ഇപ്പോള്‍ നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് മേഖലയോട് വലിയ തോതില്‍ നിക്ഷേപം ഇറക്കാന്‍, പ്രത്യേകിച്ച് കാര്‍ഷിക മേഖലയില്‍, പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്ത് പറഞ്ഞുകൊണ്ട്, രാജ്യരക്ഷാ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ രംഗങ്ങളില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ സമ്പദ്ഘടനയെ ഉയര്‍ന്ന സഞ്ചാരപഥത്തിലേക്ക് നയിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കൈക്കൊണ്ട നടപടികള്‍ നേരത്തെ, ധനകാര്യ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍ വിശദീകരിച്ചു. നയപരമായ മുന്‍കൈകള്‍, വികസനത്തിനുള്ള സമഗ്ര സമീപനം, നവീന ആശയങ്ങളോടും സാങ്കേതിക വിദ്യകളോടുമുള്ള ഉത്സാഹം എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി.