ഇന്ത്യയുടെ സുപ്രധാന ഹൈഡ്രോ കാര്‍ബണ്‍ സമ്മേളനമായ പെട്രോടെക്കിന്റെ 13-ാം പതിപ്പ് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലുള്ള ഇന്ത്യ എക്‌സ്‌പോ സെന്ററില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന്്് ഉദ്ഘാടനം ചെയ്തു. സാമൂഹിക, സാമ്പത്തിക വികസനത്തിന്റെ മുഖ്യ സാരഥി ഊര്‍ജ്ജമാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. അനുയോജ്യമാം വിധം വില നിര്‍ണയിക്കപ്പെട്ട, സുസ്ഥിരവും ഉറച്ചതുമായ ഊര്‍ജ്ജ വിതരണം സമ്പദ് വ്യവസ്ഥയുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും സാമ്പത്തിക ആനുകൂല്യങ്ങളില്‍ പങ്കാളികളാകുന്നതിന് ഇതു സഹായകമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഊര്‍ജ്ജ ഉപഭോഗത്തിന്റെ കാര്യത്തില്‍ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ഒരു മാറ്റം ഉണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഷെയില്‍ വിപ്ലവത്തിനു ശേഷം എണ്ണ പ്രകൃതി വാതക ലോകത്തെ ഏറ്റവും വലിയ ഉപഭോക്താവായി അമേരിക്ക മാറിയിരിക്കുന്നു എന്നും വ്യക്തമാക്കി.
എന്നിരുന്നാലും ഏകീകരണത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്്. ചുരുങ്ങിയ ചെലവിലുള്ള പുനരുപയോഗ ഊര്‍ജ്ജം, സാങ്കേതിക വിദ്യ, ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയുടെ ദൃശ്യമാകുന്ന സങ്കലനം നിരവധി സുസ്ഥിര ലക്ഷ്യങ്ങള്‍ നേടുന്നതിന് സഹായകരമാണ്. ഇതാണ് ഈ കാലത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു, “ഉത്പാദകന്റെയും ഉപഭോക്താവിന്റെയും താല്പര്യങ്ങള്‍ സമീകരിക്കപ്പെടുന്ന ഉത്തരവാദിത്വ വിലയിലേയ്ക്കു നീങ്ങുക. എണ്ണയ്ക്കും പ്രകൃതി വാതകത്തിനും സുതാര്യവും വഴങ്ങുന്നതുമായ വിപണികളാണ് നമുക്ക് ആവശ്യം. എങ്കില്‍ മാത്രമേ പൂര്‍ണമായും മനുഷ്യര്‍ക്ക് ആവശ്യമായ ഊര്‍ജ്ജം നമുക്ക് അതിന്റെ പൂര്‍ണമായ തോതില്‍ ലഭ്യമാക്കാനാവൂ”, അദ്ദേഹം തുടര്‍ന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നിയന്ത്രണ വിധേയമാക്കാന്‍ കൈകോര്‍ക്കണമെന്ന് ആഗോള സമൂഹത്തെ ഓര്‍മ്മിപ്പിച്ച പ്രധാന മന്ത്രി, പാരീസ് ഉടമ്പടിയില്‍ ആ ലക്ഷ്യസാക്ഷാത്ക്കാരത്തിന് നാം സ്വയം ഉറപ്പു നല്കിയതായി പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യ എടുത്തിരിക്കുന്ന പ്രതിജ്ഞകള്‍ പാലിക്കാന്‍ അതിവേഗത്തിലുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം സൂചിപ്പിച്ചു.
ഭാവിയെ മുന്നില്‍ കണ്ട്് ഊര്‍ജ്ജ മേഖലയില്‍ നല്കിയ സംഭാവനകളുടെ പേരില്‍ പ്രധാനമന്ത്രി ആദരണീയനായ ഡോ. സുല്‍ത്താന്‍ അല്‍ ജാബ റിനെ അനുമോദിച്ചു. നാലാം തലമുറ വ്യവസായം അതിന്റെ പുതിയ സാങ്കേതിക വിദ്യയും നടപടിക്രമങ്ങളും വഴി വ്യവസായ നടപടികളെ മൊത്തം മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിനും ചെലവു കുറയ്ക്കുന്നതിനും നമ്മുടെ വ്യവസായങ്ങള്‍ പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കി വരുന്നു. രാജ്യത്ത് എല്ലാവര്‍ക്കും ശുദ്ധവും ചെലവു കുറഞ്ഞതും സുസ്ഥിരവും ഉചിതവുമായ ഊര്‍ജ്ജം ലഭ്യമാകണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്ന ഒരു കാലഘട്ടത്തിലേയ്ക്കു നാം കടക്കുകയാണെങ്കിലും ലോകത്തില്‍ ഇന്നും ഒരു ശതകോടിയലധികം പേര്‍ ഊര്‍ജ്ജ ക്ഷാമം അനുഭവിക്കുന്നവരാണ് എന്നും അദ്ദേഹം ദുഖത്തോടെ പറഞ്ഞു. ശുദ്ധമായ പാചക ഇന്ധനം പോലും അനേകര്‍ക്ക് ലഭിക്കുന്നില്ല. ഈ ഊര്‍ജ്ജ ലഭ്യതാ പ്രശ്‌നം പരിഹരിക്കുന്നതില്‍ ഇന്ത്യ നേതൃ നിരയിലുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
നിലവില്‍ ലോകത്ത് അതിവേഗത്തില്‍ പുരോഗമിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി. ഇതേ രീതിയില്‍ പോയാല്‍ 2030 ല്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ നമുക്കു സാധിക്കും, ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവും. 2040 ല്‍ നമ്മുടെ ഊര്‍ജ്ജ ഉപഭോഗം ഇരട്ടിയിലേറെയാകുമെന്നാണ് കരുതുന്നത്. അപ്പോള്‍ ഊര്‍ജ്ജ കമ്പനികള്‍ക്ക് ഇന്ത്യ വളരെ ആകര്‍ഷകമായ ഒരു വിപണിയാകും- പ്രധാന മന്ത്രി കൂട്ടിചേര്‍ത്തു. 2016 ഡിസംബറില്‍ നടന്ന മുന്‍ പെട്രോടെക്കില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ലഭ്യത, ഊര്‍ജ്ജ കാര്യക്ഷമത, ഊര്‍ജ്ജ സുസ്ഥിരത, ഊര്‍ജ്ജ സുരക്ഷ എന്നീ ഊര്‍ജ്ജ ഭാവിയുടെ നാലു സ്തൂപങ്ങളെ കുറിച്ച് സൂചിപ്പിച്ചിരുന്നതായി പ്രധാന മന്ത്രി അനുസ്മരിച്ചു. ഇതിനായി നാം പല നയങ്ങളും രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു. ഇവയുടെ എല്ലാം സദ്ഫലങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്്് – അദ്ദേഹം കൂട്ടി ചേര്‍ത്തു. ജനങ്ങള്‍ അവരുടെ സംഘടിതമായ ശക്തിയില്‍ വിശ്വസിക്കുമ്പോള്‍ മാത്രമേ ഊര്‍ജ്ജ നീതി ലഭ്യമാകുകയുള്ളു എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നീല ഊര്‍ജ്ജ വിപ്ലവം പുരോഗമിക്കുകയാണ്. പാചക വാതക വിതരണം 90 ശതമാനം പൂര്‍ത്തിയായി. അഞ്ചു വര്‍ഷം മുമ്പ് വെറും 55 ശതമാനം മാത്രമായിരുന്നു. ഇന്ത്യയുടെ എണ്ണ പ്രകൃതി വാതക മേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട്് വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ലോകത്തില്‍ എണ്ണശുദ്ധീകരണ ശേഷിയില്‍ ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. 2030 ല്‍ ഇത് 200 ദശലക്ഷം മെട്രിക് ടണ്‍ ആയി വീണ്ടും ഉയരും. പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രകൃതിവാതകാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേയ്ക്ക് രാജ്യം കുതിക്കുകയാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് 16,000 കിലോമീറ്റര്‍ വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയായി. 11,000 കിലോമീറ്ററിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു ണ്ടെന്നും അദ്ദേഹം അറിയിച്ചു. ഏകദേശം നാനൂറ് ജില്ലകളില്‍ നഗര വാതക വിതരണ പദ്ധതിയുടെ പത്താം ഘട്ട ലേലം പൂര്‍ത്തിയായി. ഇതോടെ രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനം നഗരങ്ങളിലും വാതക വിതരണം പൂര്‍ത്തിയാകും, പ്രധാനമന്ത്രി പറഞ്ഞു.
എണ്ണ-പ്രകൃതി വാതക മേഖലകളിലെ പ്രമുഖര്‍ പെട്രോടെക് 2019 ല്‍ പങ്കെടുക്കുന്നുണ്ട്്. കഴിഞ്ഞ 25 വര്‍ഷമായി ഊര്‍ജ്ജ മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം നിര്‍ദ്ദേശിക്കാനുമുള്ള വേദിയായി മാറിയിരിക്കുന്ന പെട്രോടെക് ഊര്‍ജ്ജ മേഖലയുടെ ഭാവി,പരിവര്‍ത്തനങ്ങള്‍, നയങ്ങള്‍ എന്നിവ കൂടാതെ വിപണി സുസ്ഥിരതയെയും നിക്ഷേപ മേഖലയെയും സ്വാധീനിക്കാന്‍ പോന്ന പുത്തന്‍ സാങ്കേതിക വിദ്യകളും ചര്‍ച്ച ചെയ്യുന്നതിനു വേദിയാകുന്നു.