ടോക്കിയോ 2020 പാരാലിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വവസതിയില്‍ ആതിഥേയത്വം വഹിച്ചു. കായികതാരങ്ങളും പരിശീലകരും അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.
സംഘാംഗങ്ങളുമായി തുറന്ന മനസോടെയും അനൗപചാരികവുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ഗെയിംസിലെ ചരിത്രനേട്ടങ്ങള്‍ക്ക് അദ്ദേഹം അവരെ അഭിനന്ദിച്ചു. അവരുടെ നേട്ടം രാജ്യത്തെ മുഴുവന്‍ കായിക സമൂഹത്തിന്റെയും മനോവീര്യം ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് കായികമേഖലയില്‍ മുന്നേറാന്‍ പ്രോത്സാഹനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അവരുടെ പ്രകടനം കായികരംഗത്തെക്കുറിച്ചുള്ള അവബോധം അതിവേഗം വര്‍ധിപ്പിക്കുന്നതിനു കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കായികതാരങ്ങളുടെ അചഞ്ചല മനോഭാവത്തെയും ഇച്ഛാശക്തിയെയും പ്രധാനമന്ത്രി പ്രശംസിച്ചു. കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ജീവിത പശ്ചാത്തലത്തിലും പാരാ-അത്ലറ്റുകള്‍ നടത്തിയ മികച്ച പ്രകടനം വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു യഥാര്‍ത്ഥ കായികതാരം പരാജയത്തിലോ വിജയത്തിലോ തളച്ചിടപ്പെടുകയില്ലെന്നും മുന്നോട്ടു പൊയ്‌ക്കൊണ്ടേയിരിക്കുമെന്നും മെഡല്‍ നേടാന്‍ കഴിയാത്തവരുടെ ആത്മവീര്യമുയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അവര്‍ രാജ്യത്തിന്റെ അംബാസഡര്‍മാരാണ്. മികവുറ്റ പ്രകടനത്തിലൂടെ അവര്‍ ലോകവേദിയില്‍ രാഷ്ട്രത്തിന്റെ അന്തസ്സ് വര്‍ദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ തങ്ങളെ വീക്ഷിക്കുന്ന രീതി 'തപസ്, പരിശ്രമം, കരുത്ത്' എന്നിവയിലൂടെ പാരാ അത്ലറ്റുകള്‍ മാറ്റിയെടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഈ ആഘോഷവേളയില്‍, കായികലോകത്തിനു പുറത്തുള്ള ചില മേഖലകള്‍ അവര്‍ തിരിച്ചറിയണമെന്നും അവ ആളുകളെ എങ്ങനെ പ്രചോദിപ്പിക്കുമെന്നും മാറ്റം കൊണ്ടുവരാന്‍ സഹായിക്കുമെന്നും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളെ ക്ഷണിച്ചതിന് പ്രധാനമന്ത്രിക്ക് പാരാ-അത്‌ലറ്റുകള്‍ നന്ദി പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഒരു മേശയ്ക്കു ചുറ്റും ഇരിക്കാന്‍ കഴിയുന്നതുതന്നെ വലിയ നേട്ടമാണെന്നും കായികതാരങ്ങള്‍ പറഞ്ഞു. തങ്ങളുടെ പരിശ്രമത്തിലുടനീളം അദ്ദേഹം നല്‍കിയ നിരന്തരമായ മാര്‍ഗനിര്‍ദേശത്തിനും പ്രചോദനത്തിനും പിന്തുണയ്ക്കും അവര്‍ പ്രത്യേകം നന്ദി പറഞ്ഞു. മാത്രമല്ല, ഇന്ത്യയില്‍ നിന്നുള്ള കായികതാരങ്ങള്‍ക്ക് അവരുടെ പ്രധാനമന്ത്രിയില്‍ നിന്ന് അഭിനന്ദന ഫോണ്‍സന്ദേശം ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ അതിശയിച്ചുപോയെന്നും അവര്‍ പറഞ്ഞു. പരിശീലനത്തിനായി സാധ്യമായ ഏറ്റവും മികച്ച ക്രമീകരണം ഒരുക്കുന്നതില്‍ ഗവണ്‍മെന്റ് അലംഭാവമേതുമില്ലാതെ പ്രവര്‍ത്തിച്ചുവെന്നും കായികതാരങ്ങള്‍ ചൂണ്ടിക്കാട്ടി.
മെഡലുകള്‍ നേടാന്‍ സഹായിച്ച കായിക ഉപകരണങ്ങള്‍ കളിക്കാര്‍ അവരുടെ ഒപ്പിട്ട് പ്രധാനമന്ത്രിക്കു സമ്മാനിച്ചു. എല്ലാ മെഡല്‍ ജേതാക്കളും ഒപ്പിട്ട ഷോളും പ്രധാനമന്ത്രിക്കു സമ്മാനിച്ചു. കായിക ഉപകരണങ്ങള്‍ ലേലം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെ കായികതാരങ്ങള്‍ സ്വാഗതം ചെയ്തു. കേന്ദ്ര കായിക മന്ത്രി, കേന്ദ്ര നിയമ മന്ത്രി എന്നിവരും പങ്കെടുത്തു.