അടുത്തിടെ സമാപിച്ച ബധിര ഒളിമ്പിക്‌സില്‍ (ഡെഫ്‌ലിംപിക്സ്) പങ്കെടുത്ത ഇന്ത്യന്‍ സംഘവുമായി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. ബ്രസീലില്‍ നടന്ന ഡെഫ്‌ലിംപിക്‌സില്‍ 8 സ്വര്‍ണം ഉള്‍പ്പെടെ 16 മെഡലാണ് ഇന്ത്യ നേടിയത്. കേന്ദ്രമന്ത്രി ശ്രീ അനുരാഗ് സിങ് താക്കൂര്‍, ശ്രീ നിസിത് പ്രമാണിക് എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.
സംഘത്തിലെ മുതിര്‍ന്ന അംഗമായ രോഹിത് ഭേക്കറുമായി ആശയവിനിമയം നടത്തിയ പ്രധാനമന്ത്രി, വെല്ലുവിളികളെ കൈകാര്യം ചെയ്തതിനെക്കുറിച്ചും എതിരാളികളെ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. കായികരംഗത്തേക്കു വരാനായതിന്റെയും മികച്ച രീതിയില്‍ ഇത്രയും കാലം തുടരാന്‍ കഴിഞ്ഞതിന്റെയും പശ്ചാത്തലത്തെക്കുറിച്ചും പ്രചോദനത്തെക്കുറിച്ചും രോഹിത് പ്രധാനമന്ത്രിയോട് പറഞ്ഞു. വ്യക്തിയെന്ന നിലയിലും കായികതാരമെന്ന നിലയിലും അദ്ദേഹത്തിന്റെ ജീവിതം പ്രചോദനമാണെന്ന് പ്രമുഖ ബാഡ്മിന്റണ്‍ താരത്തോട് പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തിലെ പ്രതിബന്ധങ്ങള്‍ക്ക് വഴങ്ങാതെ സ്ഥിരോത്സാഹം പ്രകടിപ്പിച്ചതിന് പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. താരത്തിന്റെ അത്യുത്സാഹത്തെക്കുറിച്ചും പ്രായത്തെ വെല്ലുന്ന കേളീമികവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''കീര്‍ത്തികളില്‍ അഭിരമിക്കാതിരിക്കുന്നതും വിശ്രമിക്കാതിരിക്കുന്നതും ഒരു കായികതാരത്തിന്റെ പ്രധാന ഗുണങ്ങളിലൊന്നാണ്. ഒരു കായികതാരം മികച്ച ലക്ഷ്യങ്ങള്‍ കണ്ടെത്തുകയും അവ നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു''- പ്രധാനമന്ത്രി പറഞ്ഞു.
ഗുസ്തി താരം വീരേന്ദര്‍ സിങ് തന്റെ കുടുംബത്തിന്റെ ഗുസ്തി പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞു. കേള്‍വിശക്തിയില്ലാത്തവര്‍ക്കുള്ള അവസരങ്ങളും മത്സരങ്ങളും കണ്ടെത്തുന്നതിലെ സംതൃപ്തിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. 2005 മുതല്‍ ഡെഫ്‌ലിംപിക്‌സില്‍ മെഡല്‍ നേടിയ അദ്ദേഹത്തിന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി മികവു നിലനിര്‍ത്താനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെ അഭിനന്ദിക്കുകയും ചെയ്തു. പരിചയസമ്പന്നനെന്ന നിലയിലും കായികരംഗത്തെ ഉത്സുകനായ പഠിതാവ് എന്ന നിലയിലും അദ്ദേഹം നിലകൊള്ളുന്നതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ''നിങ്ങളുടെ ഇച്ഛാശക്തി ഏവരേയും പ്രചോദിപ്പിക്കുന്നു. നിങ്ങളുടെ സ്ഥിരതയില്‍ നിന്ന് രാജ്യത്തെ യുവജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും പഠിക്കാനാകും. മുകളിലെത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാല്‍ അവിടെ തുടരുന്നതും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതുമാണ് കൂടുതല്‍ ബുദ്ധിമുട്ട്''- പ്രധാനമന്ത്രി പറഞ്ഞു.
മികവിനായുള്ള തുടരന്വേഷണത്തിന് തന്റെ കുടുംബം നല്‍കിയ പിന്തുണയെക്കുറിച്ച് ഷൂട്ടിങ് താരം ധനുഷ് പറഞ്ഞു. യോഗയും ധ്യാനവും തന്നെ സഹായിച്ചതെങ്ങനെയെന്നും അമ്മയെയാണ് താന്‍ മാതൃകയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താരത്തെ പിന്തുണച്ച അമ്മയ്ക്കും കുടുംബത്തിനും പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. താഴേത്തട്ടില്‍ 'ഖേലോ ഇന്ത്യ' കായികതാരങ്ങള്‍ക്കു പിന്തുണ നല്‍കുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
ഷൂട്ടിങ് താരം പ്രിയേഷ ദേശ്മുഖ് തന്റെ പ്രയാണത്തെക്കുറിച്ചും കുടുംബത്തിന്റെയും പരിശീലക അഞ്ജലി ഭാഗവതിന്റെയും പിന്തുണയെക്കുറിച്ചും പറഞ്ഞു. പ്രിയേഷ ദേശ്മുഖിന്റെ വിജയത്തില്‍ അഞ്ജലി ഭാഗവതിനുള്ള പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കുറ്റമറ്റ രീതിയില്‍ പുനേക്കര്‍ പ്രിയേഷ ഹിന്ദിയില്‍ സംസാരിച്ചതും ശ്രീ മോദിയുടെ ശ്രദ്ധയാകര്‍ഷിച്ചു.
ടെന്നീസ് താരം ജഫ്രീന്‍ ഷെയ്ഖ് തന്റെ പിതാവിന്റെയും കുടുംബത്തിന്റെയും പിന്തുണയെക്കുറിച്ചു സംസാരിച്ചു. പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞതില്‍ അവര്‍ സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തെ പെണ്‍മക്കളുടെ സാമര്‍ഥ്യത്തിന്റെയും കഴിവിന്റെയും പര്യായം എന്നതിലുപരി പെണ്‍കുട്ടികളുടെ മാതൃകയാണ് താരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ത്യയുടെ മകള്‍ ഏതെങ്കിലും ലക്ഷ്യം നേടാനുറച്ചാല്‍ ഒരു പ്രതിബന്ധത്തിനും അവളെ തടയാനാകില്ലെന്ന് നിങ്ങള്‍ തെളിയിച്ചു''- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
താരങ്ങളുടെ നേട്ടങ്ങള്‍ മഹത്തരമാണെന്നും ഈ അഭിനിവേശം ഭാവിയില്‍ അവരെ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ''ഈ അഭിനിവേശവും ഉത്സാഹവും നിലനിര്‍ത്തുക. ഈ അഭിനിവേശം നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയുടെ പുതിയ വഴികള്‍ തുറക്കുകയും ശോഭനമായ ഭാവി ഉറപ്പാക്കുകയും ചെയ്യും''- അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കായികവേദിയില്‍ ഒരു ദിവ്യാംഗ് മികവു പുലര്‍ത്തുമ്പോള്‍, ആ നേട്ടം കായികമേഖലയ്ക്കപ്പുറം പ്രതിധ്വനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് രാജ്യത്തിന്റെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുകയും സംവേദനക്ഷമതയെ സൂചിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തിനു മികച്ച പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ നിങ്ങള്‍ നല്‍കുന്ന സംഭാവന മറ്റു കായിക താരങ്ങളുടേതിനേക്കാള്‍ പലമടങ്ങ് അധികമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബധിര ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ചാമ്പ്യന്‍ താരങ്ങളുമായുള്ള ആശയവിനിമയം താന്‍ ഒരിക്കലും മറക്കില്ല എന്ന് താരങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ''കായികതാരങ്ങള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ആവേശവും നിശ്ചയദാര്‍ഢ്യവും അവരില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. അവര്‍ക്കെല്ലാം എന്റെ ആശംസകള്‍. നമ്മുടെ ജേതാക്കളാല്‍ ഇത്തവണത്തെ ബധിര ഒളിമ്പിക്സ് ഇന്ത്യക്ക് ഏറ്റവും മികച്ചതായിരുന്നു''- എന്നും പ്രധാനമന്ത്രി കുറിച്ചു.
I will never forget the interaction with our champions who have brought pride and glory for India at the Deaflympics. The athletes shared their experiences and I could see the passion and determination in them. My best wishes to all of them. pic.twitter.com/k4dJvxj7d5
— Narendra Modi (@narendramodi) May 21, 2022
Some more glimpses from the interaction with our champions. pic.twitter.com/JhtZb9rikH
— Narendra Modi (@narendramodi) May 21, 2022
It is due to our champions that this time’s Deaflympics have been the best for India! pic.twitter.com/2ysax8DAE3
— Narendra Modi (@narendramodi) May 21, 2022