ഇന്ത്യാ – ആസിയാന്‍ പങ്കാളിത്തത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ആസിയാന്‍ – ഇന്ത്യാ സ്മരണോത്സവ ഉച്ചകോടി (എ.ഐ.സി.എസ്) യുടെ തലേന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആസിയാന്‍ രാജ്യങ്ങളിലെ നേതാക്കളുമായി ന്യൂ ഡല്‍ഹിയില്‍ വെവ്വേറെ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തി. മ്യാന്മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂചി, വിയറ്റ്‌നാം പ്രധാനമന്ത്രി ശ്രീ. എന്‍ഗ്യൂന്‍ ഷ്വാന്‍ ഫുക്ക്, ഫിലിപ്പീന്‍സ് പ്രധാനമന്ത്രി റോഡ്രിഗോ ഡുട്ടേര്‍ട്ടെ എന്നിവരുമായിട്ടാണ് പ്രധാനമന്ത്രി ബുധനാഴ്ച ചര്‍ച്ചകള്‍ നടത്തി.
ആസിയാന്‍ – ഇന്ത്യാ സ്മരണോത്സവ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ മൂന്ന് നേതാക്കളെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഒപ്പം ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥികളാകുന്നതിനുള്ള ക്ഷണം സ്വീകരിച്ചതിന് നന്ദിയും അറിയിച്ചു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂചിയുമൊത്തുള്ള കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും പരസ്പര താല്‍പര്യമുള്ള വിഷയങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രി നടത്തിയ മ്യാന്‍മര്‍ സന്ദര്‍ശന വേളയില്‍ കൈക്കൊണ്ട പ്രധാന തീരുമാനങ്ങളുടെ തുടര്‍ നടപടികളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു.
വിയറ്റ്‌നാം പ്രധാനമന്ത്രി ശ്രീ. എന്‍ഗ്യൂന്‍ ഷ്വാന്‍ ഫുക്കുമൊത്തുള്ള കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളില്‍, പ്രത്യേകിച്ച് തന്ത്രപരമായ സമഗ്ര പങ്കാളിത്ത ചട്ടക്കൂടിന് കീഴിലെ ഇന്തോ – പസഫിക് മേഖലയിലെ സമുദ്രയാന സഹകരണം, പ്രതിരോധം, എണ്ണ, വാതക, വ്യാപാര, നിക്ഷേപ രംഗങ്ങളിലെ സഹകരണത്തിന്റെ വളര്‍ച്ചയില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ആസിയാന്‍ -ഇന്ത്യാ ബഹിരാകാശ സഹകരണവുമായി ബന്ധപ്പെട്ട് വിയറ്റ്‌നാമില്‍ ട്രാക്കിംഗ് ആന്റ് ഡാറ്റാ റിസപ്ഷന്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനും വാര്‍ത്താ വിതരണ പ്രക്ഷേപണ മേഖലയിലെ സഹകരണത്തിനുമായി ഈ സന്ദര്‍ശന വേളയില്‍ ഒപ്പ് വച്ച രണ്ട് കരാറുകള്‍ ഇന്ത്യാ- വിയറ്റ്‌നാം ബന്ധങ്ങളെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുമെന്ന് ഇരു നേതാക്കളും പറഞ്ഞു. തീരത്ത് നിന്ന് അകലെ പട്രോളിംഗ് നടത്താനുള്ള ഓഫ് ഷോര്‍ പട്രോള്‍ ബോട്ടുകളുടെ നിര്‍മ്മാണത്തിന് ലാര്‍സന്‍ ആന്റ് റ്റിയൂബ്രോയ്ക്ക് കരാര്‍ നല്‍കിയ 100 ദശലക്ഷം ഡോളറിന്റെ വായ്പ സഹായത്തില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തി. മറ്റൊരു 500 ദശലക്ഷം ഡോളറിന്റെ വായ്പാ സഹായം ഉടന്‍ പ്രാവര്‍ത്തികമാക്കാനും ഇരു നേതാക്കളും തീരുമാനിച്ചു.
ഫിലിപ്പീന്‍സ് പ്രധാനമന്ത്രി റോഡ്രിഗോ ഡുട്ടേര്‍ട്ടെയുമായുള്ള കൂടിക്കാഴ്ചയില്‍ ആഗോള, മേഖലാ സ്ഥിതിഗതികളും, കഴിഞ്ഞ വര്‍ഷം നവംബറില്‍ മനിലയില്‍ നടന്ന തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഭയകക്ഷി ബന്ധങ്ങളില്‍ ഉണ്ടായ പുരോഗതിയും ഇരു നേതാക്കളും വിലയിരുത്തി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍, പ്രത്യേകിച്ച്, അടിസ്ഥാന സൗകര്യ വികസന രംഗത്ത് കൂടുതല്‍ ഗതിവേഗം നല്‍കാനും തീരുമാനമായി. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്‍ കീഴിലും ഫിലിപ്പീന്‍സിന്റെ ബില്‍ഡ്- ബില്‍ഡ് – ബില്‍ഡ് പരിപാടിയിലും ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകള്‍ തമ്മില്‍ സഹകരിക്കാനുള്ള നിരവധി മേഖലകളുണ്ടെന്ന് അവര്‍ കണ്ടെത്തി. ഇന്‍വസ്റ്റ് ഇന്ത്യയും, ഫിലിപ്പീന്‍സിന്റെ നിക്ഷേപ ബോര്‍ഡും തമ്മിലുള്ള ധാരണാപത്രം കൈമാറുന്നതിനും നേതാക്കള്‍ സാക്ഷ്യം വഹിച്ചു.
ഇന്തോ – പസഫിക് മേഖലയിലെ സമാധാനം, സുരക്ഷിതത്വം, സാമൂഹിക സാമ്പത്തിക വികസനം എന്നിവയ്ക്ക് ആസിയാന്‍ – ഇന്ത്യാ ബന്ധങ്ങളുടെ പ്രാധാന്യം ഈ മൂന്ന് ചര്‍ച്ചകളിലും എടുത്ത് പറഞ്ഞ നേതാക്കള്‍, എ.ഐ.സി.എസിലെ ചര്‍ച്ചകള്‍ക്കായി ഉറ്റുനോക്കുകയാണെന്നും വ്യക്തമാക്കി.