ആസിയാന്‍ ചെയര്‍മാനും, സിങ്കപ്പൂര്‍ പ്രധാനമന്ത്രിയുമായ ലീ സീംഗ് ലൂംഗിന്റെ ലേഖനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകീര്‍ത്തിച്ചു.
പ്രധാനമന്ത്രി പറഞ്ഞു, “ആസിയാന്‍ ചെയര്‍മാനും പ്രധാനമന്ത്രിയുമായ ലീ സീംഗ് ലൂംഗിന്റെ ഉല്‍കൃഷ്ടമായ ഒരു ലേഖനം. ഇന്ത്യാ – ആസിയാന്‍ബന്ധങ്ങളുടെ സമ്പന്നമായ ചരിത്രവും, കരുത്തുറ്റ സഹകരണവും വിജയ സാധ്യതയുള്ള ഭാവിയും അത് മനോഹരമായി വരച്ച് കാട്ടുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സീംഗ് ലൂംഗ്, “ഒരു സഹസ്രാബ്ദ പങ്കാളിത്തത്തിന്റെ നവീകരണം : ആസിയാനുമായുള്ള ഇന്ത്യയുടെ ഉറ്റ ഏകീകരണത്തില്‍ സിംഗപ്പൂര്‍ പ്രധാന പങ്ക് വഹിച്ചു” എന്ന തലക്കെട്ടില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഇന്നത്തെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യയും ആസിയാനുമായി കാലങ്ങളായുള്ള വ്യാപാര, വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ ഈ കൂട്ടുക്കെട്ടിന് കരുത്തേകുന്നതില്‍ പ്രധാന പങ്ക് വഹിച്ചതായി പറയുന്നു.
ഇന്ത്യയും ആസിയാനും തമ്മിലുള്ള ബന്ധത്തിന്റെ 25-ാം വാര്‍ഷികം നാം ആഘോഷിക്കുകയാണ്, എന്നാല്‍ ഇന്ത്യയ്ക്ക് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി 2000 വര്‍ഷത്തിനപ്പുറമുള്ള ബന്ധമുണ്ടെന്ന് അദ്ദേഹം എഴുതുന്നു. ഇന്ത്യയും കംബോഡിയ, തായ്‌ലന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങളുമായുള്ള പുരാതനകാലത്തെ വാണിജ്യ ഇടപാടുകള്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സംസ്‌ക്കാരം, പാരമ്പര്യം ഭാഷ എന്നിവ പണ്ടുകാലത്തുള്ള ഈ ബന്ധത്തെ വളരെയധികം സ്വാധീനിച്ചിരുന്നു. കംബോഡിയയിലെ സിയെം റിപ്പിന് സമീപമുള്ള ചരിത്രപ്രാധാന്യമുള്ള പ്രദേശമായ അങ്കോര്‍ ക്ഷേത്രത്തിനെ ഇന്തിക് ഹിന്ദു-ബുദ്ധമതങ്ങള്‍ എങ്ങനെ സ്വാധിനിച്ചിട്ടുണ്ടെന്ന് നാം കണ്ടതാണ്. ഇന്തോനേഷ്യയിലെ യോഗ്യകര്‍ത്തയ്ക്ക് സമീപമുള്ള ബോറോബുദോര്‍, പ്രംമ്പാനന്‍ ക്ഷേത്രങ്ങള്‍, മലേഷ്യയിലെ കേദയിലുള്ള പുരാതന കാന്‍ഡികള്‍ എന്നിവയിലെല്ലാം ഇത് കാണാവുന്നതുമാണ്. ഇന്തോനേഷ്യ, മ്യാന്‍മര്‍, തായ്‌ലന്‍ഡ് ഉള്‍പ്പെടെ പല തെക്കുകിഴക്കന്‍ ഏഷ്യന്‍ സംസ്‌ക്കാരങ്ങളും രാമയണം ഉള്‍ക്കൊണ്ടിട്ടുള്ളവയാണ്. സിംഗപ്പൂരിന്റെ മലയയിലുള്ള പേര് സിംഗപുര എന്നാണ് സംസ്‌കൃതത്തില്‍ നിന്നും എടുത്തിട്ടുള്ള ഈ വാക്കിന്റെ അര്‍ത്ഥം സിംഹത്തിന്റെ നഗരം എന്നുമാണ്.
ഇന്ത്യയെ ആസിയാന്‍ സമൂഹത്തില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി സിംഗപ്പൂര്‍ എന്നും വാദിച്ചച്ചിട്ടുണ്ടെന്നും രാജ്യം സന്ദര്‍ശിക്കുന്ന സിംഗപ്പൂര്‍ പ്രധാനമന്ത്രി വ്യക്തമാക്കി. 1992ല്‍ ഇന്ത്യ ആസിയാന്റെ ഒരു മേഖലാ പങ്കാളിയാകുകയും, 1995 മുഴുവന്‍ ആശയവിനിമയ പങ്കാളിയാകുകയും 2005 മുതല്‍ കിഴക്കന്‍ ഏഷ്യ ഉച്ചകോടികളില്‍(ഇ.എ.എസ്) പങ്കെടുക്കുന്നുമുണ്ട്. ഈ ഇ.എ.എസ് എന്നത് തുറന്നതും സംശ്ലേഷിതമായതും എല്ലാം ഉള്‍ക്കൊള്ളുന്നതുമായ പ്രാേദശിക രൂപകല്‍പ്പനയാണ്. മാത്രമല്ല, ഈ മേഖലയിലെ തന്ത്രപരമായ നേതാക്കളുടെ പ്രധാനവേദിയുമാണ്.
ഇന്ത്യ-ആസിയാന്‍ പങ്കാളിത്തത്തിന്റെ ഇരുപതാം വര്‍ഷമായ 2012ല്‍ ഇന്ത്യയും ആസിയാനും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തമായി മാറിയെന്ന് അദ്ദേഹം പറയുന്നു. ഇന്ന് ഇന്ത്യയും ആസിയാനും ആസിയാന്റെ രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക-സാംസ്‌ക്കാരിക മേഖലകളില്‍ ബഹുമുഖ സഹകരണം ആസ്വദിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ആക്ട് ഈസ്റ്റ്’ നയവും മൂന്ന് സി (വാണിജ്യം, ബന്ധിപ്പിക്കല്‍, സാംസ്‌ക്കാരികം) സമവാക്യവും ആസിയാനുമായുള്ള വിശാല ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നവയാണ്. നേതാക്കളുടെ ഒരു വാര്‍ഷിക ഉച്ചകോടിയും ഏഴ് മന്ത്രിതല സംഭാഷണവേദികളുമുള്‍പ്പെടെ ഇന്ന് സഹകരണത്തിന് നമുക്ക് 30 വേദികളുണ്ട്. ആസിയാന്‍ പ്രാദേശിക ഫോറം, ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗം, പൂര്‍വേഷ്യന്‍ ഉച്ചകോടി ഉള്‍പ്പെടെ എല്ലാ ആസിയാന്‍ വേദികളിലും ഇന്ത്യ സജീവമായി പങ്കെടുക്കുന്നുമുണ്ട്.
വ്യാപാര വാണിജ്യ ബന്ധങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെ, ആസിയാന്‍-ഇന്ത്യ സ്വതന്ത്ര വ്യാപാരമേഖലയില്‍ (എ.ഐ.എഫ്.ടി.എ), ആസിയാന്‍-ഇന്ത്യ വ്യാപാരം 1993ലെ 2.9 ദശലക്ഷം യു.എസ്. ഡോളറില്‍ നിന്ന് 2016ല്‍ 58.4 ദശലക്ഷം യു.എസ്. ഡോളറായി ഉയര്‍ന്നു. ആസിയാന്‍-ഇന്ത്യ വിദ്യാര്‍ത്ഥി കൈമാറ്റ പരിപാടിയും വാര്‍ഷിക ഡല്‍ഹി സംഭാഷണം പോലുള്ള പരിപാടികളും സാമൂഹിക, സാംസ്‌ക്കാരിക രംഗത്ത് ജനങ്ങള്‍ തമ്മിലുള്ള ഇടപഴകല്‍ കൂടുതല്‍ പ്രോത്സാഹിപ്പിച്ചു. ഈ വേദികളിലുടെ നമ്മുടെ യുവജനങ്ങള്‍ക്കും വിദ്യാഭ്യാസ വിചക്ഷണര്‍ക്കും, വ്യാപാരസമൂഹത്തിനും കൂടുതല്‍ അടുത്തിടപഴകാനും ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളവയാക്കാനും സാധിച്ചിട്ടുണ്ട്.
ഇന്ത്യാ-ആസിയാന്‍ ബന്ധത്തിന്റെ ഈ രജതജൂബിലി വേളയില്‍ ഇതിന്റെ സ്മരണ നിലനിര്‍ത്താന്‍ തക്കവണ്ണമുള്ള നിരവധി കര്‍മ്മപദ്ധതികള്‍ ഇരു ഭാഗത്തുനിന്നുമുണ്ടായിട്ടുണ്ട്. അടുത്തിടെ സിംഗപ്പൂരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് ഇന്ത്യന്‍ സമൂഹം നല്‍കിയ സംഭാവനകള്‍ അംഗീകരിച്ചിരുന്നു. ഈ ആസിയാന്‍-ഇന്ത്യ ഉച്ചകോടി ഈ ആഘോഷങ്ങള്‍ ഉച്ചസ്ഥായിയില്‍ എത്തിയതിനെയാണ് ചൂണ്ടിക്കാട്ടുന്നത്. ഈ അവസരത്തില്‍ ന്യൂഡല്‍ഹിയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത് എല്ലാ ആസിയാന്‍ നേതാക്കള്‍ക്കും അഭിമാനകരമാണ്. നാളത്തെ അറുപത്തിയൊന്‍പതാം റിപ്പബ്ലിക്ക് ദിന പരേഡിന് മുഖ്യ അതിഥികളായി ക്ഷണിച്ചതില്‍ ആസിയാന്‍ നേതാക്കള്‍ ബഹുമാനിതരുമായി.
ആഗോളതലത്തിലെ പ്രധാന സൂചനകള്‍ വീക്ഷണങ്ങളെ തന്ത്രപരമായി പുനര്‍രൂപകല്‍പ്പന നടത്തിക്കൊണ്ട് വെല്ലുവിളികളും അവസരങ്ങളും പ്രദാനം ചെയ്യുന്നതായി സിംഗപ്പൂര്‍ പ്രധാനമന്ത്രി എഴുതുന്നു. തന്ത്രപരമായ സന്തുലിതാവസ്ഥ മാറുകയാണ്. ജനസംഖ്യാപരമായും സാംസ്‌ക്കാരികമായും രാഷ്ട്രീയമായും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആഗോളവല്‍ക്കരണത്തിനും സ്വതന്ത്ര വ്യാപാരത്തിലുമുണ്ടായിട്ടുളള സമവായങ്ങള്‍ തര്‍ക്കത്തിലാണ്. എന്നാല്‍ ഏഷ്യയിലെ കഥ സക്രീയാത്മകമായി തന്നെ തുടരുന്നുമുണ്ട്. സാമ്പത്തിക സംയോജനവുമായി നമുക്ക് മുന്നോട്ടുപോകേണ്ടതുണ്ട്. ഭീകരവാദം, സൈബര്‍ കുറ്റകൃത്യങ്ങള്‍, കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെ അതിര്‍ത്തികള്‍ക്കതീതമായി ഉയര്‍ന്നുവരുന്ന വിഷയങ്ങളെ നേരിടേണ്ടതുമുണ്ട്.
ഇത്തരത്തിലുള്ള ഭൂമിശാസ്ത്രപരമായ അനിശ്ചിതാവസ്ഥ ഇന്ത്യയെപ്പോലുള്ള പ്രധാനപ്പെട്ട പങ്കാളിയുമായി ആസിയാന്റെ സഹകരണത്തിന് പ്രേരണയാകുന്നുണ്ടെന്നും സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി പറയുന്നു. ഈ മേഖലയിലെ ശാന്തിക്കും സമാധാനത്തിനും ഇന്ത്യയും ആസിയാനും ഒരേ താല്‍പര്യമാണ് പങ്കുവയ്ക്കുന്നത്. തുറന്നതും, സന്തുലിതമായതും പ്രാദേശിക സംശ്ലേഷിതമായതുമായ ഒരു രൂപകല്‍പ്പനയാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രം മുതല്‍ ശാന്തസമുദ്രം വരെയുള്ള പ്രധാനപ്പെട്ട തീരരേഖയിലെ തന്ത്രപരമായ സ്ഥലത്താണ് ഇന്ത്യ സ്ഥിതിചെയ്യുന്നത്. പല ആസിയാന്‍ അംഗ രാജ്യങ്ങളുടെയൂം പ്രധാനപ്പെട്ട വാണിജ്യ പാതകൂടിയാണ് ഈ സമുദ്ര പാതകള്‍. ഈ പ്രധാനപ്പെട്ട സമുദ്ര വാണിജ്യപാതകള്‍ സംരക്ഷിക്കുന്നതില്‍ രണ്ടു വിഭാഗങ്ങള്‍ക്കും വലിയ താല്‍പര്യവുമുണ്ട്.
ലോക ജനസംഖ്യയുടെ കാല്‍ഭാഗം വരുന്ന ഇന്ത്യയുടെയും ആസിയാന്‍ രാജ്യങ്ങളുടെയും ചേര്‍ന്നുള്ള ജനസംഖ്യയായ 1.8 ബില്യണിന്റെ ശക്തിയെയും പ്രാധാന്യത്തേയും ശ്രീ. ലീ സീന്‍ ലൂം അടിവരയിടുന്നു. ഇവ യോജിച്ചുള്ള മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 4.5 ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരും. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 2025 ഓടെ ഇന്ത്യയുടെ ഉപഭോക്തൃവിപണി ലോകത്തെ വിപണികളില്‍ അഞ്ചാമത്തെതാകുമെന്നാണ് പ്രതീക്ഷ. അതേസമയം തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഇടത്തരം കുടുംബങ്ങള്‍ 163 ദശലക്ഷമായി ഇരട്ടിക്കും. ആസിയാന്റെ ജനസംഖ്യയുടെ 60%വും 35 വയസില്‍ താഴെയുള്ളവരാണെന്ന തരത്തിലുള്ള ജനസംഖ്യാവിഭജനവും രണ്ടു ഭാഗങ്ങളും ആസ്വദിക്കുന്നുമുണ്ട്. 2020 ഓടെ 29 വയസ് ശരാശരിയുള്ള ലോകത്തെ ഏറ്റവും യുവരാജ്യമായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഇന്ത്യയ്ക്കും ആസിയാനും വളരെ വേഗത്തില്‍ വളരുന്ന ഇന്റര്‍നെറ്റ് ഉപയോഗ അടിത്തറയുമുണ്ട്. അത് നമ്മുടെ ഡിജിറ്റല്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയെ സഹായിക്കുന്നു.
ഇതൊക്കെയാണെങ്കിലും ഇനിയും ഇന്ത്യാ-ആസിയാന്‍ ബന്ധത്തില്‍ വളരെയധികം സാദ്ധ്യതകളുണ്ട്. ആസിയാന്റെ പുറംവ്യാപാരത്തില്‍ ഇന്ത്യയുടെ പങ്ക് 2016ല്‍ വെറും 2.6% മാത്രമാണ്.
പരസ്പര ബന്ധത്തിന് വളരെയധികം സാദ്ധ്യതയുള്ള മൂന്ന് മേഖലകളെക്കുറിച്ചുള്ള നിര്‍ദ്ദേശവും സിംഗപ്പൂര്‍ പ്രധാനമന്ത്രി മുന്നോട്ടുവച്ചു.
ഇന്ത്യയും ആസിയാനും വ്യാപാരവും നിക്ഷേപവും ഇരട്ടിപ്പിക്കുകയെന്നതാണ് അതില്‍ ആദ്യത്തേത്. എ.ഐ.എഫ്.ടി.എ ഉള്‍പ്പെടെ നിലവിലുള്ള എല്ലാവഴികളും കാലാനുസൃതവും പ്രസക്തവുമായി സൂക്ഷിക്കണം. നിലവിലുള്ള എ.ഐ.എഫ്.ടി.എ മറികടന്നുകൊണ്ട് വളരെ ഉയന്ന നിലവാരത്തിലുള്ള സമഗ്രമായ പ്രാദേശിക സാമ്പത്തിക പങ്കാളിത്തത്തിന് (ആര്‍.സി.ഇ.പി) വേണ്ടി ഒന്നിച്ചുപ്രവര്‍ത്തിക്കണം. ലോകത്തിന്റെ പകുതിയോളം വരുന്ന ജനസംഖ്യയും മൂന്നിലൊന്ന് വരുന്ന ആഭ്യന്തര മൊത്തവരുമാനവും ഉള്‍ക്കൊള്ളുന്ന ഒരു സംയോജിത ഏഷ്യന്‍ വിപണി ഇത് സൃഷ്ടിക്കും. നിയമങ്ങളും ചട്ടങ്ങളും ശരിയായ രീതിയിലാക്കുന്നത് ഇരുവശത്തേക്കുമുള്ള നിഷേപത്തിന്റെ ഒഴുക്ക് ശക്തമാക്കും. ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയത്തിന് സംഭാവന നല്‍കുകയും ഈ മേഖലയിലെ “മെയ്ഡ് ഇന്‍ ഇന്ത്യ” കയറ്റുമതിക്ക് സഹായകരമാകുകയും ചെയ്യും.
രണ്ടാമതായി നമ്മുടെ ജനങ്ങള്‍ക്ക് കര, ആകാശ, സമുദ്രമേഖലയിലൂടെ കൂടുതല്‍ ബന്ധപ്പെടാനുള്ള അവസരങ്ങള്‍ ലഭിക്കണം. കരമാര്‍ഗ്ഗം ബന്ധപ്പെടുന്നതിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ പരിശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യ-മ്യാന്‍മര്‍-തായ്‌ലന്‍ഡ് ത്രികക്ഷിപാതയുടെ വിപുലീകരണവും ആസിയാനുമായി ബന്ധപ്പെടുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഇന്ത്യ ഒരു ബില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നതും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. ഭൗതികമായി പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയുമായി അടുത്ത് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആത്യന്തികമായി ആസിയാന്‍-ഇന്ത്യ വ്യോമ ഗതാഗത കരാറും അതില്‍ ഉള്‍പ്പെടുമെന്ന് ചൂണ്ടിക്കാട്ടി. ഇത് ജനങ്ങള്‍ക്ക് ഈ മേഖലകളിലേക്ക് പരസ്പരം യാത്രചെയ്യാനും വികസിച്ചുവരുന്ന പുതിയ വിപണികള്‍ ഉപയോഗിക്കാനും കഴിയും, പ്രത്യേകിച്ച് വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം എന്നീ മേഖലകളില്‍.
ഡിജിറ്റല്‍ ബന്ധിപ്പിക്കലാണ് സഹകരണത്തിന്റെ മറ്റൊരു പ്രധാന മേഖല. ഭാവിയിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് രൂപം നല്‍കാന്‍ ഇതിലൂടെ കഴിയും. ഇന്ത്യയിലെ ആധാര്‍ സംവിധാനം നിരവധി പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതായത് ഇന്ത്യാ-ആസിയന്‍ സാമ്പത്തിക സാങ്കേതികവിദ്യാ വേദിയെ സംയോജിപ്പിക്കുകയും ഇ-പേയ്‌മെന്റ് സംവിധാനത്തെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.
പുതിയ മേഖലകള്‍ കണ്ടെത്തുന്നതിനായി ഇന്ത്യയും ആസിയാനും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ശ്രീ. ലീ സെന്‍ ലൂംഗ് പറയുന്നു ആസിയാന്‍ സ്മാര്‍ട്ട് സിറ്റി ശൃംഖല വികസിപ്പിക്കുകയാണ് സിംഗപ്പൂര്‍ ചെയര്‍മാന്‍ഷിപ്പിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷ്യം. ഇതില്‍ ഇന്ത്യയും സിംഗപ്പൂരും സ്വാഭാവിക പങ്കാളികളുമാണ്. ഇന്ത്യ അതിവേഗം നഗരവല്‍ക്കരിക്കപ്പെടുകയും സ്വയം തന്നെ 100 സ്മാര്‍ട്ട് സിറ്റികളുടെ ഒരു ലക്ഷ്യം തയാറാക്കിയിട്ടുമുണ്ട്. ഒരു നഗരവല്‍കൃത നഗര രാജ്യമായ സിംഗപ്പൂര്‍ ഇന്ത്യയുടെ ഈ യാത്രയില്‍ സഹായം നല്‍കാനും നഗരവല്‍ക്കരണ പ്രശ്‌നങ്ങളില്‍ നമ്മുടെ പരിചയങ്ങളില്‍ നിന്ന് പരിഹാരങ്ങള്‍ ചെയ്യാനും തയാറാണ്. ആന്ധ്രാ പ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതി ഇതിനൊരുദാഹരണമാണ്.
ആസിയാന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഇന്ത്യയും ആസിയാനും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിന് സിംഗപ്പൂര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തന്റെ ലേഖനത്തില്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി വ്യക്തമാക്കുന്നു. നമ്മുടെ ചരിത്രപരവും സാംസ്‌ക്കാരികവുമായ ബന്ധങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇന്നത്തെ വെല്ലുവിളികള്‍ മറികടക്കാന്‍ ഇരു കക്ഷികളും ശ്രമിക്കുകയും ഭാവിയിലേക്ക് ഒരു പാലം നിര്‍മ്മിക്കുകയും ചെയ്താല്‍ അത് നമ്മുടെ യുവജനങ്ങള്‍ക്കും ഭാവിതലമുറകള്‍ക്കും വളരെയധികം ഗുണം ചെയ്യുമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.
A wonderful article by @ASEAN Chair Singapore’s PM, Mr. @leehsienloong. It beautifully covers the rich history, robust cooperation and promising future of India-ASEAN relations. https://t.co/FPGfI1eLbj
— Narendra Modi (@narendramodi) January 25, 2018