നാവിക അന്തര്‍വാഹിനിയായ ഐ.എന്‍.എസ് കല്‍വാരി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
ഈ അവസരത്തില്‍ ഇന്ത്യയിലെ ജനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇന്ത്യയില്‍ നിര്‍മ്മിക്കൂ പദ്ധതിയുടെ ഉത്തമോദാഹരണമാണ് ഐ.എന്‍.എസ് കല്‍വാരിയെന്ന് വിശേഷിപ്പിച്ചു. ഈ അന്തര്‍വാഹിനിയുടെ നിര്‍മ്മാണത്തില്‍ പങ്കുവഹിച്ച എല്ലാവരെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന തന്ത്രപ്രധാന പങ്കാളിത്തത്തെയാണ് ഈ അന്തര്‍വാഹിനി ദൃശ്യവത്കരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐ.എന്‍.എസ് കല്‍വാരി ഇന്ത്യന്‍ നാവിക സേനയ്ക്ക് കൂടുതല്‍ കരുത്തു പകരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ടായാണ് വിശേഷിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വികസനത്തിലേക്കുള്ള പാത ഇന്ത്യന്‍ മഹാ സമുദ്രത്തിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ മഹാ സമുദ്രത്തിന് ഗവണ്‍മെന്റിന്റെ നയങ്ങളില്‍ സവിശേഷമായ സ്ഥാനമുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.
സാഗര്‍ എന്ന ചുരുക്കപ്പേരില്‍ ഈ കാഴ്ചപ്പാട് മനസ്സിലാക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും (സെക്യൂരിറ്റി ആന്റ് ഗ്രോത്ത് ഫോര്‍ ആള്‍ ഇന്‍ ദ റീജ്യന്‍) എന്നതാണ് ഈ ചുരുക്കപ്പേരുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആഗോള, തന്ത്ര പ്രധാന, സാമ്പത്തിക താല്‍പര്യങ്ങളെക്കുറിച്ച് ഇന്ത്യക്ക് പൂര്‍ണ്ണ ബോധ്യമുണ്ടെന്നും അതുകൊണ്ടാണ് ആധുനികവും ബഹുമുഖവുമായ ഇന്ത്യന്‍ നാവികസേന മേഖലയുടെ സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സാധ്യതകള്‍ നമ്മുടെ രാഷ്ട്രത്തിന്റെ സാമ്പത്തികരംഗത്തിന് ശക്തി പകരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയെ മാത്രമല്ല, മേഖലയിലെ മറ്റു രാജ്യങ്ങളെയും ബാധിക്കുന്ന സമുദ്രം വഴിയുള്ള തീവ്രവാദം, കടല്‍ക്കൊള്ള, മഴക്കുമരുന്നു കടത്ത് എന്നിവയെക്കുറിച്ചെല്ലാം ഇന്ത്യക്ക് തികഞ്ഞ ബോധ്യമുണ്ട്. ഈ വെല്ലുവിളികള്‍ നേരിടുന്നതില്‍ ഇന്ത്യ പ്രധാന പങ്കു വഹിക്കുന്നു- പ്രധാനമന്ത്രി വ്യക്തമാക്കി.
ലോകം ഒരു കുടുംബമാണെന്നും ആഗോള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതുണ്ടെന്നും ഇന്ത്യ വിശ്വസിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ‘ആപത് ഘട്ടങ്ങളില്‍ പങ്കാളിത്ത രാജ്യങ്ങള്‍ളോട് ഏറ്റവുമാദ്യം പ്രതികരിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യന്‍ നയതന്ത്രത്തിന്റെയും സുരക്ഷാ സ്ഥാപനങ്ങളുടെയും മാനുഷിക മുഖം നമ്മുടെ സവിശേഷതയാണ്. ശക്തവും കഴിവുറ്റതുമായ ഒരു ഇന്ത്യത്ത് മാനവികതയ്ക്ക് നിര്‍ണ്ണായക പങ്കു വഹിക്കാനാവും. സമാധാനത്തിന്റെയും സ്ഥിരതയുടെയും പാതയില്‍ ഇന്ത്യയോടൊപ്പം നടക്കാന്‍ ലോക രാഷ്ട്രങ്ങള്‍ ആഗ്രഹിക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.
രാജ്യരക്ഷയും സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മാറിത്തുടങ്ങിയതായി പ്രധാനമന്ത്രി പറഞ്ഞു. ഐ.എന്‍.എസ് കല്‍വാരിയുടെ നിര്‍മ്മാണത്തിലൂടെ ആര്‍ജ്ജിച്ച വൈദഗ്ദ്യം ഇന്ത്യയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത, ദീര്‍ഘകാല ആവശ്യമായ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് സഹായിച്ചു.
ജമ്മു കാശ്മീരില്‍ നിഴല്‍ യുദ്ധത്തിന് ഭീകരത ഉപയോഗപ്പെടുത്തുന്നത് പരാജയപ്പെടുത്താന്‍ ഗവണ്‍മെന്റിന്റെ നയങ്ങളും സായുധസേനാംഗങ്ങളുടെ ധീരതയും വഴി സാധിച്ചു.’- പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ച എല്ലാവര്‍ക്കും പ്രധാനമന്ത്രി കൃതജ്ഞത രേഖപ്പെടുത്തി.