മൈസൂരിനും, ബംഗലൂരുവിനും ഇടയിലുള്ള വൈദ്യുതീകരിച്ച റെയില്‍പാത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. മൈസൂരിലെ റെയില്‍വെ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍, മൈസൂരിനും ഉദയ്പൂരിനുമിടയ്ക്ക് സര്‍വ്വീസ് നടത്തുന്ന പാലസ് ക്വീന്‍ ഹംസഫര്‍ എക്പ്രസ്സിന് അദ്ദേഹം പച്ചക്കൊടി കാട്ടുകയും ചെയ്തു.
നേരത്തെ ശ്രാവണബലഗോള സന്ദര്‍ശിച്ച പ്രധാനമന്ത്രി ബാഹുബലി മഹാമസ്തകാഭിഷേക മഹോത്സത്തിലും പങ്കെടുത്തു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ വിന്ധ്യാഗിരി കുന്നില്‍ കൊത്തിയെടുത്ത പുതിയ പടവുകള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ബാഹുബലി ജനറല്‍ ഹോസ്പിറ്റലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.
ശ്രാവണബലഗോളയില്‍ സദസ്സിനെ അഭിസംബോധന ചെയ്യവെ, നമ്മുടെ നാട്ടില്‍ നിന്നുള്ള സന്യാസിമാരും, ദിവ്യന്മാരും, എക്കാലത്തും സമൂഹത്തെ സേവിച്ചിരുന്നെന്നും അത് ക്രിയാത്മകമായ വ്യത്യാസം സൃഷ്ടിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കാലത്തിനൊപ്പം എല്ലായ്‌പ്പോഴും മാറിക്കൊണ്ടിരുന്നതും, പുതിയ സാഹചര്യങ്ങളുമായി നല്ലവണ്ണം ഇണങ്ങിച്ചേര്‍ന്നതും നമ്മുടെ സമൂഹത്തിന്റെ കരുത്താണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് ഗുണനിലവാരമുള്ളതും, താങ്ങാവുന്ന ചെലവ് വരുന്നതുമായ ആരോഗ്യരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.