ഇന്ത്യന്‍ വ്യോമസേനാ മാര്‍ഷല്‍ അര്‍ജന്‍ സിങ്ങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്നുള്ള ഒന്നിലധികം ട്വീറ്റുകളിലായി, ഇന്ത്യന്‍ വ്യോമസേനയുടെ ശേഷി വര്‍ധിപ്പിക്കുന്നതിന് വ്യോമസേനാ (ഐ.എ.എഫ്.) മാര്‍ഷല്‍ പദവിയിലിരിക്കെ അദ്ദേഹം കല്‍പിച്ച പ്രാധാന്യം നമ്മുടെ പ്രതിരോധശേഷിക്ക് ഏറെ കരുത്തു പകര്‍ന്നുവെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. വിശിഷ്ടനായ വ്യോമ പോരാളിയെന്നും നല്ല മനുഷ്യനെന്നും എയര്‍ മാര്‍ഷല്‍ അര്‍ജന്‍ സിങ്ങിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി, ദൗര്‍ഭാഗ്യകരമായ അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.
‘ഇന്ത്യന്‍ വ്യോമസേനാ മാര്‍ഷല്‍ അര്‍ജന്‍ സിങ്ങിന്റെ ദൗര്‍ഭാഗ്യകരമായ നിര്യാണം രാജ്യത്തെ കണ്ണീരണിയിക്കുന്നു. രാജ്യത്തിനായി അദ്ദേഹം നടത്തിയ വിശിഷ്ടമായ സേവനത്തെ നാം ഈ അവസരത്തില്‍ സ്മരിക്കുകയാണ്.
വ്യോമസേനയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനു മാര്‍ഷല്‍ അര്‍ജന്‍ സിങ് കല്‍പിച്ച പ്രാധാന്യം നമ്മുടെ പ്രതിരോധശേഷിക്ക് ഏറെ കരുത്തു പകര്‍ന്നു.
ഇന്ത്യന്‍ വ്യോമസേന ഗൗരവമാര്‍ന്ന പ്രവര്‍ത്തനം നടത്തിയ 1965ല്‍ മാര്‍ഷല്‍ എന്ന നിലയില്‍ വായുസേനയ്ക്ക് അര്‍ജന്‍ സിങ് നല്‍കിയ ശ്രേഷ്ഠമായ നേതൃത്വം ഒരിക്കലും ഇന്ത്യക്കു മറക്കാനാവില്ല.
അല്‍പം മുന്‍പ് അദ്ദേഹത്തെ കണ്ടപ്പോള്‍ അനാരോഗ്യത്തെ വകവെക്കാതെ എന്നെ സല്യൂട്ട് ചെയ്യാന്‍ ശ്രമിച്ചു. വേണ്ടെന്നു ഞാന്‍ വിലക്കിയത് അവഗണിച്ചായിരുന്നു ആ ശ്രമം. അത്രത്തോളമാണ് സൈനികനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അച്ചടക്കം.
എന്റെ മനസ്സ് അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പവും അതിവിശിഷ്ടനായ വ്യോമസൈനികനും നല്ല മനുഷ്യനുമായ ഐ.എ.എഫ്. മാര്‍ഷല്‍ അര്‍ജന്‍ സിങ്ങിന്റെ നിര്യാണത്തില്‍ ദുഃഖിക്കുന്നവരോടും ഒപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു’, പ്രധാനമന്ത്രി പറഞ്ഞു.