പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ഹസീറയിലെ എല്‍. ആന്റ് ടി. കംപ്രസ് സിസ്റ്റം കോംപ്ലക്‌സ് രാഷ്ട്രത്തിനു സമര്‍പ്പിച്ചു. അദ്ദേഹം കോംപ്ലക്‌സ് സന്ദര്‍ശിക്കുകയും പദ്ധതിയുടെ പിന്നിലെ നൂതനമായ മനോഭാവത്തില്‍ അതീവ താത്പര്യമെടുക്കുകയും ചെയ്തു. നവസരിയിലെ നിരാലി ക്യാന്‍സര്‍ ഹോസ്പിറ്റലിനു പ്രധാനമന്ത്രി തറക്കല്ലിട്ടു. അര്‍ബുദ ചികിത്സയുടെ പ്രതിരോധം, രോഗശാന്തി എന്നീ കാര്യങ്ങളില്‍ ഈ മേഖലയിലെ ജനങ്ങള്‍ക്ക് ആശുപത്രി ഗുണകരമാകും.
ഗുജറാത്ത് സന്ദര്‍ശനം അവസാനിപ്പിച്ച പ്രധാനമന്ത്രി, സില്‍വാസ്സ, മുംബയ് എന്നിവടങ്ങളാണ് ഇനി സന്ദര്‍ശിക്കുക.
ഗുജറാത്ത് സന്ദര്‍ശനത്തിന്റെ ഒന്നാം ദിവസം അദ്ദേഹം വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിനൊപ്പം നടക്കുന്ന ആഗോള വ്യാപാര പ്രദര്‍ശനം എക്‌സിബിഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദില്‍ മികച്ച ആതുരാലയമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ പ്രസംഗിക്കവേ, എല്ലാവര്‍ക്കും തുല്യ അവസരങ്ങളും വികസനവും ലഭ്യമാക്കാനുള്ള പ്രതിബദ്ധത നിലനിര്‍ത്തി നവീന ഇന്ത്യക്കു മുന്നോട്ടുപോകാനുള്ള വഴി എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
സബര്‍മതി നദീതീരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അഹമ്മദാബാദ് ഷോപ്പിങ് ഫെസ്റ്റിവല്‍ 2019 ആകര്‍ഷകമായിരുന്നു. ഉദ്ഘാടന പ്രസംഗത്തില്‍ ശ്രീ. നരേന്ദ്ര മോദി രാജ്യത്ത് ബിസിനസ് നടത്തുന്നതിന് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ നിരന്തരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി 2019 ആരംഭിച്ചത്. ഗാന്ധിനഗറിലെ മഹാത്മ മന്ദിര്‍ പ്രദര്‍ശന-കണ്‍വന്‍ഷന്‍ സെന്ററില്‍ ഒന്‍പതാമത് ഉച്ചകോടി ശ്രീ. മോദി ഉദ്ഘാടനം ചെയ്തു. ഈ അവസരത്തില്‍ പ്രസംഗിക്കവേ ഇന്ത്യയില്‍ ബിസിനസ് ചെയ്യുക എന്നതു വലിയ അവസരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ശ്രീ. ഷവ്കത് മിര്‍സിയോയേവ്, ചെക് റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ. ആന്ദ്രെജ് ബാബിസ്, മാള്‍ട്ട പ്രധാനമന്ത്രി ഡോ. ജോസഫ് മസ്‌ക്കറ്റ്, ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ശ്രീ. ലാര്‍സ് ലോക്ക് റാസ്മസെന്‍ എന്നിവരുമായി 2019 ജനുവരി 18നു പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയതു ശ്രദ്ധിക്കപ്പെട്ടു.
ഇതേത്തുടര്‍ന്നു ഗുജറാത്തിലെ ഗാന്ധിനഗറിലെ ദണ്ഡികുടീരില്‍ 3ജി ലേസര്‍ പ്രൊജക്ഷന്‍ ഷോ നടന്നു. വ്യവസായ പ്രമുഖര്‍ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു.