പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ഇന്ന് നടന്ന അസിസ്റ്റന്റ് സെക്രട്ടറിമാരുടെ (2017 ഐ.എ.എസ് ബാച്ച്) പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.
ഓഫീസര്‍മാര്‍ പ്രധാനമന്ത്രിക്ക് മുമ്പില്‍ നിരവധി അവതരണങ്ങള്‍ നടത്തി. വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ പരിവര്‍ത്തനം മുതല്‍ ഭരണവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളുടെ പരിഹാരവും, സുതാര്യവും, വേഗത്തിലുമുള്ള സേവന പ്രദാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരണത്തില്‍ ഉള്‍പ്പെട്ടു.
പുതിയ ആശയങ്ങള്‍, പുതിയ സങ്കല്പങ്ങള്‍, പുതിയ കാഴ്ചപ്പാടുകള്‍ തുടങ്ങിയവ പൂര്‍ണ്ണ മനസ്സോടെ ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി ഓഫീസര്‍മാരെ ആഹ്വാനം ചെയ്തു. ബഹുവിധ സ്രോതസ്സുകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ എടുത്ത് അവയെ വിശകലനം ചെയ്ത് ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജിജ്ഞാസയെ പരിപോഷിപ്പിച്ചുകൊണ്ട്, നിരന്തര പഠനത്തിനായി യത്‌നിക്കണ മെന്ന് പ്രധാനമന്ത്രി അവരെ ഉദ്‌ബോധിപ്പിച്ചു.
ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെ സംബന്ധിച്ച് സര്‍വ്വീസില്‍ തുടര്‍ പരിശീലനം പരമപ്രധാനമാണ്. കാരണം അത് നിഷ്പക്ഷത ഉറപ്പ് വരുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പൊതുജന പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഗവണ്‍മെന്റ് പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിന് കൂട്ടായ ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം യുവ ഓഫീസര്‍മാരെ ആഹ്വാനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച കാലയളവില്‍ ലഭിച്ച അനുഭവ സമ്പത്ത് ഉള്‍ക്കൊള്ളാന്‍ അദ്ദേഹം ഓഫീസര്‍മാരോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി യുവ ഓഫീസര്‍മാരുടെ അവതരണങ്ങളെ അഭിനന്ദിക്കുകയും, മുന്നോട്ടുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.
‘നിങ്ങളുടെ വിജയം രാജ്യത്തിന് മുഖ്യമാണ്. നിങ്ങളുടെ വിജയത്തിന് നിരവധി ജനങ്ങളുടെ ജീവിതങ്ങളെ പരിവര്‍ത്തിപ്പിക്കാന്‍ കഴിയും.” പ്രധാനമന്ത്രി പറഞ്ഞു.