രാജ്യത്തെ ദ്വീപുകളുടെ സമഗ്ര വികസനത്തിന് കൈക്കൊണ്ടുവരുന്ന നടപടികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. നിതി ആയോഗ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവ നല്‍കിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ദ്വീപുകളുടെ സമഗ്ര വികസനം എന്ന കാഴ്ചപ്പാട് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരണം നടന്നു.
രാജ്യത്ത് തീരത്തുനിന്ന് അകലെയായി 1382 ദ്വീപുകള്‍ ഉള്ളതില്‍ 26 എണ്ണം ആദ്യ ഘട്ടത്തില്‍ സമഗ്രവികസനത്തിനായി പരിഗണിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആന്‍ഡമാനിലും, ലക്ഷദ്വീപിലും ഉള്‍പ്പെടെ രാജ്യത്തെ തീരപ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് ഈ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. അടിസ്ഥാന സൗകര്യം, കൃഷി (ജൈവകൃഷിയും മത്സ്യം വളര്‍ത്തലും ഉള്‍പ്പെടെ), വിനോദ സഞ്ചാരം, കാര്‍ബണ്‍ രഹിത ഊര്‍ജ്ജ ഉല്‍പ്പാദനം തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചായിരിക്കണം വികസനപ്രവര്‍ത്തനം നടത്തേണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ഇന്ത്യയുടെ ദ്വീപ് സമ്പത്തിന്റെ തന്ത്രപരമായ പ്രാധാന്യം എടുത്ത് പറഞ്ഞുകൊണ്ട് ഈ രംഗത്തെ ടൂറിസം സാധ്യതകളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദ്വീപ് വികസനത്തിനുള്ള പദ്ധതികള്‍ വേഗത്തിലാക്കണെമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി, ഈ പ്രക്രിയയില്‍ സൗരോര്‍ജ്ജം വ്യാപകമായി ഉപയോഗപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു.