പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ജമ്മുകാശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഗുരേസ് താഴ്‌വരയില്‍ ഇന്ത്യന്‍ കരസേനയിലെയും, അതിര്‍ത്തി രക്ഷാസേനയിലെയും ജവാന്മാരുമൊത്ത് ദീപാവലി ആഘോഷിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം അദ്ദേഹം അവിടെ ചെലവിട്ടു. അതിര്‍ത്തിയിലെ ജവാന്‍മാരുമൊപ്പം പ്രധാനമന്ത്രി ആഘോഷിക്കുന്ന തുടര്‍ച്ചയായ നാലാമത്തെ ദീപാവലിയാണിത്.
പ്രധാനമന്ത്രി ജവാന്മാര്‍ക്ക് മധുര പലഹാരങ്ങള്‍ നല്‍കുകയും ആശംസകള്‍ കൈമാറുകയും ചെയ്തു.
ജവാന്മാരെ അഭിസംബോധന ചെയ്യവെ, മറ്റെല്ലാവരെയും പോലെ സ്വന്തം കുടുംബത്തോടൊപ്പം ദീപാവലി ദിനം ചെലവിടാനാണ് താനും ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാലാണ് ‘തന്റെ കുടുംബമെന്ന്’ താന്‍ കരുതുന്ന സായുധ സേനകളിലെ ജവാന്മാരോടൊപ്പം വന്ന് ചേര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു."
സായുധ സേനകളിലെ ജവാന്‍മാര്‍ക്കും, പട്ടാളക്കാര്‍ക്കുമൊപ്പം സമയം ചെലവിടുമ്പോള്‍ തനിക്ക് പുതിയ ഊര്‍ജ്ജം കിട്ടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാഠിന്യമേറിയ സാഹചര്യങ്ങളില്‍ അവരുടെ ശരീരദണ്ഡനത്തെയും, ത്യാഗത്തെയും അദ്ദേഹം അഭിനന്ദിച്ചു.
ജവാന്മാര്‍ ഇപ്പോള്‍ യോഗാ പരിശീലനത്തിനായി കൃത്യമായി എത്തുന്നുണ്ടെന്ന് തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് തീര്‍ച്ചയായും അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും ശാന്തത കൈവരുത്താനും സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സായുധസേനകളില്‍ തങ്ങളുടെ സേവനകാലാവധി കഴിഞ്ഞ് പിരിയുന്ന ജവാന്മാര്‍ക്ക് തുടര്‍ന്ന് മികച്ച യോഗാ പരിശീലകരായി മാറാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ടായിരത്തി ഇരുപത്തിരണ്ടില്‍ ഓരോ ഇന്ത്യന്‍ പൗരനും കൈക്കൊള്ളേണ്ട ദൃഢ പ്രതിജ്ഞയെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. തങ്ങളുടെ പതിവ് ജോലികള്‍ കൂടുതല്‍ ലളിതവും, സുരക്ഷിതവുമാക്കുന്നതിന് പുതിയ ആശയങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹം ജവാന്മാരെ ആഹ്വാനം ചെയ്തു. മികച്ച നവീന ആശയങ്ങള്‍ അംഗീകരിക്കപ്പെടുകയും അവയ്ക്ക് കരസേനാ ദിനം, നാവികസേനാ ദിനം, വ്യോമസേനാ ദിനം എന്നീ വേളകളില്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സായുധ സേനാംഗങ്ങളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും സാധ്യമായ എല്ലാതരത്തിലും കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി തീര്‍പ്പാക്കാതെ കിടന്ന ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കിയ കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കരസേനാമേധാവി ജനറല്‍ ബി.എസ്. റാവത്ത്, മറ്റ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും തദ്ദവസരത്തില്‍ സന്നിഹിതരായിരുന്നു.
സന്ദര്‍ശക പുസ്തകത്തില്‍ പ്രധാനമന്ത്രി ഇപ്രകാരം എഴുതി:
‘തങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്നകന്ന്, പരിത്യാഗത്തിന്റെ ഉന്നത പാരമ്പര്യങ്ങള്‍ എടുത്ത് കാട്ടിക്കൊണ്ട്, മാതൃഭൂമിയെ സംരക്ഷിക്കുന്ന രാജ്യത്തിന്റെ അതിര്‍ത്തിയിലെ എല്ലാ പട്ടാളക്കാരും ധീരതയുടെയും, ആത്മാര്‍പ്പണത്തിന്റെയും പ്രതീകങ്ങളാണ്.
നിങ്ങളോടൊപ്പം ദീപാവലി ആഘോഷത്തില്‍ പങ്ക്‌ചേരാന്‍ എനിക്ക് അവസരം ലഭിച്ചു. അതിര്‍ത്തിയില്‍ ധീരരായ പട്ടാളക്കാരുടെ സാന്നിദ്ധ്യം ഈ ആഘോഷവേളയില്‍ പ്രതീക്ഷയുടെ ദീപം കൊളുത്തുകയും കോടിക്കണക്കിന് ഇന്ത്യാക്കാരില്‍ പുതിയൊരു ഊര്‍ജ്ജം ജനിപ്പിക്കുകയും ചെയ്യും.
‘നവ ഇന്ത്യ’ എന്ന സ്വപ്നം നിറവേറ്റാന്‍ നമുക്കേവര്‍ക്കും ഒത്തൊരുമിച്ച് പ്രവര്‍ത്താക്കാനുള്ള ഒരു സുവര്‍ണ്ണ അവസരമാണിത്. കരസേനയും അതിന്റെ ഭാഗമാണ്.
നിങ്ങള്‍ക്കേവര്‍ക്കും ദീപാവലി ആശംസകള്‍.”