2018 ലെ സോള്‍ സമാധാന പുരസ്‌ക്കാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് നല്‍കാന്‍ സോള്‍ സമാധാന സമിതി തീരുമാനിച്ചു. അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താനും, ആഗോള സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനും, ലോകത്തെ അതിവേഗത്തില്‍ വളരുന്ന വന്‍ സമ്പദ്ഘടനയായ ഇന്ത്യയിലെ ജനങ്ങളുടെ മാനവശേഷി ത്വരിതപ്പെടുത്താനും, സാമൂഹിക ഉദ്ഗ്രഥന ശ്രമങ്ങളിലൂടെയും, അഴിമതി വിരുദ്ധ നയങ്ങളിലൂടെയും ജനാധിപത്യത്തിന്റെ വികസനം അഭിവൃദ്ധിപ്പെടുത്തുന്നതിനുമുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന്റെ അംഗീകാരമായിട്ടാണ് ഈ പുരസ്‌ക്കാരം നല്‍കുന്നത്.
സമ്പന്നരും, ദരിദ്രരും തമ്മിലുള്ള സാമൂഹിക, സാമ്പത്തിക അസമത്വം കുറയ്ക്കുന്നതില്‍ ‘മോഡിണോമിക്‌സ്’ വഹിച്ച പങ്കിനെ ശ്ലാഘിച്ചുകൊണ്ട് ഇന്ത്യയുടെയും, ലോകത്തിന്റെയും സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മോദിയുടെ സംഭാവനകളെ സോള്‍ സമാധാന പുരസ്‌ക്കാര സമിതി 2018 ലെ സോള്‍ സമാധാന പുരസ്‌ക്കാരം നല്‍കിക്കൊണ്ട് ആദരിച്ചിരിക്കുകയാണ്. കറന്‍സി റദ്ദാക്കലിലൂടെയും അഴിമതി വിരുദ്ധ നടപടികളിലൂടെയും ഗവണ്‍മെന്റിനെ സംശുദ്ധമാക്കാനുള്ള പ്രധാനമന്ത്രിയുടെ ഉദ്യമങ്ങളെ സമിതി പ്രകീര്‍ത്തിച്ചു. ‘ആക്ട് ഈസ്റ്റ് നയം’ ‘മോദി ഡോക്ട്രിന്‍’ എന്നിവയ്ക്ക് കീഴില്‍ ലോക രാഷ്ട്രങ്ങളുമായി പരപ്രേരണകൂടാതെ മുന്‍കൈയെടുക്കാന്‍ സന്നദ്ധത കാട്ടുന്ന വിദേശ നയത്തിലൂടെ മേഖലയിലും, ആഗോളതലത്തിലും സമാധാനം കൈവരിക്കുന്നതിലുള്ള പ്രധാനമന്ത്രി മോദിയുടെ സംഭാവനകളെയും സമിതി അംഗീകരിച്ചു. ഈ പുരസ്‌ക്കാരം കിട്ടുന്ന 14-ാമത്തെ വ്യക്തിയാണ് പ്രധാനമന്ത്രി മോദി.
കൊറിയയുമായുള്ള ഇന്ത്യയുടെ സൗഹൃദം വര്‍ദ്ധിപ്പിക്കുന്നതിന്റെ വെളിച്ചത്തില്‍ അഭിമാനകരമായ ഈ ബഹുമതിക്ക് നന്ദി പ്രകാശിപ്പിച്ച് കൊണ്ട് പ്രധാനമന്ത്രി മോദി പുരസ്‌ക്കാരം സ്വീകരിക്കാന്‍ സമ്മതം അറിയിച്ചു. ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ സമയത്ത് സോള്‍ സമാധാന സമിതി പുരസ്‌ക്കാരം സമ്മാനിക്കും.
പശ്ചാത്തലം
കൊറിയയിലെ സോളില്‍ നടന്ന 24-ാമത് ഒളിംപിക് മത്സരങ്ങളുടെ വിജയത്തെ അനുസ്മരിക്കാന്‍ 1990 ലാണ് കൊറിയന്‍ സമാധാന പുരസ്‌ക്കാരം സ്ഥാപിതമായത്. 160 രാഷ്ട്രങ്ങള്‍ പങ്കെടുത്ത ആ മത്സരത്തിന് സൗഹൃദവും, ഒത്തൊരുമയും വളര്‍ത്താനും, സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും അന്തരീക്ഷം ലോകമാസകലം സൃഷ്ടിക്കാനും കഴിഞ്ഞു. കൊറിയന്‍ ഉപഭൂഖണ്ഡത്തിലും, ലോകത്ത് മറ്റെല്ലായിടത്തും സമാധാനത്തിന് വേണ്ടിയുള്ള കൊറിയന്‍ ജനതയുടെ അഭിവാഞ്ഛ വ്യക്തമാക്കുന്നതിനാണ് സോള്‍ സമാധാന പുരസ്‌ക്കാരം സ്ഥാപിക്കപ്പെട്ടത്.
മാനവരാശിയുടെ പൊരുത്തപ്പെടലിനും, രാജ്യങ്ങള്‍ തമ്മിലുള്ള ഒത്തൊരുമയ്ക്കും, ലോകസമാധാനത്തിനും സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ സോള്‍ സമാധാന പുരസ്‌ക്കാരം നല്‍കുന്നത്. മുന്‍പ് ഈ പുരസ്‌ക്കാരത്തിന് അര്‍ഹരായ വിഖ്യാത ആഗോള വ്യക്തിത്വങ്ങളില്‍ മുന്‍ യു.എന്‍. സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍, ജര്‍മ്മന്‍ പ്രസിഡന്റ് ആഞ്ചല മെര്‍ക്കല്‍ തുടങ്ങിയവരും വിഖ്യാത അന്താരാഷ്ട്ര സഹായ സംഘടനകളായ ഓക്‌സ്ഫാം, ഡോക്‌ടേഴ്‌സ് വിത്ത് ഔട്ട് ബോര്‍ഡേഴ്‌സ് മുതലായവയും ഉള്‍പ്പെടും. ലോകമെമ്പാടും നിന്നുമുള്ള 1,300 ലധികം നാമനിര്‍ദ്ദേശങ്ങളില്‍ നിന്നുള്ള നൂറിലധികം മത്സരാര്‍ത്ഥികളെ വിലയിരുത്തിയ ശേഷമാണ് 2018 ലെ സോള്‍ സമാധാന പുരസ്‌ക്കാരത്തിന് തികച്ചും അര്‍ഹതയുള്ള വ്യക്തിയായി കണ്ടെത്തിക്കൊണ്ട് പ്രധാനമന്ത്രി മോദിക്ക് നല്‍കാന്‍ പുരസ്‌ക്കാര സമിതി തീരുമാനിച്ചത്.