ഡെല്‍ഹിയില്‍ നടന്ന നാഷണല്‍ കെഡറ്റ് കോര്‍പ്‌സ് റാലിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച അദ്ദേഹം വിവിധ എന്‍.സി.സി. വിഭാഗങ്ങളുടെയും സൗഹാര്‍ദം പുലര്‍ത്തുന്ന അയല്‍രാഷ്ട്രങ്ങളിലെ കെഡറ്റുകളുടെയും മാര്‍ച്ച് പാസ്റ്റ് അവലോകനം ചെയ്യുകയുമുണ്ടായി.
ബോഡോ ആന്‍ഡ് ബ്രു-റിയാങ് കരാര്‍
വടക്കുകിഴക്കന്‍ മേഖലയില്‍ വികസനം യാഥാര്‍ഥ്യമാക്കാന്‍ നടത്തിവരുന്ന ശ്രമങ്ങള്‍ വിശദീകരിക്കവേ, നേരത്തേ ഈ മേഖല അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു എന്നും തീവ്രവാദം ശക്തിപ്രാപിക്കുകയും ഒട്ടേറെ നിഷ്‌കളങ്കര്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഗവണ്‍മെന്റ് വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിനായി അഭൂതപൂര്‍വമായ നിലയില്‍ പദ്ധതികള്‍ നടപ്പാക്കുന്നതോടൊപ്പം ബന്ധപ്പെട്ട എല്ലാവരുമായി തുറന്ന മനസ്സോടെ ചര്‍ച്ച നടത്തുകയും ചെയ്തുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതേത്തുടര്‍ന്നാണു ബോഡോ കരാര്‍ യാഥാര്‍ഥ്യമായത്. ഇങ്ങനെയാണു യുവ ഇന്ത്യ ചിന്തിക്കുന്നത്.
മിസോറാമും ത്രിപുരയും തമ്മിലുള്ള ബ്രു-റിയാങ് കരാറിനെത്തുടര്‍ന്ന് ബ്രു ഗോത്രവര്‍ഗത്തെ സംബന്ധിച്ചുള്ളതും 23 വര്‍ഷമായി നിലനില്‍ക്കുന്നതുമായ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഇങ്ങനെയാണു യുവ ഇന്ത്യ ചിന്തിക്കുന്നത്. എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടും എല്ലാവര്‍ക്കും വികസനം യാഥാര്‍ഥ്യമാക്കിയും എല്ലാവരുടെയും വിശ്വാസം ആര്‍ജിച്ചും നാം രാജ്യത്തെ മുന്നോട്ടു കൊണ്ടുപോവുകയാണെന്നു പ്രധാനമന്ത്രി അവകാശപ്പെട്ടു.
പൗരത്വ (ഭേദഗതി) നിയമം
പൗരത്വ (ഭേദഗതി) നിയമം സംബന്ധിച്ച വസ്തുത എന്തെന്നു രാജ്യത്തെ യുവാക്കള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം നേടിയ വേളയില്‍ സ്വതന്ത്ര ഇന്ത്യ പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയും ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും ആവശ്യമെങ്കില്‍ ഇന്ത്യയിലേക്കു വരാന്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു. അവര്‍ക്കു നല്‍കിയ വാഗ്ദാനത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഇതു ഗാന്ധിജിയുടെ ആഗ്രഹം കൂടി ആയിരുന്നു എന്നും 1950ല്‍ ഒപ്പുവെക്കപ്പെട്ട നെഹ്രു-ലിയാഖത്ത് കരാറിന്റെ സത്ത ഇതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ‘ഈ രാജ്യങ്ങളില്‍ വിശ്വാസത്തിന്റെ പേരില്‍ പീഡനം നേരിടുന്നവര്‍ക്കു രാഷ്ട്രീയ അഭയവും പൗരത്വവും നല്‍കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍, അത്തരത്തിലുള്ള ആയിരക്കണക്കിനു പേര്‍ക്കു പൗരത്വം നിഷേധിക്കപ്പെട്ടു’, പ്രധാനമന്ത്രി പറഞ്ഞു. ‘അത്തരക്കാരോടു കാട്ടിയ ചരിത്രപരമായ അനീതി അവസാനിപ്പിക്കുന്നതിനായാണ് ഇപ്പോള്‍ നമ്മുടെ ഗവണ്‍മെന്റ് പൗരത്വ (ഭേദഗതി) നിയമം കൊണ്ടുവന്നത്. പഴയകാലത്തു നല്‍കിയ വാഗ്ദാനം പൂര്‍ത്തീകരിക്കുന്നതിനായി അത്തരക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയാണു ലക്ഷ്യം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഭജനകാലത്ത് ഏറെപ്പേര്‍ ഇന്ത്യ വിട്ടെന്നും എന്നാല്‍ അവര്‍ക്ക് ഇവിടെ ഉണ്ടായിരുന്ന സ്വത്തുവകകളില്‍ അവകാശം നിലനിര്‍ത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദശലക്ഷക്കണക്കിനു കോടി രൂപ മൂല്യം വരുന്ന ഈ സ്വത്തുക്കളില്‍ ഇന്ത്യക്ക് അവകാശമുണ്ടായിരുന്നിട്ടും ദശാബ്ദങ്ങളോളം ഇവ ഉപയോഗപ്പെടുത്താതെ അനിശ്ചിതത്വം നിലനിര്‍ത്തി. ഇത്തരം സ്ഥലങ്ങള്‍ ഇന്ത്യയുടേതാണെന്നു സ്ഥാപിക്കുന്ന നിയമം നടപ്പാക്കിയപ്പോള്‍ എതിര്‍പ്പുയര്‍ത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ പൗരത്വ (ഭേദഗതി) നിയമത്തിനെതിരെയും എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്‍ഡോ ബംഗ്ലാദേശ് അതിര്‍ത്തിത്തര്‍ക്കം
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ഗൗരവമേറിയ ശ്രമം ഉണ്ടായിരുന്നില്ലെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. അതിര്‍ത്തിത്തര്‍ക്കം അവസാനിക്കാത്തിടത്തോളം നുഴഞ്ഞുകയറ്റം തടയാന്‍ സാധിക്കില്ല. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാതെ തുടരുന്നതു നുഴഞ്ഞുകയറ്റക്കാര്‍ക്കു മുന്നില്‍ വഴി തുറന്നിടുകയാണ്. ഇതു പ്രശ്‌നം നീളാനിടയാക്കും.
ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ കേട്ടും പരസ്പരം മനസ്സിലാക്കാന്‍ ശ്രമിച്ചും പരിഹാരം കണ്ടെത്തിക്കൊണ്ടാണ് ബംഗ്ലാദേശുമായുള്ള അതിര്‍ത്തിത്തര്‍ക്കം ഈ ഗവണ്‍മെന്റ് പരിഹരിച്ചത്. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കപ്പെട്ടു എന്നു മാത്രമല്ല, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ചരിത്രപരമായി ഏറ്റവും ഉയര്‍ന്ന നിലയിലാവുകയും ചെയ്തു എന്നതു സംതൃപ്തിജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും ഒരുമിച്ചു ദാരിദ്ര്യത്തിനെതിരെ പോരാടുകയാണ് ഇപ്പോള്‍.
കതാര്‍പൂര്‍ ഇടനാഴി
വിഭജനം വഴി കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര നമുക്കു നഷ്ടമായെന്നും ആ പ്രദേശം പാക്കിസ്ഥാന്റെ ഭാഗമായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുരുനാനാക്കിന്റെ നാടാണ് കര്‍താര്‍പൂര്‍. കോടിക്കണക്കിനു പൗരന്‍മാരുടെ വിശ്വാസം ആ വിശുദ്ധ സ്ഥലവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കര്‍താര്‍പൂറില്‍ എളുപ്പത്തില്‍ എത്തിച്ചേരാനും ഗുരുഭൂമി കാണാനും ദശാബ്ദങ്ങളായി സിഖ് മത വിശ്വാസികള്‍ കാത്തിരിക്കുകയായിരുന്നു എന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ഗവണ്‍മെന്റ് കര്‍താര്‍പൂര്‍ ഇടനാഴി നിര്‍മിച്ചതോടെ ഇതു സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.