പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 21, 22 തീയതികളിൽ ന്യൂഡൽഹിയിൽ നടന്ന പോലീസ് ഡയറക്ടർ ജനറൽമാരുടെ / ഇൻസ്പെക്ടർ ജനറൽമാരുടെ 57-ാമത് അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുത്തു.
പോലീസ് സേനയെ കൂടുതൽ സംവേദനക്ഷമമാക്കാനും, വളർന്നുവരുന്ന സാങ്കേതിക വിദ്യകളിൽ അവരെ പരിശീലിപ്പിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഏജൻസികൾ തമ്മിലുള്ള ഡാറ്റാ കൈമാറ്റം സുഗമമാക്കുന്നതിന് ദേശീയ ഡാറ്റാ ഗവേണൻസ് ചട്ടക്കൂടിന്റെ പ്രാധാന്യം അദ്ദേഹം ഊന്നി പറഞ്ഞു . ബയോമെട്രിക്‌സ് മുതലായ സാങ്കേതിക വിദ്യകൾ നാം കൂടുതൽ പ്രയോജനപ്പെടുത്തുമ്പോൾ തന്നെ, കാൽനട പട്രോളിംഗ് പോലുള്ള പരമ്പരാഗത പോലീസിംഗ് സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . കാലഹരണപ്പെട്ട ക്രിമിനൽ നിയമങ്ങൾ റദ്ദാക്കാനും സംസ്ഥാനങ്ങളിലുടനീളമുള്ള പോലീസ് സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താനും അദ്ദേഹം നിർദേശിച്ചു . ജയിൽ മാനേജ്മെന്റ് മെച്ചപ്പെടുത്താൻ ജയിൽ പരിഷ്കരണങ്ങൾ പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഉദ്യോഗസ്ഥരുടെ ഇടയ്‌ക്കിടെ സന്ദർശനം സംഘടിപ്പിച്ച് അതിർത്തിയും തീരസുരക്ഷയും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു .
കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും മികച്ച സമ്പ്രദായങ്ങൾ പങ്കുവയ്ക്കുന്നതിനുമായി കേന്ദ്ര - സംസ്ഥാന പോലീസ് ഏജൻസികൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഊന്നൽ നൽകി. ഉയർന്നുവരുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും അവരുടെ ടീമുകൾക്കിടയിൽ മികച്ച രീതികൾ വികസിപ്പിക്കുന്നതിനുമായി സംസ്ഥാന/ജില്ലാ തലങ്ങളിൽ ഡിജിഎസ്പി / ഐജിഎസ്പി സമ്മേളനത്തിന്റെ മാതൃക ആവർത്തിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
വിശിഷ്ട സേവനങ്ങൾക്കുള്ള പോലീസ് മെഡലുകൾ പ്രധാനമന്ത്രി വിതരണം ചെയ്തതിന് ശേഷമാണ് സമ്മേളനം സമാപിച്ചത്.
ഭീകരവാദം, സായുധകലാപങ്ങൾ ചെറുക്കൽ , സൈബർ സുരക്ഷ എന്നിവയുൾപ്പെടെ പോലീസിങ്ങിന്റെയും ദേശീയ സുരക്ഷയുടെയും വിവിധ വശങ്ങൾ സമ്മേളനം ചർച്ച ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി, ആഭ്യന്തര സഹമന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാനങ്ങളിലെ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഡിജിഎസ്പി/ഐജിഎസ്പി, കേന്ദ്ര പൊലീസ് സംഘടനകൾ/കേന്ദ്ര സായുധ പൊലീസ് സേനാ മേധാവികൾ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി വിവിധ തലങ്ങളിലുള്ള 600-ഓളം ഉദ്യോഗസ്ഥർ സമ്മേളനത്തിൽ പങ്കെടുത്തു.