മദ്ധ്യ പ്രദേശിലെ തെക്കന്‍പൂരിലുള്ള ബി.എസ്.എഫ് അക്കാദമിയില്‍ നടന്ന പോലീസ് ഡയറക്ടര്‍ ജനറല്‍മാരുടെയും, ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെയും സമ്മേളനത്തിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
ഡല്‍ഹിക്ക് പുറത്തേയ്ക്ക് സമ്മേളന വേദി മാറ്റിയ 2014 മുതല്‍ സമ്മേളനത്തിന്റെ സ്വഭാവത്തിലും, വ്യാപ്തിയിലും ഉണ്ടായ മാറ്റം പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ മാറ്റത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യം നേരിടുന്ന ഉത്തരവാദിത്വത്തിന്റെയും വെല്ലുവിളികളുടെയും പശ്ചാത്തലത്തില്‍ ഈ സമ്മേളനം ഏറെ പ്രസക്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമ്മേളനത്തിന്റെ പുതിയ രൂപം ചര്‍ച്ചകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഗണ്യമായി വഴി തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സംരക്ഷിക്കുന്നതില്‍ രാജ്യത്തിന്റെ സുരക്ഷാ സംവിധാനം കാഴ്ചവയ്ക്കുന്ന ജോലിയെ അദ്ദേഹം അഭിനന്ദിച്ചു. തികച്ചും വിപരീത പരിതസ്ഥിതികളില്‍ ജോലി ചെയ്യേണ്ടിവന്നിട്ട് പോലും തങ്ങളുടെ നേതൃപാഠവം പ്രദര്‍ശിപ്പിച്ചവരാണ് സദസ്സില്‍ സന്നിഹിതരായിട്ടുള്ളവരെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ സമ്മേളനത്തിലെ ചര്‍ച്ചകളുടെ ഫലമായി പോലീസ് സേനയ്ക്ക് ഒരു ലക്ഷ്യം വ്യക്തമായി നിര്‍വ്വചിക്കപ്പെട്ടാല്‍ അതിന്റെ നടത്തിപ്പിന് വളരെയേറെ യോജിപ്പുള്ളതായി കാണാം. പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള കൂടുതല്‍ സമഗ്രമായ ചിത്രം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കാന്‍ ഈ സമ്മേളനം സഹായിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ കൂടുതല്‍ വിശാലാധിഷ്ടിതമായി മാറി. ഇത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പുതിയ കാഴ്ചപ്പാട് നല്‍കാന്‍ സഹായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സമ്മേളനത്തിന് കൂടുതല്‍ മൂല്യം പകരാനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യവെ, ഇതിന്റെ തുടര്‍ നടപടികള്‍ പ്രവര്‍ത്തക ഗ്രൂപ്പുകളിലൂടെ വര്‍ഷം മുഴുവന്‍ തുടരണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. യുവ ഉദ്യോഗസ്ഥരെ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഈ പശ്ചാത്തലത്തില്‍ അദ്ദേഹം എടുത്ത് പറഞ്ഞു. ഈ പ്രക്രിയയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതില്‍ ഇത് വലിയൊരു അളവില്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമ വിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതില്‍ ആഗോള തലത്തില്‍ തന്നെ അഭിപ്രായ സമന്വയം രൂപപ്പെട്ട് വരികയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇത് കൈവരിക്കുന്നതില്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകുമെന്നും പറഞ്ഞു. തുറന്ന സമീപനത്തിന് ലോകമെങ്ങും വര്‍ദ്ധിച്ച തോതില്‍ സ്വീകാര്യത കൈവരുന്നത് പോലെ സുരക്ഷാ വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ തമ്മിലും കൂടുതല്‍ തുറന്ന സമീപനത്തിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുറംതോടുകള്‍ പൊളിച്ച് സംസ്ഥാനങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നത് ഏവരെയും സുരക്ഷിതരാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘നാമെല്ലാം ഒത്തുചേര്‍ക്കപ്പെട്ട അസ്ഥിത്വമല്ല, മറിച്ച് ജൈവീകമായ അസ്ഥിത്വമാണ്’, അദ്ദേഹം ഊന്നി പറഞ്ഞു.
സൈബര്‍ സുരക്ഷാ വിഷയങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന ലഭിക്കണമെന്നും അവ ഉടന്‍തന്നെ കൈകാര്യം ചെയ്യണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഈ സാഹര്യത്തില്‍ സാമൂഹിക മാധ്യമങ്ങളുടെ പ്രാധാന്യം അദ്ദേഹം എടുത്ത് പറഞ്ഞു. സന്ദേശങ്ങള്‍ കൂടുതല്‍ ഫലപ്രദമാകാന്‍ അവ പ്രാദേശിക ഭാഷയിലായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മൗലികവാദത്തിന്റെ കാര്യത്തിലും പ്രശ്‌ന മേഖലകള്‍ കൃത്യമായി കണ്ടെത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രധാനമന്ത്രി ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്ക് സമ്മാനിച്ചു. മെഡല്‍ ജേതാക്കളായ ഐ.ബി. ഉദ്യോഗസ്ഥരെ അവരുടെ സേവനത്തോടുള്ള സമര്‍പ്പണത്തിനും, പ്രതിബദ്ധതയ്ക്കും പ്രധാനമന്ത്രി അഭിനന്ദിച്ചു.