ദേശീയ യുവജനദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രണ്ടു വീഡിയോ കോണ്‍ഫറന്‍സുകളെ അഭിസംബോധന ചെയ്തു.
ഗ്രേറ്റര്‍ നോയിഡയിലെ ഗൗതമബുദ്ധ സര്‍വകലാശാലയില്‍ നടക്കുന്ന ദേശീയ യുവജനോത്സവം 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം പ്രധാനമന്ത്രി ആരംഭിച്ചത് പി.എസ്.എല്‍.വി.-സി.40 വിജയകരമായി വിക്ഷേപിച്ചതിന് ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ചുകൊണ്ടാണ്. ബഹിരാകാശത്തു നാം നടത്തുന്ന കാല്‍വെപ്പുകള്‍ നമ്മുടെ പൗരന്മാര്‍ക്ക് ഗുണംചെയ്യുകയും നമ്മുടെ വികസനയാത്രയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
2017 ഡിസംബറില്‍ മന്‍ കീ ബാത്തിലൂടെ ജില്ലകളിലെ മോക്ക് പാര്‍ലമെന്റുകള്‍ സംഘടിപ്പിക്കണമെന്നു താന്‍ അഭ്യര്‍ഥിച്ചിരുന്നത് അദ്ദേഹം അനുസ്മരിച്ചു. ഇത്തരം സംഗമങ്ങള്‍ യുവാക്കളില്‍ സംവാദത്തോടുള്ള താല്‍പര്യം വര്‍ധിപ്പിക്കും. 1947നു ശേഷം ജനിച്ചവര്‍ക്കു സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കിലും തങ്ങളുടെ ജീവിതം സ്വാതന്ത്ര്യത്തിനായി അര്‍പ്പിച്ചവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കി മാറ്റുന്നതിനുള്ള അവസരമുണ്ടെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ സ്വപ്‌നം കണ്ട ഇന്ത്യ സൃഷ്ടിക്കാന്‍ സാധിക്കണെന്നു ശ്രീ. നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
നമ്മുടെ യുവാക്കളെ തൊഴില്‍ സൃഷ്ടിക്കുന്നവരാക്കി മാറ്റാന്‍ സാധിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. അവര്‍ പുതുമകള്‍ കണ്ടെത്തുന്നവരായിരിക്കണം. ഇന്നത്തെ യുവത്വത്തിനു ധൈര്യമോ ക്ഷമയോ ഇല്ലെന്നു ചിലര്‍ പറയുന്നുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ രണ്ടു ഗുണങ്ങളുമാണു പുതുമകള്‍ തേടാനുള്ള ത്വര യുവാക്കളില്‍ ജനിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചിന്തകളെ വഴിതിരിച്ചുവിടാനും പുതുമയാര്‍ന്ന കാര്യങ്ങള്‍ ചെയ്യാനും ഇതു നമ്മുടെ യുവാക്കളെ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട്‌സ് ജീവിതത്തിന്റെ ഭാഗമാക്കാന്‍ തയ്യാറാകണമെന്നു യുവാക്കളോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
കര്‍ണാടകയിലെ ബെലഗവിയില്‍ ദേശീയ യുവജന ദിനത്തോടും ധര്‍മസഭയോടും അനുബന്ധിച്ചു നടന്ന പരിപാടിയെ അഭിസംബോധന ചെയ്യവേ, സാഹോദര്യത്തിനാണു സ്വാമി വിവേകാനന്ദന്‍ ഊന്നല്‍ നല്‍കിയിരുന്നതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ ക്ഷേമം ഇന്ത്യയുടെ വികസനത്തില്‍ അധിഷ്ഠിതമാണെന്നാണു സ്വാമി വിവേകാനന്ദന്‍ വിശ്വസിച്ചിരുന്നതെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യയെക്കുറിച്ചു പാശ്ചാത്യലോകത്തു പ്രചരിച്ചിരുന്ന പല ദുഷ്പ്രചരണങ്ങളും തെറ്റാണെന്നു തെളിയിക്കാന്‍ സ്വാമി വിവേകാനന്ദനു സാധിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വാമി വിവേകാനന്ദന്‍ സാമൂഹിക തിന്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തു.
ചില ശക്തികള്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ഗൂഢശ്രമം നടത്തുകയാണെന്നും ഈ രാജ്യത്തെ യുവാക്കള്‍ അവര്‍ക്കു ശക്തമായ മറുപടി നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ യുവാക്കളെ ഒരിക്കലും തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വച്ഛ് ഭാരത് ദൗത്യം മുന്നോട്ടുകൊണ്ടുപോകുന്നത് ഇന്ത്യയിലെ യുവാക്കളാണെന്നു പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തെ സേവിക്കുകയും പരിഷ്‌കരിക്കുകയും ചെയ്ത ഒട്ടേറെ സന്യാസിമാര്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സേവാഭാവം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെങ്ങും നിസ്വാര്‍ഥമായി സമൂഹത്തെ സേവിക്കുന്ന എത്രയോ വ്യക്തികളും സംഘടനകളും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്തു വിസര്‍ജിക്കുന്നത് ഒട്ടുമില്ലാത്ത രാജ്യമായി ഇന്ത്യയെ മാറ്റിയെടുക്കണമെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
Click here to read PM's speech at Gautam Buddha University in Noida