പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രപതി ഭവനില്‍ ഇന്ന് 49-ാമത് ഗവര്‍ണര്‍മാരുടെ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തു.
കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളുടെയും, സംരംഭങ്ങളുടെയും പരമാവധി പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കത്തക്ക തരത്തില്‍ ഗവര്‍ണര്‍മാര്‍മാര്‍ക്ക് പൊതു ജീവിതത്തിന്റെ നാനാതുറകളിലെ തങ്ങളുടെ പരിചയ സമ്പത്ത് എങ്ങനെ വിനിയോഗിക്കാം എന്നതിനെ കുറിച്ച് പ്രധാനമന്ത്രി ദീര്‍ഘമായി സംസാരിച്ചു. നമ്മുടെ രാജ്യത്തെ ഭരണഘടനയുടെ ചട്ടക്കൂടിനും, ഫെഡറല്‍ ഘടനയ്ക്കും ഉള്ളില്‍ നിന്നുകൊണ്ട് സുപ്രധാന പങ്കാണ് ഗവര്‍ണര്‍ പദവിക്ക് നിര്‍വ്വഹിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, സാമ്പത്തിക ഉള്‍ച്ചേരല്‍ എന്നീ രംഗങ്ങളിലെ ഗവണ്‍മെന്റിന്റെ സംരംഭങ്ങള്‍ ആദിവാസി സമൂഹങ്ങള്‍ക്ക് പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുന്നതില്‍, ഗണ്യമായ ആദിവാസി ജനസംഖ്യയുള്ള സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാര്‍ക്ക് സഹായിക്കാനാവുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമരത്തില്‍ ഗിരിവര്‍ഗ്ഗ സമൂഹങ്ങള്‍ മുഖ്യ പങ്കാണ് വഹിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിനെ അംഗീകരിക്കുകയും, ഡിജിറ്റല്‍ മ്യൂസിയം പോലുള്ള വേദികള്‍ ഉപയോഗിച്ച് അവ ഭാവിയിലേയ്ക്ക് രേഖപ്പെടുത്തി സൂക്ഷിക്കുകയും വേണമെന്ന് നിര്‍ദ്ദേശിച്ചു.
ഗവര്‍ണര്‍മാര്‍ സര്‍വ്വകലാശാല ചാന്‍സലര്‍മാര്‍ കൂടിയാണ്. ജൂണ്‍ 21 നുള്ള അന്താരാഷ്ട്ര യോഗാ ദിനം യുവാക്കള്‍ക്കിടയില്‍ യോഗയെ കുറിച്ച് വര്‍ദ്ധിച്ച അവബോധം വളര്‍ത്താനുള്ള അവസരമായി ഉപയോഗിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ സര്‍വ്വകലാശാലകള്‍ക്ക് മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി ആഘോഷങ്ങളുടെ കേന്ദ്ര ബിന്ദുവായി മാറാമെന്നും അദ്ദേഹം ഊന്നി പറഞ്ഞു.
ദേശീയ പോഷകാഹാര ദൗത്യം, ഗ്രാമങ്ങളുട വൈദ്യുതീകരണം അഭിലാഷ ജില്ലകളുടെ വികസന മാനദ്ണ്ഡങ്ങള്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. വൈദ്യുതീകരണത്തിന്റെ ഗുണഫലങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അടുത്തിടെ വൈദ്യുതീകരിച്ച ഏതാനും ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
അടുത്തിടെ, ഏപ്രില്‍ 14-ാം തീയതി മുതല്‍ ആരംഭിച്ച ഗ്രാമസ്വരാജ് യത്ജ്ഞത്തില്‍ ഗവണ്‍മെന്റിന്റെ ഏഴ് സുപ്രധാന പദ്ധതികള്‍ 16,000 ലധികം ഗ്രാമങ്ങളില്‍ പൂര്‍ണ്ണമായി നടപ്പിലാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. ജനപങ്കാളിത്തത്തോടെ ഈ ഗ്രാമങ്ങള്‍ നിരവധി പ്രശ്‌നങ്ങളില്‍ നിന്ന് മുക്തമായി. ആഗസ്റ്റ് 15 നകം പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാമസ്വരാജ് യജ്ഞം 65,000 ഗ്രാമങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷത്തെ 50-ാമത് ഗവര്‍ണര്‍മാരുടെ സമ്മേളനത്തിനായുള്ള ആസൂത്രണം ഇപ്പോഴെ തുടങ്ങണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഈ വാര്‍ഷിക സമ്മേളനത്തെ കൂടുതല്‍ ഉല്‍പ്പാദനപരമാക്കുക എന്നതിലായിരിക്കണം ഊന്നലെന്ന് അദ്ദേഹം പറഞ്ഞു.