കേന്ദ്ര ഗവണ്‍മെന്റില്‍ അടുത്തിടെ അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമനം ലഭിച്ച 2017 ബാച്ചിലെ 160 യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ആശയവിനിമയം നടത്തി.
മുസൂറിയിലെ പരിശീലന വേളയില്‍ ഇവരുമായി നടത്തിയ കൂടിക്കാഴ്ച പ്രധാനമന്ത്രി അനുസ്മരിച്ചു.
ഫീല്‍ഡ് പരിശീലന കാലയളവിലെ തങ്ങളുടെ അനുഭവങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയത്തിനിടെ ഉദ്യോഗസ്ഥര്‍ പങ്ക് വച്ചു. മുസൂറിയിലെ പരിശീലന ക്ലാസുകളുമായി തങ്ങളുടെ അനുഭവങ്ങളെ അവര്‍ ബന്ധപ്പെടുത്തി. വികസനം കാംക്ഷിക്കുന്ന ജില്ലകളില്‍ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥര്‍ നൂതന സംരംഭങ്ങള്‍ ഇവിടങ്ങളില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതിനെ കുറിച്ച് വിവരിച്ചു.
ഈ ഉദ്യോഗസ്ഥര്‍ക്ക് വരുന്ന മൂന്ന് മാസക്കാലയളവില്‍ കേന്ദ്ര ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് സേവനം അനുഷ്ഠിക്കാന്‍ ലഭിക്കുന്ന അവസരം പരമ പ്രധാനമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, നല്ലതുപോലെ ആലോചിച്ച് രൂപം കൊടുത്ത പ്രക്രിയയാണിതെന്നും ചൂണ്ടിക്കാട്ടി. ഈ കാലയളവില്‍ ഓരോ ഉദ്യോഗസ്ഥര്‍ക്കും നയരൂപീകരണത്തില്‍ സ്വാധീനം ചെലുത്താന്‍ അവരസം ലഭിക്കുമെന്ന് അവര്‍ പറഞ്ഞു.
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പുതിയ സമീപനങ്ങള്‍ കൈക്കൊള്ളാനും, നൂതന കാഴ്ചപ്പാടുകാളും, ആശയങ്ങളും മുന്നോട്ട് വയ്ക്കാനും പ്രധാനമന്ത്രി ഉദ്യോഗസ്ഥരെ പ്രോത്‌സാഹിപ്പിച്ചു. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ നവീനത്വവും, പുതുമയും കൊണ്ടുവരികയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അനുഭവസമ്പത്തും, പുതുമയും കൂടിച്ചേരുന്നത് സംവിധാനത്തിന് ഗുണകരമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ക്ക് ലഭിക്കുന്ന ജോലികളെ പുതുമയാര്‍ന്നതും, ജനകേന്ദ്രീകൃതവുമായ കാഴ്ചപ്പാടോടെ സമീപിക്കണമെന്ന് പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു. പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഫീല്‍ഡില്‍ തങ്ങള്‍ക്ക് അടുത്തിടെ ലഭിച്ച അനുഭവ പരിജ്ഞാനത്തെ ഡല്‍ഹിയില്‍ തങ്ങള്‍ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെയും, പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.
ഇന്ത്യയിലെ സിവില്‍ സര്‍വ്വീസിലെ ശില്‍പ്പി എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭ ഭായ് പട്ടേലിന്റെ ജീവിതത്തെയും, നേട്ടങ്ങളെയും പ്രതിബാധിക്കുന്ന ഒരു ദൃശ്യ ശ്രാവ്യ ചിത്രവും ഈ വേളയില്‍ പ്രദര്‍ശിപ്പിച്ചു.