‘ന്യൂ ഇന്ത്യ-മന്ഥന്‍’ എന്ന ആശയവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ എല്ലാ ജില്ലകളിലെയും കലക്ടര്‍മാരെയും വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ആദ്യമായി നടത്തിയ ജില്ലാ കലക്ടര്‍മാരുമായുള്ള ആശയവിനിമയത്തിലൂടെ ‘ന്യൂ ഇന്ത്യ-മന്ഥന്‍’ താഴെത്തട്ടില്‍ സജീവമാക്കുകയാണു ലക്ഷ്യംവെക്കുന്നത്.
‘നിശ്ചയദാര്‍ഢ്യത്തിലൂടെ നേട്ടം’ എന്ന മന്ത്രവുമായി അന്തര്‍ലീനമായ ബന്ധമുള്ള ദിവസമാണ് ഓഗസ്റ്റ് ഒന്‍പതെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. യൂവജനതയുടെ ഇച്ഛാശക്തിയെയും ഉല്‍ക്കര്‍ഷേച്ഛയെയും പ്രതീകവല്‍ക്കരിക്കുന്ന ദിവസമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ മുതിര്‍ന്ന നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടതും യുവനേതാക്കള്‍ സമരം വിജയകരമായി മുന്നോട്ടുകൊണ്ടുപോയതും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
യുവാക്കള്‍ നേതൃത്വപരമായ പങ്കു വഹിക്കുമ്പോള്‍ ലക്ഷ്യം നേടാന്‍ സാധിക്കുമെന്ന് ഉറപ്പാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. കലക്ടര്‍മാര്‍ അതതു ജില്ലകളുടെ പ്രതിനിധികള്‍ മാത്രമല്ലെന്നും അതതു മേഖലയിലെ യുവത്വത്തിന്റെ പ്രതിനിധികള്‍ കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിനായി സ്വയം സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചവരെന്ന നിലയില്‍ കലക്ടര്‍മാര്‍ ഭാഗ്യമുള്ളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
2022 ആകുമ്പോഴേക്കും യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുന്ന ചില ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഓരോ വ്യക്തിയും കുടുംബവും സംഘടനയും ശ്രമിക്കണമെന്നു ഗവണ്‍മെന്റ് അഭ്യര്‍ഥിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്‍ ചില ജില്ലകള്‍ പിന്നിലാണെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഏറ്റവും പിന്നോക്കം നില്‍ക്കുന്ന നൂറു ജില്ലകളിലെ സാമൂഹ്യ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സാധിച്ചാല്‍ അതു രാജ്യത്തെ വികസന സൂചികകള്‍ക്കു വലിയ ഉത്തേജനം പകരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു ദൗത്യമായി കണക്കാക്കി പ്രവര്‍ത്തിക്കേണ്ടതു പിന്നോക്ക ജില്ലകളിലെ കലക്ടര്‍മാരുടെ ഉത്തരവാദിത്തമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ചില പ്രത്യേക മേഖലകളിലോ പദ്ധതികളിലോ നേട്ടമുണ്ടാക്കാന്‍ സഹായകമായ മാതൃകകള്‍ മറ്റു ജില്ലകളില്‍നിന്നു പകര്‍ത്തുന്നതിനെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
ജില്ലയെക്കുറിച്ചുള്ള വീക്ഷണം അടങ്ങുന്നതോ ദൃഢപ്രതിജ്ഞ ഉള്‍ക്കൊള്ളുന്നതോ ആയ രേഖ ഓഗസ്റ്റ് 15നം തയ്യാറാക്കാന്‍ സഹപ്രവര്‍ത്തകരുടെയും ജില്ലയിലെ ബുദ്ധീജിവികളുടെയും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെയും സഹായം തേടാന്‍ കലക്ടര്‍മാരോടു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. 2022 ആകുമ്പോഴേക്കും നേടിയെടുക്കാന്‍ സാധിക്കുന്ന പത്തോ പതിനഞ്ചോ ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കണം ഈ ദൃഢപ്രതിജ്ഞാരേഖ.
‘നിശ്ചയദാര്‍ഢ്യത്തിലൂടെ നേട്ടം’ പ്രസ്ഥാനവുമായി ബന്ധപ്പെട്ട അറിവുകളും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്ന www.newindia.in എന്ന വെബ്‌സൈറ്റ് ആരംഭിച്ചതായി അദ്ദേഹം കലക്ടര്‍മാരെ അറിയിച്ചു. താന്‍ കലക്ടര്‍മാരോടു ചെയ്തതുപോലെ കലക്ടര്‍മാര്‍ക്ക് അതാതു ജില്ലകളില്‍ മന്ഥന്‍ നടത്താവുന്നതാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ക്വിസ്, ‘നിശ്ചയദാര്‍ഢ്യത്തിലൂടെ നേട്ടം’ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളുടം സമഗ്ര കലന്‍ഡര്‍ തുടങ്ങി ന്യൂ ഇന്ത്യ വെബ്‌സൈറ്റിന്റെ പ്രധാന സവിശേഷതകള്‍ അദ്ദേഹം വിവരിച്ചു.
ഒരു ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളെ റിലേ ഓട്ടത്തോടാണു പ്രധാനമന്ത്രി താരതമ്യം ചെയ്തത്. റിലേ ഓട്ടത്തില്‍ ഒരു ഓട്ടക്കാരനില്‍നിന്നു മറ്റേ ഓട്ടക്കാരനിലേക്കു ബാറ്റണ്‍ കൈമാറുന്നതുപോലെ വികസനത്തിന്റെ ബാറ്റണ്‍ ഒരു കലക്ടറില്‍നിന്ന് അടുത്ത കലക്ടറിലേക്കു കൈമാറപ്പെടുകയാണെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ജനങ്ങള്‍ക്കു വേണ്ടവിധം ബോധവല്‍ക്കരണം ലഭിക്കാത്തതുകൊണ്ടു മാത്രമാണു പദ്ധതികള്‍ ഉദ്ദേശിച്ചവിധത്തില്‍ വിജയിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഇ.ഡി. ബള്‍ബുകള്‍, ഭീം ആപ് തുടങ്ങിയ പദ്ധതികളുടെ നേട്ടത്തെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കാന്‍ കലക്ടര്‍മാര്‍ തയ്യാറാകണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു. സ്വച്ഛഭാരത് അഭിയാന്റെ വിജയം പ്രതികരണാത്മകമായ ഭരണത്തെയും ജനങ്ങള്‍ക്കിടയിലുള്ള ബോധവല്‍ക്കരണത്തെയും ആശ്രയിച്ചാണു നിലകൊള്ളുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജനപങ്കാളിത്തത്തിലൂടെ മാത്രമേ ഇത്തരം കാര്യങ്ങളില്‍ യഥാര്‍ഥ മാറ്റം സാധ്യമാകൂ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഫയലുകള്‍ക്കപ്പുറത്തേക്കു കടന്നു ജനങ്ങള്‍ക്കിടയിലേക്കു ചെന്ന് അതതു ജില്ലകളിലെ വിദൂരസ്ഥലങ്ങളിലെ ആരോഗ്യ സേവനംപോലുള്ള മേഖലകളിലെ യാഥാര്‍ഥ്യം കണ്ടുമനസ്സിലാക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ജനങ്ങളിലേക്ക് എത്രകണ്ട് ഒരു കലക്ടര്‍ ഇറങ്ങിച്ചെല്ലുന്നുവോ അത്രകണ്ട് ഫയലുകളുടെ കാര്യത്തില്‍ അയാള്‍ക്ക് ഉണര്‍വ് ഉണ്ടാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ജി.എസ്.ടി. എങ്ങനെയാണു നല്ലതും ലളിതവുമായ നികുതിസമ്പ്രദായമായിത്തീരുന്നതെന്നു വ്യാപാരികളെ പറഞ്ഞു മനസ്സിലാക്കിക്കണമെന്ന് അദ്ദേഹം കലക്ടര്‍മാരോട് അഭ്യര്‍ഥിച്ചു. എല്ലാ വ്യാപാരിയും ജി.എസ്.ടിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഓരോ ജില്ലയിലെയും സംഭരണത്തിന് ഗവണ്‍മെന്റ് ഇ-വിപണി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഭരണത്തിന്റെ ആത്യന്തിക ലക്ഷ്യം രാജ്യത്തെ ഏറ്റവും ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുകയാണെന്ന മഹാത്മാഗാന്ധിയുടെ സന്ദേശം അദ്ദേഹം അനുസ്മരിച്ചു. ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്താന്‍ എന്തെങ്കിലും പ്രവര്‍ത്തനം നടത്തിയിട്ടുണ്ടോ എന്ന് സ്വയം ചോദിക്കാന്‍ എല്ലാ ദിവസവും കലക്ടര്‍മാര്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരാതികളുമായി എത്തുന്ന ദരിദ്രര്‍ പറയുന്നതു ശ്രദ്ധാപൂര്‍വം കേള്‍ക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ശേഷിയുള്ള യുവാക്കളായ ജില്ലാ കലക്ടര്‍മാര്‍ 2022 ആകുമ്പോഴേക്കും നവ ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നതിനായി തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജില്ലയെ സംബന്ധിച്ച കാര്യങ്ങളില്‍ ദൃഢപ്രതിജ്ഞയെടുക്കാന്‍ സാധിക്കുന്നവരാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അവരുടെ ദൃഢനിശ്ചയങ്ങള്‍ യാഥാര്‍ഥ്യമാകുമെന്നും അതിനായുള്ള പ്രവര്‍ത്തനത്തിലൂടെ രാജ്യം പുതിയ ഉയരം താണ്ടുകയും പുതിയ നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യുമെന്നുമുള്ള ആത്മവിശ്വാസം പ്രധാനമന്ത്രി പ്രകടിപ്പിച്ചു.