രാഷ്ട്രപതി ഭവനില്‍ നടന്ന ഗവര്‍ണര്‍മാരുടെ വാര്‍ഷിക സമ്മേളനത്തിന്റെ സമാപന യോഗത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. സമ്മേളനത്തില്‍ നടന്ന വിവിധ ചര്‍ച്ചകളെയും, പങ്കുവച്ച ആശയങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ജനങ്ങള്‍ക്കിടയിലെ സാംസ്‌കാരിക വിനിമയത്തിലൂടെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ സംരംഭത്തെ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി ഗവര്‍ണര്‍മാരെ ആഹ്വാനം ചെയ്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഐക്യവും, ഉത്ഗ്രഥനവും വളര്‍ത്തുന്നതിന് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ചാന്‍സലര്‍ എന്ന നിലയ്ക്ക് വിവിധ അക്കാദമിക മേഖലകളില്‍ മികവ് വര്‍ദ്ധിപ്പിക്കാന്‍ സര്‍വ്വകലാശാലകളോട് ആവശ്യപ്പെടണമെന്ന് പ്രധാനമന്ത്രി ഗവര്‍ണര്‍മാരെ ആഹ്വാനം ചെയ്തു. ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാകാന്‍ സര്‍വ്വകലാശാലകള്‍ ആഗ്രഹിക്കണമെന്നും, ഈ പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നതില്‍ ഗവര്‍ണര്‍മാര്‍ക്ക് നിര്‍ണ്ണായ പങ്ക് വഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ 10 വീതം പൊതു, സ്വകാര്യ സര്‍വ്വകലാശാലകളിലും, ഐ.ഐ.എം. കളിലും സ്വയംഭരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നടപടികള്‍ പ്രധാനമന്ത്രി വിശദീകരിച്ചു.
സാധാരണക്കാരന്റെ ‘ജീവിതം സുഗമമാക്കല്‍’ പരിപോഷിപ്പിക്കുന്ന തിനാണ് ഗവണ്‍മെന്റ് ശ്രമിച്ച് വരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് പൊതുജീവിതത്തിലെ തങ്ങളുടെ വിപുലമായ അനുഭവസമ്പത്തിലൂടെ ഗവണ്‍മെന്റ് വകുപ്പുകളെയും ഏജന്‍സികളെയും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതിന് പ്രചോദനമേകാന്‍ ഗവര്‍ണര്‍മാര്‍ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര ഗവണ്‍മെന്റിന്റെ ബൃഹത്തായ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
2022 ലെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം, 2019 ലെ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം മുതലായ വേളകള്‍ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പ്രചോദനമേകുന്ന നാഴികക്കല്ലുകളായി മാറ്റാന്‍ കഴിയുമെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ദേശീയ തലത്തില്‍ പ്രസക്തമായ പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന വേളയായി അടുത്ത് വരുന്ന കുംഭ മേളയെ മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.