ആഗോള അടിസ്ഥാനസൗകര്യവും നിക്ഷേപവും (PGII), ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) എന്നിവയ്ക്കായുള്ള പങ്കാളിത്തം സംബന്ധിച്ച പ്രത്യേക പരിപാടിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും നേതൃത്വം നൽകി. 2023 സെപ്റ്റംബർ 9ന് ജി-20 ഉച്ചകോടിക്കിടെയായിരുന്നു പരിപാടി.
ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങൾ തമ്മിൽ വിവിധ തലങ്ങളിൽ അടിസ്ഥാനസൗകര്യ വികസനത്തിനായി കൂടുതൽ നിക്ഷേപം നടത്തുന്നതും സമ്പർക്കസൗകര്യം ശക്തിപ്പെടുത്തുന്നതുമാണ് പരിപാടി ലക്ഷ്യമിടുന്നത്.
യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, മൗറീഷ്യസ്, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ നേതാക്കളും ലോകബാങ്ക് പ്രതിനിധിയും ചടങ്ങിൽ പങ്കെടുത്തു.
വികസ്വര രാജ്യങ്ങളിലെ അടിസ്ഥാനസൗകര്യ അന്തരം കുറയ്ക്കുന്നതിനും ആഗോളതലത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വികസന സംരംഭമാണ് പിജിഐഐ.
ഇന്ത്യയെ ഗൾഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴിയും ഗൾഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴിയും ഉൾപ്പെടുന്നതാണ് ഐഎംഇസി. റെയിൽവേ, കപ്പൽ-റെയിൽ ഗതാഗത ശൃംഖല, റോഡ് ഗതാഗത പാതകൾ എന്നിവ ഇതിൽ ഉൾപ്പെടും.
ഭൗതിക- ഡിജിറ്റൽ- സാമ്പത്തിക സമ്പർക്കസൗകര്യങ്ങളുടെ പ്രാധാന്യം പ്രധാനമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക ഏകീകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഐഎംഇസി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ, യുഎസ്എ, സൗദി അറേബ്യ, യുഎഇ, യൂറോപ്യൻ യൂണിയൻ, ഇറ്റലി, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ് ഐഎംഇസിയിൽ ധാരണാപത്രം ഒപ്പുവച്ചത്.
Project-Gateway-multilateral-MOU കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക