മൻ കീ ബാത്ത് പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണാഘോഷത്തെ പറ്റി സംസാരിച്ചു. ഇപ്പോള്‍ ഓണാഘോഷവും ഗംഭീരമായി നടത്തപ്പെടുകയാണെന്നും ഓണം ചിങ്ങമാസത്തിലാണ് വരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് ആളുകള്‍ പുതിയതായി എന്തെങ്കിലും വാങ്ങുന്നു, വീട് അണിയിച്ചൊരുക്കുന്നു, പൂക്കളമുണ്ടാക്കുന്നു, ഓണസദ്യ ആസ്വദിക്കുന്നു, പലതരത്തിലുള്ള കളികളും മത്സരങ്ങളും നടത്തുന്നു, എന്നെല്ലാം അദ്ദേഹം കൂട്ടിച്ചേർത്തു.
ഓണാഘോഷത്തിൻ്റെ കീർത്തി ദൂരെ വിദേശങ്ങളില്‍ പോലും എത്തിയിരിക്കുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അമേരിക്കയിലാണെങ്കിലും യൂറോപ്പിലാണെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലാണെങ്കിലും ഓണാഘോഷത്തിന്റെ തിളക്കം എല്ലായിടത്തും കാണാനാകും. ഓണം ഒരു അന്തര്‍ദ്ദേശീയ ആഘോഷമായി മാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓണം നമ്മുടെ കൃഷിയുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ്. ഇത് നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു പുതിയ തുടക്കത്തിന്റെ സമയമാണ്. കര്‍ഷകരുടെ ബലത്തിലാണ് നമ്മുടെ ജീവിതവും സമൂഹവും മുന്നോട്ടു പോകുന്നത്. നമ്മുടെ ഉത്സവങ്ങള്‍ കര്‍ഷകരുടെ പരിശ്രമം കൊണ്ടാണ് നിറവൈവിധ്യങ്ങളുടേതാകുന്നത്. നമ്മുടെ അന്നദാതാക്കളെ, കര്‍ഷകരുടെ ജീവന്‍ദായിനിയായ ശക്തിയെ, വേദങ്ങളില്‍ പോലും വളരെ അഭിമാനത്തോടെ പരാമർശിച്ചിരിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി.