സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ച്, 2022 ഏപ്രിൽ 21 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡുകൾ സമ്മാനിക്കും. പരിപാടിയിൽ അദ്ദേഹം സിവിൽ സർവീസുകാരെ അഭിസംബോധനയും ചെയ്യും.
സാധാരണ പൗരന്മാരുടെ ക്ഷേമത്തിനായി ജില്ലകൾ/നടപ്പാക്കുന്ന യൂണിറ്റുകൾ, കേന്ദ്ര/സംസ്ഥാന സംഘടനകൾ എന്നിവ നടത്തുന്ന അസാധാരണവും നൂതനവുമായ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. തിരിച്ചറിയപ്പെട്ട മുൻഗണനാ പരിപാടികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനും നൂതനാശയങ്ങൾക്കുമായി അവർക്ക് അവാർഡ് നൽകുന്നു.
താഴെപ്പറയുന്ന അഞ്ച് മുൻഗണനാ പരിപാടികളിൽ ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് 2022 ലെ സിവിൽ സർവീസ് ദിനത്തിൽ സമ്മാനിക്കുന്ന അവാർഡുകൾ നൽകും: (i) പോഷൻ അഭിയാനിലെ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, (ii) ഖേലോ ഇന്ത്യ പരിപാടിയിലൂടെ കായിക , സ്വാസ്ഥ്യ രംഗങ്ങളിലെ മികവ് പ്രോത്സാഹിപ്പിക്കുക (iii) പ്രധാനമന്ത്രി സ്വനിധി യോജനയിലെ ഡിജിറ്റൽ പേയ്‌മെന്റുകളും സദ്ഭരണവും, (iv) ഒരു ജില്ല ഒരു ഉൽപ്പന്ന പദ്ധതിയിലൂടെയുള്ള സമഗ്ര വികസനം, (v) മനുഷ്യ ഇടപെടലില്ലാതെ തടസ്സങ്ങളില്ലാത്ത, താഴെ തട്ട് വരെ സേവനങ്ങൾ ലഭ്യമാക്കുക .
5 മുൻഗണനാ പരിപാടികൾക്കും പൊതുഭരണം/സേവനങ്ങൾ വിതരണം ചെയ്യൽ തുടങ്ങിയ മേഖലകളിലെ നൂതനാശയങ്ങൾക്കുമായി മൊത്തം 16 അവാർഡുകൾ ഈ വർഷം നൽകും.