അംബേദ്ക്കര്‍ ദിനമായ നാളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഛത്തീസ്ഗഢിലെ ബിജപ്പൂര്‍ ജില്ല സന്ദര്‍ശിക്കും. കേന്ദ്ര ഗവണ്‍മെന്റിന്റെ ബൃഹത്തായ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് തുടക്കം കുറിച്ച് കൊണ്ട് ഒരു ആരോഗ്യ സൗഖ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.
ബിജപ്പൂര്‍ ജില്ലയിലെ ജംഗ്‌ള വികസന കേന്ദ്രവും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഒരു മണിക്കൂര്‍ സന്ദര്‍ശനത്തിനിടെ, നിരവധി ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന പ്രധാനമന്ത്രിയെ വിവിധ വികസന സംരംഭങ്ങളെ കുറിച്ച് ധരിപ്പിക്കുകയും ചെയ്യും.
ആരോഗ്യ സൗഖ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയില്‍ ആശാ വര്‍ക്കര്‍മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഒരു മാതൃകാ അംഗനവാടി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി അവിടത്തെ അംഗനവാടി പ്രവര്‍ത്തകരുമായും, ദേശീയ പോഷകാഹാര ദൗത്യത്തിന്റെ ഗുണഭോക്താക്കളായ കുഞ്ഞുങ്ങളുമായും കൂടിക്കാഴ്ച നടത്തും. ഒരു ബാങ്ക് ശാഖയുടെ ഉദ്ഘാടനം ജംഗ്ലയില്‍ നിര്‍വ്വഹിക്കുന്ന അദ്ദേഹം മുദ്രാ പദ്ധതിയുടെ തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് വായ്പാ അനുമതി പത്രവും വിതരണം ചെയ്യും. ഗ്രാമീണ ബി.പി.ഒ. ജീവനക്കാരുമായും അദ്ദേഹം ആശയ വിനിമയം നടത്തും.
തുടര്‍ന്ന് ഒരു പൊതുയോഗത്തില്‍ വച്ച് പ്രധാനമന്ത്രി, ആദിവാസി സമൂഹങ്ങളെ ശാക്തീകരിക്കാനുള്ള ‘വന്‍ ധന്‍ യോജന’ യുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. കുറഞ്ഞ താങ്ങ് വിലയിലൂടെ ചെറുകിട വനോല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും, അവയുടെ മൂല്യ വര്‍ദ്ധിത ശൃംഖല വികസിപ്പിക്കുന്നതിനുമുള്ള പദ്ധതിയാണിത്.
ഭാനുപ്രതാപ്പൂര്‍ – ഗൂഡം റെയില്‍പാത പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാഷ്ട്രത്തിന് സമര്‍പ്പിക്കും. ദള്ളി രാജ്ഹാരെയ്ക്കും ഭാനുപ്രതാപ്പൂരിനുമിടയ്ക്കുള്ള ഒരു ട്രെയിനിന് അദ്ദേഹം പച്ചക്കൊടി കാട്ടും. ബിജപ്പൂര്‍ ആശുപത്രിയില്‍ ഒരു ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.
മാവോയിസ്റ്റ് ബാധിത മേഖലകളില്‍ പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന 1988 കിലോ മീറ്റര്‍ പാതയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ബിജപ്പൂര്‍ ജലവിതരണ പദ്ധതിക്കും രണ്ട് പാലങ്ങള്‍ക്കും അദ്ദേഹം തറക്കല്ലിടും. ഒരു പൊതു സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.