1960 മെയ് 1 ന് ഗുജറാത്ത് രൂപീകരണ വേളയില്‍ പ്രാരംഭമായി ഉണ്ടായ അമിതാഹ്‌ളാദവും ആത്മവിശ്വാസവും ദശകത്തിന്റെ അന്ത്യത്തോടെ അടങ്ങി. വേഗത്തിലുള്ള പരിഷ്‌ക്കരണത്തെയും പുരോഗതിയെയും കുറിച്ചുള്ള ഗുജറാത്തിലെ സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ മോഹഭംഗത്തിന് വഴിമാറി. ഇന്ദുലാല്‍ യഗ്നിക്ക്, ജീവരാജ് മേത്ത, ബല്‍വന്ത്‌റായ് മേത്ത തുടങ്ങിയ രാഷ്ട്രീയ അതികായന്‍മാരുടെ നേട്ടങ്ങളും ത്യാഗങ്ങളും രാഷ്ട്രീയത്തിലെ അധികാരത്തിനും പണത്തിനും വേണ്ടിയുള്ള ആര്‍ത്തി ഇല്ലാതാക്കി. 1960 കളുടെ അന്ത്യത്തിലും 1970 കളുടെ തുടക്കത്തിലും ഗുജറാത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ അഴിമതിയും ദുര്‍ഭരണവും പുതിയ ഉയരങ്ങളിലെത്തി. 1971 ല്‍ ഇന്ത്യ പാകിസ്ഥാനെ യുദ്ധത്തില്‍ തോല്‍പ്പിക്കുകയും പാവപ്പെട്ടവരെ അഭിവൃദ്ധിപ്പെടുത്തുമെന്ന് വാഗ്ദാനത്തില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ വാഗ്ദാനം പൊള്ളയായി മാറുകയും ''ഗരീബി ഹഠാവോ'' അഥവാ ''ദാരിദ്ര്യം ഉന്മൂലനം ചെയ്യുക'' എന്ന മുദ്രാവാക്യം ''ഗരീബ് ഹഠാവോ'' അഥവാ ''ദരിദ്രരെ ഉന്മൂലനം ചെയ്യുക'' എന്നായി പരിണമിക്കുകയും ചെയ്തു. പാവപ്പെട്ടവരുടെ ജീവിതം കൂടുതല്‍ ദുസഹമാവുകയും കടുത്ത ക്ഷാമവും കുത്തനെയുള്ള വിലക്കയറ്റവും മൂലം ഗുജറാത്തില്‍ ഈ ദുരിതം ഇരട്ടിയാവുകയും ചെയ്തു. അവശ്യ വസ്തുക്കള്‍ക്ക് വേണ്ടിയുള്ള അന്തമില്ലാത്ത നിരകള്‍ സംസ്ഥാനത്തെ സാധാരണ കാഴ്ചയായി മാറി. സാധാരണക്കാരന് യാതൊരു സ്വസ്ഥതയും ലഭിച്ചില്ല.
I
ഇതിന് പരിഹാര നടപടികള്‍ കൈക്കൊള്ളുന്നതിന് പകരം ആഴത്തിലുള്ള ഗ്രൂപ്പുവഴക്കുകളില്‍ മുഴുകിയ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്ഥിതിഗതികളോട് തികഞ്ഞ ഉദാസീനത പുലര്‍ത്തി. ഇതിന്റെ ഫലമായി ഘനശ്യം ഓജാ ഗവണ്‍മെന്റ് വേഗത്തില്‍ വീഴുകയും ചിമന്‍ഭായ് പട്ടേല്‍ അധികാര തലപ്പത്ത് എത്തുകയും ചെയ്തു. എങ്കിലും ഈ ഗവണ്‍മെന്റും ഒരുപോലെ കാര്യക്ഷമമല്ലെന്ന് തെളിയിക്കുകയും ഗുജറാത്തിലെ ജനങ്ങള്‍ക്കിടയില്‍ ഗവണ്‍മെന്റിനെതിരെ അതൃപ്തി ഉയരുകയും ചെയ്തു. 1973 ഡിസംബറില്‍ മോര്‍ബി എഞ്ചിനീയറിംഗ് കോളേജിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഭക്ഷണ ബില്ലിന്റെ അമിതമായ വര്‍ദ്ധനയ്‌ക്കെതിരെ പ്രതിക്ഷേധിച്ചപ്പോള്‍ അതൃപ്തി പൊതുജനങ്ങളുടെ കോപത്തിന് വഴിമാറി. ഈ പ്രതിഷേധങ്ങള്‍ വേഗത്തില്‍ പിന്‍തുണയാര്‍ജിക്കുകയും ഗവണ്‍മെന്റിനെതിരായ ഒരു ബഹുജന പ്രസ്ഥാനത്തെ സംസ്ഥാന വ്യാപകമായി അത് ജ്വലിപ്പിക്കുകയും ചെയ്തു. എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഈ അതൃപ്തി അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ പരാജയപ്പെട്ടു. അഴിമതിക്കും വിലക്കയറ്റത്തിനുമെതിരായ വിശാല പ്രസ്ഥാനമായ ജനസംഘമാണ് ഇതിന് പിന്നിലെന്ന ഗുജറാത്ത് വിദ്യാഭ്യാസമന്ത്രിയുടെ ആരോപണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. 1973 ഓടെ നരേന്ദ്ര മോദി സാമൂഹിക പോരാട്ടങ്ങളില്‍ സജീവ ശ്രദ്ധപതിപ്പിച്ച് തുടങ്ങി. വിലക്കയറ്റം, പണപ്പെരുപ്പം തുടങ്ങി സാധാരണക്കാരനെ ബാധിക്കുന്ന നിരവധി വിഷയങ്ങളില്‍ അദ്ദേഹം ഇതിനകം പങ്കെടുത്തിരുന്നു. ഒരു യുവ പ്രചാരകനും അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (എ.ബി.വി.പി) സഹവര്‍ത്തിയുമായ നരേന്ദ്ര മോദി നവനിര്‍മ്മാണ്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്ന് തന്നെ ഏല്‍പ്പിച്ച ജോലികള്‍ ഉത്തരവാദിത്തത്തോടെ നിറവേറ്റി. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും പെട്ട സാധാരണക്കാരായ ജനങ്ങള്‍ ഒരേ ശബ്ദത്തില്‍ നിലകൊണ്ട എല്ലാ അര്‍ത്ഥത്തിലും ജനകീയമായൊരു പ്രസ്ഥാനമായിരുന്നു നവനിര്‍മ്മാണ്‍ പ്രസ്ഥാനം. അഴിമതിക്കെതിരെ കുരിശ് യുദ്ധം നടത്തിയിരുന്ന, വളരെയധികം ബഹുമതിയാര്‍ജ്ജിച്ച പൊതുരംഗത്ത് പ്രസിദ്ധനായ ജയപ്രകാശ് നാരായണന്റെ പിന്തുണകൂടി ലഭിച്ചപ്പോള്‍ പ്രസ്ഥാനം കൂടുതല്‍ ശക്തിപ്രാപിച്ചു. ജയപ്രകാശ് നാരായണനെ പോലുള്ള സ്വാധീനശക്തിയുള്ള ഒരു നേതാവുമൊന്നിച്ച് അഹമ്മദാബാദില്‍ വച്ച് അടുത്തിടപഴകാനുള്ള അവസരം മോദിക്ക് ലഭിച്ചു. അനുഭവസമ്പത്തുള്ള അദ്ദേഹവുമായി നിരവധി തവണ നടത്തിയ സംഭാഷണങ്ങള്‍ യുവാവായ നരേന്ദ്രനില്‍ വളരെ മതിപ്പ് ഉളവാക്കി. നവനിര്‍മ്മാണ്‍ പ്രസ്ഥാനം ഒരു വന്‍ വിജയമാവുകയും അധികാരത്തിലേറി കേവലം ആറ് മാസത്തിനുള്ളില്‍ ചിമന്‍ഭായ് പട്ടേലിന് രാജിവയ്‌ക്കേണ്ടിയും വന്നു. പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും കോണ്‍ഗ്രസ് ഗവണ്‍മെന്റിന് അധികാരം നഷ്ടപ്പെടുകയും ചെയ്തു. വിരോധാഭാസമെന്നവണ്ണം തെരഞ്ഞെടുപ്പ് അഴിമതിക്ക് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കുറ്റക്കാരിയാണെന്ന് അലഹബാദ് ഹൈക്കോടതി കണ്ടെത്തുകയും, പ്രധാനമന്ത്രി പദത്തില്‍ അവരുടെ ഭാവി സംബന്ധിച്ച് ചോദ്യ ചിഹ്നം ഉയരുകയും ചെയ്ത 1975 ജൂണ്‍ 12 നാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഫലം വന്നത്. ഒരാഴ്ചയ്ക്ക് ശേഷം ബാബുഭായ് ജഷ്ഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ഒരു പുതിയ ഗവണ്‍മെന്റ് ഗുജറാത്തില്‍ അധികാരമേറ്റു. ബഹുജനപ്രക്ഷേഭങ്ങളുമായുള്ള നരേന്ദ്ര മോദിയുടെ ആദ്യ ഏറ്റുമുട്ടലായിരുന്നു നവനിര്‍മ്മാണ്‍ പ്രസ്ഥാനം. സാമൂഹിക വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അത് നിര്‍ണ്ണായകമായി വിപുലപ്പെടുത്തി. 1975 ല്‍ ഗുജറാത്തിലെ ലോക് സംഘര്‍ഷ് സമിതിയുടെ ജനറല്‍ സെക്രട്ടറി എന്നനിലയില്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ പദവിയിലേയ്ക്ക് അത് നരേന്ദ്ര മോദിയെ നയിച്ചു. പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കവേ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ വളരെ അടുത്ത് നിന്ന് വീക്ഷിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഭാവിയില്‍ മുഖ്യമന്ത്രിയായപ്പോള്‍ ഇത് അദ്ദേഹത്തിന് മുതല്‍കൂട്ടായി മാറി. 2001 മുതല്‍ വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ഗുജറാത്തിലെ യുവജനങ്ങള്‍ക്ക് ലോകനിലവാരമുള്ള വിദ്യാഭ്യാസം പ്രാപ്യമാക്കി. നവനിര്‍മ്മാണ്‍ പ്രസ്ഥാനത്തെ തുടര്‍ന്നുണ്ടായ ശുഭാപ്തിവിശ്വാസത്തിന് ഗുജറാത്തില്‍ ദീര്‍ഘനാള്‍ ആയുസ് ഉണ്ടായില്ല. 1975 ജൂണ്‍ 25 അര്‍ദ്ധരാത്രി പൗരസ്വാതന്ത്ര്യം താല്‍ക്കാലികമായി നിര്‍ത്തലാക്കിക്കൊണ്ടും ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിരോധിച്ചുകൊണ്ടും പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അതുവരെ നരേന്ദ്ര മോദിയുടെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലൊന്നിന് തുടക്കമായി.