'ഗംഗാ മാതാവിനെ സേവിക്കുക എന്നത് എന്റെ നിയോഗമാണ്' 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഗംഗയുടെ തീരത്തു സ്ഥിതിചെയ്യുന്ന വാരണാസിയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഗംഗാ നദി അതിന്റെ സാംസ്‌കാരികവും ആത്മീയവുമായ പ്രാധാന്യംകൊണ്ടു മാത്രമല്ല പ്രധാനമാകുന്നത്, രാജ്യത്തെ ജനസമൂഹത്തില്‍ 40%ല്‍ അധികം പേര്‍ക്ക് ആഥിത്യമേകുന്നതുകൊണ്ടുകൂടിയാണ്. 2014ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ ചത്വരത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു,'' നാം അത് വൃത്തിയാക്കാന്‍ പ്രാപ്തരാണെങ്കില്‍,അത് രാജ്യത്തെ 40 ശതമാനം ജനങ്ങള്‍ക്ക് വലിയ സഹായമായിരിക്കും. അതുകൊണ്ട് ഗംഗാ ശുചീകരണം ഒരു സാമ്പത്തിക കാര്യപരിപാടികൂടിയാണ്.''
ഈ വീക്ഷണം നടപ്പാക്കുന്നതിന്,ഗംഗയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും നദിയെ പുനരുജ്ജീവിപ്പിക്കാനും 'നമാമി ഗംഗേ'എന്ന പേരില്‍ സര്‍ക്കാര്‍ ഒരു സംയോജിത ഗംഗാ ശുചീകരണ ദൗത്യം നടപ്പാക്കി. 2019-2020 കാലയളവില്‍ നദി വൃത്തിയാക്കുന്നതിന്,നാല് മടങ്ങ് അധികമായി ബഡ്ജറ്റ് വിഹിതം വര്‍ധിപ്പിച്ച് 100% കേന്ദ്രവിഹിതമായി 20,000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി- ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതി.
ഗംഗാ പുനരുജ്ജീവന വെല്ലുവിളിയെ ബഹുതല,ബഹു-മാന, ബഹു ഗുണഭോക്തൃ സ്വഭാവമുള്ള പദ്ധതിയായി അംഗീകരിച്ച്, അതിനുള്ള പ്രയത്‌നം അന്തര്‍ മന്ത്രിതല ദൗത്യമാക്കി മാറ്റുകയും കര്‍മപദ്ധതി തയ്യാറാക്കുന്നതിലെ കേന്ദ്ര-സംസ്ഥാന ഏകോപനത്തിന്റെ പങ്ക് വര്‍ധിപ്പിക്കുകയും കേന്ദ്ര സംസ്ഥാന തലങ്ങളിലെ മേല്‍നോട്ടം കൂടുതലാക്കുകയും ചെയ്തു.
പദ്ധതിയുടെ നടപ്പാക്കല്‍ പ്രാരംഭ തല പ്രവര്‍ത്തനങ്ങള്‍ (അടിയന്തരമായി കാണാന്‍ കഴിയുന്ന ഫലപ്രാപ്തി), ഇടക്കാല പ്രവര്‍ത്തനങ്ങള്‍ (5 വര്‍ഷം കൊണ്ട് സമയബന്ധിതമായി നടപ്പാക്കേണ്ടത്), ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ (10 വര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ടത്) ആയും വേര്‍തിരിച്ചു.
ഒഴുകി നടക്കുന്ന ഖരമാലിന്യങ്ങള്‍ നീക്കല്‍; ഉള്‍നാടന്‍ മലിനജല ചാലുകളിലൂടെയും കക്കൂസുകള്‍ നിര്‍മിച്ചും ഗ്രാമീണ മാലിന്യങ്ങള്‍ (ഖര-ദ്രവ രൂപങ്ങളിലുള്ളവ) തടയുന്നതിന് ഗ്രാമീണതല പൊതുശുചിത്വ പരിപാടി; നവീകരണം, പാതി വെന്തതും കത്താത്തതുമായ മൃതദേഹങ്ങള്‍ നദിയില്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കാന്‍ ശ്മശാനങ്ങള്‍ നവീകരിക്കുകയും നിര്‍മിക്കുകയും, കേടുപാടുകള്‍ തീര്‍ക്കല്‍, മനുഷ്യനും നദിയും തമ്മിലുള്ള ബന്ധം അഭിവൃദ്ധിപ്പെടുത്തുന്നതിന് ഘാട്ടുകളുടെ നവീകരണവും നിര്‍മാണവും എന്നിവ ഉള്‍പ്പെട്ട ഉപരിതല ശുചീകരണമാണ് പ്രാരംഭതല പ്രവര്‍ത്തനങ്ങള്‍.
നദിയിലെത്തുന്ന നഗര,വ്യാവസായിക മാലിന്യങ്ങള്‍ തടയുന്നതിലാണ് ഇടക്കാല പ്രവര്‍ത്തനങ്ങള്‍ ഊന്നുക. നഗര മലിനജനം നേരിടുന്നതിന് അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കകം 2500 എംഎല്‍ഡി അധികം വിനിയോഗ ശേഷി സൃഷ്ടിക്കും. പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാര്യക്ഷമവും ഉത്തരവാദപൂര്‍ണവും സുസ്ഥിരവും ആക്കുന്നതിന് സുപ്രധാന സാമ്പത്തിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പദ്ധതി നടപ്പാക്കുന്നതിന് നിശ്ചിത വാര്‍ഷിക ലാഭത്തിന്റെ അടിസ്ഥാനത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക മന്ത്രിസഭയുടെ പരിഗണനയിലാണ്.അത് അംഗീകരിച്ചാല്‍ എല്ലാ പ്രധാന നഗരങ്ങളിലും സവിശേഷ ലക്ഷ്യ സംവിധാനങ്ങള്‍ രൂപീകരിക്കും,ശുചീകരിച്ച ജലത്തിനു വിപണി വികസിപ്പിക്കും,ആസ്തിയുടെ ദീര്‍ഘകാല സുസ്ഥിരത ഉറപ്പു വരുത്തും.
വ്യാവസായിക മലിനീകരണം കൈകാര്യം ചെയ്യുന്നതിന് പരസ്പര ധാരണ മെച്ചപ്പെടുത്തുന്നതിലൂടെ നന്നായി നിയമപാലനം നടത്താനുള്ള പ്രയത്‌നമാണുണ്ടാവുക. ഗംഗയുടെ സമീപത്ത് വന്‍തോതില്‍ മലിനീകരണം നടത്തുന്നവിധം പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ മലീനികരണത്തിന് ഇടയാക്കുന്ന വസ്തുക്കള്‍ കുറയ്ക്കുകയും ദ്രാവകം പുറത്തേക്കു തള്ളാത്ത സംവിധാനങ്ങള്‍ സ്ഥാപിക്കുകയോ ചെയ്യണം.ഈ ദിശയിലുള്ള കര്‍മപദ്ധതി നടപ്പാക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ തയ്യാറെടുക്കുകയും ഓരോ വിഭാഗം വ്യവസായങ്ങള്‍ക്കുമുള്ള സമയക്രമം വിശദമായ ചര്‍ച്ചകളിലൂടെ നിശ്ചയിക്കുകയും ചെയ്തുകഴിഞ്ഞു. എല്ലാ വ്യവസായ സ്ഥാപനങ്ങളുംഈ സമയത്തിനുള്ളില്‍ നിലവാര പരിശോധനയ്ക്ക് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സ്ഥാപിക്കണം.
ഈ പ്രവര്‍ത്തനങ്ങള്‍ കൂടാതെ, ജൈവ വൈവിധ്യ പരിപാലനം, വനവല്‍ക്കരണം, ജലഗുണനിലവാര പരിശോധന എന്നിവയും ഈ പദ്ധതിക്കു കീഴില്‍ നടക്കും. ഗോള്‍ഡന്‍ മഹാസീര്‍, ഡോള്‍ഫിനുകള്‍, ഘരിവാള്‍, ടര്‍ലെറ്റുകള്‍, നീര്‍നായകള്‍ തുടങ്ങിയ പ്രധാനപ്പെട്ട അപൂര്‍വ ഇനങ്ങളെ പരിപാലിക്കുന്നതിന് നടപടികളെടുത്തു കഴിഞ്ഞു.സമാനമായി, ജലാശയങ്ങള്‍ നിലനിര്‍ത്താനും മണ്ണൊലിപ്പ് കുറയ്ക്കാനും നദിയുടെ പരിസ്ഥിതി ആരോഗ്യം മെച്ചപ്പെടുത്താനും 'നമാമി ഗംഗ'യ്ക്കു കീഴില്‍ 30,000 ഹെക്റ്റര്‍ ഭൂമിയില്‍ വനവല്‍ക്കരണം നടത്തും.2016ല്‍ തന്നെ വനവല്‍ക്കരണ പരിപാടി ആരംഭിക്കും.113 തല്‍സമയ ജലനിലവാര പരിശോധനാ സംവിധാനങ്ങള്‍ സ്ഥാപിച്ചുകൊണ്ട് സമഗ്ര ജലനിലവാര പരിശോധനയും നടത്തും.
ദീര്‍ഘകാല പദ്ധതിക്കു കീഴില്‍, ഇ - ഫ്‌ളോ നടപ്പാക്കല്‍, ജലവിനിയോഗക്ഷമത വര്‍ധിപ്പിക്കല്‍, ഉപരിതല ജലസേചനത്തിന്റെ കാര്യക്ഷമത വികസിപ്പിക്കല്‍ എന്നിവയിലൂടെ നദിക്ക് മതിയായ ഒഴുക്ക് ഉണ്ടാക്കും.
ഗംഗാ നദീ ശുചീകരണം അതിന്റെ സാമൂഹിക-സാമ്പത്തിക,സാംസ്‌കാരിക പ്രാധാന്യംകൊണ്ടുതന്നെ അതീവ പ്രധാനവും നിരവധി ഉപയോങ്ങളുള്ളതുമാണ്. ലോകത്തൊരിടത്തും നടപ്പാക്കിയിട്ടില്ലാത്ത ഇതുപോലെ സങ്കീര്‍ണമായ പദ്ധതിക്ക് രാജ്യത്തെ എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം ആവശ്യമാണ്. ഗംഗാ നദീ ശുചീകരണത്തിനു വേണ്ടി നാം ഓരോരുത്തര്‍ക്കും സംഭാവന ചെയ്യാന്‍ നിരവധി വഴികളുണ്ട്.
- സാമ്പത്തിക സംഭാവന: നീളംകൊണ്ടും ജനസംഖ്യകൊണ്ടും ഇത്രയ്ക്കു വലിയ ഗംഗ പോലെയൊരു നദിയുടെ ഗുണമേന്മ പുന:സ്ഥാപിക്കുന്നതിന് വലിയ നിക്ഷേപം ആവശ്യമാണ്. സര്‍ക്കാര്‍ നാലുമടങ്ങ് അധിക വിഹിതം വര്‍ധിപ്പിച്ചെങ്കിലും അത് മതിയാകില്ല.ഗംഗാ നദീ ശുചീകരണത്തിനുവേണ്ടി എല്ലാവരില്‍ നിന്നും സംഭാവനകള്‍ സമാഹരിക്കാനുള്ള വേദിയായി ഗംഗാ ശുചീകരണ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്.
- ചുരുക്കുക, വീണ്ടും ഉപയോഗിക്കുക, വീണ്ടെടുക്കുക: നന്നായി സംസ്‌കരിച്ചില്ലെങ്കില്‍ നമ്മുടെ വീടുകളില്‍നിന്നുള്ള ഉപയോഗിച്ച ജലവും മാലിന്യങ്ങളും നദികളിലാണ് എത്തിച്ചേരുക എന്നത് നമ്മളില്‍ അധികമാളുകളും മനസിലാക്കുന്നില്ല. മലിനജല നിര്‍മാര്‍ജ്ജന അടിസ്ഥാനസൗകര്യം സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ക്ക് ജലവിനിയോഗവും പാഴ്‌വസ്തുക്കളും കുറയ്ക്കാന്‍ സാധിക്കും.ഉപയോഗിച്ച ജലത്തിന്റെ പുനര്‍വിനിയോഗവും വീണ്ടെടുക്കലും ഓര്‍ഗാനിക് മാലിന്യത്തിന്റെയും പ്ലാസ്റ്റിക്കിന്റെയും ഫലപ്രദമായ സംസ്‌കരണവും പദ്ധതിക്ക് മഹത്തായ നേട്ടമാക്കാന്‍ സാധിക്കും.
നമ്മുടെ നാഗരികതയുടെ പ്രതീകവും സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ആകെത്തുകയുമായ ഗംഗാ നദിയെ സംരക്ഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും കൈകോര്‍ക്കാം.