വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ (വി.ബി.എസ്.വൈ) ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംവദിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ ഫ്ളാഗ്ഷിപ്പ് പദ്ധതികളുടെ പ്രയോജനങ്ങള എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഗവണ്‍മെന്റിന്റെ മുന്‍നിര പദ്ധതികളുടെ പരിപൂര്‍ണ്ണത കൈവരിക്കുന്നതിനാണ് രാജ്യത്തുടനീളം വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര നടത്തുന്നത്.
ജമ്മു കശ്മീരിലെ ഷെയ്ഖ് പുരയില്‍ നിന്നുള്ള പാല്‍ വില്‍പ്പനക്കാരിയും വി.ബി.എസ്.വൈ ഗുണഭോക്താവുമായ ശ്രീമതി നാസിയ നസീറുമായി സംവദിച്ച പ്രധാനമന്ത്രി അവരുടെ കുടുംബാംഗങ്ങളെ കുറിച്ച് ആരാഞ്ഞു. തന്റെ ഭര്‍ത്താവ് ഓട്ടോ ഡ്രൈവറാണെന്നും രണ്ട് കുട്ടികൾ ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം നേടുന്നുണ്ടെന്നും അവര്‍ മറുപടി നല്‍കി.
ഒരുകാലത്ത് ശുദ്ധജലപ്രശ്നം നിലനിന്നിരുന്ന വീടുകളില്‍ ടാപ്പിലൂടെ ശുദ്ധവും സുരക്ഷിതവുമായി ജലവിതരണം സാദ്ധ്യമാക്കിയ ജല്‍ ജീവന്‍ മിഷന്‍ സ്ഥിതിഗതികള്‍ മാറ്റിമറിക്കുന്ന ഒരു പദ്ധതിയാണെന്ന് തെളിയിച്ചുവെന്ന് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അവരുടെ ഗ്രാമത്തില്‍ പ്രകടമായ മാറ്റങ്ങളെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അന്വേഷണത്തിന് അവര്‍ മറുപടി നല്‍കി. തുടര്‍ന്ന് ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള ഗ്യാസ് കണക്ഷന്‍, ഗവണ്‍മെന്റ് സ്‌കൂളുകളിലെ വിദ്യാഭ്യാസം, പി.എം.ജി.കെ.വൈയുടെ 5 വര്‍ഷത്തേക്ക് കൂടിയുള്ള ദീര്‍ഘിപ്പിക്കല്‍ എന്നിവയ്ക്ക് പ്രധാനമന്ത്രിയോട് അവര്‍ നന്ദി പറഞ്ഞു. ഗ്രാമത്തില്‍ വി.ബി.എസ്.വൈ വാനിന്റെ അനുഭവത്തേയും സ്വാധീനത്തേയും കുറിച്ചും ശ്രീ മോദി ചോദിച്ചറിഞ്ഞു. ശുഭദിനങ്ങളില്‍ കശ്മീരി സംസ്‌കാരമനുസരിച്ച് നടത്തുന്ന മംഗളകരമായ ചടങ്ങുകളിലൂടെയാണ് ജനങ്ങൾ വാഹനത്തെ സ്വാഗതം ചെയ്തതെന്ന് അവര്‍ മറുപടി നല്‍കി.
ശ്രീമതി നാസിയ നസീറുമായുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രി മോദി സന്തോഷം പ്രകടിപ്പിച്ചു. ഗവണ്‍മെന്റിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുകയും രാജ്യത്തിന്റെ വികസനം ലക്ഷ്യമാക്കി മുന്നേറുകയും ചെയ്യുന്ന കശ്മീരിലെ സ്ത്രീശക്തിയില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''നിങ്ങളുടെ ആവേശം എനിക്ക് ശക്തിയുടെ ഉറവിടമാണ്'', ജമ്മു കശ്മീരിലെ വി.ബി.എസ്.വൈയുടെ ആവേശം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് നല്ല സന്ദേശം നല്‍കുന്നതായി ചൂണ്ടിക്കാട്ടികൊണ്ട് അദ്ദേഹം പറഞ്ഞു. പുതിയ തലമുറയുടെ ശോഭനമായ ഭാവിയുടെ ഉറപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ വികസനത്തിന്റെ നവരഥത്തിൽ ഭാഗഭാക്കാകുന്നതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിക്കുകയും ജമ്മു കശ്മീരിലെ ജനങ്ങളുടെ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു.