പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങൾക്കുമിടയിൽ സ്ഥാപിതമായ സ്ട്രാറ്റജിക് പങ്കാളിത്ത കൗൺസിലിന്റെ കീഴിലുള്ള വിവിധ ഉഭയകക്ഷി സംരംഭങ്ങളുടെ പുരോഗതി യോഗം അവലോകനം ചെയ്തു. ഊർജ്ജം, ഐടി, പ്രതിരോധ നിർമ്മാണം തുടങ്ങിയ പ്രധാന മേഖലകളിൽ ഉൾപ്പെടെ സൗദി അറേബ്യയിൽ നിന്ന് കൂടുതൽ നിക്ഷേപം ഉണ്ടായിക്കാണാനുള്ള ഇന്ത്യയുടെ താൽപര്യം പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഉൾപ്പെടെ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇരുവരും കൈമാറി.
കോവിഡ് -19 മഹാമാരിയുടെ സമയത്ത് ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം നോക്കിയതിന് സൗദി അറേബ്യയ്ക്ക് പ്രധാനമന്ത്രി പ്രത്യേക നന്ദിയും അഭിനന്ദനവും അറിയിച്ചു.
സൗദി രാജാവ്, സൗദി അറേബ്യയിലെ കിരീടാ വകാശി എന്നിവർക്കും പ്രധാനമന്ത്രി അഭിവാദ്യ ങ്ങൾ അർപ്പിച്ചു