11ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ ബ്രസീലിയയില്‍ 2019 നവംബര്‍ 13ന് ബഹുമാനപ്പെട്ട റഷ്യന്‍ പ്രസിഡന്റ് ശ്രീ. വ്‌ളാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചര്‍ച്ച നടത്തി. ഈ വര്‍ഷം ഇരുവരും തമ്മില്‍ നടക്കുന്ന നാലാമത്തെ കൂടിക്കാഴ്ചയാണിത്.
പ്രധാനമന്ത്രി വ്‌ളാഡിവ്‌സ്റ്റോക്ക് സന്ദര്‍ശിച്ചശേഷം ഉഭയകക്ഷി ബന്ധത്തില്‍ ഉണ്ടായിട്ടുള്ള പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. പ്രതിരോധ മന്ത്രിയും പെട്രോളിയം, പ്രകൃതിവാതക മന്ത്രിയും റഷ്യയിലേക്കു നടത്തിയ വിജയകരമായ സന്ദര്‍ശനത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു.
2025 ആകുമ്പോഴേക്കും 2500 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം സാധ്യമാക്കുകയെന്ന ലക്ഷ്യം ഇപ്പോള്‍ത്തന്നെ നോടിക്കഴിഞ്ഞതില്‍ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു. മേഖലാതലത്തിലുള്ള വ്യാപാര തടസ്സങ്ങള്‍ നീക്കുന്നതിനായി റഷ്യന്‍ പ്രവിശ്യകളും ഇന്ത്യന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള പ്രഥമ ഉഭയകക്ഷി മേഖലാതല ഫോറം അടുത്ത വര്‍ഷം നടത്താന്‍ തീരുമാനിച്ചു.
എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നതില്‍ ഉണ്ടായിട്ടുള്ള സ്ഥിരതയും പുരോഗതിയും ഇരു നേതാക്കളും നിരീക്ഷിച്ചു. ആര്‍ട്ടിക് മേഖലയിലെ പ്രകൃതിവാതക സാധ്യത ഉയര്‍ത്തിക്കാട്ടിയ പ്രസിഡന്റ് പുടിന്‍, ആ മേഖലയില്‍ നിക്ഷേപം നടത്തുന്നതിനായി ഇന്ത്യയെ ക്ഷണിച്ചു.
അടിസ്ഥാന സൗകര്യ മേഖലയില്‍, പ്രത്യേകിച്ച് നാഗ്പൂര്‍-സെക്കന്ദരാബാദ് റെയില്‍പ്പാതയില്‍ വേഗം വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ റെയില്‍വെ രംഗത്ത്, ഉണ്ടായിട്ടുള്ള പുരോഗതി അവര്‍ വിലയിരുത്തി. പ്രതിരോധ മേഖലയിലും ആണവോര്‍ജ രംഗത്തുമുള്ള സഹകരണം സംതൃപ്തിജനകമാണെന്ന് ഇരു നേതാക്കലും വിലയിരുത്തി.
രാജ്യാന്തര വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും പൊതു നിലപാടു കൈക്കൊള്ളുന്നു എന്നു നിരീക്ഷിച്ച ഇരുവരും ഭാവിയിലും സഹകരണം നിലനിര്‍ത്തുന്നതിനായി ഇത്തരം വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിച്ചു.
അടുത്ത വര്‍ഷം വിജയദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയെ മോസ്‌കോയിലേക്കു ക്ഷണിച്ചിരുന്നതു പ്രസിഡന്റ് പുടിന്‍ ഓര്‍മിപ്പിച്ചപ്പോള്‍ ക്ഷണം പ്രധാനമന്ത്രി സന്തോഷപൂര്‍വം സ്വീകരിച്ചു.