പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കളെ,
ഇസ്രായേല്‍ പ്രസിഡന്റ് റ്യൂവെന്‍ റിവ്‌ളിന്റെ പ്രഥമ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് അദ്ദേഹത്തേയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തിലെ വിശിഷ്ടാംഗങ്ങളെയും ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്യുവാന്‍ ലഭിച്ച ഈ അവസരം ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു. ഈ പ്രത്യേക സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ ഇന്ത്യയിലേയ്ക്ക് സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് അനല്പമായ ആഹ്ലാദമുണ്ട്. എക്‌സലന്‍സി, നമ്മുടെ രാജ്യങ്ങള്‍ തമ്മില്‍ സഹകരണത്തിന്റെ പുത്തന്‍ എടുപ്പുകള്‍ തീര്‍ക്കാന്‍ ഞങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് അങ്ങയുടെ ഈ സന്ദര്‍ശനം വലിയ പിന്തുണയാകും എന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യന്‍ പ്രസിഡന്റ് ആദ്യമായി കഴിഞ്ഞ വര്‍ഷം ഇസ്രയേലില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സൃഷ്ടിച്ച ആവേശം ഒട്ടും ചോര്‍ന്നു പോകാതെ മുന്നോട്ടു കൊണ്ടുപോകാനും ഇത് ഇടയാക്കും.അടുത്ത വര്‍ഷം ഇന്ത്യയും ഇസ്രായേലും തമ്മില്‍ പൂര്‍ണതോതില്‍ നയതന്ത്ര ബന്ധങ്ങള്‍ ആരംഭിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ആ വലിയ നാഴിക കല്ലിനെ നാം സമീപിക്കുമ്പോള്‍ വിവിധ മേഖലകളില്‍ കൂടുതല്‍ മുന്നേറ്റം നടത്തുന്നതിന് നാം പ്രതിജ്ഞാബദ്ധരാവുകയാണ്. ഒപ്പം പ്രാദേശിക തലത്തിലും ആഗോളതലത്തിലും ഉയരുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും പൊതുവായ താല്പര്യങ്ങളും ഉത്ക്കണ്ഠകളും നാം ഒന്നിച്ചു ചര്‍ച്ച ചെയ്യും.
സുഹൃത്തുക്കളെ,
നമ്മുടെ പ്രവർത്തനങ്ങൾ വിശാലവും വിവിധ തലങ്ങളുള്ളതുമാണ്.
ഇപ്പോൾ – കാർഷികോത്പാദന ക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുക
ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കുക
പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക
വ്യാപാര നിക്ഷേപ കരാറുകൾ ശക്തമാക്കുക
ജനങ്ങളുടെ സുരക്ഷിതത്വത്തിനായി പ്രതിരോധ കരാറുകൾ സ്ഥാപിക്കുക
വിനോദസഞ്ചാര – സാസ്‌കാരിക ബന്ധങ്ങളിലൂടെ ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധങ്ങൾ പരിപോഷിപ്പിക്കുക
ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്ഥാപനങ്ങൾ തമ്മിൽ പരസ്പരം സഹകരിക്കുക. ഇന്ത്യയിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികളെ ഇസ്രായേലിലേയ്ക്കും അവിടെ നിന്ന് പരമാവധി വിദ്യാർത്ഥികളെ ഇന്ത്യൻ സർവകലാശാലകളിലേയ്ക്കും അയച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുക – തുടങ്ങിയ മേഖലകളിലാണ് രണ്ടു രാജ്യങ്ങളും കൂടുതൽ ഊന്നൽ നല്കുന്നത്.
കുറച്ച് മുമ്പ് ഞങ്ങള്‍ തമ്മില്‍ ചില ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ ഇപ്പോള്‍ ശക്തമായ സഹകരണം നടക്കുന്നതായി പ്രസിഡന്റ് റിവ്‌ളിന്‍ ചൂണ്ടിക്കാട്ടി. ഇസ്രയേലിന്റെ കാര്‍ഷിക മേഖലയിലെ മുന്നേറ്റം, വരള്‍ച്ചാ മേഖലയിലെ സൂക്ഷ്മ ജലസേചന വൈദഗ്ധ്യം, ജലവിനിയോഗം തുടങ്ങിയ കാര്യങ്ങളില്‍ ഇന്സ്രയേല്‍ നടത്തുന്ന മുന്നേറ്റം നമുക്ക് സുപരിചിതമാണ്. ഇപ്പോള്‍ ഇസ്രായേലുമായി നാം ജലവിനിയോഗം സംരക്ഷണം എന്നിവയിലെ ശാസ്ത്രീയ ഗവേഷണ പങ്കാളിത്തത്തിലാണ് പ്രാഥമിക പരിഗണന നല്കി സഹകരിക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിന്റെ ഇപ്പോഴത്തെ മുന്നേറ്റത്തില്‍ ഇസ്രയേലി കമ്പനികള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കാവുന്ന നിരവധി അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. നമ്മുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും പരിപാടികളും, നൂതന ആശയങ്ങളിലുള്ള ഊന്നല്‍, ശാസ്ത്ര സാങ്കേതിക വികസനം തുടങ്ങിയവ ഇസ്രായേലിന്റെ ശക്തിക്കും ശേഷിക്കും സാഹചര്യങ്ങള്‍ക്കും വളരെ യോജിച്ചതാണ്. ഇന്ത്യയുടെ നിലവിലുള്ള ഫ്‌ളാഗ്ഷിപ്പ് പദ്ധതികളായ മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയ പദ്ധതികള്‍ വഴി ഇസ്രയേല്‍ കമ്പനികള്‍ക്ക് ഉയരങ്ങള്‍ കീഴടക്കാം. ഈ മേഖലകളിലേയ്ക്ക് കടന്നു വരാനും അവസരങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താനും വ്യാപാര ബന്ധങ്ങള്‍ സ്ഥാപിക്കാനും നിക്ഷേപം നടത്താനും ഇരു രാജ്യങ്ങളിലേയും സ്വകാര്യ സംരംഭകരെ ഞാന്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ഇരു രാജ്യങ്ങളിലെയും കമ്പനികള്‍ക്ക് ഉന്നത സാങ്കേതിക സേവന രംഗത്ത് യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ നിര്‍മ്മിക്കാനും ഇന്ത്യയോടൊപ്പം നിര്‍മ്മിക്കാനും ഉള്ള തീരുമാനങ്ങള്‍ രണ്ടു രാജ്യങ്ങള്‍ക്കും പ്രയോജനപ്രദമാണ് എന്ന് ചര്‍ച്ചയ്ക്കിടയില്‍ പ്രസിഡന്റ് റിവ്‌ളിന്‍, എന്നോടു പറയുകയുണ്ടായി. നമ്മുടെ സഹകരണം ഇരു രാജ്യങ്ങളിലെയും ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കും. ഐടി മേഖലകളിലും നമുക്ക് സഹകരിക്കാന്‍ കഴിയും.
സുഹൃത്തുക്കളെ,
ഭീകരവാദികളും തീവ്രവാദികളും നമ്മുടെ ജനങ്ങള്‍ക്ക് നിരന്തര ഭിഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളിലെയും പൗരന്മാരുടെ സുരക്ഷയ്ക്കായി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന് പ്രസിഡന്റ് റിവ്‌ളിനും, ഞാനും വലിയ വില കല്പ്പിക്കുന്നു. ഭീകരവാദവും സമാന രൂപത്തിലുള്ള സംഘടിത കുറ്റകൃത്യങ്ങളുമാണ് ഇന്നത്തെ ആഗോള വെല്ലുവിളി എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഖേദ പൂര്‍വം പറയട്ടെ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളുടെ ഉത്ഭവവും വ്യാപനവും ഇന്ത്യയുടെ അയല്‍രാജ്യത്തു തന്നെയാണ് എന്ന് ഖേദപൂര്‍വം പറയട്ടെ. രാജ്യാന്തര തീവ്രവാദ ശൃംഖലകള്‍ക്കും അതിന് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന രാജ്യങ്ങള്‍ക്കും എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ധൈര്യം കാണിക്കണം. ഇവിടെ നിശബ്ദത പാലിക്കുകയും പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നവര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇസ്രായേലും ഇന്ത്യയും സമാധാനവും സ്‌നേഹവും ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്കു ഭീഷണിയായി നിലകൊള്ളുന്ന തീവ്രവാദശക്തികള്‍ക്കും ഭീകരപ്രവര്‍ത്തകര്‍ക്കും എതിരെ പോരാടാന്‍ ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. സൈബര്‍ രംഗം പോലുള്ള മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്കും. പ്രതിരോധ മേഖലയിലെ പുരോഗമിക്കുന്ന സഹകരണം ശക്തമാണ് എന്ന് ഞങ്ങള്‍ വിലയിരുത്തി. അത് കുറെ ക്കൂടി വ്യാപകമാക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ തിരിച്ചറിയുകയും അതിനായി യുദ്ധ സാമഗ്രികളുടെ ഉത്പാദന നിര്‍മ്മാണ രംഗത്ത് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനും തീരുമാനിച്ചിരിക്കുന്നു. ഐക്യരാഷ്ട്രസഭയിയുടെ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ പരിശ്രമങ്ങളില്‍ ഇസ്രായേല്‍ നല്കുന്ന പിന്തുണയെ അത്യന്തം കൃതജ്ഞതയോടെ സ്മരിക്കുന്നു.
സുഹൃത്തുക്കളെ,
സഹ ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ ശക്തമായ ഇന്ത്യ ഇസ്രയേല്‍ പങ്കാളിത്തത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളും ശക്തിയും നമ്മുടെ ജനങ്ങള്‍ ത്‌ന്നെ. ഇന്ത്യയിലെ 2000 വര്‍ഷത്തെ പാരമ്പര്യമുള്ള യഹൂദ സമൂഹം കഴിഞ്ഞ കാലവുമായി നമ്മെ ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണിയാണ്. ഇന്ന് അവരുടെ ആ പാരമ്പര്യങ്ങള്‍ നിലനിര്‍ത്തുക എന്നത് നമ്മുടെ സങ്കീര്‍ണമായ സാംസ്‌കാരിക തനിമയുടെ അവിഭാജ്യ ഘടകമാണ്. ഇന്ത്യയിലെ യഹൂദ സമൂഹത്തെ കുറിച്ച് ഞങ്ങള്‍ക്ക് വലിയ അഭിമാനമാണ്. വ്യക്തികള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രസിഡന്റും ഞാനും തമ്മില്‍ അഭിപ്രായ സമന്വയത്തിലെത്തി. അതിന് വലിയ ചരിത്രമുണ്ട്.
ആദരണീയനായ പ്രസിഡന്റ്,
രണ്ടര പതിറ്റാണ്ട് ദൈര്‍ഘ്യമുള്ള നമ്മുടെ സൗഹൃദം ഇരു രാജ്യങ്ങള്‍ക്കും വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് ആഗോള തലത്തില്‍ സമാധാനത്തിന്റെയും സുസ്ഥിരതയുടെയും ജനാധിപത്യത്തിന്റെയും ശബ്ദം ശക്തമാക്കാന്‍ സഹായകമായി. അങ്ങയുടെ ഈ സന്ദര്‍ശനം നമ്മുടെ സഹകരണത്തിന് പുതിയ മാനങ്ങള്‍ നല്കിയിരിക്കുന്നു. ഞാന്‍ വാക്കുകള്‍ ഉപസംഹരിക്കുകയാണ്, ഒരിക്കല്‍ കൂടി പ്രസിഡന്റ് റിവ്‌ളിനെ, അദ്ദേഹത്തിന്റെ പ്രഥമ സന്ദര്‍ശനത്തിനായി ഇന്ത്യയിലേയ്ക്ക് ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇന്ത്യയില്‍ ആഹ്ലാദകരമായ ദിനങ്ങള്‍ അദ്ദേഹത്തിന് ആശംസിക്കുന്നു.