നമുക്ക് ഒരുമിച്ച് നമ്മുടെ ഈ കളിക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് അവര്‍ക്ക് ധൈര്യം പകരാം: പ്രധാനമന്ത്രി മോദി
കാര്‍ഗില്‍ യുദ്ധം ഇന്ത്യന്‍ സേനയുടെ ശൗര്യത്തിന്റെയും സംയമനത്തിന്റെയും പ്രതീകമാണ് എന്നത് ലോകം മുഴുവന്‍ കണ്ടതാണ്: പ്രധാനമന്ത്രി മോദി
'അമൃത മഹോത്സവം സര്‍ക്കാരിന്റെയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയല്ല. കോടിക്കണക്കിന് ഭാരതീയരുടെ ഒത്തുചേരലാണ്: പ്രധാനമന്ത്രി മോദി
അമൃത മഹോത്സവം സര്‍ക്കാരിന്റെയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയല്ല. കോടിക്കണക്കിന് ഭാരതീയരുടെ ഒത്തുചേരലാണ്: പ്രധാനമന്ത്രി മോദി
അമൃത മഹോത്സവം സര്‍ക്കാരിന്റെയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയല്ല. കോടിക്കണക്കിന് ഭാരതീയരുടെ ഒത്തുചേരലാണ്: പ്രധാനമന്ത്രി മോദി
മൻ കി ബാത്തിൽ നിര്‍ദ്ദേശങ്ങൾ അയക്കുന്നവരില്‍ ഏകദേശം 75 ശതമാനം ആള്‍ക്കാരും 35 വയസ്സിനു താഴെ പ്രായമുള്ളവരാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്: പ്രധാനമന്ത്രി മോദി
മൻ കി ബാത്തിൽ നിര്‍ദ്ദേശങ്ങൾ അയക്കുന്നവരില്‍ ഏകദേശം 75 ശതമാനം ആള്‍ക്കാരും 35 വയസ്സിനു താഴെ പ്രായമുള്ളവരാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്: പ്രധാനമന്ത്രി മോദി

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌കാരം.
    
രണ്ടു ദിവസം മുന്‍പുള്ള അതിശയകരമായ ചില ചിത്രങ്ങളും അവിസ്മരണീയമായ നിമിഷങ്ങളും ഇപ്പോഴും എന്റെ കണ്‍മുന്നിലുണ്ട്. അതിനാല്‍ ഇപ്രാവശ്യത്തെ തുടക്കം ആ നിമിഷങ്ങളില്‍ നിന്നുമാകാം. ടോക്കിയോ ഒളിമ്പിക്‌സില്‍ ഭാരതത്തിന്റെ കളിക്കാര്‍ ത്രിവര്‍ണ്ണ പതാകയേന്തി നില്‍ക്കുന്നത് കണ്ടപ്പോള്‍, ഞാന്‍ മാത്രമല്ല രാജ്യം മുഴുവന്‍ പുളകിതരായി. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി ഈ യോദ്ധാക്കളോട് പറയുകയാണ് 'വിജയിച്ചു വരൂ, വിജയിച്ചു വരൂ.'
    
ഭാരതത്തെ പ്രതിനിധീകരിക്കുന്ന ഇവരെ കുറിച്ച് മനസ്സിലാക്കുവാനും അത് രാജ്യത്തോട് പങ്കുവെയ്ക്കാനുമുള്ള അവസരം എനിക്ക് ലഭിച്ചു. ഈ കളിക്കാര്‍ ജീവിതത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിട്ടാണ് ഇതുവരെ എത്തിയത്. ഇന്ന് അവര്‍ക്ക് നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് കരുത്തായിട്ടുള്ളത്. അതുകൊണ്ട് വരൂ, നമുക്ക് ഒരുമിച്ച് നമ്മുടെ ഈ കളിക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് അവര്‍ക്ക് ധൈര്യം പകരാം. സാമൂഹ്യ മാധ്യമത്തിലൂടെ ഒളിമ്പിക്‌സ് കളിക്കാര്‍ക്ക് പിന്തുണ നല്‍കുന്നതിനായി ''വിക്ടറി പഞ്ച് ക്യാമ്പയിന്‍'' ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. നിങ്ങളും ഇതില്‍ ചേര്‍ന്ന് വിക്ടറി പഞ്ച് ഷെയര്‍ ചെയ്യൂ. ഭാരതത്തെ പ്രോത്സാഹിപ്പിക്കൂ. 
    
സുഹൃത്തുക്കളെ, ആരാണോ രാജ്യത്തിനുവേണ്ടി ത്രിവര്‍ണ്ണപതാകയേന്തുന്നത്,  അവരോടുള്ള ബഹുമാനത്താല്‍ വികാരാധീനരാവുക സ്വാഭാവികമാണ് രാജ്യസ്‌നേഹത്തിന്റെ ഈ വികാരം നമ്മളെയെല്ലാം ബന്ധിപ്പിക്കുന്നു. നാളെ, അതായത് ജൂലൈ 26 കാര്‍ഗില്‍ വിജയ ദിവസമാണ്. കാര്‍ഗില്‍ യുദ്ധം ഇന്ത്യന്‍ സേനയുടെ ശൗര്യത്തിന്റെയും സംയമനത്തിന്റെയും പ്രതീകമാണ് എന്നത് ലോകം മുഴുവന്‍ കണ്ടതാണ്. ഈ പ്രാവശ്യം ഈ മഹത്തായ ദിനം അമൃത മഹോത്സവത്തിന് ഇടയിലാണ് ആഘോഷിക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഈ ദിനം കൂടുതല്‍ പ്രത്യേകതയുള്ളതായിത്തീരുന്നു. ഞാന്‍ ആഗ്രഹിക്കുന്നത് നിങ്ങളോരോരുത്തരും കാര്‍ഗിലിന്റെ ആവേശകരമായ കഥ വായിച്ചിരിക്കണം. കാര്‍ഗിലിലെ വീരന്മാരെ നമ്മള്‍ നമിക്കണം.
    
സുഹൃത്തുക്കളെ ആഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇത് നമ്മളെ സംബന്ധിച്ചിടത്തോളം വളരെ സൗഭാഗ്യകരമായ ഒന്നാണ്. എന്തെന്നാല്‍, രാജ്യം, നൂറ്റാണ്ടുകളായി കാത്തിരുന്ന സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിന് സാക്ഷികളാകുവാന്‍ പോവുകയാണ്. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കാന്‍ മാര്‍ച്ച് 12ന് ബാപ്പുവിന്റെ സബര്‍മതി ആശ്രമത്തില്‍ അമൃത മഹോത്സവത്തിന് തുടക്കം കുറിച്ചു. ആ ദിവസം തന്നെ ബാപ്പുവിന്റെ ദണ്ഡിയാത്രയുടെ സ്മരണകളും പുനരുജ്ജീവിപ്പിച്ചു. അന്നു മുതല്‍ രാജ്യം മുഴുവനും അമൃത മഹോത്സവവുമായി ബന്ധപ്പെട്ട പരിപാടികള്‍ നടന്നുവരികയാണ്. നിരവധി സംഭവങ്ങള്‍, സ്വാതന്ത്ര്യ സമരസേനാനികളുടെ പോരാട്ടം, അവരുടെ ജീവത്യാഗം ഒക്കെ മഹത്തരമാണ്. പക്ഷേ അതൊന്നും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് ആളുകള്‍ അവരെക്കുറിച്ചും അറിയുകയാണ്. ഇപ്പോള്‍ നിങ്ങള്‍ മൊയിറാങ് ദിവസത്തെക്കുറിച്ച് ചിന്തിക്കൂ. മണിപ്പൂരിലെ ചെറിയ പ്രദേശമാണ് മൊയിറാങ്. ആ സ്ഥലം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി, അതായത് ഐ എന്‍ എയുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു. അവിടെ സ്വാതന്ത്ര്യത്തിനു മുന്‍പേ ഐ എന്‍ എയുടെ കേണല്‍ ഷൗക്കത്ത് മാലിക് പതാക ഉയര്‍ത്തി. അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 14 ന് അതേ മൊയിറാങ്ങില്‍ വെച്ച് വീണ്ടും ഒരിക്കല്‍ കൂടി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. അങ്ങനെ എത്രയെത്ര സ്വാതന്ത്ര്യസമരസേനാനിമാരും മഹാപുരുഷന്മാരും - അവരെയെല്ലാം അമൃതമഹോത്സവത്തിലൂടെ രാജ്യം ഓര്‍മിക്കുകയാണ്. സര്‍ക്കാരും സാമൂഹിക സംഘടനകളും ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള ഒരു പരിപാടി ആഗസ്റ്റ് 15 ന് നടക്കാന്‍ പോവുകയാണ്. സാംസ്‌കാരിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഒട്ടനവധി ഭാരതീയര്‍ ചേര്‍ന്ന് ദേശീയഗാനം ആലപിക്കുക എന്നതാണിത്. ഇതിനായി ഒരു വെബ്‌സൈറ്റ് തയ്യാറായിട്ടുണ്ട്, ''രാഷ്ട്രഗാന്‍ ഡോട്ട് ഇന്‍.'' ഈ വെബ്‌സൈറ്റിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ദേശീയഗാനം പാടി അത് റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. അങ്ങനെ ഈ ഉദ്യമത്തില്‍ പങ്കുചേരാം. ഈ മഹത്തായ യജ്ഞത്തില്‍ എല്ലാവരും പങ്കുചേരും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത്തരത്തിലുള്ള അനേകം പ്രവര്‍ത്തനങ്ങളും പരിശ്രമങ്ങളും വരുംദിവസങ്ങളില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അമൃത മഹോത്സവം സര്‍ക്കാരിന്റെയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയല്ല. കോടിക്കണക്കിന് ഭാരതീയരുടെ ഒത്തുചേരലാണ്. സ്വതന്ത്രനും കൃതജ്ഞതയുള്ളവനുമായ ഓരോ ഭാരതീയനും സ്വാതന്ത്ര്യസമര സേനാനികളെ പ്രണമിക്കലാണത്. ഈ മഹോത്സവത്തിന്റെ ആശയം വളരെ വിശാലമാണ്. സ്വാതന്ത്ര്യസമര സേനാനികളുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കുക, അവരുടെ സ്വപ്നങ്ങളിലെ രാഷ്ട്രത്തെ സൃഷ്ടിക്കുക എന്നതാണ് നമ്മുടെ കടമ. രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാനായി സ്വാതന്ത്ര്യസമരസേനാനികള്‍ ഒന്നുചേര്‍ന്നതുപോലെ നമുക്കും ദേശത്തിന്റെ വികാസത്തിനായി ഒന്നുചേരേണ്ടതുണ്ട്. നാം രാജ്യത്തിനു വേണ്ടി ജീവിക്കണം. രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കണം. ചെറിയ ചെറിയ പ്രവര്‍ത്തനങ്ങളും പരിശ്രമങ്ങളും പോലും വലിയ ഫലങ്ങള്‍ നേടിത്തരും. നിത്യേനയുള്ള ജോലികളോടൊപ്പം തന്നെ നമുക്ക് രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. ''വോക്കല്‍ ഫോര്‍ ലോക്കല്‍'' പോലെ. നമ്മുടെ രാജ്യത്തെ പ്രാദേശിക സംരംഭകരെയും കലാകാരന്മാരെയും ശില്‍പ്പികളെയും നെയ്ത്തുകാരെയും പിന്തുണയ്ക്കുക എന്നുള്ളത് നമ്മുടെ പൊതുവായ സ്വഭാവമായിത്തീരണം. ആഗസ്റ്റ് 7 ന് വരുന്ന ദേശീയ കൈത്തറി ദിനം, അത് പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന ഒരു അവസരമാണ്. ദേശീയ കൈത്തറി ദിനത്തിന് ഒരു ചരിത്രപശ്ചാത്തലമുണ്ട്. 1905 ഇതേ ദിവസമാണ്  സ്വദേശി പ്രസ്ഥാനം ആരംഭിച്ചത്. 
    
സുഹൃത്തുക്കളെ നമ്മുടെ രാജ്യത്തെ ഗ്രാമീണ ആദിവാസി പ്രദേശങ്ങളില്‍ കൈത്തറി,  വരുമാനത്തിന്റെ ഒരു വലിയ ഉപാധിയാണ്. ലക്ഷക്കണക്കിന് സ്ത്രീകളും നെയ്ത്തുകാരും ശില്പികളും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ ചെറിയ ചെറിയ പരിശ്രമങ്ങള്‍ നെയ്ത്തുകാരില്‍ പുതിയ പ്രതീക്ഷ ഉണര്‍ത്തും. സഹോദരങ്ങളെ, നിങ്ങള്‍ സ്വയം എന്തെങ്കിലുമൊക്കെ വാങ്ങുകയും ഇക്കാര്യം മറ്റുള്ളവരോടും പറയുകയും ചെയ്യുക. നാം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇത്രയെങ്കിലും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. 2014 മുതല്‍ മന്‍ കീ ബാത്തില്‍  പലപ്പോഴും ഞാന്‍ ഖാദിയുടെ കാര്യം പറയുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഇന്ന് നമ്മുടെ രാജ്യത്ത് ഖാദിയുടെ വില്‍പ്പന പലമടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. അത് നിങ്ങളുടെ പ്രയത്‌നത്താല്‍ തന്നെയാണ്. ഖാദിയുടെ ഏതെങ്കിലുമൊരു കടയില്‍ നിന്ന് ഒരു ദിവസം ഒരു കോടിയിലധികം രൂപയുടെ വില്‍പന നടക്കുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നതാണോ. എന്നാല്‍ നമ്മള്‍ അതും ചെയ്തുകാണിച്ചു. നിങ്ങള്‍ എവിടെ നിന്നെങ്കിലും എന്തെങ്കിലും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നുണ്ടെങ്കില്‍ അതിന്റെ ലാഭം ലഭിക്കുന്നത് പാവപ്പെട്ട നമ്മുടെ നെയ്ത്തുകാരായ സഹോദരീ സഹോദരന്മാര്‍ക്കാണ്. അതുകൊണ്ട് ഖാദി വാങ്ങുക എന്നുള്ളത് ഒരു തരത്തില്‍ ജനസേവനമാണ്. ദേശസേവയുമാണ്. സ്‌നേഹം നിറഞ്ഞ സഹോദരരീ സഹോദരന്‍മാരോടുള്ള എന്റെ അഭ്യര്‍ത്ഥനയാണ്, നിങ്ങള്‍ എല്ലാവരും ഗ്രാമപ്രദേശത്ത് നിര്‍മ്മിക്കപ്പെടുന്ന കൈത്തറി ഉല്‍പ്പന്നങ്ങള്‍ തീര്‍ച്ചയായും വാങ്ങണം. ''മൈ ഹാന്‍ഡ്‌ലൂം മൈ പ്രൈഡ്'' എന്ന ഹാഷ്ടാഗിനൊപ്പം അതിനെ ഷെയര്‍ ചെയ്യുകയും വേണം.
    
സുഹൃത്തുക്കളെ, സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെയും ഖാദിയും കുറിച്ച് പറയുമ്പോള്‍ ബാപ്പുവിനെ സ്മരിക്കുന്നത് സ്വാഭാവികമാണല്ലോ. ബാബുവിന്റെ നേതൃത്വത്തില്‍ ''ഭാരത് ഛോടോ ആന്ദോളന്‍'' (കിറ്റ് ഇന്ത്യ സമരം) നടന്നതുപോലെ ഇന്ന് ഭാരതത്തെ ഒന്നിപ്പിക്കുന്നതിന് -  ''ഭാരത് ജോഡോ ആന്ദോളന്'' - ഓരോ ദേശവാസിയും നേതൃത്വം നല്‍കണം. വൈവിധ്യങ്ങള്‍ നിറഞ്ഞ നമ്മുടെ നാടിനെ ഒന്നിപ്പിക്കുവാന്‍ സഹായകരമായ കാര്യങ്ങള്‍ ചെയ്യുക എന്നുള്ളതാണ് നമ്മുടെ കര്‍ത്തവ്യം. അമൃത മഹോത്സവത്തിന്റെ ഈ അവസരത്തില്‍ രാജ്യം തന്നെയാണ് നമ്മുടെ ഏറ്റവും വലിയ താല്‍പര്യമെന്നും ഏറ്റവും വലിയ മുന്‍ഗണന രാജ്യത്തിനാണെന്നുമുള്ള ''അമൃത പ്രതിജ്ഞ'' എടുക്കാം. ''നേഷന്‍ ഫസ്റ്റ്, ആള്‍വെയ്‌സ് ഫസ്റ്റ്'' എന്ന മന്ത്രത്തോടെ നമുക്ക് മുന്നേറാം. 
    
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ഇന്ന് മന്‍കി ബാത്ത് കേട്ടുകൊണ്ടിരിക്കുന്ന എന്റെ യുവ സുഹൃത്തുക്കളോട് പ്രത്യേകം കൃതജ്ഞത പ്രകടിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് MY GOV മുഖേന മന്‍ കി ബാത്തിന്റെ ശ്രോതാക്കളെ പറ്റിയുള്ള ഒരു പഠനം നടത്തിയിരുന്നു. മന്‍ കി ബാത്തിലേക്ക് സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും  അയക്കുന്നവര്‍ മുഖ്യമായും ആരാണെന്ന് നോക്കുകയുണ്ടായി. പഠനത്തിനുശേഷം കിട്ടിയ വിവരം, സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും അയക്കുന്നവരില്‍ ഏകദേശം 75 ശതമാനം ആള്‍ക്കാരും 35 വയസ്സിനു താഴെ പ്രായമുള്ളവരാണ് എന്നാണ്. അതായത് ഭാരതത്തിലെ യുവശക്തിയുടെ നിര്‍ദേശങ്ങളാണ് മന്‍ കി ബാത്തിനു മാര്‍ഗദര്‍ശനം നല്‍കുന്നത്. ഇതിനെ ഞാന്‍ വളരെ നല്ല ഒരു കാര്യമായി കാണുന്നു. മന്‍ കി ബാത്ത് സാകാരാത്മകതയുടെയും സംവേദനശീലത്തിന്റെയും മാധ്യമമാണ്. മന്‍ കി ബാത്തില്‍ നാം ക്രിയാത്മകമായ കാര്യങ്ങളാണ് പറയുന്നത്. കൂട്ടായ്മയില്‍ നിന്നുണ്ടാകുന്ന സവിശേഷത ഇതിനുണ്ട്. സാകാര്തമക ചിന്താഗതികളും നിര്‍ദ്ദേശങ്ങളും നല്‍കുന്ന നമ്മുടെ യുവാക്കളുടെ ക്രിയാത്മകത എന്നില്‍ സന്തോഷം ഉളവാക്കുന്നു. മന്‍ കി ബാത്ത് മുഖേന എനിക്ക് യുവാക്കളുടെ മനസ്സ് അറിയാനുള്ള അവസരം ലഭിക്കുന്നു എന്നുള്ളതും സന്തോഷകരമായ കാര്യമാണ്. 
    
സുഹൃത്തുക്കളെ, നിങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് മന്‍ കി ബാത്തിന്റെ യഥാര്‍ത്ഥ ശക്തി. മന്‍ കി ബാത്തില്‍ പ്രതിഫലിക്കുന്ന നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഭാരതത്തിന്റെ വൈവിധ്യത്തെ പ്രകടമാക്കുന്നു. ഭാരതീയരുടെ സേവനത്തിന്റെയും  ത്യാഗത്തിന്റെയും സുഗന്ധം നാലുപാടും പരത്തുന്നു. നമ്മുടെ അധ്വാനശീലരായ ചെറുപ്പക്കാരുടെ ക്രിയാത്മക ചിന്തകളിലൂടെ എല്ലാവര്‍ക്കും പ്രേരണ നല്‍കുകയും ചെയ്യുന്നു. മന്‍ കി ബാത്തിലേക്ക് നിങ്ങള്‍ പല ആശയങ്ങളും അയക്കുന്നു എല്ലാ കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സാധിക്കാറില്ല പക്ഷേ അവയില്‍ പല ആശയങ്ങളും ഞാന്‍ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് മേല്‍നടപടികള്‍ സ്വീകരിക്കാനായി കൈമാറുന്നു. 
    
സുഹൃത്തുക്കളെ, ഞാന്‍ നിങ്ങളോട് ശ്രീ സായി പ്രണീതിന്റെ പ്രയത്‌നങ്ങളെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു പ്രണീത് ആന്ധ്രാപ്രദേശിലെ ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. കഴിഞ്ഞ വര്‍ഷം മോശമായ കാലാവസ്ഥ കാരണം അവിടെയുള്ള കൃഷിക്കാര്‍ക്ക് ഏറെ കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നത് അദ്ദേഹം കണ്ടു. വര്‍ഷങ്ങളായി കാലാവസ്ഥാ ശാസ്ത്രത്തില്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്റെ താല്‍പര്യവും കൃഷിക്കാരുടെ നന്മയ്ക്കായി വിനിയോഗിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഇപ്പോള്‍ അദ്ദേഹം വെവ്വേറെ വിവരശേഖരണത്തിലൂടെ കാലാവസ്ഥയെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ വാങ്ങുകയും അവയെ അപഗ്രഥിക്കുകയും ഒപ്പം പ്രാദേശിക ഭാഷയില്‍ വിവിധ മാധ്യമങ്ങളിലൂടെ ആ അറിവുകള്‍ കൃഷിക്കാരില്‍ എത്തിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകളെ കൂടാതെ ഓരോ സമയത്തെയും കാലാവസ്ഥയ്ക്ക് അനുസൃതമായി ജനങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രണീത് നല്‍കുന്നു.  വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗ്ഗങ്ങളും ഇടിമിന്നലില്‍ നിന്നും രക്ഷപ്പെടേണ്ടത് എങ്ങനെയെന്നും അദ്ദേഹം ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുന്നു. 
    
സുഹൃത്തുക്കളെ, ചെറുപ്പക്കാരനായ ഈ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ പ്രയത്‌നം നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന പോലെതന്നെ മറ്റൊരു സുഹൃത്ത് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് നമ്മെ ആശ്ചര്യപ്പെടുത്തുന്നു. ഒഡീഷയിലെ സംബല്‍പുര്‍ ജില്ലയിലെ ശ്രീ ഇസാക് മുണ്ടയാണ് ആ സുഹൃത്ത്. മുമ്പ് ഇസാക് ദിവസക്കൂലിക്കാരനായി  പണിയെടുത്തിരുന്ന ആളാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇന്റര്‍നെറ്റില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം ധാരാളം പണം സമ്പാദിക്കുന്നു. അദ്ദേഹം സ്വന്തം വീഡിയോകളിലൂടെ പ്രാദേശികമായ വിവരങ്ങള്‍, പാരമ്പരാഗത ഭക്ഷണം പാകം ചെയ്യുന്ന രീതികള്‍, തന്റെ ഗ്രാമം, ജീവിതരീതികള്‍, കുടുംബം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്ത് പ്രദര്‍ശിപ്പിക്കുന്നു. ഒഡിഷയിലെ പ്രസിദ്ധമായ ഒരു പ്രാദേശിക പാചകരീതിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെ 2020 മാര്‍ച്ചിലാണ് യൂട്യൂബര്‍ എന്ന നിലയിലേക്കുള്ള തന്റെ യാത്ര അദ്ദേഹം ആരംഭിച്ചത്. അപ്പോള്‍ മുതല്‍ നൂറുകണക്കിന് വീഡിയോകള്‍ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ ശ്രമം പല കാരണങ്ങളാല്‍ ശ്രദ്ധനേടി. ഗ്രാമീണ ജീവിതശൈലിയെ കുറിച്ച് പരിമിതമായ അറിവ് മാത്രമുള്ള നഗരവാസികളെ ഇത് ഏറെ ആകര്‍ഷിച്ചു. ഇസാക്ക് മുണ്ട സംസ്‌കാരവും പാചകരീതിയും രണ്ടും കൂട്ടിയോജിപ്പിക്കുന്നു. നമുക്കെല്ലാം പ്രേരണയും നല്‍കുന്നു. 
    
സുഹൃത്തുക്കളെ, ടെക്‌നോളജിയെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ ഒരു രസകരമായ വിഷയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. മദ്രാസ് ഐ ഐ ടിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാല്‍ സ്ഥാപിതമായ സ്റ്റാര്‍ട്ടപ് ഒരു ത്രി ഡി പ്രിന്റഡ് ഹൗസ് നിര്‍മ്മിച്ചത് ഈയിടെ നിങ്ങള്‍ വായിച്ചിരിക്കും, കാണുകയും ചെയ്തിരിക്കും. ത്രി ഡി പ്രിന്റ് ചെയ്ത വീട് നിര്‍മ്മിക്കുക, അതെങ്ങനെ സാധ്യമാകും? രാജ്യം മുഴുവനും ഇത്തരത്തിലൂള്ള നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നറിയുന്നത് നിങ്ങള്‍ക്ക് സന്തോളം നല്‍കുന്ന കാര്യമാണ്. ചെറിയ ചെറിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു പോലും വര്‍ഷങ്ങള്‍ എടുക്കുന്ന ഒരു സമയമുണ്ടായിരുന്നു. പക്ഷേ, ഇന്ന് ടെക്‌നോളജിയിലൂടെ ഭാരതത്തിന്റെ അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. കുറച്ച നാളുകള്‍ക്കു മുന്‍പ് ഞങ്ങള്‍ ലോകത്തെമ്പാടുമുള്ള ഇന്നവേറ്റീവ് കമ്പനികളെ ക്ഷണിക്കാനായി ഒരു ഗ്ലോബല്‍ ഹൗസിംഗ് ടെക്‌നോളജി ചലഞ്ചിന് തുടക്കം കുറിച്ചു. ഇത് രാജ്യത്ത് തന്നെ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടായ അതുല്യമായ ശ്രമമാണ്. അതുകൊണ്ടുതന്നെ നമ്മള്‍ ഇതിന് ലൈറ്റ് ഹൗസ് പ്രോജക്ട് എന്ന പേരും നല്‍കി. ഇപ്പോള്‍ രാജ്യത്ത് ഉടനീളം 6 വ്യത്യസ്തമായ സ്ഥലങ്ങളില്‍ ലൈറ്റ് ഹൗസ് പ്രോജക്ട് രീതിയില്‍ ജോലികള്‍ നടന്നുവരികയാണ്. ഈ ലൈറ്റ് ഹൗസ് പ്രോജക്റ്റില്‍ ആധുനിക സാങ്കേതികവിദ്യയും ഭാവനാസമ്പന്നവുമായ രീതികള്‍ ഉപയോഗിച്ചുവരുന്നു. ഇതിലൂടെ നിര്‍മ്മാണത്തിന്റെ സമയം കുറച്ചു കൊണ്ടുവരാന്‍ സാധിച്ചു. അതോടൊപ്പം നിര്‍മ്മിക്കുന്ന വീടുകള്‍ കൂടുതല്‍ മോടിയുള്ളതും ചെലവുകുറഞ്ഞതും സൗകര്യപ്രദവുമാണ്. ഞാന്‍ ഇടയ്ക്ക് ഈ പ്രോജക്ടിനെ വിശകലനം ചെയ്തു. പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ മികവു ലൈവ് ആയി കണ്ടു. ഇന്‍ഡോറിലെ പ്രോജക്ടില്‍ കട്ടയുടെയും സിമന്റ് തേച്ച ചുമരിന്റെയും സ്ഥാനത്ത് പ്രീ ഫാബ്രിക്കേറ്റഡ് സാന്‍ഡ്‌വിച്ച് പാനല്‍ സിസ്റ്റം ഉപയോഗിച്ചു. രാജ്‌കോട്ടില്‍ ലൈറ്റ് ഹൗസ് ഫ്രഞ്ച് ടെക്‌നോളജിയിലൂടെ നിര്‍മ്മാണം നടത്തി വരുന്നു. അതില്‍ ടണലിലൂടെ മോണോലിത്തിക് കോണ്‍ക്രീറ്റ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ഉപയോഗിക്കുകയാണ്. ഈ ടെക്‌നോളജിയിലൂടെ നിര്‍മിക്കുന്ന വീട് ദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ കാര്യക്ഷമമാണ്. ചെന്നൈയില്‍ അമേരിക്കയുടെയും, ഫിന്‍ലാന്‍ഡിന്റെയും  ടെക്‌നോളജിയും പ്രീ കാസ്റ്റ് കോണ്‍ക്രീറ്റ് സിസ്റ്റവും ഉപയോഗിക്കുന്നു. ഇതിലൂടെ കെട്ടിടം പെട്ടെന്ന് നിര്‍മ്മിക്കാനും ചെലവ് കുറയ്ക്കാനും സാധിക്കും. റാഞ്ചിയില്‍ ജര്‍മനിയുടെ ത്രി ഡി കണ്‍സ്ട്രക്ഷന്‍ സിസ്റ്റം ഉപയോഗിച്ച് വീടുകള്‍ നിര്‍മ്മിക്കുന്നു. ഇതനുസരിച്ച് ഓരോ മുറിയും വെവ്വേറെ നിര്‍മ്മിക്കുന്നു. പിന്നീട് പൂര്‍ണമായ സ്ട്രക്ചറില്‍ അവയെ യോജിപ്പിക്കും. കുട്ടികള്‍ ബില്‍ഡിംഗ് സെറ്റ്  എങ്ങനെയാണോ യോജിപ്പിക്കുന്നത് അതുപോലെ. അഗര്‍ത്തലയില്‍ ന്യൂസിലാന്‍ഡ് ടെക്‌നോളജിയിലൂടെ സ്റ്റീല്‍ ഫ്രെയിം ഉപയോഗിച്ച് കെട്ടിടം നിര്‍മിക്കുന്നു. അതിലൂടെ വലിയ വലിയ ഭൂകമ്പങ്ങളെ പോലും നേരിടാന്‍ സാധിക്കും. അതുപോലെ ലഖ്‌നൗവില്‍ കാനഡയുടെ ടെക്‌നോളജി ഉപയോഗിച്ചു വരുന്നു. അതില്‍ പ്ലാസ്റ്ററും പെയിന്റും ആവശ്യമില്ല. എളുപ്പത്തില്‍ വീട് നിര്‍മ്മിക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ ചുവരുകള്‍ ആണ് ഉപയോഗിക്കുന്നത്. സുഹൃത്തുക്കളെ ഈ പ്രോജക്ടിനെ ഇന്‍ക്യുബേഷന്‍ സെന്റര്‍ പോലെ പ്രവര്‍ത്തിപ്പിക്കാനാണ് രാജ്യം ശ്രമിക്കുന്നത് ഇതിലൂടെ നമ്മുടെ പ്ലാനര്‍മാരും  ആര്‍ക്കിടെക്റ്റുകളും എന്‍ജിനീയര്‍മാരും വിദ്യാര്‍ത്ഥികളും പുതിയ ടെക്‌നോളജിയെ കുറിച്ച് മനസ്സിലാക്കുകയും പരീക്ഷിക്കുകയും ചെയ്യും. ഞാന്‍ ഈ കാര്യങ്ങള്‍ യുവാക്കളുടെ മുന്നില്‍ അവതരിപ്പിക്കുന്നത് എന്തിനാണെന്നാല്‍ നമ്മുടെ യുവസമൂഹം ടെക്‌നോളജിയുടെ പുതിയ പുതിയ മേഖലകളില്‍ താല്പര്യമുള്ളവര്‍ ആയി മാറട്ടെ. 
    
പ്രിയപ്പെട്ട ദേശവാസികളെ, നിങ്ങള്‍ ഇംഗ്ലീഷ് മൊഴി കേട്ടിട്ടുണ്ടാകും, 'ടു ലേണ്‍ ഈസ് ടു ഗ്രോ'. അതായത് പഠനമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. എപ്പോഴാണോ നമ്മള്‍ പുതിയതായി എന്തെങ്കിലും പഠിക്കുന്നത് അപ്പോള്‍ നമ്മുടെ മുന്നില്‍ പുരോഗതിയുടെ പുതിയ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടും. എപ്പോഴെങ്കിലും പഴയതില്‍ നിന്നും മാറി പുതിയതായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ മനുഷ്യത്വത്തിന്റെ പുതിയ വാതായനം തുറക്കപ്പെടും. ഒരു പുതിയ യുഗത്തിനു തുടക്കം കുറിക്കപ്പെടും. നിങ്ങള്‍ കണ്ടിട്ടുണ്ടാവും എപ്പോഴെങ്കിലും എവിടെയെങ്കിലും പുതിയതായി എന്തെങ്കിലും ഉണ്ടായാല്‍ അതിന്റെ ഫലം ഓരോരുത്തരെയും ആശ്ചര്യചകിതരാക്കും. ഇപ്പോള്‍ ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ് ഏതു പ്രദേശത്തെയാണ് നിങ്ങള്‍ ആപ്പിളുമായി ചേര്‍ത്തു പറയാന്‍ ആഗ്രഹിക്കുന്നത്. എനിക്കറിയാം നിങ്ങളുടെ മനസ്സില്‍ ആദ്യം വരുന്ന പേരുകള്‍ ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, പിന്നെ ഉത്തരാഖണ്ഡ് ആയിരിക്കും, പക്ഷേ ഈ ലിസ്റ്റില്‍ മണിപ്പൂരിനെ കൂടി ചേര്‍ക്കാന്‍ ഞാന്‍ പറഞ്ഞാല്‍ ഒരുപക്ഷേ നിങ്ങള്‍ അതിശയിച്ചു പോകും. പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച യുവാക്കള്‍ മണിപ്പൂരില്‍ ഈ നേട്ടം  കൈവരിച്ചു കാണിച്ചു. ഇന്ന് മണിപ്പൂരിലെ ഉഖ്‌രൗല്‍ ജില്ലയിലെ ആപ്പിള്‍ കൃഷി മികച്ച രീതിയില്‍ നടന്നുവരുന്നു. അവിടത്തെ കര്‍ഷകര്‍ തങ്ങളുടെ തോട്ടങ്ങളില്‍ കൃഷിചെയ്യുകയാണ്. ആപ്പിള്‍ വിളയിക്കാന്‍ ഇവിടത്തുകാര്‍ ഹിമാചലില്‍ പോയി പരിശീലനവും നേടി. അതിലൊരാളാണ് ടി എം റിംഗഫാമി യംഗ്. അദ്ദേഹം ഒരു എയറോനോട്ടിക്കല്‍ എന്‍ജിനീയറാണ്. അദ്ദേഹം തന്റെ ഭാര്യ ശ്രീമതി പി എസ് ഏഞ്ചലിനൊപ്പം ആപ്പിള്‍ വിളയിച്ചു. അതുപോലെ അവുന്‍ഗശീ ശിംറേ അഗസ്റ്റീനയും തന്റെ തോട്ടത്തില്‍ ആപ്പിള്‍ ഉല്പാദിപ്പിച്ചു. അവന്‍ഗശീ ഡല്‍ഹിയില്‍ ജോലിചെയ്തുവരികയാണ്. ജോലി ഉപേക്ഷിച്ച് അവര്‍ തന്റെ ഗ്രാമത്തില്‍ തിരിച്ചെത്തി ആപ്പിള്‍ കൃഷി തുടങ്ങി. മണിപ്പൂരില്‍ ഇന്ന് ഇതുപോലെ ധാരാളം ആപ്പിള്‍ കര്‍ഷകരുണ്ട്. അവരൊക്കെ തന്നെ വ്യത്യസ്തവും പുതുമയുള്ളതും ആയ കാര്യം ചെയ്തു കാണിച്ചു തന്നു.
    
സുഹൃത്തുക്കളെ, നമ്മുടെ ആദിവാസി സമൂഹത്തില്‍ ഇലന്തപ്പഴം വളരെ പ്രസിദ്ധമാണ്. ആദിവാസി സമുദായത്തിലെ ആളുകള്‍ എല്ലായിപ്പോഴും ഇലന്തപ്പഴം കൃഷി ചെയ്യുന്നവരാണ്. പക്ഷേ, കോവിഡ് 19 മഹാമാരിക്ക് ശേഷം അവരുടെ കൃഷി പ്രത്യേകിച്ചും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ത്രിപുരയിലെ ഊനാകോട്ടിയിലെ 32 വയസ്സുകാരന്‍ യുവ സുഹൃത്ത് വിക്രംജീത്ത് ചക്മാ അത്തരത്തില്‍ ഒരാളാണ്. ഇലന്തപ്പഴത്തിന്റെ കൃഷിയിലൂടെ ലാഭം കൊയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോള്‍ അദ്ദേഹം മറ്റുള്ളവരെ ഇലന്തപ്പഴം കൃഷിചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇത്തരക്കാരെ സഹായിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇലന്തപ്പഴം കൃഷി ചെയ്യുന്നവരുടെ ആവശ്യാനുസരണം സര്‍ക്കാര്‍ അവര്‍ക്കായി പ്രത്യേക നഴ്‌സറി നിര്‍മ്മിച്ചു നല്‍കി. കൃഷിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൃഷിയുടെ ഉപോല്പന്നങ്ങളില്‍ നിന്നും പോലും മാറ്റം വരുത്തുവാന്‍ സാധിക്കും. 
    
സുഹൃത്തുക്കളെ, ഉത്തര്‍പ്രദേശിലെ ലഘീംപുര്‍ ഖേരിയില്‍ നടന്ന ഒരു കാര്യത്തെ  കുറിച്ച് ഞാന്‍ അറിഞ്ഞു. കോവിഡ് സമയത്താണ് ലഘീംപുരിലെ ഖേരിയില്‍ ഇത്തരത്തിലുള്ള വ്യത്യസ്തമായ ചുവടുവെപ്പ് നടന്നത്. അവിടെ സ്ത്രീകള്‍ക്ക് വാഴയുടെ ഉപയോഗശൂന്യമായ തണ്ടില്‍നിന്നും നാര് ഉണ്ടാക്കുന്നതിനുള്ള ട്രെയിനിങ് കൊടുക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി. വേസ്റ്റില്‍ നിന്നും ബെസ്റ്റ് ഉണ്ടാക്കാന്‍ ഉള്ള മാര്‍ഗം. വാഴയുടെ തണ്ട് മുറിച്ച് മെഷീനിന്റെ  സഹായത്തോടെ വാഴനാര് തയ്യാറാക്കുന്നു. അത് ചണം പോലെ ഇരിക്കും. ഈ നാരില്‍ നിന്നും ഹാന്‍ഡ്ബാഗ്, പായ്, പരവതാനി അങ്ങനെ എത്രയെത്ര സാധനങ്ങള്‍ ഉണ്ടാക്കാനാകും. ഇതിലൂടെ ഒരു വശത്ത് വിളയുടെ മാലിന്യങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി, മറുവശത്ത് ഗ്രാമത്തിലെ നമ്മുടെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും വരുമാനത്തിന് ഒരു മാര്‍ഗ്ഗം കൂടി ലഭിച്ചു. വാഴനാരിന്റെ ഈ ജോലിയിലൂടെ ആ സ്ഥലത്തെ സ്ത്രീക്ക് 400 മുതല്‍ 600 രൂപ വരെ പ്രതിദിനം സമ്പാദിക്കാന്‍ സാധിക്കുന്നുണ്ട്. ലഘീംപൂര്‍ ഖീരിയില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയില്‍ വാഴകൃഷി ചെയ്യുന്നു. വാഴക്കുലയുടെ വിളവെടുപ്പിനുശേഷം സാധാരണയായി കര്‍ഷകര്‍ക്ക് വാഴത്തട കളയാനായി അധികം ചെലവ് ചെയ്യേണ്ടി വരുമായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ഈ പൈസ ലാഭിക്കാന്‍ സാധിക്കുന്നു. അതായത് അധിക ലാഭം നേടാന്‍ സാധിക്കുന്നു എന്നത് വളരെ സാര്‍ത്ഥകമാണ്.
    
സുഹൃത്തുക്കളെ ഒരുവശത്ത് വാഴനാരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നു. മറുവശത്ത് ഇതുപോലെ ഏത്തയ്ക്കാ പൊടിയില്‍ നിന്നും ദോശയും ഗുലാബ് ജാമുനും  പോലെയുള്ള സ്വാദിഷ്ഠമായ വിഭവം തയ്യാറാക്കുന്നു. ഉത്തര കര്‍ണാടകത്തിലും ദക്ഷിണ കര്‍ണാടകത്തിലും സ്ത്രീകള്‍ ഈ കാര്യം ചെയ്തുവരികയാണ്. ഇതിന്റെ തുടക്കവും കൊറോണക്കാലത്തു തന്നെയായിരുന്നു. ഇത് കേവലം ഏത്തയ്ക്കാ പൊടിയില്‍നിന്ന് ദോശ, ഗുലാബ് ജാം തുടങ്ങിയവ ഉണ്ടാക്കുക മാത്രമല്ല, ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുമുണ്ട്. കൂടുതല്‍ ആളുകള്‍ ഏത്തയ്ക്കാപ്പൊടിയെ കുറിച്ച് അറിഞ്ഞു തുടങ്ങിയപ്പോള്‍ അതിന്റെ ആവശ്യം കൂടി. അതോടൊപ്പം സ്ത്രീകളുടെ വരുമാനവും. ലഘീംപുര്‍ ഖീരിയെ പോലെ ഇവിടെയും ഇന്നവേറ്റീവ് ആയ ആശയങ്ങള്‍ക്ക് സ്ത്രീകള്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. 
    
സുഹൃത്തുക്കളെ ഇത്തരം ഉദാഹരണങ്ങള്‍ ജീവിതത്തില്‍ എന്തെങ്കിലും പുതുമയുള്ളത് ചെയ്യാന്‍ നമുക്ക് പ്രേരണ നല്‍കും. നിങ്ങളുടെ സമീപത്തും ഇത്തരത്തിലുള്ള അനേകം പേര്‍ ഉണ്ടാകും. നിങ്ങളുടെ കുടുംബാംഗങ്ങള്‍ മനസ്സിലുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ നിങ്ങളും ഇത് സംസാര വിഷയമാക്കാവുന്നതാണ്. ഇടയ്ക്ക് സമയമുള്ളപ്പോള്‍ കുട്ടികളോടൊപ്പം ഇത്തരം പുതുമയുള്ള ശ്രമങ്ങളെ നോക്കിക്കാണുവാന്‍ പോകൂ. പിന്നെ സമയമുള്ളപ്പോള്‍ സ്വയം ഇത്തരം കാര്യങ്ങള്‍ ചെയ്തു കാണിക്കാന്‍ ശ്രമിക്കൂ. തീര്‍ച്ചയായും നിങ്ങള്‍ക്കിത്  എന്നോടൊപ്പം നമോ ആപ്പ് അല്ലെങ്കില്‍ MY GOV യിലൂടെ പങ്കിടാവുന്നതാണ്. 
    
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഒരു സംസ്‌കൃത ശ്ലോകമുണ്ട്, ''ആത്മാര്‍ത്ഥം ജീവലോകേ അസ്മിന്‍, കോ ന ജീവതി മാനവ: പരം പരോപകാരാര്‍ത്ഥം, യോ ജീവതി സ ജീവതി''. അതായത് ലോകത്തില്‍ ഓരോ വ്യക്തിയും തനിക്കായി ജീവിക്കുന്നു. പക്ഷേ പരോപകാരത്തിനായി ജീവിക്കുന്ന വ്യക്തിയാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്. ഭാരത മാതാവിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും പരോപകാരപ്രദമായ കാര്യങ്ങള്‍ - അതുതന്നെയാണ് മന്‍ കീ ബാത്തിലും വിഷയമാകുന്നത്. ഇന്നും അങ്ങനെയുള്ള മറ്റു ചില സുഹൃത്തുക്കളെ കുറിച്ച് പറയാം. ഒരു സുഹൃത്ത് ചണ്ഡീഗര്‍ പട്ടണവാസിയാണ്. ചണ്ഡിഗറില്‍  ഞാനും കുറേ വര്‍ഷം വസിച്ചിരുന്നു. അത് വളരെ സുന്ദരവും നന്മ നിറഞ്ഞതുമായ പട്ടണമാണ്. അവിടെ താമസിക്കുന്ന ആള്‍ക്കാരും സന്മനസ്സുള്ളവരാണ്. നിങ്ങള്‍ ഭക്ഷണപ്രിയരാണെങ്കില്‍ ഇവിടെ നിങ്ങള്‍ക്ക് ഏറെ സന്തോഷം അനുഭവപ്പെടും. ഈ ചണ്ഡിഗര്‍ പട്ടണത്തിലെ സെക്ടര്‍ 29 ലെ ശ്രീ സഞ്ജയ് റാണ ഒരു ഫുഡ് സ്റ്റാള്‍ നടത്തുന്നു. സൈക്കിളില്‍ സഞ്ചരിച്ച് ചോലെ-ബട്ടൂര വില്‍ക്കുകയും ചെയ്യുന്നു. ഒരുദിവസം അദ്ദേഹത്തിന്റെ മകള്‍ രിദ്ധിമയും അനന്തിരവള്‍ റിയയും ഒരു ആശയവുമായി അദ്ദേഹത്തിന്റെ അടുത്തെത്തി. കോവിഡ് വാക്‌സിന്‍ എടുക്കുന്ന ആളുകള്‍ക്ക് ഫ്രീയായി ചോലെ-ബട്ടൂര കഴിക്കാന്‍ കൊടുക്കണമെന്ന് പറഞ്ഞു. അദ്ദേഹം അത് സന്തോഷപൂര്‍വ്വം സമ്മതിച്ചു. ശ്രീ സഞ്ജയ് റാണ ചോലെ-ബട്ടൂര ഫ്രീയായി നല്‍കണമെങ്കില്‍ അന്നേദിവസം വാക്‌സിന്‍ എടുത്തതിന്റെ പേപ്പര്‍ കാണിക്കേണ്ടതായി വരും. വാക്‌സിന്‍ എടുത്തതിന്റെ പേപ്പര്‍ കാണിച്ചാല്‍ ഉടന്‍ അദ്ദേഹം സ്വാദിഷ്ഠമായ ചോലെ-ബട്ടൂര നല്‍കും. സമൂഹത്തിന്റെ നന്മക്കായുള്ള കാര്യങ്ങള്‍ക്ക് പൈസയെക്കാള്‍ ഏറെ സേവനമനോഭാവവും കര്‍ത്തവ്യനിഷ്ഠയുമാണ് ആവശ്യം. നമ്മുടെ സഞ്ജയ് ഭായി അക്കാര്യത്തെ യാഥാര്‍ഥ്യമാക്കി തീര്‍ക്കുന്നു.
    
സുഹൃത്തുക്കളേ, അപ്രകാരമുള്ള മറ്റൊരു കാര്യത്തെ കുറിച്ച് ഇനി ചര്‍ച്ച ചെയ്യാം. അത് തമിഴ്‌നാട്ടിലെ നീലഗിരിയിലാണ്. അവിടെ രാധികാ ശാസ്ത്രി ആംബുറെക്‌സ് പ്രോജക്ട് ആരംഭിച്ചിട്ടുണ്ട്. മലമ്പ്രദേശങ്ങളിലെ രോഗികളുടെ ചികിത്സയ്ക്കായി എളുപ്പത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് സൗകര്യം ഉണ്ടാക്കി കൊടുക്കുകയാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. രാധിക കൂനൂറില്‍ ഒരു കഫേ നടത്തുന്നു. അവര്‍ തന്റെ കഫേയിലെ സുഹൃത്തുക്കളില്‍ നിന്ന് ആംബുറെക്‌സിലേക്ക് ഫണ്ട് സമാഹരിച്ചു. നീലഗിരി കുന്നുകളില്‍ ഇപ്പോള്‍ ആംബുറെക്‌സ് പ്രവര്‍ത്തിക്കുന്നു. ദൂരെയുള്ള പ്രദേശങ്ങളിലെ രോഗികള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ഇത് സഹായകരമാകുന്നു. സ്ട്രക്ചര്‍, ഓക്‌സിജന്‍ സിലിണ്ടര്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ് തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്. സുഹൃത്തുക്കളെ, ശ്രീ സഞ്ജയിന്റെയും ശ്രീമതി രാധികയുടെയും ഉദാഹരണങ്ങളിലൂടെ വ്യക്തമാകുന്നത് ഇതാണ,് നമ്മുടെ ജോലികളും തൊഴിലുകളും ചെയ്യുന്നതോടൊപ്പം നമുക്ക് സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും കഴിയണം.                  

സുഹൃത്തുക്കളെ, കുറേ ദിവസങ്ങള്‍ക്കു മുന്‍പ് രസകരവും വളരെ വികാരനിര്‍ഭരവുമായ ഒരു പരിപാടി നടന്നു. അതിലൂടെ ഭാരതവും ജോര്‍ജിയയും തമ്മിലുള്ള സൗഹൃദത്തിന് പുത്തന്‍ ശക്തി ലഭിക്കുകയുണ്ടായി. ഈ ചടങ്ങില്‍ ഭാരതം സെന്റ് ക്യൂന്‍ കേറ്റവാനിന്റെ തിരുശേഷിപ്പ് അതായത് പവിത്രമായ സ്മൃതിചിഹ്നം ജോര്‍ജ്ജിയ സര്‍ക്കാരിനും അവിടത്തെ ജനങ്ങള്‍ക്കുമായി സമര്‍പ്പിച്ചു. അതിനായി നമ്മുടെ വിദേശ മന്ത്രി അവിടെ പോയിരുന്നു. അങ്ങേയറ്റം വികാര നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന ഈ ചടങ്ങില്‍ ജോര്‍ജ്ജിയയിലെ രാഷ്ട്രപതി, പ്രധാനമന്ത്രി, അനേകം മതാചാര്യന്മാര്‍ എന്നിവരും ജോര്‍ജ്ജിയയിലെ ജനങ്ങളും പങ്കെടുത്തു. ആ പരിപാടിയില്‍ ഭാരതത്തെ പ്രശംസിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍ വളരെ സ്മരണീയമാണ്. ഈ ഒരു ചടങ്ങ് ഇരു രാജ്യങ്ങള്‍ക്കുമൊപ്പം ഗോവയും ജോര്‍ജ്ജിയയും തമ്മിലുള്ള ബന്ധങ്ങളെയും ദൃഢതരമാക്കിത്തീര്‍ത്തു. കാരണം, സെന്റ് ക്യൂന്‍ കാറ്റവാനിന്റെ പവിത്രമായ സ്മൃതിചിഹ്നം 2005 ല്‍ ഗോവയിലെ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ നിന്നാണ് ലഭിച്ചത്. 
    
സുഹൃത്തുക്കളേ, ഇതൊക്കെ എന്താണ്, ഇതൊക്കെ എപ്പോള്‍ സംഭവിച്ചു എന്നുള്ള ചോദ്യം നിങ്ങളുടെ മനസ്സില്‍ ഉദിച്ചേക്കാം. 400-500 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. ക്വീന്‍ കേറ്റവാന്‍ ജോര്‍ജ്ജിയയിലെ രാജകുടുംബത്തിലെ സന്താനമായിരുന്നു. പത്തുവര്‍ഷത്തെ കാരാഗൃഹവാസത്തിനുശേഷം 1624 ല്‍ അവര്‍ രക്തസാക്ഷിയായി. ഒരു പുരാതന പോര്‍ച്ചുഗീസ് പ്രമാണപ്രകാരം സെന്റ് ക്വീന്‍ കാറ്റവാനിന്റെ അസ്ഥികള്‍ പഴയ ഗോവയിലെ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ ഗോവയില്‍ അടക്കം ചെയ്യപ്പെട്ട അവരുടെ അവശിഷ്ടങ്ങള്‍ 1930-ലെ ഭൂകമ്പത്തില്‍ അപ്രത്യക്ഷമായി എന്നാണ് വളരെ കാലം  വിശ്വസിച്ചുപോന്നിരുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെയും ജോര്‍ജിയയിലെ ചരിത്രകാരന്മാരുടെയും ഗവേഷകരുടെയും ജോര്‍ജിയന്‍ ചര്‍ച്ചിന്റെയും ദശകങ്ങളായുള്ള കഠിനമായ പ്രയത്‌നങ്ങളുടെ ഫലമായി 2005 ല്‍ പവിത്രമായ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതില്‍ വിജയം കൈവരിച്ചു. ഈ വിഷയം ജോര്‍ജിയയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വികാരം ഉളവാകുന്നതായിരുന്നു. അതുകൊണ്ട് തന്നെ ചരിത്രപരവും മതപരവും വിശ്വാസപരവുമായ പ്രധാന്യം കണക്കിലെടുത്ത് അവശിഷ്ടങ്ങളില്‍ ഒരംശം ഇന്ത്യാ ഗവണ്‍മെന്റ് ജോര്‍ജിയയിലെ ആളുകള്‍ക്ക് ഉപഹാരമായി നല്‍കാന്‍ തീരുമാനിച്ചു. ഭാരതത്തിന്റെയും ജോര്‍ജ്ജിയയുടെയും സംയുക്ത ചരിത്രത്തിന്റെ ഈ അമൂല്യനിധിയെ കാത്തുസൂക്ഷിച്ചതിന്റെ പേരില്‍ ഞാന്‍ ഇന്ന് ഗോവയിലെ ജനങ്ങള്‍ക്ക് ഹാര്‍ദ്ദമായി കൃതജ്ഞത പ്രകാശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഗോവ അനേകം മഹത്തായ ആധ്യാത്മിക പൈതൃകങ്ങളുടെ വിളനിലമാണ്. സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച് യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രം - ചര്‍ച്ചസ് ആന്‍ഡ് കോണ്‍വെന്റ്‌സ് ഓഫ് ഗോവയുടെ ഒരു ഭാഗമാണ്.
    
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ജോര്‍ജിയയില്‍ നിന്ന് ഞാനിപ്പോള്‍ നിങ്ങളെ നേരെ സിംഗപ്പൂരിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്. അവിടെ ഈ മാസത്തെ ആരംഭത്തില്‍ മഹത്തായ ഒരു ചടങ്ങ് ഉണ്ടായി. സിംഗപ്പൂര്‍ പ്രധാനമന്ത്രിയും എന്റെ സുഹൃത്തുമായ ലീ സേന്‍ ലുംഗ് അടുത്തിടെ നവീകരിച്ച ചെയ്ത സിലാറ്റ് റോഡ് ഗുരുദ്വാരയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അദ്ദേഹം പരമ്പരാഗത സിഖ് തലപ്പാവ് ധരിച്ചിരുന്നു. ഈ ഗുരുദ്വാര ഏകദേശം 100 വര്‍ഷം മുന്‍പ് നിര്‍മ്മിക്കപ്പെട്ടതായിരുന്നു. അവിടെ ഭായി മഹാരാജ് സിംഹിനായി സമര്‍പ്പിക്കപ്പെട്ട ഒരു സ്മാരകവുമുണ്ട്. ഭായി മഹാരാജ സിംഹ് ഭാരതത്തിന്റെ  സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നു വ്യക്തിയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അത് ഏറെ പ്രേരണ നല്‍കുന്നു. ഈ രണ്ടു രാജ്യങ്ങളുടെ ഇടയില്‍ സൗഹൃദം ശക്തിപ്പെടുത്തുന്നത് ഇപ്രകാരമുള്ള കാര്യങ്ങളിലൂടെയും പ്രയത്‌നങ്ങളിലൂടെയുമാണ്. സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ വസിക്കുന്നതിന്റെയും സംസ്‌കാരങ്ങള്‍ പരസ്പരം മനസ്സിലാക്കുന്നതിന്റെയും മഹത്വം ഇതിലൂടെ വ്യക്തമാകുന്നു.
    
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് മന്‍ കി ബാത്തിലൂടെ നമ്മള്‍ പല വിഷയങ്ങളും ചര്‍ച്ച ചെയ്തു. എന്റെ മനസ്സിന് വളരെ പ്രിയപ്പെട്ട മറ്റൊരു വിഷയം കൂടി ഉണ്ട്. അത് മറ്റൊന്നുമല്ല ജലസംരക്ഷണമാണ്. എന്റെ കുട്ടിക്കാലം ചെലവഴിച്ച പ്രദേശത്ത് വെള്ളത്തിന് എപ്പോഴും ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഞങ്ങള്‍ മഴപെയ്യാന്‍ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുക എന്നത് ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായിത്തീര്‍ന്നു. ജനങ്ങളുടെ പങ്കാളിത്തത്തോടെ ജലസംരക്ഷണം എന്ന മന്ത്രത്തിലൂടെ അവിടുത്തെ ചരിത്രം തന്നെ മാറി. വെള്ളത്തിന്റെ ഓരോ തുള്ളിയും സംരക്ഷിക്കുക, വെള്ളത്തിന്റെ ഏതുതരത്തിലുള്ള ദുര്‍വിനിയോഗവും തടയുക എന്നുള്ളത് നമ്മുടെ ജീവിതശൈലിയുടെ സഹജമായ ഭാഗമായി തീരേണ്ടതാണ്. നമ്മുടെ കുടുംബങ്ങളില്‍ ഇത്തരത്തിലുള്ള പാരമ്പര്യം ഉണ്ടാകേണ്ടതാണ്. അതില്‍ ഓരോ അംഗവും അഭിമാനിക്കേണ്ടതാണ്.
    
സുഹൃത്തുക്കളെ പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുക എന്നത്  ഭാരതത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ മാത്രമല്ല ദൈനംദിന ജീവിതത്തിലും തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ഒന്നാണ്. മഴയും കാലവര്‍ഷവും എല്ലായ്‌പ്പോഴും നമ്മുടെ ചിന്തകളെയും വിശ്വാസത്തെയും നമ്മുടെ സംസ്‌കാരത്തെയും രൂപപ്പെടുത്തിയെടുക്കുന്നു. ഋതു സംഹാരത്തിലും മേഘദൂതത്തിലും മഹാകവി കാളിദാസന്‍ മഴയെക്കുറിച്ച് മനോഹരമായി വര്‍ണിച്ചിട്ടുണ്ട്. സാഹിത്യ പ്രേമികള്‍ക്കിടയില്‍ ഈ കവിത ഇന്നും വളരെയധികം പ്രസിദ്ധമാണ്. ഋഗ്വേദത്തിലെ പര്‍ജന്യ സൂക്തത്തില്‍ മഴയുടെ സൗന്ദര്യ വര്‍ണ്ണനയുണ്ട്. അതുപോലെ ശ്രീമദ് ഭാഗവതത്തിലും കാവ്യാത്മകമായി ഭൂമി, സൂര്യന്‍ പിന്നെ മഴ ഇവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്. 
    ''അഷ്ടൗ മാസാന്‍ നിപീതം യദ് ഭൂമ്യാഹ ച ഓദമയം വസു
    സ്വംഗോഭിഹ മോക്തം ആരേഭേ പര്‍ജന്യഹ കാല്‍ ആഗതേ''
അതായത് സൂര്യന്‍ എട്ടു മാസക്കാലം ഭൂമിയിലെ ജലസമ്പത്ത് ചൂഷണം ചെയ്തു. ഇപ്പോള്‍ മണ്‍സൂണ്‍ മാസത്തില്‍ സൂര്യന്‍ താന്‍ സമാഹരിച്ച സമ്പത്ത് ഭൂമിക്ക് തിരികെ നല്‍കുകയാണ്. ശരിക്കും പറഞ്ഞാല്‍ മണ്‍സൂണും മഴക്കാലവും കേവലം ഹൃദ്യവും സുന്ദരവും മാത്രമല്ല, മറിച്ച് നമ്മളെ പോഷിപ്പിക്കുന്ന, ജീവന്‍ നല്‍കുന്ന ഒന്നുകൂടിയാണ്. നമുക്ക് ലഭിക്കുന്ന മഴവെള്ളം വരും തലമുറയ്ക്കും വേണ്ടിയുള്ളതാണ്. അത് ഒരിക്കലും മറക്കാന്‍ പാടില്ല. 
    
ഇന്ന് എന്റെ മനസ്സില്‍ വരുന്ന ചിന്ത എന്തെന്നാല്‍ ഈ രസകരമായ കാര്യങ്ങളോടു കൂടി ഞാന്‍ എന്റെ സംസാരം അവസാനിപ്പിക്കാം. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇനി വരുന്ന ആഘോഷങ്ങള്‍ക്കായി ആശംസകള്‍ നേരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുന്ന സമയത്ത് തീര്‍ച്ചയായും ഒരുകാര്യം ഓര്‍ക്കേണ്ടതാണ്, കൊറോണ ഇന്നും നമ്മുടെ ഇടയില്‍ നിന്നും പോയിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങള്‍ നിങ്ങള്‍ ഒരിക്കലും മറക്കരുത്. നിങ്ങള്‍ ആരോഗ്യവാന്‍മാരും സന്തോഷവാന്‍മാരും ആയിരിക്കട്ടെ.
    വളരെ നന്ദി.    

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi