(മനസ്സ് പറയുന്നത് – നാല്‍പ്പത്തിയൊന്നാം ലക്കം)
എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്‌കാരം.
ഇന്ന് മന്‍കീ ബാത്തിന്റെ തുടക്കം തന്നെ ഒരു ഫോണ്‍കോള്‍ കേള്‍പ്പിച്ചുകൊണ്ടാകാം.
(ഫോണ്‍)
പ്രിയപ്പെട്ട പ്രധാനമന്ത്രിജീ, ഞാന്‍ മീറഠില്‍ നിന്ന് കോമള്‍ ത്രിപാഠിയാണു സംസാരിക്കുന്നത്. 28-ാം തീയതി ദേശീയ ശാസ്ത്രദിനമാണ്. ഇന്ത്യയുടെ പുരോഗതിയും വളര്‍ച്ചയും പൂര്‍ണ്ണമായി ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ എത്രത്തോളം ഗവേഷണവും പുതിയ കണ്ടെത്തലുകളും സാധിക്കുന്നോ നമുക്ക് അത്രതന്നെ മുന്നേറാം സമൃദ്ധിയിലെത്താം. നമ്മുടെ യുവാക്കളെ പ്രോത്സാഹിപ്പിക്കണം, അതിലൂടെ അവര്‍ ശാസ്ത്രീയമായ രീതിയില്‍ തങ്ങളുടെ ചിന്താഗതികളെ വളര്‍ത്തണം, അതു നമ്മുടെ ദേശത്തെ മുന്നേറുവാന്‍ സഹായിക്കണം. അതിനായി ചില നല്ല കാര്യങ്ങള്‍ പറയാമോ?
താങ്കളുടെ ഫോണ്‍കോളിന് വളരെയധികം നന്ദി. ശാസ്ത്രവുമായി ബന്ധപ്പെട്ട് വളരെയേറെ ചോദ്യങ്ങള്‍ എന്റെ യുവ സുഹൃത്തുക്കള്‍ എന്നോടു ചോദിച്ചിട്ടുണ്ട്, ചിലതൊക്കെ എഴുതി അറിയിക്കാറുമുണ്ട്. നാം സമുദ്രത്തിന്റെ നിറം നീലയായാണു കാണുന്നത്. എന്നാല്‍ ജലത്തിന് നിറമില്ലെന്ന് നമുക്ക് നമ്മുടെ അനുഭവത്തില്‍ നിന്ന് മനസ്സിലാകുന്നു. നദിയിലെയോ സമുദ്രത്തിലെയോ ജലം എന്തുകൊണ്ടാണ് നിറമുള്ളതായി കാണുന്നതെന്ന് നാം എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതേ ചോദ്യം 1920കളില്‍ ഒരു യുവാവിന്റെ മനസ്സിലുയര്‍ന്നു. ഇതേ ചോദ്യമാണ് ആധുനികഭാരതത്തില്‍ ഒരു ശാസ്ത്രജ്ഞന് ജന്മം നല്‍കിയത്. ഇപ്പോള്‍ നാം ശാസ്ത്രത്തിന്റെ കാര്യം പറയുമ്പോള്‍ ഏറ്റവുമാദ്യം ഭാരതരത്‌നം സി.വി.രാമന്റെ പേരാണ് നമ്മുടെ മുന്നിലെത്തുന്നത്. അദ്ദേഹത്തിന് ലൈറ്റ് സ്‌കാറ്ററിംഗ് അതായത് പ്രകാശ പ്രകീര്‍ണ്ണനത്തെക്കുറിച്ചുള്ള ഉത്കൃഷ്ടമായ പഠനത്തിന് നോബല്‍ പുരസ്‌കാരം നല്‍കപ്പെട്ടു. അദ്ദേഹത്തിന്റെ ഒരു കണ്ടെത്തല്‍ രാമന്‍ ഇഫക്ട് എന്ന പേരില്‍ പ്രസിദ്ധമാണ്. എല്ലാ വര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമയി ആഘോഷിക്കുന്നു; കാരണം ഇതേ ദിനമാണ് അദ്ദേഹം ലൈറ്റ് സ്‌കാറ്ററിംഗിന്റെ സത്യം കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. ഇതിനാണ് അദ്ദേഹത്തിന് നോബല്‍ സമ്മാനം കിട്ടിയത്. ഈ രാജ്യം ശാസ്ത്രമേഖലയില്‍ പല മഹാന്മാരായ ശാസ്ത്രജ്ഞര്‍ക്കും ജന്മം കൊടുത്തിട്ടുണ്ട്. ഒരു വശത്ത് മഹാനായ ഗണിതജ്ഞന്‍ ബോധായനന്‍, ഭാസ്‌കരന്‍, ബ്രഹ്മഗുപ്തന്‍, ആര്യഭടന്‍ എന്നിവരുടെ പാരമ്പര്യമുണ്ടെങ്കില്‍ മറുവശത്ത് ചികിത്സാരംഗത്ത് സുശ്രുതനും ചരകനും നമ്മുടെ അഭിമാനമാണ്. സര്‍ ജഗദീശ് ചന്ദ്രബോസും ഹര്‍ഗോവിന്ദ് ഖുരാനയും മുതല്‍ സത്യേന്ദ്രനാഥ് ബോസ് പോലെയുള്ള ശാസ്ത്രജ്ഞരുമെല്ലാം ഭാരതത്തിന്റെ അഭിമാനമാണ്. സത്യേന്ദ്രനാഥ ബോസിന്റെ പേരിലാണ് പ്രസിദ്ധമായ ‘ബോസോണ്‍’ പാര്‍ട്ടിക്കിളിന് പേരു നല്‍കിയിരിക്കുന്നത്. അടുത്ത കാലത്ത് എനിക്ക് മുംബൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. വാധ്വാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉദ്ഘാടനമായിരുന്നു. ശാസ്ത്രമേഖലയിലുണ്ടാകുന്ന അദ്ഭുതങ്ങളെക്കുറിച്ചറിയുന്നത് വളരെ സന്തോഷമുണ്ടാക്കുന്നതായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി റോബോട്‌സ്, ബോട്‌സ് മറ്റു നിശ്ചിതമായ ഉദ്ദേശ്യത്തോടെയുള്ള മെഷീനുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തില്‍ സഹായം ലഭിക്കുന്നു. ഇപ്പോള്‍ മെഷീനുകള്‍ സെല്‍ഫ് ലേണിംഗിലൂടെ സ്വന്തം ബുദ്ധിയെ കുടുതല്‍ സ്മാര്‍ട്ടാക്കുന്നു. ഈ സാങ്കേതികവിദ്യ ദരിദ്രരുടെയും പാവപ്പെട്ടവരുടേയും ജീവിതം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കാവുന്നതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള ആ പരിപാടിയില്‍ ദിവ്യാംഗ (അംഗപരിമിത) സഹോദരന്മാരുടെയും സഹോദരിമാരുടെയും ജീവിതം സുഗമമാക്കുന്നതിന് എങ്ങനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായകമാകാം എന്നാണ് ഞാന്‍ ശാസ്ത്രസമൂഹത്തോടു ചോദിച്ചത്. നമുക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ പ്രകൃതിദുരന്തങ്ങളെക്കുറിച്ച് കുടുതല്‍ നല്ലരീതിയില്‍ മുന്‍കൂട്ടി അറിയാനാകുമോ? കര്‍ഷകര്‍ക്ക് കാര്‍ഷികോത്പാദനത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും സഹായം ചെയ്യാന്‍ സാധിക്കുമോ? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആരോഗ്യസേവനങ്ങള്‍ എല്ലാവരിലും എത്തിക്കുന്നത് കൂടുതല്‍ സുഗമമാക്കാനും ആധുനിക രീതിയില്‍ രോഗങ്ങളെ ചികിത്സിക്കാനും സഹായകമാകുമോ?
കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഗുജറാത്തിലെ അഹമദാബാദില്‍ ഐ ക്രിയേറ്റ് എന്ന പരിപാടിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അവിടെ ഒരു യുവാവ് ഒരു ഡിജിറ്റല്‍ ഉപകരണം വികസിപ്പിച്ചതിനെക്കുറിച്ചു പറഞ്ഞു. സംസാരിക്കാനാകാത്ത ഒരാള്‍ക്ക് ആ ഉപകരണത്തില്‍ തനിക്കു പറയാനുള്ളത് എഴുതിക്കൊടുത്താല്‍ അപ്പോള്‍ത്തന്നെ അത് ശബ്ദമായി മാറ്റിത്തരും. സംസാരിക്കാനാകുന്ന വ്യക്തി ആശയവിനിമയം നടത്തുന്നതുപോലെതന്നെ ഇദ്ദേഹവുമായി സംസാരിക്കാനാകും. ഇതുപോലെയുള്ള പല കാര്യങ്ങള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാനാകുമെന്നാണ് എനിക്കു തോന്നുന്നത്.
ശാസ്ത്രസാങ്കേതികവിദ്യ വാല്യൂ ന്യൂട്രല്‍ എന്നു പറയാവുന്ന ഒന്നാണ്. ഇതിന്റെ മൂല്യം അത് നമുക്കു നേരിട്ടു തരുന്നില്ല. ഏതൊരു മെഷീനും നാം ആഗ്രഹിക്കുന്ന പ്രവൃത്തിയാകും ചെയ്യുന്നത്. എന്നാല്‍ നാം മെഷീനെക്കൊണ്ട് എന്തു പ്രവൃത്തി ചെയ്യിക്കാനാഗ്രഹിക്കുന്നു എന്നത് നമ്മെ ആശ്രയിച്ചാണിരിക്കുന്നത്. ഇവിടെ മനുഷ്യന്റെ ഉദ്ദേശ്യത്തിനാണു പ്രാധാന്യം. ശാസ്ത്രത്തെ മനുഷ്യസമുഹത്തിന്റെ നന്മയ്ക്കായി ഉപയോഗിച്ചാല്‍, മനുഷ്യജീവിതത്തിന്റെ ഏറ്റവും ഉന്നതമായ തലത്തെ സ്പര്‍ശിക്കാന്‍ അതുപകരിക്കാം…!
പ്രകാശിപ്പിക്കുന്ന ബള്‍ബ് കണ്ടുപിടിച്ച തോമസ് ആല്‍വാ എഡിസന്‍ തന്റെ പരീക്ഷണത്തില്‍ പല പ്രാവശ്യം പരാജയപ്പെട്ടു. ഒരിക്കല്‍ ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെയാണ് – ‘ഞാന്‍ ബള്‍ബ് കണ്ടുപിടിക്കാനായി പതിനായിരം രീതികള്‍ അന്വേഷിച്ചു.’ അതായത് എഡിസന്‍ തന്റെ പരാജയങ്ങളെപ്പോലും തന്റെ ശക്തിയാക്കി. യാദൃച്ഛികമായി, സൗഭാഗ്യമെന്നു പറയട്ടെ ഞാന്‍ ഇന്ന് മഹര്‍ഷി അരവിന്ദന്റെ കര്‍മ്മഭൂമിയായ ആരവല്ലിയിലാണ്. ഒരു വിപ്ലവകാരിയെന്ന നിലയില്‍ അദ്ദേഹം ബ്രിട്ടീഷ് ഭരണകൂടത്തെ വെല്ലുവിളിച്ചു, അവര്‍ക്കെതിരെ പോരാട്ടം നടത്തി, ബ്രിട്ടീഷ് ഇന്ത്യയ്ക്ക്‌നേരെ ചോദ്യങ്ങളുയര്‍ത്തി. ഇതേപോലെ അദ്ദേഹം ഒരു മഹാനായ ഋഷിയെന്ന നിലയില്‍ ജീവിതത്തിന്റെ മുന്നില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. ഉത്തരംകണ്ടെത്തി, മാനവികതയ്ക്ക് വഴികാട്ടി. സത്യം അറിയുന്നതിന് വീണ്ടും വീണ്ടും ചോദ്യമുന്നയിക്കുവാനുള്ള ചിന്ത മഹത്തായതാണ്. ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ പിന്നിലെ യഥാര്‍ഥ പ്രേരണയും ഇതുതന്നെയാണ്. എന്തുകൊണ്ട്, എന്ത്, എങ്ങനെ എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നതുവരെ സമാധാനമായി ഇരിക്കാതിരിക്കുക. ദേശീയ ശാസ്ത്രദിനത്തിന്റെ ഈ വേളയില്‍ ശാസ്ത്രജ്ഞര്‍ക്കും ശാസ്ത്രവുമായി ബന്ധപ്പെട്ട മറ്റെല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. നമ്മുടെ യുവതലമുറ, സത്യവും ജ്ഞാനവും അന്വേഷിക്കാന്‍ പ്രേരിതരാകാന്‍, ശാസ്തത്തിന്റെ സഹായത്തോടെ സമൂഹത്തെ സേവിക്കാന്‍ പ്രേരിതരാകാന്‍ ഞാന്‍ അനേകം ശുഭാശംസകള്‍ നേരുന്നു.
സുഹൃത്തുക്കളേ, പ്രതിസന്ധികളുടെ സമയത്ത് സുരക്ഷ, അത്യാഹിതം തുടങ്ങി എല്ലാ വിഷയങ്ങളെക്കുറിച്ചും എനിക്ക് വളരെയേറെ സന്ദേശങ്ങള്‍ കിട്ടാറുണ്ട്, ആളുകള്‍ എനിക്ക് അതുമായി ബന്ധപ്പെട്ട എന്തെങ്കിലും എഴുതുന്നു. പൂനയില്‍ നിന്ന് ശ്രീ രവീന്ദ്രസിംഗ്, നരേന്ദ്രമോദി മൊബൈല്‍ ആപ് ല്‍ കമന്റ് ചെയ്തിരിക്കുന്നത് തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ചാണ്. അദ്ദേഹം എഴുതിയിരിക്കുന്നത് നമ്മുടെ നാട്ടില്‍ ഫാക്ടറികളിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്തും സുരക്ഷാ മാനദണ്ഡങ്ങള്‍ നല്ല നിലയില്ല എന്നാണ്. അടുത്ത മാര്‍ച്ച് 4 ന് ഭാരതത്തിന്റെ ദേശീയ സുരക്ഷാ ദിനമാണ്. അതുകൊണ്ട് ആളുകള്‍ക്ക് സുരക്ഷാകാര്യത്തില്‍ ജാഗ്രതയുണ്ടാകാന്‍ പ്രധാനമന്ത്രി മന്‍ കീ ബാത് പരിപാടിയില്‍ സുരക്ഷയെക്കുറിച്ചും സംസാരിക്കണം എന്നദ്ദേഹം സൂചിപ്പിച്ചു. നാം പൊതുസുരക്ഷയെക്കുറിച്ചു പറയുമ്പോള്‍ രണ്ടു കാര്യങ്ങള്‍ വളരെ മഹത്തായവയാണ്. മുന്‍കൈയ്യെടുക്കലും മുന്നൊരുക്കങ്ങളും. സുരക്ഷ രണ്ടു തരത്തിലുണ്ട്. ഒന്ന് അപകടസമയത്ത് വേണ്ടത് – സേഫ്റ്റി ഡ്യൂറിംഗ് ഡിസാസ്റ്റര്‍ – മറ്റൊന്ന് നിത്യ ജീവിതത്തില്‍ ആവശ്യമായത് – സേഫ്റ്റി ഇന്‍ എവരിഡേ ലൈഫ് . നിത്യ ജീവിതത്തില്‍ നാം സുരക്ഷയുടെ കാര്യത്തില്‍ ജാഗരൂകരല്ലെങ്കില്‍, അങ്ങനെയൊരു ജാഗ്രതയില്ലെങ്കില്‍, ആപത്തുണ്ടാകുമ്പോള്‍ അതുണ്ടാവുക പ്രയാസമാണ്. നാം പലപ്പോഴും വഴിയില്‍ കാണാറുള്ള ബോര്‍ഡുകളില്‍ എഴുതിയിട്ടുണ്ടാകും –
ജാഗ്രതയില്ലെങ്കില്‍ അപകടം നിശ്ചിതം
ഒരു തെറ്റ് ഹാനിവരുത്തും, സന്തോഷവും ചിരിയും നഷ്ടപ്പെടുത്തും.
ഇത്രയും വേഗം ലോകം വിടാതെ, സുരക്ഷിതത്വം ഉറപ്പാക്കൂ.
സുരക്ഷയുമായി കൈയാങ്കളി വേണ്ട, ജീവിതം കൈവിട്ടുപോകും.
ഈ കാണുന്നതിനപ്പുറം നമ്മുടെ ജീവിതത്തില്‍ ഈ വാക്യങ്ങള്‍ക്ക് വിശേഷിച്ച് ഉപയോഗമൊന്നുമില്ല. പ്രകൃതി ദുരന്തങ്ങളെ ഒഴിവാക്കിയാല്‍ മറ്റുള്ള അധികം അപകടങ്ങളും നമ്മുടെ എന്തെങ്കിലുമൊക്കെ തെറ്റുകളുടെ ഫലമായി സംഭവിക്കുന്നതാണ്. നാം ജാഗരൂകരായി ഇരുന്നാല്‍, നിയമങ്ങള്‍ അനുസരിച്ചാല്‍, നമുക്കു സ്വന്തം ജീവന്‍ കാക്കാനാകും, അതോടൊപ്പം വളരെ വലിയ അപകടങ്ങളില്‍ നിന്ന് സമൂഹത്തെയും രക്ഷിക്കാനാകും. ജോലിസ്ഥലങ്ങളില്‍ സുരക്ഷിതത്വത്തെക്കുറിച്ച് വളരെയേറെ സൂക്തങ്ങള്‍ എഴുതി വച്ചു കാണാറുണ്ട്. എന്നാല്‍ അതൊന്നും പാലിക്കപ്പെടാറില്ലെന്ന് കാണാം. ഫയര്‍ ബ്രിഗേഡുള്ള നഗരങ്ങളിലെ ഫയര്‍ ബ്രിഗേഡുകാര്‍ ആഴ്ചയിലൊരിക്കല്‍, അല്ലെങ്കില്‍ മാസത്തിലൊരിക്കല്‍ ഓരോരോ സ്‌കൂളുകളില്‍ പോയി കുട്ടികളുടെ മുന്നില്‍ മോക്ഡ്രില്‍ – പ്രദര്‍ശനം നടത്തണം എന്നാണ് എനിക്കു പറയാനുള്ളത്. അതുകൊണ്ട് രണ്ടു പ്രയോജനങ്ങളുണ്ടാകും. ഫയര്‍ ബ്രിഗേഡിന് ജാഗ്രതയോടെ ഇരിക്കുന്ന ശീലവുമുണ്ടാകും, പുതിയ തലമുറയ്ക്ക് ഇതെക്കുറിച്ച് പലതും അറിയാനും സാധിക്കും. ഇതിന് വിശേഷാല്‍ ചെലവുമില്ല. ഇത് വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമായിത്തന്നെ മാറുന്നു. അതാണ് വേണ്ടതെന്നാണ് എന്റെ ആഗ്രഹം. ആപത്തുകളുടെ കാര്യം പറഞ്ഞാല്‍, ഭാരതം ഭൂമിശാസ്ത്രപരമായും കാലാവസ്ഥയനുസരിച്ചും വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണ്. ഈ രാജ്യം പ്രകൃതിദുരന്തങ്ങളും രാസാപകടങ്ങളും വ്യാവസായിക അപകടങ്ങളും പോലുള്ള പല ദുരന്തങ്ങളും നേരിട്ടിട്ടുണ്ട്. ഇന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഥോറിറ്റി, അതായത് എന്‍ഡിഎംഎ രാജ്യത്ത് അപകടങ്ങളെ നേരിടുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു. ഭൂകമ്പം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, മണ്ണിടിച്ചില്‍ പോലുള്ള വിവിധ അപകടഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിഎംഎ വേഗംതന്നെ എത്തുന്നു. അവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്, അതോടൊപ്പം ശേഷി വികസനത്തിന് നിരന്തരം പരിശീലനങ്ങളും നല്‍കുന്നുണ്ട്. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയവയുടെ അപകടങ്ങളുണ്ടാകുന്ന ജില്ലകളില്‍ വോളന്റിയേഴ്‌സിന് പരിശീലനം നല്കാനും ആപദാമിത്രം എന്നു പേരുള്ള ഒരു സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. പരീശിലനത്തിനും ജാഗ്രതയ്ക്കും വലിയ സ്ഥാനമുണ്ട്. രണ്ടുമൂന്നു വര്‍ഷം മുമ്പുവരെ ചൂടുകാറ്റ് – ഹീറ്റ് വേവ്- കാരണം വര്‍ഷാവര്‍ഷം ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടാറുണ്ടായിരുന്നു. തുടര്‍ന്ന് എന്‍ഡിഎംഎ ചൂടുകാറ്റുമായി ബന്ധപ്പെട്ട് ശില്‍പ്പശാല സംഘടിപ്പിച്ചു, ആളുകളെ ജാഗരൂകരാക്കാന്‍ ജനമുന്നേറ്റംതന്നെ സംഘടിപ്പിച്ചു. കാലാവസ്ഥാ വകുപ്പ് കൃത്യമായ മുന്നറിയിപ്പു നല്കി. എല്ലാവരുടെയും സഹകരണം കൊണ്ട് നല്ല ഫലമുണ്ടായി. 2017ല്‍ ചൂടുകാറ്റുകൊണ്ടുണ്ടാകുന്ന മരണങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞ്, ഏകദേശം 220 ആയി മാറി. നാം സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കിയാല്‍ നമുക്ക് സുരക്ഷിതത്വം നേടാം എന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കാനാകുന്നത്. സമൂഹത്തില്‍ ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന അസംഖ്യം ആളുകളുണ്ട്, സാമൂഹിക സംഘടനകളുണ്ട്, ജാഗ്രതയുള്ള പൗരന്മാരുണ്ട്- എവിടെയും ആപത്തുണ്ടായാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ രക്ഷാമാര്‍ഗ്ഗങ്ങളുമായി എത്തിച്ചേരുന്ന അവരെയെല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇതുപോലെയുള്ള പേരറിയാത്ത ഹീറോകളുടെ എണ്ണവും കുറവല്ല. നമ്മുടെ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ്, നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സുകള്‍, സായുധ സൈന്യങ്ങള്‍, പാരാമിലിറ്ററി സേനകള്‍ തുടങ്ങിയവയും ആപല്‍ഘട്ടങ്ങളില്‍ എത്തിച്ചേരുകയും ധീരരായ അവര്‍ സ്വന്തം ജീവനെ വകവയ്ക്കാതെ ആളുകളെ സഹായിക്കുകയും ചെയ്യുന്നു. എന്‍സിസി, സ്‌കൗട്‌സ് പോലുള്ള സംഘടനകളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്, പരിശീലനങ്ങളും നല്‍കുന്നുണ്ട്. ലോകത്ത് വിവിധ രാജ്യങ്ങള്‍ ചേര്‍ന്ന് സംയുക്ത സൈനിക പരിശീലനം നടത്തുന്നതുപോലെ ഒരു സംരംഭം ഈ കാര്യത്തിലും ആരംഭിച്ചിട്ടുണ്ട്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ കാര്യത്തിലും സംയുക്ത പരിശീലനം എന്തുകൊണ്ടു നടത്തിക്കൂടാ എന്നതാണ് ചിന്തിച്ച വിഷയം. ഭാരതം ഇക്കാര്യത്തില്‍ നേതൃത്വം കൊടുത്തു. ബീഐഎംഎസ്ടിബിഎന്‍, ബംഗ്ലാദേശ്, ഭാരതം, മ്യാന്‍മാര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, ഭൂട്ടാന്‍ നേപ്പാള്‍ ഈ രാജ്യങ്ങളുടെ ഒരു സംയുക്ത ദുരന്ത നിവാരണ പരിശീലന പരിപാടി നടത്തപ്പെട്ടു എന്നത് ഈ മേഖലയിലെ ആദ്യത്തെ മാനുഷികമായ സംരംഭമായിരുന്നു. നമുക്ക് അപകടത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്ന ഒരു സമൂഹത്തെയാണുണ്ടാക്കേണ്ടത്. നമ്മുടെ സംസ്‌കാരത്തില്‍ നാം മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നു, സരക്ഷാ മൂല്യങ്ങളെക്കുറിച്ച് പലപ്പോഴും സംസാരിക്കുന്നു, പക്ഷേ നമുക്ക് സുരക്ഷയുടെ മൂല്യങ്ങളെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട്. നമുക്കത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. നമ്മുടെ സാധാരണ ജീവിതത്തില്‍ നാം നൂറുകണക്കിനു പ്രാവശ്യം വിമാനത്തില്‍ യാത്ര ചെയ്യുന്നു, വിമാനത്തിനുള്ളില്‍ ഏയര്‍ ഹോസ്റ്റസ് തുടക്കത്തില്‍ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പുകള്‍ തരുന്നതു നാം കാണുന്നു. നാമെല്ലാം നൂറു പ്രാവശ്യം അതു കേട്ടിട്ടുണ്ടാകും, എന്നാലും നമ്മെ ആരെങ്കിലും വിമാനത്തില്‍ കൊണ്ടുപോയി നിര്‍ത്തിയിട്ട് പറയൂ, ഓരോ സാധനവും എവിടെയിരിക്കുന്നു എന്നു ചോദിച്ചാല്‍, ലൈഫ് ജാക്കറ്റ് എവിടെ? എങ്ങനെയാണ് ഉപയോഗിക്കേണ്ടത്? എന്നു ചോദിച്ചാല്‍ എനിക്ക് ഉറപ്പിച്ചു പറയാനാകും, നമുക്ക് പറയാനാവില്ല. ഇതിന്റെ അര്‍ത്ഥമിതാണ്- അറിവു തരാനുള്ള ഏര്‍പ്പാടുണ്ടായിരുന്നോ, ഉണ്ട്. അവിടേക്കു നോക്കിയിരുന്നിരിക്കാനുള്ള സാധ്യതയുണ്ടായിരുന്നോ, ഉണ്ടായിരുന്നു. പക്ഷേ, നാം ശ്രദ്ധിച്ചില്ല. എന്തുകൊണ്ട്? കാരണം നാം ജാഗരൂകരായി ഇരിക്കുന്ന ശീലമുള്ളവരല്ല. അതുകൊണ്ട് വിമാനത്തിലിരിക്കുന്ന നമ്മുടെ കാതുകള്‍ക്ക് കേള്‍ക്കുന്ന സ്വഭാവമുണ്ട്, എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ എനിക്കും കൂടിയാണ് എന്ന് നമുക്കാര്‍ക്കും തോന്നുന്നില്ല. ഇതുപോലെയാണ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും നടക്കുന്നത്. സുരക്ഷ മറ്റാര്‍ക്കെങ്കിലും വേണ്ടിയാണെന്ന് നാം ചിന്തിക്കാന്‍ പാടില്ല. നാമെല്ലാം നമ്മുടെ സുരക്ഷിതത്വകാര്യത്തില്‍ ജാഗരൂകരാണെങ്കില്‍ സമൂഹത്തിന്റെ സുരക്ഷയെന്ന വികാരവും അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടാകും.
പ്രിയപ്പെട്ട ദേശവാസികളേ, ഇപ്രാവശ്യം ബജറ്റില്‍ സ്വച്ഛഭാരതമെന്ന ലക്ഷ്യത്തോടെ ഗ്രാമങ്ങള്‍ക്ക് ബയോഗ്യാസിലുടെ വേസ്റ്റ് ടു വെല്‍ത്ത്, വേസ്റ്റ് ടു എനര്‍ജി എന്ന വിഷയത്തിന് പ്രാധാന്യം കൊടുത്തിരുന്നു. അതിനു തുടക്കം കുറിച്ചു, അതിന് ഗോബര്‍ ധന്‍ എന്ന പേരും നല്‍കിയിരുന്നു. ഗാല്‍വനൈസിംഗ് ഓര്‍ഗാനിക് ബയോ ആഗ്രോ റിസോഴ്‌സസ് എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഗോബര്‍ ധന്‍ പദ്ധതിയുടെ ഉദ്ദേശ്യം ഗ്രാമങ്ങള്‍ക്കു ശുചിത്വമേകുക, വളര്‍ത്തുമൃഗങ്ങളുടെ ചാണകവും കൃഷിയിടങ്ങളിലെ അവശിഷ്ടങ്ങളും കംപോസ്റ്റായും ബയോഗ്യാസായും മാറ്റി അതിലൂടെ ധനവും ഊര്‍ജ്ജവും ഉത്പാദിപ്പിക്കുക എന്നതാണ്. ഭാരതത്തില്‍ നാല്‍ക്കാലികളുടെ എണ്ണം ലോകത്തില്‍ ഏറ്റവുമധികമാണ്. ഇവിടെ ഏകദേശം 300 ദശലക്ഷം നാല്‍ക്കാലികളും അവയുടെ ചാണക ഉത്പാദനം പ്രതിദിനം ഏകദേശം 3 ദശലക്ഷം ടണ്ണുമാണ്. ചില യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും ചാണകവും മറ്റു ജൈവാവശിഷ്ടങ്ങളും ഊര്‍ജ്ജോത്പാദനത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും ഭാരതത്തില്‍ ഇത് മുഴുവനായി ഉപയോഗിക്കുന്നില്ല. സ്വച്ഛ ഭാരത് മിഷന്‍ ഗ്രാമീണ്‍ എന്ന പദ്ധതിയിന്‍ കീഴില്‍ ഈ കാര്യത്തിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്.
നാല്‍ക്കാലികളുടെ ചാണകം, കൃഷിയില്‍ നിന്നുണ്ടാകുന്ന ചവറുകള്‍, അടുക്കളയില്‍ നിന്നുണ്ടാകുന്ന അവശിഷ്ടം ഇതെല്ലാം ബയോഗ്യാസ് ഊര്‍ജ്ജമാക്കി മാറ്റുന്നതിന് ലക്ഷ്യമിട്ടിരിക്കുകയാണ്. ഗോബര്‍ധന്‍ യോജന എന്ന പദ്ധതിയനുസരിച്ച് ചാണകത്തെയും അവശിഷ്ടത്തെയും കേവലം മാലിന്യമായിട്ടല്ല വരുമാനസ്രോതസ്സായി കാണുന്നതിന് ഗ്രാമീണ ഭാരതത്തില്‍ കര്‍ഷകര്‍ക്കും, സഹോദരിമാര്‍ക്കും, സഹോദരന്മാര്‍ക്കും പ്രോത്സാഹനം കൊടുക്കും. ഗോബര്‍ധന്‍ യോജന കൊണ്ട് ഗ്രാമീണ മേഖലയില്‍ പ്രയോജനമുണ്ടാകും. ഗ്രാമത്തെ ശുചിയാക്കി വയ്ക്കാന്‍ സഹായകമാകും. നാല്‍ക്കാലികളുടെ ആരോഗ്യം മെച്ചപ്പെടും, ഉത്പാദനം വര്‍ധിക്കും. ബയോഗ്യാസ് കൊണ്ട് ആഹാരം പാകം ചെയ്യുന്നതിനുള്ള ഇന്ധനകാര്യത്തിലും പ്രകാശോര്‍ജ്ജത്തിലും സ്വയംപര്യാപ്തമാകാന്‍ സാധിക്കും. കര്‍ഷകര്‍ക്കും നാല്‍ക്കാലികളെ വളര്‍ത്തുന്നവര്‍ക്കും വരവു വര്‍ധിപ്പിക്കാന്‍ സഹായം ലഭിക്കും. മാലിന്യ സംഭരണം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ബയോഗ്യാസ് വില്പന തുടങ്ങിയവയുടെ കാര്യത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഗോബര്‍ ധന്‍ യോജനയുടെ സുഗമമായ നടത്തിപ്പിന് ഒരു ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോം ഉണ്ടാക്കും. അത് കര്‍ഷകരെയും വാങ്ങുന്നവരെയും തമ്മില്‍ ബന്ധിപ്പിക്കും. അതിലൂടെ കര്‍ഷകര്‍ക്ക് ചാണകത്തിനും കാര്‍ഷികാവശിഷ്ടങ്ങള്‍ക്കും ശരിയായ വില ലഭിക്കും. ഞാന്‍ തൊഴില്‍ സംരംഭകരോട്, വിശേഷിച്ചും ഗ്രാമീണ ഭാരതത്തില്‍ കഴിയുന്ന സഹോദരിമാരോട് മുന്നോട്ടു വരാന്‍ അഭ്യര്‍ഥിക്കുന്നു. സ്വയംസഹായ സഹകരണ സംഘങ്ങളുണ്ടാക്കി ഈ അവസരം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തൂ. ക്ലീന്‍ എനര്‍ജി, ഗ്രീന്‍ ജോബ് എന്ന ഈ ജനമുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. സ്വന്തം ഗ്രാമത്തിലെ മാലിന്യങ്ങളെ സമ്പത്താക്കി മാറ്റുന്നതിനും ചാണകത്തെ ചാണകപ്പണമാക്കി (ഗോബര്‍ ധന്‍) മാറ്റുന്നതിനും മുന്നോട്ടു വരൂ.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇതുവരെ നാം മ്യൂസിക് ഫെസ്റ്റിവല്‍, ഫുഡ് ഫെസ്റ്റിവല്‍, ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി എത്രയോ തരത്തിലുള്ള ഫെസ്റ്റിവലുകളെക്കുറിച്ചു കേട്ടിരിക്കുന്നു. എന്നാല്‍ ഛത്തീസ്ഗഢിലെ റായ്പൂരില്‍ ഒരു വിചിത്രമായ ഉദ്യമമെന്ന നിലയില്‍ സംസ്ഥാനത്തെ ആദ്യത്തെ ചവറുമഹോത്സവം നടത്തപ്പെട്ടു. റായ്പൂര്‍ നഗരസഭ സംഘടിപ്പിച്ച ഈ മഹോത്സവത്തിന്റെ ഉദ്ദേശ്യം ശുചിത്വത്തിന്റെ കാര്യത്തില്‍ ജാഗ്രതയുണ്ടാക്കുക എന്നതായിരുന്നു. നഗരത്തിലെ മാലിന്യങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കുന്നതിനും ചാണകത്തെ പുനരുപയോഗത്തില്‍ കൊണ്ടുവരുന്നതിനുമുള്ള വിചിത്രങ്ങളായ രീതികളെക്കുറിച്ച് ജാഗരൂകരാക്കുക എന്നതും ഉദ്ദേശ്യമായിരുന്നു. ഈ മഹോത്സവത്തിനിടയില്‍ പല തരം കാര്യപരിപാടികള്‍ നടന്നു, അതില്‍ ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്തു. ചവറുകളുപയോഗിച്ച് പല തരത്തിലുള്ള കലാശില്പങ്ങളുണ്ടാക്കി. മാലിന്യസംസ്‌കരണത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ച് ആളുകളെ പഠിപ്പിക്കുന്നതിന് ശില്‍പ്പശാല സംഘടിപ്പിക്കപ്പെട്ടു. ശുചിത്വം എന്ന വിഷയത്തില്‍ സംഗീതപരിപാടി സംഘടിപ്പിക്കപ്പെട്ടു. കലാരൂപങ്ങളുണ്ടാക്കപ്പെട്ടു. റായ്പൂരിലെ പരിപാടിയില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് മറ്റു ജില്ലകളിലും വെവ്വേറെ ചവറുത്സവങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. എല്ലാവരും തങ്ങളുടേതായ രീതിയില്‍ പലതും ചെയ്തുകൊണ്ട് ശുചിത്വത്തിന്റെ കാര്യത്തില്‍ പുതുപുത്തന്‍ ആശയങ്ങള്‍ പങ്കുവച്ചു. ചര്‍ച്ചകള്‍ നടത്തി, കവിത ചൊല്ലിക്കേള്‍പ്പിച്ചു. ശുചിത്വത്തിന്റെ കാര്യത്തില്‍ ഒരു ഉത്സവാന്തരീക്ഷം രൂപപ്പെട്ടു. വിശേഷിച്ചും സ്‌കൂള്‍ കുട്ടികള്‍ ഉത്സാഹപൂര്‍വ്വം പങ്കെടുത്തത് ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. മാലിന്യസംസ്‌കരണത്തിന്റെയും സ്വച്ഛതയുടെയും പ്രാധാന്യം വളരെ പുതുമയുള്ള രീതിയില്‍ ഈ മഹോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ടു. അതിന് റായ്പുര്‍ നഗരസഭ, ഛത്തീസ്ഗഢിലെ ജനങ്ങള്‍, അവിടത്തെ ഗവണ്‍മെന്റ്, ഭരണാധികാരികള്‍ തുടങ്ങി എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു.
എല്ലാ വര്‍ഷവും മാര്‍ച്ച് 8ന് അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നു. നമ്മുടെ രാജ്യത്തും ലോകത്തെങ്ങും വളരെയധികം പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നു. ഈ ദിവസം രാജ്യത്ത് നാരീശക്തി പുരസ്‌കാരം നല്കി വിവിധ മേഖലകളില്‍ അനുകരണീയ കാര്യങ്ങള്‍ ചെയ്തവരെ ആദരിക്കുന്നു. ഇന്ന് രാജ്യം സ്ത്രീ വികസനത്തിനപ്പുറം സ്ത്രീകള്‍ നയിക്കുന്ന വികസനത്തിലേക്കു നീങ്ങുകയാണ്. ഈ സന്ദര്‍ഭത്തില്‍ എനിക്ക് സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഓര്‍മ്മ വരുന്നു. അദ്ദേഹം പറഞ്ഞു, പരിപൂര്‍ണ്ണ സ്ത്രീത്വമെന്ന ആശയം പരിപൂര്‍ണ്ണ സ്വാതന്ത്ര്യമാണ്. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വാമിജി മുന്നോട്ടുവച്ച ഈ അഭിപ്രായം ഭാരതീയസംസ്‌കാരത്തില്‍ സ്ത്രീശക്തിയെക്കുറിച്ചുള്ള ധാരണയാണ് പ്രകടമാക്കുന്നത്. ഇന്ന് സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിലെ എല്ലാ മേഖലകളിലും സ്ത്രീകളുടെ തുല്യതയോടെയുള്ള പങ്കാളിത്തം ഉറപ്പാക്കേണ്ടത് നാം ഏവരുടെയും കര്‍ത്തവ്യമാണ്, ഇത് നാമേവരുടെയും ഉത്തരവാദിത്വവുമാണ്. പുരുഷന്മാരെ സ്ത്രീകളുടെ പേരില്‍ തിരിച്ചറിയുന്ന പാരമ്പര്യത്തിന്റെ ഭാഗമാണ് നാം. യശോദാ-നന്ദന്‍, കൗസ്യല്യാ-നന്ദന്‍, ഗാന്ധാരീ-പുത്രന്‍ എന്നൊക്കെയാണ് മക്കള്‍ അറിയപ്പെട്ടിരുന്നത്. ഇന്നു നമ്മുടെ സ്ത്രീശക്തി തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ആത്മബലവും ആത്മവിശ്വാസവും പ്രകടമാക്കുന്നു. അവര്‍ സ്വയം പര്യാപ്തരായി. അവര്‍ സ്വയം മുന്നേറിയതിനൊപ്പം രാജ്യത്തെയും സമൂഹത്തെയും കൂടി മുന്നോട്ടു കൊണ്ടുപോവുകയും ഒരു പുതിയ ലക്ഷ്യത്തിലേക്കെത്തിക്കുകയും ചെയ്തു. ആത്യന്തികമായി സ്ത്രീ ശക്തിയുള്ള, സ-ബലയായുള്ള, രാജ്യത്തിന്റെ സമഗ്ര വികസനത്തില്‍ തുല്യ പങ്കാളിത്തമുള്ള ഒന്നാണ് നമ്മുടെ നവ ഇന്ത്യ എന്ന സങ്കല്പത്തിലുള്ളത്. കഴിഞ്ഞ ദിവസം ഒരു വലിയ ഉപദേശം ഒരാള്‍ എനിക്കു തരുകയുണ്ടായി. അദ്ദേഹം പറഞ്ഞത് മാര്‍ച്ച് 8ന് പല പല പരിപാടികളോടെ വനിതാദിനം ആഘോഷിക്കുന്നു; അതോടൊപ്പം ഗ്രാമങ്ങളിലും നഗരങ്ങളിലും നൂറു വര്‍ഷം പ്രായമായ അമ്മമാരെയും സഹോദരിമാരെയും ആദരിക്കുന്ന പരിപാടി സംഘടിപ്പിക്കാനാകുമോ? അവര്‍ക്ക് ഒരു നീണ്ട ജീവിതകാലത്തിന്റെ കഥ പറയാനാവില്ലേ? എനിക്ക് ആ അഭിപ്രായം ഇഷ്ടപ്പെട്ടു, അതു ഞാന്‍ നിങ്ങളിലേക്കെത്തികുകയാണ്. സ്ത്രീശക്തിക്ക് എന്തു ചെയ്യാനാകുമെന്നതിന് വളരെയേറെ ഉദാഹരണങ്ങള്‍ മുന്നോട്ടു വയ്ക്കാനാകും. ചുറ്റുപാടും നോക്കിയാല്‍ ജീവിതത്തിനു പ്രേരണയേകുന്ന ഇതുപോലെയുള്ള കഥകള്‍ എന്തെങ്കിലുമൊക്കെ കാണാനാകും. ജാര്‍ഖണ്ഡില്‍ നിന്ന് എനിക്ക് ഒരു കാര്യമറിയാനായി. സ്വച്ഛ ഭാരത പദ്ധതിപ്രകാരം ജാര്‍ഖണ്ഡില്‍ 15 ലക്ഷം സ്ത്രീകള്‍, ഈ എണ്ണം ഒട്ടും കുറവല്ലെന്നോര്‍ക്കണം – 15 ലക്ഷം സ്ത്രീകള്‍ സംഘടിച്ച് ഒരു മാസത്തേക്ക് ശുചിത്വ മുന്നേറ്റം നടത്തി. 2018 ജനുവരി 26 ലാരംഭിച്ച ഈ മുന്നേറ്റത്തില്‍ 20 ദിനം കൊണ്ട് ഈ സ്ത്രീകള്‍ ഒരു ലക്ഷത്തി എഴുപതിനായിരം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് ഒരു പുതിയ മാതൃക മുന്നോട്ടു വച്ചു. ഇതില്‍ ഏകദേശം ഒരുലക്ഷം സഖീ മണ്ഡലുകള്‍ പങ്കെടുത്തു. പതിനാലു ലക്ഷം സ്ത്രീകള്‍, രണ്ടു ലക്ഷം മഹിളാ പഞ്ചായത്ത് പ്രതിനിധികള്‍, ഇരുപത്തിയൊമ്പതിനായിരം ജല്‍-സഹിയാ, പതിനായിരം മഹിളാ സ്വച്ഛാഗ്രഹികള്‍, അമ്പതിനായിരം മഹിളാ രാജമിസ്ത്രിമാര്‍.
എത്രവലിയ സംഭവമാണെന്ന് നിങ്ങള്‍ക്കു സങ്കല്‍പിക്കാവുന്നതാണ്. സാധാരണ ജീവിതത്തില്‍ ശുചിത്വ മുന്നേറ്റത്തെ, ശുചിത്വ സംസ്‌കാരത്തെ സാധാരണ ജനത്തിന്റെ സ്വഭാവമാക്കി മാറ്റാനാകുമെന്ന് കാട്ടിത്തന്നവരാണ് ജാര്‍ഖണ്ഡിലെ ഈ സ്ത്രീകള്‍.
സഹോദരീ സഹോദരന്മാരേ, രണ്ടുനാള്‍മുമ്പ് എലിഫേന്റാ ദ്വീപിലെ മൂന്നു ഗ്രാമങ്ങളില്‍ സ്വാതന്ത്ര്യത്തിന് 70 വര്‍ഷങ്ങള്‍ക്കുശേഷം വൈദ്യതിയെത്തിയെന്ന് വാര്‍ത്തകളില്‍ കാണുകയുണ്ടായി. അക്കാര്യത്തില്‍ അവിടത്തെ ജനങ്ങള്‍ക്ക് എത്ര സന്തോഷമാണുള്ളതെന്നും കണ്ടു. എലിഫെന്റാ ദ്വീപ് മുംബൈയില്‍ നിന്ന് പത്തു കിലോമീറ്റര്‍ ദൂരെ സമുദ്രത്തിലാണെന്ന് നിങ്ങള്‍ക്കറിയാം. വിനോദയാത്രയ്ക്കുള്ള വളരെ ആകര്‍ഷകമായ കേന്ദ്രമാണിത്. ഏലിഫേന്റാ ഗുഹകള്‍ക്ക് യുനസ്‌കോയുടെ ലോക പൈതൃകസ്വത്തെന്ന അംഗീകാരമുണ്ട്. അവിടെ ദിവസേന രാജ്യത്തും വിദേശത്തും നിന്ന് വളരെയധികം വിനോദയാത്രക്കാരെത്തുന്നു. മഹത്തായ വിനോദസഞ്ചാരകേന്ദ്രമാണത്. മുബൈയ്ക്കടുത്തായിട്ടും വിനോദസഞ്ചാരത്തിന്റെ ഇത്രയും മഹത്തായ കേന്ദ്രമായിട്ടും സ്വാതന്ത്ര്യം നേടി ഇത്രയും വര്‍ഷത്തോളം അവിടെ വൈദ്യതി എത്തിയിരുന്നില്ല എന്നു കേട്ട് എനിക്ക് ആശ്ചര്യം തോന്നി. 70 വര്‍ഷം എലിഫേന്റായിലെ മൂന്നു ദ്വീപുകള്‍ – രാജബന്ദര്‍, മോര്‍ബന്ദര്‍, സെന്റാബന്ദര്‍ എന്നിവിടങ്ങളിലെ ആളുകളുടെ ജീവിതത്തില്‍ ഇരുട്ടായിരുന്നു. ഇപ്പോള്‍ ഇരുട്ടുമാറി അവരുടെ ജീവിതത്തില്‍ പ്രകാശം തെളിഞ്ഞിരിക്കുന്നു. ഞാന്‍ അവിടത്തെ ഭരണകൂടത്തെയും ജനങ്ങളെയും അഭിനന്ദിക്കുന്നു. ഇനി എലിഫെന്റായിലെ ഗ്രാമങ്ങളും അവിടത്തെ ഗുഹകളും വൈദ്യുതിയുടെ വെളിച്ചം കാണും എന്നതില്‍ എനിക്കു സന്തോഷമുണ്ട്. ഇത് വൈദ്യുതീകരണം മാത്രമല്ല, വികസനത്തിന്റെ ഒരു പുതിയ തുടക്കമാണ്. ജനങ്ങളുടെ ജീവിതത്തില്‍ പ്രകാശം പരക്കട്ടെ, ജീവിതത്തില്‍ സന്തോഷമുണ്ടാകട്ടെ… ഇതിനേക്കാള്‍ സന്തോഷവും ഉത്സാഹവുമുണ്ടാക്കുന്ന നിമിഷം മറ്റെപ്പോഴാണുണ്ടാവുക!
പ്രിയപ്പെട്ട ദേശവാസികളേ, നാം കഴിഞ്ഞ ദിവസം ശിവരാത്രി ആഘോഷിച്ചു. ഇപ്പോള്‍ മാര്‍ച്ച് മാസം വിളവുകള്‍കൊണ്ട് സമൃദ്ധമായ കൃഷിഭൂമിയും പൊന്‍നിറം വിതറുന്ന ഗോതമ്പും, സ്വര്‍ണ്ണാഭമായ മറ്റു വിളകളും മനസ്സിനെ പുളകം കൊള്ളിക്കുന്ന മാങ്ങകളുമെല്ലാം വിളയുന്ന സമയമാണ്. ഇതാണ് ഈ മാസത്തിന്റെ വൈശിഷ്ട്യം. ഒപ്പം ഈ മാസം ഹോളി ആഘോഷവുമുള്ളതുകാരണം എല്ലാവര്‍ക്കും പ്രിയപ്പെട്ട മാസമാണ്. മാര്‍ച്ച് രണ്ടിന് എല്ലാവരും ഹര്‍ഷോല്ലാസത്തോടെ ഹോളി ആഘോഷിക്കും. ഹോളിയില്‍ നിറങ്ങള്‍ക്കുള്ള പ്രാധാന്യം പോലെതന്നെ പ്രാധാന്യം ഹോളി ദഹനത്തിനുമുണ്ട്. കാരണം അന്ന് തിന്മകളെ അഗ്നിയില്‍ എരിയിക്കുന്ന ദിനമാണ്. ഹോളി എല്ലാ മനോമാലിന്യങ്ങളെയും മറന്ന് ഒത്തുചേരാനും, പരസ്പരം സുഖത്തിലും ആനന്ദത്തിലും പങ്കുചേരാനുമുള്ള ശുഭാവസരമാണ്. ഇത് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്നു. നിങ്ങള്‍ക്കേവര്‍ക്കും ഹോളിയെന്ന രംഗോത്സവത്തിന്റെ അനേകം ശുഭാശംസകള്‍, നിറച്ചാര്‍ത്തുള്ള ശുഭാശംസകള്‍. ഈ ഉത്സവം നമ്മുടെ ജനങ്ങളുടെ ജീവിതത്തില്‍ നിറവാര്‍ന്ന സന്തോഷം നിറയ്ക്കട്ടെ എന്നാശംസിക്കുന്നു. പ്രിയപ്പെട്ട ജനങ്ങളേ, വളരെ വളരെ നന്ദി, നമസ്‌കാരം.
PM @narendramodi speaks on India's contribution in the field of science. pic.twitter.com/6aqoDJNvvl
— PMO India (@PMOIndia) February 25, 2018
Leveraging Artificial Intelligence for betterment of all humans. pic.twitter.com/TX9Grsrol7
— PMO India (@PMOIndia) February 25, 2018
Human objectives guide outcomes of technology pic.twitter.com/gPWSG59cLy
— PMO India (@PMOIndia) February 25, 2018
Paying tributes to Maharishi Aurobindo. pic.twitter.com/sRmOEOrmdK
— PMO India (@PMOIndia) February 25, 2018
Staying alert & vigilant will help prevent accidents. pic.twitter.com/vadsIA658J
— PMO India (@PMOIndia) February 25, 2018
I appreciate the heroes who work in relief & rescue operations across the country. #MannKiBaat pic.twitter.com/VT6twikxEc
— PMO India (@PMOIndia) February 25, 2018
BIMSTEC countries came together to do a join disaster management exercise.#MannKiBaat pic.twitter.com/PyqVdWwJUa
— PMO India (@PMOIndia) February 25, 2018
There is a need to become a risk conscious society & imbibe values of safety. #MannKiBaat pic.twitter.com/ba4Rvv1JfO
— PMO India (@PMOIndia) February 25, 2018
'Waste to Wealth' & 'Waste to Energy'. #MannKiBaat pic.twitter.com/d0y4QCKDuE
— PMO India (@PMOIndia) February 25, 2018
A different kind of festival celebrated in Chhattisgarh. #MannKiBaat pic.twitter.com/n3IEJRFOpo
— PMO India (@PMOIndia) February 25, 2018
Moving from Women Development to Women Led Development.#MannKiBaat pic.twitter.com/eA4ROFOA86
— PMO India (@PMOIndia) February 25, 2018
After spending 7 decades in darkness, 3 villages of Elephanta island received electricity recently. #MannKiBaat pic.twitter.com/L3BG6KYz9L
— PMO India (@PMOIndia) February 25, 2018
Holi gives the message of spreading peace, brotherhood & unity among all. #MannKiBaat pic.twitter.com/ESxyvojlXa
— PMO India (@PMOIndia) February 25, 2018