യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലെഫ്. ജനറല്‍ എച്ച്.ആര്‍. മക്ക്മാസ്റ്റര്‍ ന്യൂ ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
അമേരിക്കന്‍ പ്രസിഡന്റ് ഡോനാള്‍ഡ് ട്രംപിന്റെ ആശംസകള്‍ അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. പ്രസിഡന്റ് ട്രംപുമായി താന്‍ നടത്തിയ സകാരാത്മകമായ ടെലിഫോണ്‍ സംഭാഷണങ്ങള്‍ അനുസ്മരിച്ച പ്രധാനമന്ത്രി, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിനും എല്ലാ മേഖലകളിലും ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും നല്‍കുന്ന പ്രാധാന്യം ആവര്‍ത്തിച്ചു വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്‍, പശ്ചിമേഷ്യ, വടക്കന്‍ കൊറിയ എന്നിവയുള്‍പ്പെടെ മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകള്‍ ലെഫ്. ജനറല്‍ എച്ച്.ആര്‍. മക്ക്മാസ്റ്റര്‍ പ്രധാനമന്ത്രിയുമായി പങ്കുവച്ചു. ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളിയെ ഫലപ്രദമായി നേരിടുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കും എങ്ങനെ യോജിച്ച് പ്രവര്‍ത്തിക്കാം എന്നതിനെ കുറിച്ചും, മേഖലയിലെ സമാധാനം, സുരക്ഷ, ഭദ്രത എന്നിവ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ചും ഇരു നേതാക്കളും സംഭാഷണ വേളയില്‍ ആശയങ്ങള്‍ കൈമാറി.