ആഗോള ജൈവ ഇന്ധന സഖ്യത്തിനു (Global Biofuel Alliance- GBA) തുടക്കമായി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിംഗപ്പൂർ, ബംഗ്ലാദേശ്, ഇറ്റലി, യുഎസ്എ, ബ്രസീൽ, അർജന്റീന, മൗറീഷ്യസ്, യുഎഇ എന്നീ രാജ്യങ്ങളുടെ നേതാക്കൾക്കൊപ്പം 2023 സെപ്റ്റംബർ 9നു ന്യൂഡൽഹിയിൽ ജി20 ഉച്ചകോടിയുടെ ഭാഗമായാണു സഖ്യത്തിനു തുടക്കംകുറിച്ചത്.
ജി20 അധ്യക്ഷരാജ്യം എന്ന നിലയിൽ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന സംരംഭമാണ് ആഗോള ജൈവ ഇന്ധന സഖ്യം. സാങ്കേതിക മുന്നേറ്റങ്ങൾ സുഗമമാക്കൽ, സുസ്ഥിര ജൈവ ഇന്ധനങ്ങളുടെ ഉപയോഗം ഊർജിതമാക്കൽ, മേഖലയുമായി ബന്ധപ്പെട്ടവരുടെ പങ്കാളിത്തത്തോടെ ശക്തമായ മാനദണ്ഡ ക്രമീകരണവും അംഗീകാരവും രൂപപ്പെടുത്തൽ എന്നിവയിലൂടെ ജൈവ ഇന്ധനങ്ങളെ ആഗോളതലത്തിൽ ഉയർത്തിക്കൊണ്ടുവരുന്നതു ത്വരിതപ്പെടുത്താനാണു സഖ്യം ഉദ്ദേശിക്കുന്നത്. വിജ്ഞാന സങ്കേതമായും വിദഗ്ധ കേന്ദ്രമായും സഖ്യം പ്രവർത്തിക്കും. ജൈവ ഇന്ധനങ്ങളുടെ പുരോഗതിക്കും വ്യാപകമായ സ്വീകാര്യതയ്ക്കും ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്ന വേദിയായി പ്രവർത്തിക്കാനാണു ജിബിഎ ലക്ഷ്യമിടുന്നത്.