എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്‌കാരം.
'മന്‍കിബാത്തിന്' നിങ്ങളില്‍ നിന്നെല്ലാം എനിക്ക് ധാരാളം കത്തുകള്‍ ലഭിച്ചു. സാമൂഹിക മാധ്യമങ്ങളിലും Namo App-ലും എനിക്ക് ധാരാളം സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന് ഞാന്‍ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്. ഈ പരിപാടിയിലൂടെ, പരസ്പരം പ്രേരണാദായകങ്ങളായ പ്രയത്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും ബഹുജന മുന്നേറ്റത്തിലൂടെ മാറ്റത്തിന്റെ കഥ രാജ്യത്തോടൊട്ടാകെ പറയാനുമാണ് ഞങ്ങളുടെ ശ്രമം. ഈ അദ്ധ്യായത്തില്‍, രാജ്യത്തെ ഓരോ പൗരന്റെയും ജീവിതത്തില്‍ വലിയ പ്രാധാന്യമുള്ള രാജ്യത്തിന്റെ അത്തരമൊരു ബഹുജന പ്രസ്ഥാനത്തെക്കുറിച്ചാണ് നിങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ, അതിനുമുമ്പ് ഇന്നത്തെ തലമുറയിലെ യുവാക്കളോട്, 24-25 വയസ് പ്രായമുള്ള യുവാക്കളോട് ഒരു ചോദ്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചോദ്യം വളരെ ഗൗരവമുള്ളതാണ്. തീര്‍ച്ചയായും എന്റെ ചോദ്യത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ പ്രായത്തില്‍ നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് അവരുടെ ജീവിക്കാനുള്ള അവകാശം പോലും അപഹരിക്കപ്പെട്ടുവെന്ന് നിങ്ങള്‍ക്കറിയാമോ! ഇത് എങ്ങനെ സംഭവിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകണം. ഇത് അസംഭവ്യമാണ്. എന്നാല്‍ എന്റെ യുവസുഹൃത്തുക്കളെ, ഇത് ഒരിക്കല്‍ നമ്മുടെ രാജ്യത്ത് സംഭവിച്ചു. വര്‍ഷങ്ങള്‍ക്കുമുന്‍പ്, 1975 ലെ കാര്യമാണിത്. ജൂണില്‍ തന്നെയായിരുന്നു അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. അടിയന്തരാവസ്ഥ നിലവില്‍ വന്നത്. അത് രാജ്യത്തെ പൗരന്മാരില്‍ നിന്ന് എല്ലാ അവകാശങ്ങളും എടുത്തുകളഞ്ഞു. അതിലൊന്ന് ഭരണഘടനയുടെ അനുഛേദം 21 പ്രകാരം എല്ലാ ഇന്ത്യക്കാര്‍ക്കും നല്‍കിയിട്ടുള്ള' ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും' ആയിരുന്നു. ഇന്ത്യയുടെ ജനാധിപത്യത്തെ തകര്‍ത്തെറിയാനുള്ള ശ്രമമാണ് അന്ന് നടന്നത്. രാജ്യത്തെ കോടതികള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എല്ലാത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അംഗീകാരമില്ലാതെ ഒന്നും അച്ചടിക്കാന്‍ കഴിയില്ലെന്നതായിരുന്നു സെന്‍സര്‍ഷിപ്പിന്റെ വ്യവസ്ഥ. പ്രശസ്ത ഗായകന്‍ കിഷോര്‍കുമാര്‍ സര്‍ക്കാരിനെ അഭിനന്ദിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അദ്ദേഹത്തിന് നിരോധനം ഏര്‍പ്പെടുത്തിയത് ഞാന്‍ ഓര്‍ക്കുന്നു. റേഡിയോയിലെ അദ്ദേഹത്തിന്റെ എന്‍ട്രി നീക്കം ചെയ്തു. എന്നാല്‍ നിരവധി പരിശ്രമങ്ങള്‍ക്കും, ആയിരക്കണക്കിന് അറസ്റ്റുകള്‍ക്കും, ലക്ഷക്കണക്കിന് ആളുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കും ശേഷവും, ജനാധിപത്യത്തിലുള്ള ഇന്ത്യന്‍ ജനതയുടെ വിശ്വാസത്തിന് യാതൊരു ഉലച്ചിലും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ നമ്മള്‍ ജനങ്ങളില്‍, നൂറ്റാണ്ടുകളായി തുടരുന്ന ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍, നമ്മുടെ സിരകളില്‍ നിറഞ്ഞിരിക്കുന്ന ജനാധിപത്യ ചൈതന്യം വിജയം കണ്ടു. ഒടുവില്‍ ജനാധിപത്യം തന്നെ വിജയിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ തന്നെ അടിയന്തിരാവസ്ഥ അവസാനിപ്പിക്കുകയും ജനാധിപത്യം സ്ഥാപിക്കുകയും ചെയ്തു. സ്വേച്ഛാധിപത്യ മനോഭാവത്തെ, ഏകാധിപത്യ പ്രവണതകളെ ജനാധിപത്യ രീതിയില്‍ പരാജയപ്പെടുത്തുന്നതിനുള്ള അത്തരമൊരു ഉദാഹരണം ലോകത്തൊരിടത്തും കണ്ടെത്താന്‍ കഴിയില്ല. അടിയന്തരാവസ്ഥക്കാലത്ത്, ജനങ്ങളുടെ സമരത്തിന് സാക്ഷിയാകാനും പങ്കാളിയാകാനും - ജനാധിപത്യത്തിന്റെ പടയാളി എന്ന നിലയില്‍ - എനിക്കും ഭാഗ്യമുണ്ടായി. ഇന്ന്, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍, അമൃത മഹോത്സവം ആഘോഷിക്കുമ്പോള്‍, അടിയന്തരാവസ്ഥയുടെ ഭയാനകമായ ആ നാളുകളെ നാം ഒരിക്കലും മറക്കരുത്. വരും തലമുറകളും മറക്കരുത്. അമൃത മഹോത്സവ് നൂറുകണക്കിന് വര്‍ഷത്തെ അടിമത്തത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ വിജയഗാഥ മാത്രമല്ല, സ്വാതന്ത്ര്യത്തിന് ശേഷമുള്ള 75 വര്‍ഷത്തെ യാത്രയെയും ഉള്‍ക്കൊള്ളുന്നു. ചരിത്രത്തിന്റെ ഓരോ സുപ്രധാന ഘട്ടങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് നമ്മള്‍ മുന്നേറുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, അവരവരുടെ ജീവിതത്തില്‍ ആകാശവുമായി ബന്ധപ്പെട്ട ഭ്രമകല്‍പ്പനകള്‍ ഉണ്ടാകാത്തവരായി നമ്മില്‍ ആരും തന്നെ ഉണ്ടാവില്ല. കുട്ടിക്കാലത്ത്, ആകാശത്തിലെ ചന്ദ്രനും നക്ഷത്രങ്ങളും അവയെ പറ്റിയുള്ള കഥകളും നമ്മെ എല്ലാവരേയും ആകര്‍ഷിക്കുന്നു. യുവാക്കളെ സംബന്ധിച്ചിടത്തോളം, ആകാശം തൊടുന്നത് അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ പര്യായമാണ്. ഇന്ന്, നമ്മുടെ ഭാരതം പല മേഖലകളിലും വിജയത്തിന്റെ ആകാശം തൊടുമ്പോള്‍, ആകാശം അല്ലെങ്കില്‍ ബഹിരാകാശം അതില്‍ സ്പര്‍ശിക്കാതെ എങ്ങനെ മാറിനില്‍ക്കും! കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട നിരവധി വലിയ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. രാജ്യത്തിന്റെ ഇങ്ങനെയുള്ള നേട്ടങ്ങളില്‍ ഒന്നാണ് ഇന്‍-സ്‌പേസ് എന്ന ഏജന്‍സിയുടെ ആവിര്‍ഭാവം. ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ സ്വകാര്യമേഖലയ്ക്ക് പുതിയ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു ഏജന്‍സിയാണിത്. ഈ തുടക്കം നമ്മുടെ രാജ്യത്തെ യുവാക്കളെ പ്രത്യേകമായി ആകര്‍ഷിച്ചു. നിരവധി യുവാക്കളില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍-സ്പേസിന്റെ ആസ്ഥാനം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍, നിരവധി യുവ സ്റ്റാര്‍ട്ടപ്പുകളുടെ ആശയങ്ങളും ആവേശവും ഞാന്‍ കണ്ടു. ഞാന്‍ അവരോട് ഒരുപാട് നേരം സംസാരിച്ചു. അവയെക്കുറിച്ച് അറിയുമ്പോള്‍ നിങ്ങള്‍ക്കും ആശ്ചര്യപ്പെടാതിരിക്കാന്‍ കഴിയില്ല. ഉദാഹരണത്തിന്, ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണവും വേഗതയും മാത്രം എടുക്കുക. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്, നമ്മുടെ രാജ്യത്ത്, ബഹിരാകാശ മേഖലയില്‍, ആരും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. ഇന്ന് അവയുടെ എണ്ണം നൂറിലധികം ആയി. ഈ സ്റ്റാര്‍ട്ടപ്പുകളെല്ലാം ഒന്നുകില്‍ മുമ്പ് ചിന്തിക്കാത്തതോ അല്ലെങ്കില്‍ സ്വകാര്യമേഖലയ്ക്ക് അസാധ്യമെന്ന് കരുതിയതോ ആയ ആശയങ്ങളില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന്, ചെന്നൈയിലും ഹൈദരാബാദിലും രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട് - അഗ്നികുലും സ്‌കൈറൂട്ടും! ഈ സ്റ്റാര്‍ട്ടപ്പുകള്‍ ചെറിയ പേ ലോഡുകള്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന വിക്ഷേപണ വാഹനങ്ങള്‍ വികസിപ്പിക്കുന്നു. ഇതിലൂടെ ബഹിരാകാശ വിക്ഷേപണത്തിന്റെ ചിലവ് വളരെ കുറവാകുമെന്ന് കണക്കാക്കപ്പെടുന്നു. അതുപോലെ, ഹൈദരാബാദില്‍ നിന്നുള്ള മറ്റൊരു സ്റ്റാര്‍ട്ടപ്പായ ധ്രുവ സ്പേസ്, സാറ്റലൈറ്റ് ഡിപ്ലോയര്‍, സാറ്റലൈറ്റുകള്‍ എന്നിവയ്ക്കായുള്ള ഹൈടെക്നോളജി സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നു. ബഹിരാകാശ പാഴ്വസ്തുക്കള്‍ മാപ്പ് ചെയ്യാന്‍ ശ്രമിക്കുന്ന മറ്റൊരു ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ദിഗന്തരയിലെ തന്‍വീര്‍ അഹമ്മദിനെയും ഞാന്‍ കണ്ടു. ഞാന്‍ അവര്‍ക്ക് ഒരു ചലഞ്ച് നല്‍കിയിട്ടുണ്ട്. അവര്‍ സ്പേസിലെ പാഴ്വസ്തുക്കള്‍ക്ക് പരിഹാരം കാണുന്നതരം സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കണം എന്ന്. ദിഗന്തരയും ധ്രുവ സ്പേസും ജൂണ്‍ 30 ന് ഐ.എസ്.ആര്‍.ഒയുടെ വിക്ഷേപണ വാഹനത്തില്‍നിന്ന് ആദ്യ വിക്ഷേപണം നടത്താന്‍ പോകുന്നു. അതുപോലെ, ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ആസ്ട്രോമിന്റെ സ്ഥാപകയായ നേഹയും അതിശയകരമായ ഒരു ആശയം വികസിപ്പിക്കുന്നു. ഈ സ്റ്റാര്‍ട്ടപ്പുകള്‍ ഒരുതരം ഫ്ളാറ്റ് ആന്റിനകള്‍ നിര്‍മ്മിക്കുന്നു. അത് ചെറുതായിരിക്കുമെന്ന് മാത്രമല്ല, അവയുടെ ചിലവും വളരെ കുറവായിരിക്കും. ഈ സാങ്കേതികവിദ്യക്ക് ലോകമെമ്പാടും ആവശ്യക്കാരുണ്ടാകാം.
സുഹൃത്തുക്കളേ, ഇന്‍-സ്‌പേസിന്റെ പരിപാടിയില്‍, മെഹ്‌സാനയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തന്‍വി പട്ടേലിനെയും ഞാന്‍ കണ്ടുമുട്ടി. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബഹിരാകാശത്ത് വിക്ഷേപിക്കാന്‍ പോകുന്ന വളരെ ചെറിയ ഉപഗ്രഹത്തിന്റെ പണിപ്പുരയിലാണ് അവള്‍. ഗുജറാത്തി ഭാഷയില്‍ വളരെ ലളിതമായി തന്‍വി തന്റെ ജോലിയെക്കുറിച്ച് എന്നോട് പറഞ്ഞു. അമൃത മഹോത്സവത്തില്‍ തന്‍വിയെപ്പോലെ, രാജ്യത്തെ എഴുന്നൂറ്റി അമ്പതിലധികം വരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിലുള്ള 75 ഉപഗ്രഹ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു . ഈ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും രാജ്യത്തെ ചെറുപട്ടണങ്ങളില്‍ നിന്നുള്ളവരാണ് എന്നതും സന്തോഷകരമായ കാര്യമാണ്.
സുഹൃത്തുക്കളേ, നമ്മുടെ യുവാക്കള്‍ക്ക് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പു വരെ ബഹിരാകാശ മേഖലയുടെ ചിത്രം ഒരു രഹസ്യദൗത്യം പോലെയായിരുന്നു. പക്ഷേ, രാജ്യം ബഹിരാകാശ രംഗത്ത് പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി. അതേ യുവാക്കള്‍ ഇപ്പോള്‍ അവരുടെ പങ്കാളിത്തമുള്ള ഉപഗ്രഹ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. നമ്മുടെ രാജ്യത്തെ യുവാക്കള്‍ ആകാശം തൊടാന്‍ തയ്യാറായിക്കഴിഞ്ഞാല്‍ പിന്നെ എങ്ങനെ രാജ്യം പിന്നാക്കം പോകും?
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, മന്‍ കി ബാത്തില്‍, ഇനി നിങ്ങളുടെ മനസ്സ് നിറയ്ക്കുന്നതും നിങ്ങളെ പ്രചോദിപ്പിക്കുന്നതുമായ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാം. അടുത്തിടെ, നമ്മുടെ ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് നീരജ് ചോപ്ര വീണ്ടും പ്രധാനവാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഒളിമ്പിക്‌സിന് ശേഷവും ഒന്നിന് പിറകെ ഒന്നായി പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുകയാണ് അദ്ദേഹം. ഫിന്‍ലന്‍ഡില്‍ നടന്ന പാവോനൂര്‍മി ഗെയിംസില്‍ നീരജ് വെള്ളി നേടിയിരുന്നു. ഇത് മാത്രമല്ല, അദ്ദേഹത്തിന്റെ തന്നെ ജാവലിന്‍ത്രോയുടെ റെക്കോര്‍ഡും അദ്ദേഹം തകര്‍ത്തു. കുവോര്‍ടേന്‍ ഗെയിംസില്‍ ഒരിക്കല്‍കൂടി സ്വര്‍ണം നേടി നീരജ് വീണ്ടും രാജ്യത്തിന് അഭിമാനമായി. അവിടെ കാലാവസ്ഥ വളരെ മോശമായ സാഹചര്യത്തിലാണ് അദ്ദേഹം ഈ സ്വര്‍ണം നേടിയത്. ഈ ധൈര്യമാണ് ഇന്നത്തെ യുവത്വത്തിന്റെ ഐഡന്റിറ്റി. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ കായികലോകം വരെ, ഇന്ത്യയിലെ യുവാക്കള്‍ പുതിയ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. അടുത്തിടെ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും നമ്മുടെ താരങ്ങള്‍ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. ഈ ഗെയിമുകളില്‍ ആകെ 12 റെക്കോര്‍ഡുകള്‍ തകര്‍ത്തുവെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ക്ക് സന്തോഷമാവും. അത് മാത്രമല്ല, ഇതില്‍ 11 റെക്കോര്‍ഡുകള്‍ വനിതാ കളിക്കാരുടെ പേരിലാണ്. മണിപ്പൂരിന്റെ എം. മാര്‍ട്ടിന ദേവി ഭാരോദ്വഹനത്തില്‍ എട്ട് റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. അതുപോലെ സഞ്ജന, സൊനാക്ഷി, ഭാവന എന്നിവരും വ്യത്യസ്ത റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. വരുംകാലത്ത് അന്താരാഷ്ട്ര കായികരംഗത്ത് ഇന്ത്യയുടെ പ്രശസ്തി എത്രത്തോളം ഉയരുമെന്ന് ഈ താരങ്ങള്‍ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ തെളിയിക്കുന്നു. ഈ കളിക്കാരെയെല്ലാം ഞാന്‍ അഭിനന്ദിക്കുകയും നല്ലൊരു ഭാവിക്കായി അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇത്തവണയും നിരവധി പ്രതിഭകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്, അവര്‍ വളരെ സാധാരണ കുടുംബങ്ങളില്‍ നിന്നാണ്. ഈ കളിക്കാര്‍ അവരുടെ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് വിജയത്തിന്റെ ഈ ഘട്ടത്തില്‍ എത്തിയത്. അവരുടെ വിജയത്തില്‍ അവരുടെ കുടുംബങ്ങള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വലിയ പങ്കുണ്ട്. 70 കിലോമീറ്റര്‍ സൈക്ലിങ്ങില്‍ സ്വര്‍ണം നേടിയ ശ്രീനഗര്‍ സ്വദേശി ആദില്‍ അല്‍ത്താഫിന്റെ അച്ഛന് തയ്യല്‍ ജോലിയാണ്. പക്ഷേ, മകന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അദ്ദേഹം ഒട്ടും മടിച്ചില്ല. ഇന്ന് ആദില്‍ അവന്റെ അച്ഛന്റെ മാത്രമല്ല, മുഴുവന്‍ ജമ്മുകാശ്മിരിന്റെയും അഭിമാനമായി മാറിയിരിക്കുന്നു. ഭാരോദ്വഹനത്തില്‍ സ്വര്‍ണ ജേതാവ് ചെന്നൈ സ്വദേശി എല്‍. ധനുഷിന്റെ അച്ഛനും ഒരു സാധാരണ മരപ്പണിക്കാരനാണ്. സാംഗ്ലിയുടെ പുത്രി കജോള്‍ സര്‍ഗാറിന്റെ പിതാവ് ചായക്കട നടത്തുന്നു. അവളും അച്ഛനെ കടയില്‍ സഹായിക്കുന്നു, കൂടെ ഭാരോദ്വഹന പരിശീലനവും നടത്തുന്നു. അവളുടെയും കുടുംബത്തിന്റെയും ഈ കഠിനാധ്വാനത്തിന് ഫലമുണ്ടായി. ഭാരോദ്വഹനത്തില്‍ കജോള്‍ ഒരുപാട് അംഗീകാരങ്ങള്‍ നേടിയിരിക്കുന്നു. ഇതേപോലെ തന്നെയാണ് റോഹ്തക്കിലെ തനുവും. തനുവിന്റെ അച്ഛന്‍ രാജ്ബീര്‍സിംഗ് റോഹ്തക്കിലെ ഒരു സ്‌കൂള്‍ബസ് ഡ്രൈവറാണ്. തനുവും ഗുസ്തിയില്‍ സ്വര്‍ണമെഡല്‍ നേടി തന്റെയും കുടുംബത്തിന്റെയും, അച്ഛന്റെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചു.
സുഹൃത്തുക്കളെ, കായികലോകത്ത്, ഇപ്പോള്‍ ഇന്ത്യന്‍ കളിക്കാരുടെ ആധിപത്യം വര്‍ധിച്ചു വരികയാണ്. അതോടൊപ്പം ഇന്ത്യന്‍ കളികള്‍ക്കും പ്രാധാന്യം കൂടിവരുന്നു. ഇത്തവണ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ ഒളിമ്പിക്സ് ഇനങ്ങള്‍ കൂടാതെ അഞ്ചു തദ്ദേശീയ കായിക ഇനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഈ അഞ്ച് കായിക ഇനങ്ങളാണ് - ഗതക, താങ്താ, യോഗാസനം, കളരിപ്പയറ്റ്, മല്ലഖമ്പ് തുടങ്ങിയവ.
സുഹൃത്തുക്കളെ, ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടക്കാന്‍ പോകുന്നു. ഇത് നൂറ്റാണ്ടുകള്‍ക്കു മുമ്പ് നമ്മുടെ സ്വന്തം നാട്ടില്‍ അതായത് ഇന്ത്യയില്‍ തന്നെ പിറന്ന കളിയാണ്. അതായത് ജൂലൈ 28 മുതല്‍ ആരംഭിക്കുന്ന ചെസ് ഒളിമ്പ്യാഡ്. 180-ലധികം രാജ്യങ്ങളാണ് ഇത്തവണ ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നത്. ഇന്നത്തെ നമ്മുടെ കായികരംഗത്തെയും കായികക്ഷമതയെയും സംബന്ധിച്ച ചര്‍ച്ചകള്‍ മറ്റൊരു പേര് കൂടി പറയാതെ പൂര്‍ത്തിയാകില്ല- അതാണ് തെലങ്കാനയുടെ പര്‍വതാരോഹക പൂര്‍ണ മാലാവത്. അവര്‍ 'സെവന്‍ സമ്മിറ്റ് ചാലഞ്ച്' പൂര്‍ത്തിയാക്കി. ഇതിലൂടെ രാജ്യത്തിന് വിജയത്തിന്റെ മറ്റൊരു നേട്ടംകൂടി ഉണ്ടായി. 'സെവന്‍ സമ്മിറ്റ് ചലഞ്ച്' എന്നുവെച്ചാല്‍ ഏറ്റവും ദുഷ്‌കരമായതും ഉയരമുള്ളതുമായ ഏഴ് മലകള്‍ കയറുക എന്ന വെല്ലുവിളി. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ 'മൌണ്ട്ഡെനാലി' യുടെ കയറ്റം പൂര്‍ത്തിയാക്കി പൂര്‍ണ രാജ്യത്തിന് അഭിമാനമായി. പതിമൂന്നാമത്തെ വയസ്സില്‍ എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്ന അദ്ഭുതം കാണിച്ച അതേപെണ്‍കുട്ടി തന്നെയാണ് പൂര്‍ണ.
സുഹൃത്തുക്കളെ, കായികരംഗത്തെ കുറിച്ചാണല്ലോ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രതിഭാശാലികളായ ക്രിക്കറ്റ് താരങ്ങളിലൊരാളായ മിതാലിരാജിനെ കുറിച്ച് കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ മാസം അവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അത് നിരവധി കായിക പ്രേമികളെ വികാരഭരിതരാക്കി. മിതാലി ഒരു അസാധാരണ കളിക്കാരി മാത്രമല്ല, നിരവധി കളിക്കാര്‍ക്ക് പ്രചോദനം കൂടിയാണ്. ഞാന്‍ മിതാലിക്ക് അവരുടെ ഭാവിജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മന്‍കിബാത്തില്‍ waste to wealth മായി ബന്ധപ്പെട്ട വിജയകരമായ ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുവരുന്നു. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാള്‍ ഇതിന് ഒരു ഉദാഹരണമാണ്. ഐസ്വാളില്‍ മനോഹരമായ ഒരു നദിയുണ്ട്' ചിറ്റെലൂയി', അത് വര്‍ഷങ്ങളായുള്ള അവഗണന കാരണം അഴുക്ക് നിറഞ്ഞ് മാലിന്യക്കൂമ്പാരമായി മാറി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ നദിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രാദേശിക ഏജന്‍സികളും സന്നദ്ധസംഘടനകളും നാട്ടുകാരും ചേര്‍ന്ന് സേവ് ചിറ്റെലൂയിസ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിരുന്നു. പുഴ ശുചീകരിക്കാനുള്ള ഈ പ്രചരണ പരിപാടി മാലിന്യത്തില്‍ നിന്ന് സമ്പത്തുണ്ടാക്കാനുള്ള അവസരവും ഉണ്ടാക്കിയിട്ടുണ്ട്. വാസ്തവത്തില്‍, ഈ നദിയും തീരവും വന്‍തോതില്‍ പ്ലാസ്റ്റിക്, പോളിത്തീന്‍ മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. നദിയെ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടന, ഈ പോളിത്തീനില്‍ നിന്ന് റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അതായത് നദിയില്‍ നിന്ന് പുറത്തേക്ക് വരുന്ന മാലിന്യങ്ങള്‍ ഉപയോഗിച്ച് മിസോറാമിലെ ഒരു ഗ്രാമത്തില്‍, സംസ്ഥാനത്തെ ആദ്യത്തെ പ്ലാസ്റ്റിക് റോഡ് നിര്‍മ്മിച്ചു. അതായത്, ശുചിത്വവും വികസനവും, രണ്ടും ഒരുമിച്ച്.
സുഹൃത്തുക്കളെ, പുതുച്ചേരിയിലെ യുവാക്കളും അവരുടെ സന്നദ്ധസംഘടനകള്‍ മുഖേന ഇത്തരത്തിലുള്ള ഒരു ശ്രമം ആരംഭിച്ചിട്ടുണ്ട്. കടലിന്റെ തീരത്താണ് പുതുച്ചേരി സ്ഥിതിചെയ്യുന്നത്. അവിടെ കടല്‍ത്തീരങ്ങളും കടലിന്റെ സൗന്ദര്യവും കാണാന്‍ ധാരാളം ആളുകള്‍ എത്തുന്നു. പക്ഷേ, പുതുച്ചേരിയുടെ കടല്‍ത്തീരത്തും പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം വര്‍ധിച്ചു വരികയാണ്. അതിനാല്‍ കടലും കടല്‍ത്തീരവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനു വേണ്ടി ഇവിടെയുള്ള ആളുകള്‍ 'Recycling for life' പ്രചാരണ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് പുതുച്ചേരിയിലെ കാരയ്ക്കലില്‍ ആയിരക്കണക്കിന് കിലോ മാലിന്യമാണ് ഓരോ ദിവസവും ശേഖരിച്ച് വേര്‍തിരിക്കുന്നത്. അതിലുള്ള ജൈവമാലിന്യം കമ്പോസ്റ്റാക്കി, ബാക്കിയുള്ളവ വേര്‍തിരിച്ച് പുനരുപയോഗം ചെയ്യുന്നു. ഇത്തരം ശ്രമങ്ങള്‍ പ്രചോദനം മാത്രമല്ല, ഒറ്റ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് എതിരെയുള്ള ഇന്ത്യയുടെ പ്രചാരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോട് സംസാരിക്കുന്ന ഈ സമയത്ത്, ഹിമാചല്‍പ്രദേശില്‍ ഒരു അതുല്യമായ സൈക്ലിംഗ് റാലിയും നടക്കുന്നു. ഇതിനെ കുറിച്ചും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ശുചിത്വസന്ദേശവുമായി ഒരുകൂട്ടം സൈക്കിള്‍ യാത്രക്കാര്‍ ഷിംലയില്‍ നിന്ന് മണ്ഡിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഈ ആളുകള്‍ സൈക്കിള്‍ ചവിട്ടി 250 കിലോമീറ്റര്‍ ദൂരം യാത്ര പൂര്‍ത്തിയാക്കും. കുട്ടികളും പ്രായമായവരും ഇക്കൂട്ടത്തിലുണ്ട്. നമ്മുടെ പരിസരം ശുദ്ധമാണെങ്കില്‍, നമ്മുടെ മലകളും നദികളും സമുദ്രങ്ങളും ശുദ്ധമായി നിലനില്‍ക്കുകയാണെങ്കില്‍, നമ്മുടെ ആരോഗ്യവും മെച്ചപ്പെടും. അത്തരം ശ്രമങ്ങളെക്കുറിച്ച് നിങ്ങള്‍ എനിക്ക് എഴുതിക്കൊണ്ടിരിക്കണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ രാജ്യത്ത് മണ്‍സൂണ്‍ മഴ തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പല സംസ്ഥാനങ്ങളിലും മഴ കൂടിക്കൊണ്ടിരിക്കുകയാണ്. 'ജലം', 'ജലസംരക്ഷണം' എന്നിവയ്ക്കായി പ്രത്യേകം പരിശ്രമിക്കേണ്ട സമയമാണിത്. നമ്മുടെ രാജ്യത്ത്, നൂറ്റാണ്ടുകളായി, ഈ ഉത്തരവാദിത്തം സമൂഹം തന്നെയാണ് ഏറ്റെടുത്ത് ചെയ്യുന്നത്. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും, 'മന്‍ കി ബാത്തില്‍' ഒരിക്കല്‍ നമ്മള്‍ പടികളുള്ള കിണറുകളുടെ പാരമ്പര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. പടികള്‍ ഇറങ്ങിയാല്‍ എത്തുന്ന വലിയ കിണറുകളെയാണ് പടിക്കിണറുകളെന്ന് വിളിക്കുന്നത്. ഇതുപോലെ നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള ഒരു കിണര്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ഉണ്ട്- 'സുല്‍ത്താന്‍ കി ബാവടി'. റാവു സുല്‍ത്താന്‍സിംഗ് ആണ് ഇത് നിര്‍മ്മിച്ചത്. എന്നാല്‍ അവഗണന കാരണം ക്രമേണ ഈ സ്ഥലം കാടുകയറുകയും കിണര്‍ മാലിന്യക്കൂമ്പാരമായി മാറുകയും ചെയ്തു. ഒരുദിവസം ഇതിലൂടെ പോയപ്പോള്‍ ചില ചെറുപ്പക്കാര്‍ ഈ പടിക്കിണറിലെത്തി അതിന്റെ അവസ്ഥകണ്ട് വളരെ സങ്കടപ്പെട്ടു. ആ നിമിഷം തന്നെ സുല്‍ത്താന്റെ പടിക്കിണറിന്റെ ദൃശ്യവും ഭാഗ്യവും മാറ്റാന്‍ ഈ യുവാക്കള്‍ തീരുമാനിച്ചു. അവര്‍ ഈ ദൗത്യത്തിന് പേരുമിട്ടു - 'സുല്‍ത്താന്‍ സെ സുര്‍-താന്‍'. ഈ കിണറിന് സംഗീതവുമായി എന്താണ് ബന്ധമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. വാസ്തവത്തില്‍, ഈ യുവാക്കള്‍ അവരുടെ പ്രയത്‌നത്താല്‍ പടിക്കിണറിനെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, സംഗീതത്തിന്റെ സ്വരവും താളവുമായി അതിനെ ബന്ധിപ്പിക്കുകയും ചെയ്തു. സുല്‍ത്താന്റെ പടിക്കിണര്‍ വൃത്തിയാക്കി അലങ്കരിച്ചശേഷം അവിടെ ഇപ്പോള്‍ സംഗീതപരിപാടികള്‍ നടക്കാറുണ്ട്. ഈ മാറ്റത്തെക്കുറിച്ച് നടന്ന ചര്‍ച്ചകള്‍ കേട്ട് വിദേശത്ത് നിന്നുവരെ നിരവധി ആളുകള്‍ ഇത് കാണാന്‍ എത്തിത്തുടങ്ങി. ഈ വിജയകരമായ ദൗത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്യാമ്പയിന്‍ ആരംഭിച്ച യുവാക്കള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാണ് എന്നതാണ്. യാദൃശ്ചികമെന്നു പറയട്ടെ, ഇനി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, ജൂലൈ ഒന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ദിനമാണ്. രാജ്യത്തെ എല്ലാ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരെയും ഞാന്‍ മുന്‍കൂട്ടി അഭിനന്ദിക്കുന്നു. നമ്മുടെ ജലാശയങ്ങളെ സംഗീതവുമായും മറ്റ് സാംസ്‌കാരിക പരിപാടികളുമായും ബന്ധിപ്പിച്ചുകൊണ്ട് നമുക്ക് സമാനമായ അവബോധം സൃഷ്ടിക്കാന്‍ കഴിയും. ജലസംരക്ഷണം യഥാര്‍ത്ഥത്തില്‍ ജീവസംരക്ഷണമാണ്. ഇന്നിപ്പോള്‍ എത്രയെത്ര നദീമഹോത്സവങ്ങള്‍ ആണ് ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. നിങ്ങളുടെ നഗരങ്ങളില്‍ ഏത് ജലസ്രോതസ്സുകളുണ്ടെങ്കിലും, നിങ്ങള്‍ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിപാടികള്‍ സംഘടിപ്പിക്കണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ ഉപനിഷത്തുകളില്‍ ഒരു ജീവിതമന്ത്രമുണ്ട് - 'ചരൈവേതി-ചരൈവേതി-ചരൈവേതി'- ഈ മന്ത്രം നിങ്ങളും കേട്ടിട്ടുണ്ടാകണം. ഇതിന്റെ അര്‍ത്ഥം മുന്നേറികൊണ്ടിരിക്കുക, മുന്നേറികൊണ്ടിരിക്കുക എന്നതാണ്. ഈ മന്ത്രം നമ്മുടെ നാട്ടുകാര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. കാരണം ചലനാത്മകമായിരിക്കുക എന്നത് നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാണ്. ഒരു രാഷ്ട്രമെന്ന നിലയില്‍, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന വികസനത്തിന്റെ യാത്രയിലൂടെയാണ് നാം ഇത്രയും ദൂരം എത്തിയിരിക്കുന്നത്. ഒരു സമൂഹമെന്ന നിലയില്‍, പുതിയ ആശയങ്ങളും പുതിയ മാറ്റങ്ങളും സ്വീകരിച്ചുകൊണ്ട് നാം എപ്പോഴും മുന്നോട്ട് പോകുന്നു. നമ്മുടെ സാംസ്‌കാരിക ചലനങ്ങളും യാത്രകളും ഇതിന് പിന്നില്‍ ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് നമ്മുടെ ഋഷിമാരും ഗുരുവര്യരും തീര്‍ത്ഥാടനം പോലുള്ള മതപരമായ ഉത്തരവാദിത്തങ്ങള്‍ നമ്മളെ ഏല്‍പ്പിച്ചത്. നാമെല്ലാവരും തന്നെ വ്യത്യസ്ത തീര്‍ത്ഥാടനങ്ങള്‍ക്ക് പോകാറുണ്ട്. ചാര്‍ധാം തീര്‍ഥാടനയാത്രയില്‍ ഇത്തവണ ഒരുപാട് ഭക്തജനങ്ങള്‍ പങ്കെടുത്തത് നിങ്ങള്‍ കണ്ടല്ലോ. നമ്മുടെ രാജ്യത്ത് കാലാകാലങ്ങളില്‍ വ്യത്യസ്ത ദേവയാത്രകളും നടക്കുന്നു. ദേവയാത്രകള്‍ എന്നുവെച്ചാല്‍ അതില്‍ ഭക്തര്‍ മാത്രമല്ല, നമ്മുടെ ദൈവങ്ങളും യാത്രചെയ്യുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, ജൂലൈ ഒന്നു മുതല്‍ ഭഗവാന്‍ ജഗന്നാഥന്റെ പ്രസിദ്ധമായ യാത്ര ആരംഭിക്കാന്‍ പോകുന്നു. ഒറീസയില്‍, പുരി തീര്‍ഥാടന യാത്രയെ കുറിച്ച് എല്ലാര്‍ക്കും അറിയാമല്ലോ. എല്ലാവരും ഈ അവസരത്തില്‍ പുരിയിലേക്ക് പോകാന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളിലും ജഗന്നാഥയാത്ര ഗംഭീരമായി നടത്തപ്പെടുന്നു. ആഷാഢമാസത്തിലെ രണ്ടാം ദിവസമാണ് ഭഗവാന്‍ ജഗന്നാഥയാത്ര ആരംഭിക്കുന്നത്. 'ആഷാഢസ്യദ്വിതീയദിവസേ... രഥയാത്ര' എന്ന് നമ്മുടെ ഗ്രന്ഥങ്ങളില്‍, സംസ്‌കൃത ശ്ലോകങ്ങളില്‍ വിവരിച്ചതായി കാണുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലും എല്ലാവര്‍ഷവും ആഷാഢദ്വിതിയയില്‍ ആണ് രഥയാത്ര നടത്തുന്നത്. ഞാന്‍ ഗുജറാത്തില്‍ ആയിരുന്നുവെങ്കില്‍ എല്ലാവര്‍ഷവും ഈ യാത്രയില്‍ സേവനം അനുഷ്ഠിക്കുന്നതിനുള്ള ഭാഗ്യം എനിക്കും ലഭിക്കുമായിരുന്നു. ആഷാധിബീജ് എന്നറിയപ്പെടുന്ന ആഷാഢദ്വിതീയയില്‍ തന്നെയാണ് കച്ചില്‍ പുതുവര്‍ഷത്തിന്റെ തുടക്കം കുറിക്കുന്നത്. ഞാന്‍ എന്റെ എല്ലാ കച്ച് സഹോദരങ്ങള്‍ക്കും ഈ അവസരത്തില്‍ പുതുവത്സരാശംസകളും നേരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ ദിനത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട് - ആഷാഢദ്വിതീയയ്ക്ക് ഒരുദിവസം മുമ്പ്, അതായത്, ആഷാഢം ഒന്നാം തീയതി, ഞങ്ങള്‍ ഗുജറാത്തില്‍ ഒരു സംസ്‌കൃതോത്സവം ആരംഭിച്ചു, സംസ്‌കൃത ഭാഷയില്‍ ഗാനങ്ങളും സംഗീതവും സാംസ്‌കാരിക പരിപാടികളും നടത്തി. ഈ പരിപാടിയുടെ പേര് - 'ആഷാഢസ്യപ്രഥമദിവസേ' എന്നാണ്. ഉത്സവത്തിന് ഈ പ്രത്യേക പേര് നല്‍കുന്നതിനു പിന്നിലും ഒരു കാരണമുണ്ട്. യഥാര്‍ത്ഥത്തില്‍, മഹാനായ സംസ്‌കൃത കവി കാളിദാസന്‍ മേഘദൂതം എഴുതിയത് ആഷാഢമാസത്തിലെ മഴയുടെ വരവിലാണ്. മേഘദൂതത്തില്‍ ഒരു ശ്ലോകമുണ്ട് 'ആഷാഢസ്യപ്രഥമദിവസേ, മേഘം ആശ്ലിഷ്ടസാനും' - ഇതിനര്‍ത്ഥം ആഷാഢനാളിലെ ആദ്യദിവസം മേഘങ്ങളാല്‍ മൂടപ്പെട്ട പര്‍വതശിഖരങ്ങള്‍ എന്നാണ്, ഈ ശ്ലോകമാണ് ഈ പരിപാടിക്ക് ആധാരമായത്.
സുഹൃത്തുക്കളേ, അഹമ്മദാബാദായാലും പുരിയായാലും, ഈ യാത്രയിലൂടെ ജഗന്നാഥന്‍ നമുക്ക് വളരെ അര്‍ത്ഥവത്തായ നിരവധി മാനവിക സന്ദേശങ്ങള്‍ നല്‍കുന്നു. ഭഗവാന്‍ ജഗന്നാഥന്‍ ലോകത്തിന്റെ അധിപനാണ്. എന്നാല്‍ പാവപ്പെട്ടവര്‍ക്കും അധഃസ്ഥിതര്‍ക്കും അദ്ദേഹത്തിന്റെ യാത്രയില്‍ പ്രത്യേക പങ്കാളിത്തമുണ്ട്. ദൈവവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും വ്യക്തികളോടും ഒപ്പം നടക്കുന്നു. അതുപോലെ നമ്മുടെ നാട്ടില്‍ നടക്കുന്ന എല്ലാ യാത്രകളിലും ദരിദ്രനെന്നോ പണക്കാരനെന്നോ ഉയര്‍ന്നവനെന്നോ താഴ്ന്നവനെന്നോ വേര്‍തിരിവില്ല. എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി യാത്ര മാത്രം പരമപ്രധാനമാകുന്നു. മഹാരാഷ്ട്രയിലെ പന്തര്‍പൂരിലെ യാത്രയെക്കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും കേട്ടിരിക്കും. പന്തര്‍പൂരിലെ യാത്രയില്‍ ഒരാളും ചെറുതും വലുതുമല്ല. എല്ലാവരും വാര്‍ക്കരികള്‍. ഭഗവാന്‍ വിട്ടലിന്റെ ദാസന്മാര്‍. ഇപ്പോള്‍ തന്നെ നാലു ദിവസത്തിന് ശേഷം അമര്‍നാഥ് യാത്രയും ജൂണ്‍ 30 മുതല്‍ ആരംഭിക്കും. അമര്‍നാഥ് യാത്രയ്ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ ജമ്മുകശ്മീരിലെത്തുന്നു. ജമ്മുകശ്മീരിലെ പ്രദേശവാസികള്‍ ഈ യാത്രയുടെ ഉത്തരവാദിത്വം ഭക്തിയോടെ ഏറ്റെടുക്കുകയും തീര്‍ഥാടകരുമായി സഹകരിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ശബരിമല യാത്രയ്ക്ക് ദക്ഷിണേന്ത്യയിലും ഇതുപോലെ പ്രാധാന്യമുണ്ട്. ശബരിമലയിലേക്കുള്ള പാത പൂര്‍ണമായും കാടുകളാല്‍ ചുറ്റപ്പെട്ട കാലത്തും മലമുകളിലെ അയ്യപ്പനെ ദര്‍ശിക്കാന്‍ ആളുകള്‍ പോയിരുന്നു. ഇന്നും യാത്ര തുടരുകയാണ്. ഇപ്പോഴും ഭക്തര്‍ വ്രതമെടുത്ത് ഈ യാത്രക്ക് പോകുമ്പോള്‍, മതപരമായ ആചാരങ്ങള്‍ മുതല്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യം വരെ ആളുകള്‍ ചെയ്യുന്നു, അതായത്, ഈ യാത്രകള്‍ നമുക്ക് നേരിട്ട് പാവപ്പെട്ടവരെ സേവിക്കാന്‍ അവസരം നല്‍കുന്നു. പാവപ്പെട്ടവര്‍ക്കും ഇത് ഒരുപോലെ പ്രയോജനകരമാണ്. അതുകൊണ്ടാണ് രാജ്യവും ഇപ്പോള്‍ ഭക്തര്‍ക്ക് അവരുടെ ആത്മീയയാത്രകളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം പരിശ്രമിക്കുന്നത്. നിങ്ങളും ഇത്തരമൊരു യാത്ര നടത്തുകയാണെങ്കില്‍, ആത്മീയതയ്‌ക്കൊപ്പം ഏക ഭാരതം് ശ്രേഷ്ഠഭാരതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും നിങ്ങള്‍ക്കുണ്ടാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, എല്ലായ്‌പ്പോഴും എന്നപോലെ ഇത്തവണയും 'മന്‍ കി ബാത്തിലൂടെ' നിങ്ങളെല്ലാവരുമായി സംവദിക്കാന്‍ സാധിച്ചത് വളരെ സന്തോഷകരമായ അനുഭവമായിരുന്നു. രാജ്യത്തിലെ ജനങ്ങളുടെ വിജയങ്ങളും നേട്ടങ്ങളും നമ്മള്‍ ചര്‍ച്ചചെയ്തു. ഇതിനിടയിലും കൊറോണയ്‌ക്കെതിരെയുള്ള മുന്‍കരുതലുകളും നമ്മള്‍ എടുക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഇന്ന് രാജ്യത്തിനാകെ വാക്സിനുകളുടെ സമഗ്രമായ ഒരു സംരക്ഷണകവചം ഉണ്ടെന്നത് സംതൃപ്തി നല്‍കുന്ന കാര്യമാണ്. നമ്മള്‍ 200 കോടി വാക്‌സിന്‍ ഡോസ് എന്ന ലക്ഷ്യത്തിന് അടുത്തെത്തിയിരിക്കുന്നു. രാജ്യത്ത് ദ്രുതഗതിയിലുള്ള മുന്‍കരുതല്‍ ഡോസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ രണ്ടാമത്തെ ഡോസിന് ശേഷം മുന്‍കരുതല്‍ ഡോസിന് സമയമായാല്‍, നിങ്ങള്‍ തീര്‍ച്ചയായും ഈ മൂന്നാമത്തെ ഡോസ് എടുക്കണം. നിങ്ങളുടെ കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് പ്രായമായവരെ, ഒരു മുന്‍കരുതല്‍ ഡോസ് എടുപ്പിക്കുക. കൈകളുടെ ശുചിത്വം, മാസ്‌ക് തുടങ്ങിയ അവശ്യമായ മുന്‍കരുതലുകളും നമ്മള്‍ സ്വീകരിക്കണം. മഴക്കാലത്ത് നമുക്ക് ചുറ്റുമുള്ള മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്. നിങ്ങളെല്ലാവരും ശ്രദ്ധയോടെയിരിക്കുക, ആരോഗ്യത്തോടെ തുടരുക, ഇതേ ഊര്‍ജ്ജവുമായി മുന്നേറുക. അടുത്തമാസം നമ്മള്‍ വീണ്ടും കാണും. അതുവരേയ്ക്കും, വളരെ വളരെ നന്ദി.
PM @narendramodi begins this month's #MannKiBaat by talking about the dark chapter in India's history- the Emergency, which was imposed in 1975.
— PMO India (@PMOIndia) June 26, 2022
He applauded all those who resisted the Emergency and says that it was our democratic mindset that eventually prevailed. pic.twitter.com/DKe5xktyRx
PM @narendramodi speaks about interesting strides in India's space sector... #MannKiBaat pic.twitter.com/RS0qycvU7J
— PMO India (@PMOIndia) June 26, 2022
Before 2019, StartUps in the space sector were not common. In the last 3 years, things have changed and our youth have shown great innovative skills. #MannKiBaat pic.twitter.com/e1fEkRxuzv
— PMO India (@PMOIndia) June 26, 2022
PM @narendramodi lauds @Neeraj_chopra1 for his recent sporting accomplishments. #MannKiBaat pic.twitter.com/d97fAvsPF2
— PMO India (@PMOIndia) June 26, 2022
The Khelo India Youth Games witnessed a true celebration of sports. New records were created and some outstanding sporting performances were seen. #MannKiBaat pic.twitter.com/LfMn6Wk3mB
— PMO India (@PMOIndia) June 26, 2022
India will always be grateful to @M_Raj03 for her monumental contribution to sports and for inspiring other athletes. #MannKiBaat pic.twitter.com/8wkuEnbd3F
— PMO India (@PMOIndia) June 26, 2022
Inspiring examples of individual and community efforts who are working on 'Waste to Wealth.' #MannKiBaat pic.twitter.com/FAv4t1ju07
— PMO India (@PMOIndia) June 26, 2022
There is great emphasis on Yatras in our culture. #MannKiBaat pic.twitter.com/KUaCb6kBGL
— PMO India (@PMOIndia) June 26, 2022
PM @narendramodi talks about the upcoming Rath Yatra. #MannKiBaat pic.twitter.com/8uwbhi1h6L
— PMO India (@PMOIndia) June 26, 2022