ചാൻസലർ കാൾ നെഹമെറിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജൂലൈ 9നും 10നും ഓസ്ട്രിയയിൽ ഔദ്യോഗിക സന്ദർശനം നടത്തി. സന്ദർശനവേളയിൽ ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചാൻസലർ നെഹമെറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുടെ ആദ്യ ഓസ്ട്രിയ സന്ദർശനമാണിത്. 41 വർഷത്തിനുശേഷമാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ഇവിടം സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികമാണ് ഈ വർഷം. 

ജനാധിപത്യം, സ്വാതന്ത്ര്യം, അന്താരാഷ്ട്ര സമാധാനം, സുരക്ഷ എന്നിവയുടെ പൊതുവായ മൂല്യങ്ങൾ, യുഎൻ ചാർട്ടറിന്റെ കാതലായ ചട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്രക്രമം, പൊതുവായ ചരിത്രപരമായ ബന്ധങ്ങൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധങ്ങൾ എന്നിവയാണു വർധിച്ചുവരുന്ന മെച്ചപ്പെട്ട പങ്കാളിത്തത്തിന്റെ കേന്ദ്രമെന്നു പ്രധാനമന്ത്രിയും ചാൻസലറും വ്യക്തമാക്കി. സുദൃഢവും സമൃദ്ധവും സുസ്ഥിരവുമായ ലോകത്തിനായി ഉഭയകക്ഷി-പ്രാദേശിക, അന്തർദേശീയ സഹകരണം ആഴത്തിലാക്കുന്നതിനും വിപുലപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ തുടരാനുള്ള പ്രതിബദ്ധത അവർ ആവർത്തിച്ചു. 

ഉഭയകക്ഷി പങ്കാളിത്തം ഉയർന്ന തലത്തിലേക്കു ഗണ്യമായി ഉയർത്താനുള്ള കഴിവ് ഇരുരാജ്യങ്ങൾക്കുമുണ്ടെന്നു ചാൻസലർ നെഹമെറും പ്രധാനമന്ത്രി മോദിയും വിലയിരുത്തി. ഈ പങ്കാളിത്തലക്ഷ്യം മുന്നോട്ടു കൊണ്ടുപോകുന്നതിനു തന്ത്രപരമായ സമീപനം സ്വീകരിക്കാൻ അവർ ധാരണയായി. ഈ ലക്ഷ്യം മുൻനിർത്തി, അടുത്ത രാഷ്ട്രീയതല സംഭാഷണത്തിനു പുറമേ, ഹരിത – ഡിജിറ്റൽ സാങ്കേതികവിദ്യകൾ, അടിസ്ഥാനസൗകര്യം, പുനരുപയോഗ ഊർജം, ജലപരിപാലനം, ജീവിതശാസ്ത്രം, അത്യാധുനിക നഗരങ്ങൾ, ചലനാത്മകത, ഗതാഗതം എന്നിവയിൽ പുതിയ സംരംഭങ്ങളും സംയുക്ത പദ്ധതികളും, സഹകരണ സാങ്കേതിക വികസനം, ഗവേഷണവും നവീകരണവും, പരസ്പരപ്രയോജനകരമായ വ്യാവസായിക ഇടപെടലുകൾ എന്നിവ ഉൾക്കൊള്ളുന്ന, ഭാവിയെ അടിസ്ഥാനമാക്കിയുള്ള ഉഭയകക്ഷി സുസ്ഥിര സാമ്പത്തിക-സാങ്കേതിക പങ്കാളിത്തത്തിന് അവർ ഊന്നൽ നൽകി. 

രാഷ്ട്രീയ-സുരക്ഷാ സഹകരണം 

അന്തർദേശീയ-പ്രാദേശിക സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യയും ഓസ്ട്രിയയും പോലുള്ള ജനാധിപത്യരാജ്യങ്ങൾ ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി മോദിയും ചാൻസലർ നെഹമെറും അടിവരയിട്ടു. ഈ പശ്ചാത്തലത്തിൽ, സമീപ വർഷങ്ങളിൽ തങ്ങളുടെ വിദേശകാര്യ മന്ത്രിമാർ തമ്മിൽ പതിവുള്ളതും പ്രാധാന്യമുള്ളതുമായ കൂടിയാലോചനകളിൽ അവർ സംതൃപ്തി രേഖപ്പെടുത്തി. വിവിധ മേഖലകളിൽ മെച്ചപ്പെട്ട വ്യവസ്ഥാപിത സംഭാഷണങ്ങളുടെ പ്രവണത നിലനിർത്താൻ അവർ ഉദ്യോഗസ്ഥർക്കു പ്രോത്സാഹനമേകുകയും ചെയ്തു. 

UNCLOS-ൽ പ്രതിഫലിക്കുന്ന സമുദ്ര അന്തർദേശീയ നിയമങ്ങൾക്കനുസൃതമായും സമുദ്രസുരക്ഷയുടെയും അന്താരാഷ്ട്ര സമാധാനത്തിന്റെയും സുസ്ഥിരതയുടെയും പ്രയോജനത്തിനായി പരമാധികാരം, പ്രാദേശിക സമഗ്രത, സഞ്ചാരസ്വാതന്ത്ര്യം എന്നിവയോടുള്ള പൂർണ ബഹുമാനത്തോടെയും സ്വതന്ത്രവും തുറന്നതും നിയമാധിഷ്ഠിതവുമായ ഇന്തോ-പസഫിക്കിനുള്ള പ്രതിബദ്ധതയ്ക്ക് ഇരുനേതാക്കളും ഊന്നൽനൽകി. 

യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും/മധ്യപൂർവേഷ്യയിലെയും സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള വിലയിരുത്തലുകൾ ഇരുനേതാക്കളും കൈമാറി. സമാധാനം പുനഃസ്ഥാപിക്കുന്നതിനും സായുധ സംഘട്ടനം ഒഴിവാക്കുന്നതിനുമുള്ള ശ്രമങ്ങൾക്കു മുൻഗണന നൽകുന്ന ഇരുരാജ്യങ്ങളുടെയും സമീപനങ്ങൾ പരസ്പരപൂരകമാണെന്ന് അവർ ചൂണ്ടിക്കാട്ടി. 

യുക്രൈനിലെ യുദ്ധത്തിന്റെ കാര്യത്തിൽ, അന്താരാഷ്ട്ര നിയമത്തിനും യുഎൻ ചാർട്ടറിനും അനുസൃതമായി സമാധാനപരമായ പ്രതിവിധി സുഗമമാക്കുന്നതിനുള്ള ഏതൊരു കൂട്ടായ ശ്രമത്തെയും പിന്തുണക്കുന്നുവെന്ന് ഇരുനേതാക്കളും അറിയിച്ചു. യുക്രൈനിൽ സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിന് എല്ലാ പങ്കാളികളെയും ഒരുമിച്ചു കൊണ്ടുവരേണ്ടതുണ്ടെന്നും സംഘർഷത്തിൽ ഇരുകക്ഷികളും തമ്മിലുള്ള ആത്മാർത്ഥവും ദൃഢവുമായ ഇടപെടൽ ആവശ്യമാണെന്നും ഇരുപക്ഷവും വിശ്വസിക്കുന്നു. 

അതിർത്തി കടന്നുള്ളതും സൈബർ ഭീകരവാദവുമുൾപ്പെടെ ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും അസന്ദിഗ്ധമായി അപലപിക്കുന്നതായി ഇരുനേതാക്കളും ആവർത്തിച്ചു. ഭീകരവാദ പ്രവർത്തനങ്ങൾക്കു ധനസഹായം നൽകുന്നവർക്കും ആസൂത്രണം ചെയ്യുന്നവർക്കും പിന്തുണയ്ക്കുന്നവർക്കും ഒരു രാജ്യവും സുരക്ഷിത താവളമൊരുക്കരുതെന്നും അവർ ആവശ്യപ്പെട്ടു. യുഎൻ സുരക്ഷാസമിതിയുടെ 1267 ഉപരോധസമിതി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സംഘങ്ങളുമായി വ്യക്തികളോ പദവികളോ മുഖേന ബന്ധമുള്ളതുൾപ്പെടെ എല്ലാ ഭീകരർക്കെതിരെയും യോജിച്ച നടപടി വേണമെന്നും ഇരുപക്ഷവും ആവശ്യപ്പെട്ടു. FATF, NMFT, മറ്റു ബഹുമുഖ വേദികൾ എന്നിവയിൽ ഒരുമിച്ചു പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ചു. 

2023 സെപ്റ്റംബറിൽ ഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ-മധ്യപൂർവേഷ്യ-യൂറോപ്പ് ഇടനാഴി (IMEC) ആരംഭിച്ചത് ഇരുനേതാക്കളും അനുസ്മരിച്ചു. ഈ സുപ്രധാന സംരംഭത്തിനു നേതൃത്വം നൽകിയതിനു പ്രധാനമന്ത്രി മോദിയെ ചാൻസലർ നെഹമെർ അഭിനന്ദിച്ചു. ഈ പദ്ധതിക്കു തന്ത്രപരമായി ഏറെ പ്രാധാന്യമുണ്ടെന്നും ഇന്ത്യ, മധ്യപൂർവേഷ്യ, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള വാണിജ്യത്തിന്റെയും ഊർജത്തിന്റെയും സാധ്യതകളും ഒഴുക്കും ഗണ്യമായി വർധിപ്പിക്കുമെന്നും ഇരുനേതാക്കളും സമ്മതിച്ചു. ചാൻസലർ നെഹമെർ IMEC-യുമായി ഇടപഴകാനുള്ള ഓസ്ട്രിയയുടെ താൽപ്പര്യം അറിയിക്കുകയും യൂറോപ്പിന്റെ മധ്യഭാഗത്തുള്ള ഓസ്ട്രിയയുടെ സ്ഥാനം സമ്പർക്കസൗകര്യങ്ങൾക്കായി വളരെയേറെ പ്രയോജനപ്പെടുമെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഇന്ത്യക്കും യൂറോപ്യൻ യൂണിയനും ലോകത്തിലെ ഏറ്റവും വലുതും ഊർജസ്വലവുമായ സ്വതന്ത്ര വിപണി ഇടമുണ്ടെന്ന് ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. ആഴത്തിലുള്ള യൂറോപ്യൻ യൂണിയൻ-ഇന്ത്യ ബന്ധം പരസ്പരപ്രയോജനകരമാകുമെന്നും ആഗോളതലത്തിൽ ഗുണപരമായ സ്വാധീനമുണ്ടാക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. ഇന്ത്യയെയും യൂറോപ്യൻ യൂണിയനെയും കൂടുതൽ അടുപ്പിക്കുന്നതിനുള്ള വിവിധ സംരംഭങ്ങളെ പിന്തുണയ്ക്കാൻ ചാൻസലർ നെഹമെറും പ്രധാനമന്ത്രി മോദിയും സമ്മതിച്ചു. ഈ സാഹചര്യത്തിൽ, നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ഇയു വ്യാപാര നിക്ഷേപ ചർച്ചകൾക്കും ഇയു-ഇന്ത്യ സമ്പർക്കസൗകര്യ പങ്കാളിത്തം എത്രയും വേഗം നടപ്പിലാക്കുന്നതിനുമുള്ള കരുത്തുറ്റ പിന്തുണ അവർ ആവർത്തിച്ചു. 

സുസ്ഥിര സാമ്പത്തിക പങ്കാളിത്തം 

ഇരുരാജ്യങ്ങളും തമ്മിലുള്ള കരുത്തുറ്റ സാമ്പത്തിക-സാങ്കേതിക പങ്കാളിത്തം തന്ത്രപരമായ ലക്ഷ്യമായി ഇരുനേതാക്കളും വിലയിരുത്തി. ഈ സാഹചര്യത്തിൽ, സന്ദർശന വേളയിൽ വിയന്നയിലെ നിരവധി കമ്പനികളുടെ സിഇഒമാരുടെ പങ്കാളിത്തത്തോടെ ഇതാദ്യമായി ഉന്നതതല ഉഭയകക്ഷി വ്യാവസായിക ചർച്ചാവേദി വിളിച്ചുകൂട്ടിയതിനെ അവർ സ്വാഗതം ചെയ്തു. ഇരുനേതാക്കളും വ്യാവസായികവേദിയെ അഭിസംബോധന ചെയ്യുകയും വിവിധ മേഖലകളിൽ പുതിയതും കൂടുതൽ ചലനാത്മകവുമായ ബന്ധങ്ങൾക്കായി പ്രവർത്തിക്കാൻ വ്യവസായ പ്രതിനിധികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

ഉഭയകക്ഷി പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഗവേഷണം, ശാസ്ത്രബന്ധങ്ങൾ, സാങ്കേതിക പങ്കാളിത്തം, നവീകരണം എന്നിവയ്ക്ക് ഏറെ പ്രാധാന്യമുള്ളതായി ഇരുനേതാക്കളും വ‌ിലയിരുത്തി. അത്തരം അവസരങ്ങളെല്ലാം പരസ്പരതാൽപ്പര്യത്തോടെ അനാവരണം ചെയ്യണമെന്ന് ആഹ്വാനം ചെയ്തു. പുതിയ വാണിജ്യ-വ്യവസായ ഗവേഷണ-വികസന പങ്കാളിത്ത മാതൃകകളിലൂടെ തിരിച്ചറിഞ്ഞ മേഖലകളിൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും വാണിജ്യവൽക്കരിക്കുന്നതിനുമുള്ള ശക്തമായ സഹകരണത്തിന്റെ ആവശ്യകതയ്ക്ക് അവർ ഊന്നൽ നൽകി. 

2024 ഫെബ്രുവരിയിൽ ഓസ്ട്രിയൻ തൊഴിൽ-സാമ്പത്തിക മന്ത്രിയുടെ ഇന്ത്യാ സന്ദർശനവേളയിൽ സ്ഥാപിച്ച സ്റ്റാർട്ട് അപ്പ് ബ്രിഡ്ജിലൂടെയും 2024 ജൂണിൽ ഒരുസംഘം ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ഓസ്ട്രിയയിലേക്കുള്ള വിജയകരമായ സന്ദർശനത്തിലൂടെയും ഇരുരാജ്യങ്ങളിലെയും നൂതനാശയങ്ങളെയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെയും കൂട്ടിയിണക്കുന്നതിനുള്ള സംരംഭങ്ങളെ നേതാക്കർ സ്വാഗതം ചെയ്തു. ഓസ്ട്രിയയുടെ ആഗോള ആശയ ഉത്ഭവകേന്ദ്ര ശൃംഖല, സ്റ്റാർട്ട് അപ്പ് ഇന്ത്യ സംരംഭം തുടങ്ങിയ ചട്ടക്കൂടുകൾ ഉൾപ്പെടെ, ഭാവിയിൽ സമാനമായ വിനിമയങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനായി പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളിലെയും പ്രസക്തമായ ഏജൻസികൾക്കു നേതാക്കൾ പ്രോത്സാഹനമേകി. 

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂട് കൺവെൻഷനിലെ (UNFCCC) കക്ഷികൾ എന്ന നിലയിലും, ആഗോള ശരാശരി താപനില വ്യാവസായികതലത്തിനു മുമ്പുള്ളതിനേക്കാൾ 2 ഡിഗ്രി സെൽഷ്യസിനു താഴെയാക്കാൻ പ്രതിജ്ഞാബദ്ധരായ രാജ്യങ്ങളെന്ന നിലയിലും, ഇതു കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും അപായസാധ്യതകളും ഗണ്യമായി കുറയ്ക്കുമെന്നു നേതാക്കൾ വിലയിരുത്തി. 2050-ഓടെ കാലാവസ്ഥാ സമഭാവനയ്ക്കായി യൂറോപ്യൻ യൂണിയൻ തലത്തിൽ സ്വീകരിച്ച ലക്ഷ്യങ്ങൾ, 2040-ഓടെ കാലാവസ്ഥാ സമഭാവന കൈവരിക്കാനുള്ള ഓസ്ട്രിയൻ ഗവൺമെന്റിന്റെ പ്രതിബദ്ധത, 2070-ഓടെ പുറന്തള്ളൽ പൂജ്യമാക്കാനുള്ള ഇന്ത്യാഗവണ്മെന്റിന്റെ പ്രതിബദ്ധത എന്നിവ അവർ അനുസ്മരിച്ചു.

ഓസ്ട്രിയൻ ഗവൺമെന്റിന്റെ ഹൈഡ്രജൻ തന്ത്രത്തിന്റെയും ഊർജസംക്രമണ വെല്ലുവിളികൾ നേരിടാൻ ഇന്ത്യ ആരംഭിച്ച ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന്റെയും പശ്ചാത്തലത്തിൽ പങ്കാളിത്തത്തിനുള്ള സാധ്യത അവർ പരാമർശിച്ചു. പുനരുപയോഗ/ഹരിത ഹൈഡ്രജൻ മേഖലയിൽ ഇരുരാജ്യങ്ങളിലെയും കമ്പനികളും ഗവേഷണ-വികസന സ്ഥാപനങ്ങളും തമ്മിലുള്ള വിപുലമായ പങ്കാളിത്തത്തെയും നേതാക്കൾ പിന്തുണച്ചു.

സംശുദ്ധ ഗതാഗതം, ജലം, മലിനജല പരിപാലനം, മാലിന്യസംസ്കരണം, പുനരുപയോഗ ഊർജം, മറ്റു സംശുദ്ധ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ ലക്ഷ്യബോധമുള്ള സഹകരണത്തിനായി പാരിസ്ഥിതിക സാങ്കേതികവിദ്യകളുടെ ശ്രേണി നേതാക്കൾ വിലയിരുത്തി. ഈ മേഖലകളിലെയും അനുബന്ധ മേഖലകളിലെയും വിപുലമായ ഇടപഴകലിനെ പിന്തുണയ്ക്കുന്നതിനായി ഈ മേഖലകളിലെ സംരംഭങ്ങൾക്കും പദ്ധതികൾക്കും ധനസഹായം വിപുലീകരിക്കാൻ അവർ പൊതു-സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചു. സുസ്ഥിര സമ്പദ്‌വ്യവസ്ഥ ഉൾപ്പെടെയുള്ള വ്യവസായ പ്രക്രിയകളിൽ (ഇൻഡസ്ട്രി 4.0) ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വർധിച്ചുവരുന്ന പങ്ക് അവർ വിലയിരുത്തി.

പൊതുവായ ഭാവിക്കായുള്ള കഴിവുകൾ

ഉന്നത സാങ്കേതിക മേഖലകളിലെ വിപുലമായ ഇടപെടലിനെ പിന്തുണയ്ക്കുന്നതിനു നൈപുണ്യവികസനത്തിന്റെയും വിദഗ്ധ ഉദ്യോഗസ്ഥരുടെ ചലനാത്മകതയുടെയും പ്രാധാന്യം ചാൻസലർ നെഹമെറും പ്രധാനമന്ത്രി മോദിയും വിലയിരുത്തി. ഇക്കാര്യത്തിൽ, അത്തരം വിനിമയങ്ങൾ സുഗമമാക്കുന്നതിനു സ്ഥാപനപരമായ ചട്ടക്കൂടു പ്രദാനം ചെയ്യുന്ന ഉഭയകക്ഷി കുടിയേറ്റ-ചലനക്ഷമതാ ഉടമ്പടിയുടെ പ്രവർത്തനക്ഷമതയെ അവർ സ്വാഗതം ചെയ്തു. അതേസമയം ക്രമരഹിതമായ കുടിയേറ്റത്തെയും ഇതു നേരിടുന്നു.

പരസ്പരതാൽപ്പര്യമുള്ള മേഖലകളിൽ, പ്രത്യേകിച്ചു ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിങ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ഭാവിയെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തം കെട്ടിപ്പടുക്കാൻ ഇരുരാജ്യങ്ങളിലെയും അക്കാദമിക് സ്ഥാപനങ്ങളെ അവർ പ്രോത്സാഹിപ്പിച്ചു.

ജനങ്ങൾ തമ്മിലുള്ള ബന്ധം

സാംസ്കാരികവിനിമയത്തിന്റെ നീണ്ട പാരമ്പര്യത്തെ, പ്രത്യേകിച്ച് ഓസ്ട്രിയൻ ഇൻഡോളജിസ്റ്റുകളുടെയും ഓസ്ട്രിയയുമായി ഇടപഴകിയ പ്രമുഖ ഇന്ത്യൻ സാംസ്കാരിക വ്യക്തിത്വങ്ങളുടെയും പങ്കിനെ, ഇരുനേതാക്കളും അഭിനന്ദിച്ചു. യോഗയിലും ആയുർവേദത്തിലും ഓസ്ട്രിയക്കാർക്കിടയിൽ വർധിച്ചുവരുന്ന താൽപ്പര്യവും നേതാക്കൾ ചൂണ്ടിക്കാട്ടി. സംഗീതം, നൃത്തം, ഓപ്പറ, നാടകം, സിനിമ, സാഹിത്യം, കായികം, മറ്റു മേഖലകൾ എന്നിവയിൽ കൂടുതൽ ഉഭയകക്ഷി സാംസ്കാരിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ അവർ സ്വാഗതം ചെയ്തു.

സാമ്പത്തികവും സുസ്ഥിരവും സമഗ്രവുമായ വളർച്ചയും ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ കൂടുതൽ ധാരണയും സൃഷ്ടിക്കുന്നതിൽ വിനോദസഞ്ചാരം വഹിക്കുന്ന പങ്ക് നേതാക്കൾ വിലയിരുത്തി. നേരിട്ടുള്ള വിമാനസൗകര്യം, താമസത്തിന്റെ ദൈർഘ്യം, മറ്റു സംരംഭങ്ങൾ എന്നിവ വിപുലീകരിക്കുന്നതുൾപ്പെടെ, ഇരുദിശകളിലേക്കും വിനോദസഞ്ചാരികളുടെ ഒഴുക്കു വർധിപ്പിക്കുന്നതിന് ഒരുമിച്ചു പ്രവർത്തിക്കാനുള്ള ബന്ധപ്പെട്ട ഏജൻസികളുടെ ശ്രമങ്ങളെ അവർ പ്രോത്സാഹിപ്പിച്ചു.

ബഹുമുഖ സഹകരണം

ബഹുരാഷ്ട്രവാദത്തോടും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ തത്വങ്ങളോടുമുള്ള പ്രതിബദ്ധതയും നേതാക്കൾ ആവർത്തിച്ചു. പതിവ് ഉഭയകക്ഷി കൂടിയാലോചനകളിലൂടെയും ബഹുരാഷ്ട്ര വേദികളിലെ ഏകോപനത്തിലൂടെയും ഈ അടിസ്ഥാനതത്വങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഒരുമിച്ചു പ്രവർത്തിക്കാൻ നേതാക്കൾ ധാരണയിലെത്തി.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടേതുൾപ്പെടെ സമഗ്രമായ പരിഷ്കാരങ്ങൾ കൈവരിക്കുന്നതിനുള്ള പ്രതിബദ്ധത അവർ ആവർത്തിച്ചു. 2027-28 കാലയളവിൽ ഓസ്ട്രിയയുടെ യുഎൻഎസ്‌സി സ്ഥാനാർഥിത്വത്തിന് ഇന്ത്യ പിന്തുണ ആവർത്തിച്ചു. അതേസമയം 2028-29 കാലയളവിലെ ഇന്ത്യയുടെ സ്ഥാനാർഥിത്വത്തിന് ഓസ്ട്രിയയും പിന്തുണ അറിയിച്ചു.

നൂറാം അംഗത്തെ സ്വാഗതം ചെയ്ത്, അടുത്തിടെ സുപ്രധാന നാഴികക്കല്ലു കൈവരിച്ച അന്താരാഷ്ട്ര സൗരസഖ്യത്തിൽ അംഗത്വത്തിനായി ഓസ്ട്രിയയെ പ്രധാനമന്ത്രി മോദി ക്ഷണിച്ചു.

സന്ദർശനവേളയിൽ ഓസ്ട്രിയൻ ഗവണ്മെന്റും ജനങ്ങളും നൽകിയ ഹൃദ്യമായ ആതിഥ്യമര്യാദയ്ക്കു ചാൻസലർ നെഹമെറിനോടു പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. ചാൻസലർ നെഹമെറിനെ അദ്ദേഹത്തിന്റെ സൗകര്യപ്രകാരം ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി ക്ഷണിച്ചു. ചാൻസലർ സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait

Media Coverage

When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Under Rozgar Mela, PM to distribute more than 71,000 appointment letters to newly appointed recruits
December 22, 2024

Prime Minister Shri Narendra Modi will distribute more than 71,000 appointment letters to newly appointed recruits on 23rd December at around 10:30 AM through video conferencing. He will also address the gathering on the occasion.

Rozgar Mela is a step towards fulfilment of the commitment of the Prime Minister to accord highest priority to employment generation. It will provide meaningful opportunities to the youth for their participation in nation building and self empowerment.

Rozgar Mela will be held at 45 locations across the country. The recruitments are taking place for various Ministries and Departments of the Central Government. The new recruits, selected from across the country will be joining various Ministries/Departments including Ministry of Home Affairs, Department of Posts, Department of Higher Education, Ministry of Health and Family Welfare, Department of Financial Services, among others.