വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ (വി.ബി.എസ്.വൈ) ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഇന്ന് സംവദിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ ഫ്ളാഗ്ഷിപ്പ് പദ്ധതികളുടെ പ്രയോജനങ്ങൾ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഗവണ്‍മെന്റിന്റെ മുന്‍നിര പദ്ധതികളുടെ പരിപൂര്‍ണ്ണത കൈവരിക്കുന്നതിനാണ് രാജ്യത്തുടനീളം വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര നടത്തുന്നത്.
തന്റെ ഭര്‍ത്താവ് മുംബൈയില്‍ ദിവസക്കൂലിക്കാരനായാണ് ജോലി ചെയ്യുന്നതെന്നും ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് പദ്ധതി, പി.എം.ജി.കെ.എ.വൈ, ജന്‍ധന്‍ യോജന എന്നിവയുടെ ആനുകൂല്യങ്ങള്‍ പ്രത്യേകിച്ചും കോവിഡ്കാലത്തും അതിനുശേഷവും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായ സാഹചര്യത്തില്‍ താന്‍ നേടിയിട്ടുണ്ടെന്നും ബീഹാറിലെ ദര്‍ഭംഗയില്‍ നിന്നുള്ള വീട്ടമ്മയും വി.ബി.എസ്.വൈ ഗുണഭോക്താവുമായ ശ്രീമതി പ്രിയങ്ക ദേവി പ്രധാനമന്ത്രിയെ അറിയിച്ചു.
'മോദി കി ഗ്യാരന്റി' വാഹനത്തോടുള്ള ആവേശം അവര്‍ അറിയിച്ചു. മിഥില മേഖലയിലെ പരമ്പരാഗത ആചാരങ്ങളോടെയാണ് വാനിനെ സ്വാഗതം ചെയ്തതെന്നും ശ്രീമതി പ്രിയങ്ക മറുപടി നല്‍കി. ഗവണ്‍മെന്റിന്റെ ആനുകൂല്യങ്ങള്‍ തന്റെ കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ ആരോഗ്യവും നന്നായി പരിപാലിക്കാന്‍ തന്നെ പ്രാപ്തയാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് അവരുടെ ഗ്രാമത്തില്‍ അവബോധം സൃഷ്ടിക്കാന്‍ ശ്രീമതി പ്രിയങ്കയോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി, 'മോദി കി ഗ്യാരണ്ടി' വാഹനം രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും എത്തുന്നതില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഏതൊരു പദ്ധതിയും വിജയിക്കണമെങ്കില്‍ അത് ഓരോ ഗുണഭോക്താവിലും എത്തിച്ചേരണ്ടതുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 'മോദി കി ഗ്യാരന്റി' വാഹനത്തിലൂടെ, താന്‍ തന്നെയാണ് എത്താത്ത ഗുണഭോക്താക്കളിലേക്ക് എത്താന്‍ ശ്രമിക്കുന്നതെന്നും അര്‍ഹരായ ഓരോ പൗരനെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള വിഭജന രാഷ്ട്രീയത്തെക്കുറിച്ച് ബോധവതികളായിരിക്കണമെന്ന് സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ പ്രധാനമന്ത്രി, ഗവണ്‍മെന്റിന്റെ പിന്തുണ അവര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. ''ഞങ്ങള്‍ക്ക് മഹിള എന്നത് ഒരൊറ്റ ജാതിയാണ്, അവിടെ ഭിന്നിപ്പില്ല. ഈ ജാതി വളരെ വലുതാണ്, അവര്‍ക്ക് ഏത് വെല്ലുവിളിയും നേരിടാന്‍ കഴിയും," അദ്ദേഹം പറഞ്ഞു.